Friday, 5 July 2019

കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി


പളളിപ്പറമ്പ് @  
കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി




കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി: കാലം, കർമ്മം
-------------------------------------
നാടിന്റെ  ചരിത്രവും പോയ കാലത്തെ ജീവിതാനുഭവങ്ങളും  ഉള്ളിൽ  കെടാതെ സൂക്ഷിച്ച നാട്ടുകാരണവരായിരുന്നു കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി. കുറ്റൂർ പ്രദേശത്തെ അറിവിന്റെ കൈവഴികളെ കുറിച്ചും
കുടുംബ  താവഴികളെ കുറിച്ചുമെല്ലാം വല്ലാത്ത താൽപ്പര്യത്തോടെ അദ്ദേഹം സംസാരിക്കുമായിരുന്നു.
തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന മിതോണ്ടി മാഷിന്റെ മൂത്ത മകനാണ് മുഹമ്മദ്കുട്ടി ഹാജി. 
നാടിന്റെ അക്ഷര പിതാവ് വീരാൻ മൊല്ലാക്കയോടൊപ്പം ചേർത്ത് പറയേണ്ട ഒരു പേരാണ്  മിതോണ്ടി മാസ്റ്ററുടേത്. ബീരാൻ മൊല്ലാക്കാന്റെ ഓത്തുപളളിയിൽ സഹ അധ്യാപകനായി അദ്ദേഹവും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ മുഹമ്മദ് കുട്ടി ഹാജിയുടെ ഉപ്പയോർമ്മകൾക്കൊപ്പം ഒളിമങ്ങാത്ത ഓത്തുപളളിക്കാലവുമുണ്ടാവും. വർഷങ്ങൾക്ക് മുമ്പ് പ്രാദേശിക ചരിത്ര സമാഹാരവുമായി ബന്ധപ്പെട്ട് മുഹമ്മദ് കുട്ടി ഹാജിയോടൊപ്പം ഒരു പാട് തവണ കൂടിയിരുന്നിട്ടുണ്ട്. അന്നേരങ്ങളിലെല്ലാം അമൂല്യമായ പല അറിവുകളും അദ്ദേഹം പങ്ക് വെച്ചു. നല്ല ഓർമ്മശക്തിയും പരന്ന വായനയും ഹാജിയാരുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. ജീവിത സായാഹ്നത്തിലും അരിച്ച് പൊറുക്കിയ വായനയിലാണ് അദ്ദേഹം ആശ്വാസം കണ്ടെത്തിയത്.
നാടിന്റെ പാഠശാലാപരിഷ്കരണങ്ങളുടെ ഓരോ ഘട്ടങ്ങളെ കുറിച്ചും വസ്തുനിഷ്ഠമായി തന്നെ അദ്ദേഹം പറയുമായിരുന്നു. എന്റെ പതിവ് കാഴ്ചകളിലും സമ്പർക്കങ്ങളിലും വർഷങ്ങളോളം ഹാജിയാരുണ്ടായിരുന്നു.ബീരാൻ മൊല്ലാക്കാന്റെ ഓത്തുപള്ളി മദ്റസത്തുൽ അമീനയായി പരിഷ്കരിച്ചതും അതിനു വേണ്ടി പ്രയത്നിച്ച പാറോൾ ഹുസൈൻ മൗലവിയെ കുറിച്ചുമൊക്കെ പറഞ്ഞ് തന്നത് ഹാജിയാരാണ്. സമസ്തയുടെ പ്രഥമ സെക്രട്ടറിയായിരുന്ന പാറോൾ ഹുസൈൻ മൗലവി ഏ ആർ നഗർ സ്കൂൾ അധ്യാപകനും കുറ്റൂർ നോർത്തിലെ താമസക്കാരനുമായിരുന്നു എന്ന കാര്യം പുതു തലമുറക്ക് കൗതുകകരമായൊരു അറിവായിരിക്കും. നമ്മുടെ നാട്ടിലെ ആദ്യ മദ്റസക്ക് മദ്റസത്തുൽ അമീന എന്ന പേര് നിർദേശിച്ചതും പാറോൾ ഹുസൈൻ മൗലവിയാണ്. ബീരാൻ മൊല്ലാക്കയും മിതോണ്ടി മാഷുമായിരുന്നു മദ്രസത്തുൽ അമീനയിലെ അധ്യാപകർ. പിന്നീട് നജാത്തുസ്സിബിയാൻ സംഘം രൂപീകരിച്ചു. കുറുക്കൻ കുഞ്ഞായിൻ മുസ്ല്യാർ ആയിരുന്നു ആദ്യത്തെ സദർ മുഅല്ലിമായി വന്നത്. അക്കാലത്തെ പ്രമുഖ മത പ്രഭാഷകനായിരുന്ന മമ്മാലിക്കുട്ടി ഹാജിയുടെ പ്രഭാഷണ പരമ്പരയിൽ നിന്ന് ബാക്കിയായ തുക കൊണ്ടാണ് മദ്രസക്ക് കെട്ടിടം പണിതത്. മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ല്യാരായിരുന്നു കെട്ടിടോദ്ഘാടനം നിർവ്വഹിച്ചത്.
ആ ചടങ്ങിൽ പറക്കാട്ട് സൈതലവിക്കോയ തങ്ങൾ രചിച്ച 
'ബുഷ്റാ ലനാ മഹ്ശറൽ ഇസ്ലാമി...... 
എന്ന് തുടങ്ങുന്ന ബൈത്ത് അരനൂറ്റാണ്ടിപ്പുറത്ത്  നിന്ന് ഹാജിയാർ പ്രാസമൊപ്പിച്ച് ചൊല്ലി തന്നിരുന്നു. അദ്ദേഹത്തിന്റെ അപാരമായ ഓർമ്മ ശക്തിയുടെയും ചരിത്രബോധത്തിന്റെയും നേരനുഭവമായിരുന്നു ഇതൊക്കെ. ഉപ്പ മിതോണ്ടി മാഷെ സഹ അധ്യാപകരായിരുന്ന ബീരാൻ മൊല്ലാക്ക, ഇരുകുളങ്ങര മുഹമ്മദ് മാഷ്, കുറുക്കൻ കുഞ്ഞായീൻ മുസ്ല്യാർ, എന്നിവരെ കുറിച്ചെല്ലാം പറയാൻ ഹാജിയാർക്ക് വല്ലാത്ത ആവേശമായിരുന്നു. 
പഠനകാലത്തെ കുറിച്ച് പറയുമ്പോൾ ഒരു പാട് കഥകൾ ഹാജിയാരിൽ നിന്ന് കേൾക്കാം. എല്ലാം പച്ചയായ ജീവിതാനുഭവങ്ങൾ. നമ്മൾ കടന്നു പോന്ന കാലത്തിന്റെ നേർസാക്ഷികളാണല്ലോ നമ്മുടെ കാരണവൻമാർ. പ്രാഥമിക വിദ്യാഭ്യാസം പോലും പരിമിതമായിരുന്ന അക്കാലത്ത് കുറ്റൂർ സ്കൂളിലെ ഉപരിപoനത്തിനായി വേങ്ങരയിലേക്കും മലപ്പുറത്തേക്കുമൊക്കെ കാൽനsയായി പോയവരെ കുറിച്ച് ഹാജിയാർ പറയാറുണ്ട്. 
പൊതു രംഗങ്ങളിൽ കൃത്യമായ നിലപാടും താൽപ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ദീർഘകാലം ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ സെക്രട്ടറിയായി സേവനം ചെയ്തു. എൺപതുകളുടെ തുടക്കത്തിലാണെന്ന് തോന്നുന്നു കപ്പൽമാർഗം ഹജ്ജ്‌ യാത്ര പോയതിന്റെ ഓർമ്മകൾ പല പ്രാവശ്യം അദേഹം പങ്ക് വെച്ചു.
നാട്ടിലെ വിത്യസ്ത കുടുംബങ്ങളെ കുറിച്ച് ആഴമുള്ള അറിവുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.
സ്വന്തം കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുന്നത് കണ്ണൂർ ജില്ലയിലെ മൗവഞ്ചേരി എന്ന പ്രദേശത്തേക്കാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
തികഞ്ഞ മത ഭക്തനായിരുന്നു ഹാജിയാർ. ശാരീരിക അവശത  വകവെക്കാതെ കൃത്യമായി പള്ളിയിൽ പോവുന്നത് അദേഹത്തിന്റെ പതിവുകളിലൊന്നായിരുന്നു. പറ്റെ അവശനായി ജീവിതം ചാരുകസേരയിലേക്ക് ചുരുങ്ങിയപ്പോൾ  ജമാഅത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞ് അവർ പലപ്പോഴും കണ്ണ് നിറച്ചു.
ആ പൂമുഖത്ത് നിന്ന് ഇടതടവില്ലാതെ ഖുർആൻ പാരായണം കേൾക്കാമായിരുന്നു. രോഗത്തിന്റെ പ്രയാസങ്ങൾ വേട്ടയാടിയപ്പോഴെല്ലാം  തവക്കുൽ കൊണ്ട് മനസ്സിന് കരുത്ത് നൽകാൻ ഹാജിയാർക്കായി. ഇനി ഈമാനോടെ മരിക്കണം വേറെ ആഗ്രഹങ്ങളൊന്നുമില്ലെന്ന് ഇടക്കിടെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
ഇടപാടുകളിലെ കണിശതയും സത്യസന്ധതയും ഹാജിയാരുമൊത്തുള്ള ഇടപഴകലിൽ അനുഭവിക്കാനായിട്ടുണ്ട്. എല്ലാം എഴുതി വെക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇങ്ങനെ ഒരു പാട് നൻമകൾ ബാക്കി വെച്ചാണ് ഈ നാട്ടുകാരണവർ നമ്മോട് വിട പറഞ്ഞത്.
അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
------------------------
സത്താർ കുറ്റൂർ



ഒരു കാരണവർ തന്ന കരുതൽ
------        -------       ------        ------
നമ്മുടെ നാടിന് കാവലായി നിന്ന കാരണവൻമാരെല്ലാം ഒന്നൊന്നായി വിടപറഞ്ഞു പോയി. ഓരോരുത്തരും അവരവരുടെ നിയോഗങ്ങൾ അടയാളപ്പെട്ടത്തിയാണ് കടന്നു പോയത്. അതിൽ മതപണ്ഡിതരുണ്ടായിരുന്നു.  കർഷകരും സാമൂഹ്യ പരിഷ്കർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരുമുണ്ടായിരുന്നു. എന്നാൽ പ്രസ്തുത മേഖലകളിലെല്ലാം ഒരു പോലെ ശോഭിച്ച മഹത് വ്യക്തിയായിരുന്നു മർഹും കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി. അദ്ദേഹത്തിന്റെ രണ്ടാൺ മക്കളായ ഖാദറും മർഹൂം ജബ്ബാർ മാസ്റ്ററും എന്റെ ഉറ്റ സുഹൃത്തുക്കളായത് കൊണ്ട് തന്നെ അവരോടുള്ള സ്നേഹവും കരുതലും എനിക്കും കിട്ടിയിരുന്നു. വിദ്യ അഭ്യസിക്കുന്നതിനെ ഇത്രയധികം പ്രോത്സാഹിപ്പിച്ച കാരണവൻമാർ അധികമുണ്ടാവില്ല. സ്വന്തം മക്കളെപ്പോലെ നാട്ടിലെ മറ്റു കുട്ടികളെ കണ്ടാലും പഠിപ്പിന്റെ കാര്യം ചോദിച്ചറിയും. വേണ്ട ഉപദേശങ്ങൾ നൽകും.
നല്ലൊരു കർഷകനായിരുന്നു. സ്വന്തം തൊടിയിലും കുറ്റൂർ നാലുകണ്ടത്തിലും ഒരു തരിമണ്ണു പോലും ബാക്കി വെക്കാതെ ഇഞ്ചിയും പൂളയും കിഴങ്ങുകളും സ്വന്തമായി അധ്വാനിച്ചു വിളവെടുത്തു. അതേസമയം ഇബാദത്തുകൾക്കൊന്നും മുടക്കം വരുത്തിയില്ല. പള്ളിയിൽ ഇമാം ഇല്ലെങ്കിൽ ഞാൻ വളരെ ചെറുപ്പത്തിലേ കാണുന്ന പകരക്കാരൻ ഹാജിയായിരുന്നു. പള്ളിയിൽ ബാങ്ക് വിളിക്കാനും മറ്റു സേവനങ്ങൾക്കും മുൻപിൽ നിന്നു. കണക്കിലെ കണിശതയും എഴുത്തുകുത്തിലെ ഗ്രാഹ്യതയും അദ്ദേഹത്തെ മദ്രസയുടെ കാര്യദർശി സ്ഥാനത്ത് ഒരു പാട് കാലം ഇരുത്തി.
അവസാന കാലത്ത് വന്നു പെട്ട ശാരീരികാസ്വസ്ഥതകളെ അവഗണിച്ച് പള്ളിയിൽ മുടങ്ങാതെയെത്തി. ഏത് പരിപാടിക്ക് ക്ഷണിച്ചാലും അവശത മറന്ന് ക്ഷണം സ്വീകരിച്ചു.
അസ്വസ്ഥമായ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ നമ്മുടെ നാട്ടിൽ ഒരു കരുതലും കാവലുമായ കാരണവരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. പൂനിലാവ് പോലെ പുഞ്ചിരിച്ച് കിടക്കുന്ന ആ 'ചേതനയറ്റ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. അവരെയും നമ്മെയും നമ്മിൽ നിന്ന് വിട പറഞ്ഞവരെയും റബ്ബ് സ്വാലിഹീങ്ങളോടൊപ്പം സ്വർഗത്തിൽ ചേർക്കട്ടെ എന്ന പ്രാർത്ഥനയോടെ.
----------------------
മുഹമ്മദ് കുട്ടി അരീക്കൻ




മുഹമ്മദ് കുട്ടി ഹാജി എന്ന ഞങ്ങളുടെ രക്ഷിതാവ്
-------------------------
നന്നേ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക് (എൻറെ സഹോദരങ്ങൾ ) താങ്ങും തണലുമായിരുന്നത് മുഹമ്മദ് കുട്ടി ഹാജി എന്ന ഞങ്ങളുടെ മേലീലെ ഹാജിയാരായിരുന്നു. ഓർമ്മ വെച്ച കാലം മുതലേ, അദ്ദേഹത്തിന്റെ മക്കൾക്ക് കിട്ടിയിരുന്ന അതേ സ്നേഹവും വാൽസല്യവുമൊക്കെ ഹാജിയാർ എനിക്കും തന്നു. അദ്ദേഹത്തിൻറെ മക്കളായ ഖാദും മർഹൂം ജബ്ബാർ മാഷും എൻറെ കളിക്കൂട്ടുകാരായിരുന്നു. സ്കൂളില്ലാത്ത ചില ദിവസങ്ങളിൽ വൈകുന്നേരം വരെ അവരുടെ വീട്ടിൽ തന്നെയായിരിക്കും. കൃഷിക്കാരായതിനാൽ എന്നും 'കൂട്ടാനും ' കഞ്ഞിയും അവിടെ നിന്ന് ഇഷ്ടം പോലെ കിട്ടിയിരുന്നു. ഒരു യതീം കുട്ടിയായ എനിക്ക് അദ്ദേഹത്തിന്റടുത്ത് സ്വന്തം മക്കളേക്കാൾ സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചിട്ടുണ്ട്. എന്നെ ഉപദേശിച്ചിട്ടുണ്ട്. ശകാരിച്ചിട്ടുണ്ട്. എല്ലാം നല്ലതിന് വേണ്ടി. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഹാജിയാരോട് ചോദിച്ചിട്ട് മാത്രമേ ഞങ്ങൾ ചെയ്യാറുണ്ടായിരുന്നുള്ളൂ. എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്, ഒരിക്കൽ ഹാണ്ടിയാർ വീട്ടിൽ വന്ന് എൻറെ ജ്യേഷ്ടനുമായി (KS) സംസാരിച്ചിരിക്കുമ്പോൾ ഞാനും അടുത്തുണ്ടായിരുന്നു. അന്ന് ഞങ്ങളടെ വീട് ഓല മേഞ്ഞ വീടായിരുന്നു. ഹാജിയാർ ഉമ്മാനോടും ജ്യേഷ്ടനോടുമായി പറഞ്ഞു, ഞമ്മക്ക് ഈ പുര പൊളിച്ച് ഓടാക്കണം. ഇപ്പോ ഞങ്ങളട്ത്ത് അതിന് പൈസയില്ലാ എന്ന് ഉമ്മസങ്കടത്തോടെ പറഞ്ഞപ്പോൾ ഹാജിയാർ പറഞ്ഞ മറുപടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഞാൻ മറന്നിട്ടില്ല. 'കായില്ലാന്ന് ബിജാരിച്ച് ഇഞ്ഞ് ചോർന്നൊലിച്ച് കിടക്കണ്ട, ഇൻറെ മോളെ കെട്ടിച്ചാനാവുമ്പോത്ത്ന് കരുതി വെച്ച കായിണ്ട് അത് ഞാൻ തരാം.' 
എൻറെ ഉമ്മൻറെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നുവീണ നിമിഷമായിരുന്നു അത്. കുട്ട്യാളൊക്കെ നയ്ച്ച്ണ് ണ്ടല്ലോ, ഓൽക്ക് കിട്ടുമ്പോ തിരിച്ച് തരാലോ.....
ഹാജിയാർ തന്നെ മുന്നിട്ടിറങ്ങി പുരപ്പണി തീർത്തു. തളളപ്പുരയും നാല്പുറം താഴ്വാരയുമുള്ള (മൂന്ന് ഭാഗം മുറികൾ) ഓടിട്ട വീട്. പത്ത് പൈസ പോലും കയ്യിലില്ലാത്ത ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത കൊട്ടാരം തന്നെയായിരുന്നു അത്. അൽഹംദുലില്ലാഹ്, എൻറെ കാശില്ലെങ്കിലും എൻറെ ജ്യേഷ്ഠൻമാർ ഹാജിയാർക്ക് പണം കുറേശ്ശെയായി തിരിച്ച് നൽകി. എങ്ങിനെയാണ് ഞങ്ങൾക്ക് ഞങ്ങളുടെ രക്ഷിതാവായിരുന്ന ഹാജിയാരെ മറക്കാൻ കഴിയുക.? 
എൻറെ കല്യാണത്തിന് മുന്നിട്ടിറങ്ങിയതും ഹാജിയാർ തന്നെയായിരുന്നു. വീട്ടിൽ എന്ത് പരിപാടികളുണ്ടായാലും വീട്ടിലെ ഒരംഗത്തെ പോലെ എല്ലാ കാര്യങ്ങൾക്കും ഓടിനടക്കുമായിരുന്നു. എല്ലാ അയൽവാസികളായ വീടുകളിലും ഹാജിയാരില്ലെങ്കിൽ പിന്നെ ഒന്നുമില്ല.
കുറ്റൂരിലെ പള്ളി മദ്രസ്സയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം എടുത്തു പറയേണ്ടതു തന്നെയാണ്. മുഹമ്മദ് കുട്ടി ഹാജി സെക്രട്ടറിയായിരുന്ന കാലത്താണ് മദ്രസ്സയുടെ ധനശേഖരണാർത്ഥം സുപ്രസിദ്ധ കാഥികൻ സൗത്ത് വയനാടിനെ കൊണ്ട് വന്നത്. ബദ്ർ യുദ്ധമായിരുന്നു അവതരിപ്പിച്ചത്. ജനബാഹുല്യം കാരണം ഹൈസ്‌കൂൾ ഗ്രൗണ്ടിലായിരുന്നു 5 ദിവസത്തെ പരിപാടി. അന്നൊക്കെ എല്ലായിടത്തും ഹാജിയാർ ഓടി നടന്നിരുന്നതും ഞാനോർക്കുന്നു. രോഗം ശരീരത്തെ തളർത്തിയിട്ടും ജമാഅത്തിന് പള്ളിയിലേക്ക് വരുന്ന കാഴ്ച, അതിൽ നിന്നൊക്കെ ജീവിച്ചിരിക്കുന്ന നമുക്ക് ഒരു പാട് പഠിക്കാനുണ്ട്. അദ്ദേഹത്തിൻറെ ജീവിതം നമുക്ക് ഒരു പാഠം തന്നെയാണ്.
   അയൽവാസികളായ ഞങ്ങൾക്കാർക്കെങ്കിലും രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാനും ഡോക്ടർമാരോട് സംസാരിക്കാനുമൊക്കെ ഹാജിയാർ മുൻപിൽ തന്നെയുണ്ടാകുമായിരുന്നു. വായനയുടെ കൂട്ടുകാരനായിരുന്നു ഹാജി. അത്യാവശ്യം ഇംഗ്ലീഷും ഹാജിയാർക്ക് വശമായിരുന്നു.
കുറ്റൂരിൽ മുമ്പ് ഒരു തമിഴ് ഫാമിലി താമസിച്ചിരുന്നു. മർഹൂം  KC മൂസ്സക്കുട്ടി ഹാജിയുടെ കോർട്ടേഴ്സ് ഉൽഘാടനം കഴിഞ്ഞയുടനെ ആ കോർട്ടേഴ്‌സിലായിരുന്നു അവർ താമസിച്ചത്. MAബിരുദധാരിയായ അയാൾ കല്ലുവെട്ട് മെഷീൻ ഓപ്പറേറ്ററായിരുന്നു. അയാളുടെ കൂട്ടുകാരനായിരുന്നു ഹാജിയാർ: ഇവർ തമ്മിൽ സംസാരിക്കുന്നത് ഒരു പാട് തവണ ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇംഗ്ലീഷിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്! എന്നെ സംബന്ധിച്ചേടത്തോളം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വ്യക്തിയായിരുന്നു ഞങ്ങളുടെ മേലീലെ ഹാജിയാർ -
അദ്ദേഹത്തിൻറെ വേർപാട് ഞങ്ങൾക്കും തീരാ നഷ്ടം തന്നെയാണ്.
അദ്ദേഹം എനിക്കും എൻറെ കുടുംബത്തിനും ചെയ്തു തന്ന ഉപകാരങ്ങൾ പ്രത്യുപകാരമായി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഞങ്ങളടെ പ്രാർത്ഥനകളിൽ എന്നും ഹാജിയാരെയും ഉൾപ്പെടുത്തും. 
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കണേ റബ്ബേ - 
അദ്ദേഹത്തെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് ചേർക്കണേ അള്ളാ-
ഞങ്ങൾക്ക് അദ്ദേഹം ചെയ്തു തന്ന ഉപകാരങ്ങക്ക് പകരം ഒന്നും നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല, തക്കതായ പ്രതിഫലം നീ നൽകണേ റബ്ബേ - ആമീൻ യാ റബ്ബൽ ആലമീൻ
-------------------------
എം ആർ സി അബ്ദുറഹ്മാൻ
-
-
-
-
ആമീൻ...
ഈ അനുസ്മരണം വായിച്ചപ്പോൾ ഓർമ്മയിൽ വന്നത്  "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ മുഅമിനല്ല " എന്ന ഹദീസാണ്. ഈ ഹദീസിൽ പറഞ്ഞ പട്ടിണി അയൽവാസിയുടെ വിശപ്പ് മാത്രമല്ല വിവക്ഷ, ഏതെല്ല്ലാം കാര്യങ്ങളിൽ അധ് അവർക്ക് തന്നേക്കാൾ അപര്യാപ്തത ഉണ്ടോ അതിലെല്ലാം അവരെ സഹായിക്കേണ്ട ബാധ്യത ഉണ്ടെന്നാണ്,, ആണ് എന്ന് പല പണ്ഡിതരും വിവക്ഷിക്കുന്നത് കേട്ടിട്ടുണ്ട്.

ഇതു അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയ ഹാജിയാർ തൻറെ കർമംകൊണ്ട് നന്മകളെ കണ്ടെത്തുകയായിരുന്നു.

എന്റെ ചെറുപ്പകാലത്തെ വിദ്യാഭ്യാസകാലഘട്ടത്തിൽ  ദിവസത്തിൽ ഒരു തവണയെങ്കിലും ഹാജിയാരെ കാണാത്ത ദിവസം ഉണ്ടാവാനിടയില്ല. തൻറെ വീടിനുചുറ്റും ഉള്ള പറമ്പിലോ തെങ്ങിൻ ചുവട്ടിൽ കർഷകൻ ആയിട്ടും മദ്രസക്ക് അടുത്തോ പള്ളിയിലോ പ്രവർത്തകനായും സജീവമായിരുന്നു . വയള് തുടങ്ങുന്നതിന് മുമ്പുള്ള "മൗലായ സ്വല്ലി വ സല്ലിം ദാഇമൻ" ഹാജിയാരുടെ ഒരു എക്സ്ക്ലൂസീവ് ആയിരുന്നു അതു പോലെ തന്നെ പള്ളിയിലെ മൗലൂദും അതിനുള്ള കറി വിതരണവും.

ആവതും ആരോഗ്യവും ഉണ്ടായിട്ട് വീട്ടിലുള്ളപോൾ ജമാഅത്തിന് അദ്ദേഹം പള്ളിയിൽ എത്താതെ കഴിഞ്ഞുപോയ ഒരു ജമാഅത്ത് ഇല്ല എന്ന് തന്നെ പറയേണ്ടിവരും. അവ്വൽ ജമാഅത്തിന് പങ്കെടുക്കുക എന്നുള്ളത് അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പാലിച് പോന്നിരുന്ന ഒന്നായിരുന്നു.

കർമംകൊണ്ട് വഴി കാണിച്ചു തന്ന നമ്മളിൽ നിന്ന് അകന്നു പോയ  ഹാജിയാർക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി മാറാകട്ടെ.
ആമീൻ
--------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ, 



ഹാജിയാർ 
-----------
കുരിക്കൾ ഹാജിയാരെ കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും  ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ്   ഇടക്കിടക്ക് കടയിൽ വരാറുണ്ടായിരുന്നു ഹാജിയാർ .
വളരെ താഴ്മയോടെയുള്ള പെരുമാറ്റവും സൗമ്യമായസംസാരവുമായിരുന്നു ഹാജിയാർ.
സത്താർ സാഹിബിന്റെ അനുസ്മരണത്തിലൂടെ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.
അള്ളാഹു  അദ്ദേഹത്തെയും നമ്മിൽ നിന്നും മരണപ്പെട്ടവരെയും നമ്മളെയും നാളെ അവന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ചുകൂട്ടുമാറക്കട്ടെ ...🤲🤲
ആമീൻ
--------------------
മുജീബ് ടി.കെ, 



കുഞ്ഞുന്നാളിലെ കണ്ട് പരിചിതമായിരുന്ന ഒരു മുഖവും കൂടി പോയി മറഞ്ഞു
----------------------------
പിച്ചവെച്ച് നടന്ന നമ്മുടെ കുറ്റൂരിന്റെ എത്ര ആഴങ്ങളിലേക്കാണ് സത്താർ സാഹിബ് നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്,
കുഞ്ഞുന്നാളിലെ കണ്ട് പരിചിതമായിരുന്ന ഒരു മുഖവും കൂടി പോയി മറഞ്ഞു - ആ ശ്രേണിയിൽഓർമയിൽഇനി ആരുംതീരെ ഇല്ല എന്ന് പറയേണ്ടി വന്നിരിക്കുന്നു . അദ്ദേഹത്തിന്റെ പിതാവിന്റെ മുഖവും ഓർമയിലുണ്ട്: മുമ്പെ കടന്ന് പോയ അബു - ജബ്ബാർ മാഷ്,
അങ്ങിനെ ഒരു പാട് മുഖങ്ങൾ പോയി മറഞ്ഞു - നാളെ നമ്മളും പോവും,
നമുക്ക് മേലെയും കല്ല് വിരിച്ച് മണ്ണിടും, പുല്ലും  മൈലാഞ്ചി ചെടിയും ആ മണ്ണിനെയും കാണാതെയാക്കും, 

ഹാജിയാർ ഒരു വലിയ ഭൂവുടമയായിരുന്നു. അന്നത്തെ കാലത്തെ ഒരു മുതലാളിയായിരുന്നു - പക്ഷെ നാം ഇന്നദേഹത്തെ ഓർക്കുന്നത് അദ്ദേഹത്തിലെ നന്മയെയാണ് - ജീവിത വിശുദ്ധിയെയും സത്യസന്ധതയെ യുമാണ്.  നമ്മൾ പഠിച്ചെടുക്കേണ്ടതും അതാണ് - സമ്പന്നതയുടെ പേരിൽ ആരെയും ലോകം ഓർക്കുന്നില്ല എന്നാണ് തോന്നുന്നത്. മനുഷ്യനുണ്ടാവേണ്ടതായ ചില മൂല്യങ്ങളുണ്ട്, അത് നമ്മെ പഠിപ്പിച്ച് തന്ന ഒരു മഹാനാണ് കടന്ന് പോയത്, പക്ഷെ നമ്മിൽ പലരും മേൽ പറഞ്ഞ രത്നം വിറ്റ് കാ പട്യത്തിന്റെ,  അഹന്തയുടെ, കടലാസ് കിരീടം തന്റെ മൂഡൻ തലയിൽ വെച്ച് രാജാവാ ടുന്നു - ജാഡകളിക്കുന്നു,

മുമ്പെ കടന്ന് പോയവരുടെ നന്മയുടെ ഓരം പറ്റിയാവട്ടെ നമ്മുടെ ബാക്കിയുള്ള യാത്ര 
--------------------
അലി ഹസ്സൻ പി. കെ. 



ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലെ പഠന കാലത്തെ ഞാൻ കാണുന്നതായിരുന്നു കുരിക്കൾ മുഹമ്മദ് കുട്ടി ഹാജിയെ....
മദ്രസ്സയിലെ എന്ത് പരിപാടിയിലും അദ്ധേഹത്തിൻ്റെ സാന്നിദൃം ഉണ്ടായിരുന്നു...   മദ്രസ്സയിലെ  നബിദിന പരിപാടികളുടെ റിഹേത്സൽ നബിദിനം അടുക്കുന്നതോടെ ഞായറാഴ്ച്ചകളിൽ മദ്രസ്സാ ഹാളിൽ വച്ച് നടക്കാറുണ്ടായിരുന്നു അവ വീക്ഷിക്കുന്നതിനായി ഉസ്താദ് മാരുടെ കൂടെ അദ്ധേഹവും വന്ന് സദസ്സിലിരുന്ന് അപിപ്രായങ്ങളും ഉപദേശങ്ങളും നൽകാറുണ്ടായിരുന്നു

അതു പോലെ സ്കൂളിൽ നിന്നും നിസ്ക്കരിക്കാൻ കുറ്റൂർ പള്ളിയിലേക്ക് പോയിരുന്ന കാലത്ത്.... പള്ളിയുടെ ചേറ്റൃേംപടിയിൽ തൂണിൽ ചാരി അസറ് നിസ്ക്കാരത്തിനായി കാത്തിരിക്കുന്ന കാരണവൻമാരിൽ  എൻ്റെ നിതൃ കാഴ്ച്ചക്കാരിൽ ഒരാളായിരുന്നു അദ്ധേഹവും.  ആ കൂട്ടത്തിലെ ഒട്ടു മിക്കവരും നമ്മിൽ നിന്ന് വിട പറഞ്ഞു...
ദീനീ സ്ഥാപനങ്ങളുടെ  ഉന്നമനത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിച്ച് നമ്മിൽ നിന്ന് വിട്ട് പിരിഞ്ഞ ഒരു പാട് കാരണവൻമാർ നമ്മുടേ ദശത്ത് ഉണ്ടായിരുന്നു അവരേയും  നമ്മേയും സർവ്വ ശക്തനായറബ്ബ്  സ്വർഗാവകാശികളിൽ ഉൾപ്പെടുത്തു മാറാവട്ടെ.....
--------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ



ഹാജിയാരെ കുറിച്ച അറിയാത്ത പല അറിവുകളും സത്താറിന്റെ കുറിപ്പിലൂടെ അറിയാൻ കഴിഞ്ഞു. 
എനിക്കറിയുന്ന കാലം തൊട്ടേ പള്ളിയും മദ്രസയുമായി ഏറെ ബന്ധം പുലർത്തിയിരുന്ന ഹാജിയാരുടെ ശരീരം തളർന്നിട്ടും തളരാത്ത മനസുമായി പള്ളിയിലേക്ക് വരുന്ന ആ രംഗം ഇന്നും കണ്ണിൽ കാണുന്നു.
അല്ലാഹു അവരുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി അനുഗ്രഹിക്കട്ടെ... ആമീൻ

നമ്മുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ..
--------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ




No comments:

Post a Comment