ഇന്ന് എല്ലാ നാടുകളിലും വ്യാപകമായി കണ്ടു വരുന്ന ഒരു വിഭാഗം തൊഴിലാളികളാണ് സെക്യൂരിറ്റിക്കാർ. അഥവാ വാച്ച്മാൻ എന്ന കാവൽക്കാർ. അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് ഇത്. മറ്റ് തൊഴിലുകളൊന്നും ചെയ്യാൻ കഴിയാതെ പ്രായാധിക്യം കൊണ്ടോ മറ്റൊ മാറ്റിനിർത്തപ്പെട്ട വിഭാഗമാണ് ഏറിയകൂറും ഈ തൊഴിലിലേക്ക് കടന്നുവരുന്നത്. മറ്റ് തൊഴിൽ മേഖലകളെ പോലെ തന്നെ സംഘടിതരും അസംഘടിതരും ഈ വിഭാഗത്തിലുമുണ്ട്. ജീവിതത്തിന്റെ സായംസന്ധ്യയിൽ സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാതെ അഭിമാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ അനുഗ്രഹമാണ് ഈ തൊഴിൽമേഖല. എന്നാൽ കസ്റ്റമേഴ്സിൽ നിന്നും സ്ഥാപനമേധാവികളിൽ നിന്നും പല തരത്തിലുമുള്ള അപമാനം പലപ്പോഴും ഇവർ നേരിടേണ്ടി വരാറുണ്ട് എന്നത് ഒരു നൊമ്പരമായി നിലനിൽക്കുന്നു.
ഷോപ്പിംഗ് മാളുകൾക്ക് മുമ്പിലും സ്റ്റാർ ഹോട്ടലുകൾക്ക് മുമ്പിലും ലക്ഷ്വറി വാഹനങ്ങളിൽ വന്നിറങ്ങുന്നവരോട് ശരിയായ രീതിയിൽ വാഹനം പാർക്ക് ചെയ്യാൻ ഉള്ള കാവൽക്കാരന്റെ അപേക്ഷ മനസ്സിന്റെ അഹംഭാവം മൂലം പലരും ചെവിക്കൊള്ളാറില്ല. കാവൽക്കാരനെ ധിക്കരിച്ച് തോന്നിയതുപോലെ വാഹനം പാർക്ക് ചെയ്ത് കടന്നുപോകുമ്പോൾ തൊഴിലുടമയുടെ പഴി മുഴുവൻ പാവം സെക്യൂരിറ്റിക്കാരനും.
പോലീസിനെ പോലെ തൊപ്പിയും യൂണിഫോമും ധരിച്ച് വലിയ ഗരിമയിലാണ് നിൽപെങ്കിലും സമൂഹം ഇവരെ കാണുന്നത് ഏറ്റവും വിലകുറഞ്ഞ ജോലിക്കാരായിട്ടാണ്. ചില പുഴുക്കുത്തുകൾ ഇവർക്കിടയിലും ഉണ്ട് എന്നത് മറച്ചുവെക്കുന്നില്ല. ഇതോട് ചേർത്ത് പറയാവുന്ന മറ്റൊരു വിഭാഗമാണ് ചുണ്ടിലൊരു വിസിലും കയ്യിൽ ചൂണ്ടുപലകയുമായി ഹോട്ടലിന്റെ മുമ്പിൽ കാണുന്ന നിൽപ്പുജോലിക്കാർ. മഴയെയും വെയിലിനെയും ഗൗനിക്കാതെ പകലന്തിയോളം നിന്ന നിൽപ്പിൽ തുടരുന്ന ജോലി ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. തുച്ഛമായ വേതനമാണിവർക്കും ലഭിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അവഗണനയും പേറി ഇതുപോലെ എത്രയെത്ര തൊഴിൽ മേഖലകളാണ് നമുക്ക് ചുറ്റും ഉള്ളത്. തൊഴിലാളികളോട് അടിമകളെ പോലെ പെരുമാറുന്ന ഉടമകളുടെ മനസ്സ് മാറാതെ ഇതിനൊരു മാറ്റം പ്രതീക്ഷിക്കാൻ വയ്യ.
---------------------------
ഫൈസൽ മാലിക് വി.എൻ
No comments:
Post a Comment