Saturday, 13 July 2019

സുന്നത്തുകളെ പരിഗണിക്കുക

സർവ്വലോകരക്ഷിതാവേ.. നിനക്കാണ് അഖില സ്തുതി കീർത്തനങ്ങളും.. തിരു നബി(സ്വ)യിൽ നിന്റെ സ്വലാത്തും സലാമും സദാ വർഷിക്കേണമേ..

റബ്ബ് സുബ്ഹാനഹു വ തആലാ തന്റെ അടിമകളോട് അരുളുന്ന ഖുദ്സിയായ ഒരു ഹദീസിന്റെ ആശയമിതാണ്:
 സുന്നത്തായ അമലുകളിലൂടെ നാം റബ്ബിന്റെ സാമീപ്യം നേടാൻ പരിശ്രമിക്കണം. ആർക്കെങ്കിലും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ കഴിഞ്ഞാൽ അവന്റെ കാതും കണ്ണും കൈകളും കാലുകളും എല്ലാം റബ്ബ് ആകും. അവന്റെ ദുആ ക്ക് ഉത്തരമുണ്ട്, പാപമോചനവുമുണ്ട്.

പ്രിയപ്പെട്ടവരെ, നമ്മുടെ നിത്യജീവിതത്തിൽ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ നമുക്ക് സുന്നത്തായ ഒരു പാട് അമലുകളുണ്ട്. നാം ഒന്നു ശ്രദ്ധിച്ചാൽ വാരിക്കൂട്ടാൻ പറ്റിയ പുണ്യങ്ങൾ. ഫർള് നമസ്കാരം നാം കൃത്യമായി നിർവഹിക്കുന്നു. എന്നാൽ അതിന്റെ കൂടെയുളള റവാതിബ് സുന്നത്തകൾക്ക് നാം കണിശത കൽപിക്കുന്നില്ല. സത്യത്തിൽ ഫർള് നമസ്കാരങ്ങൾ കണക്ക് നോക്കുമ്പോൾ രക്ഷപ്പെടാനുള്ള അളവ് തികഞ്ഞില്ലെങ്കിൽ എന്റെ അടിമയുടെ സുന്നത്ത്' നിസ്കാരങ്ങളുണ്ടെങ്കിൽ അത് കൂടി പരിഗണിക്കാൻ കരുണാവാരിധിയായ റബ്ബ് മലക്കുകളോട് പറയുമെന്ന് പുണ്യ റസൂൽ(സ്വ) അരുളിയിടുണ്ട്.

12 റക്അത്ത് റവാതിബ് സ്ഥിരമായി നിർവഹിക്കുന്നവർക്ക് സ്വർഗത്തിൽ മണിമാളികയാണ് വാഗ്ദാനം. 10 റക്അത്താണെന്നും അഭിപ്രായമുണ്ട്. ളുഹ്റിന് മുമ്പ് 4 റക്അത്ത് പരിഗണിച്ചാണ് 12 എന്ന് പറഞ്ഞത്.  ളുഹ്റിന് മുമ്പ് 4 ( അല്ലെങ്കിൽ 2), ശേഷം 2, മഗ്രിബിന് ശേഷം 2 , ഇശാക്ക് ശേഷം 2, സുബ്ഹിക്ക് മുമ്പ് 2.

ഇത് കൃത്യമായി പതിവാക്കി ശീലിക്കുക. എത്ര തിരക്കാണെങ്കിലും റബ്ബുൽ ആലമീന്റെ സാമീപ്യം നേടാൻ റവാതിബ് സുന്നത്തിലൂടെ നമുക്ക് കഴിയണം. അത് പോലെ നിസ്കാരം കഴിഞ്ഞാൽ ദിക്റ് ദുആ ക്ക് സമയം കണ്ടെത്തണം. നിസ്കാര ശേഷമുള്ള ആയത്തുൽ കുർസിയ്യ് പാരായണത്തിന്റെ മഹത്വം അവന് സ്വർഗ പ്രവേശനത്തിന് ഇനി മരണമേ തടസ്സമായുള്ളൂ എന്നാണ്. അത്പോലെ പളളിയിൽ കടക്കുമ്പോൾ വലത് കാൽ വെക്കുക, ദിക്റ് ചൊല്ലുക, വുളു കഴിഞ്ഞാൽ ദുആ ചൊല്ലുക. ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിൽ കയറുമ്പോഴും സുന്നത്ത് പിന്തുടരുക. നിത്യജീവിതത്തിൽ പരമാവധി സുന്നത്തുകൾ അനുധാവനം ചെയ്ത് ജീവിക്കാനും അത് വഴി സ്രഷ്ടാവായ റബ്ബിന്റെ സാമീപ്യവും തൃപ്തിയും നേടിയെടുക്കാനും നാം ശ്രദ്ധ വെക്കുക. നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
---------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ

2 comments:

  1. ആരെങ്കിലും അള്ളാഹുവിനെ ഇഷ്ടപെടുന്നുവെങ്കിൽ അവൻ റസൂലിനെ പിൻപറ്റി കൊള്ളട്ടെ... (ഖുർആൻ ആശയം)

    അല്ലാഹുവിനോടുള്ള ഇഷമാണ് സുന്നത്തുകൾ ജീവിതത്തിൽ പകർത്തുന്നതിലൂടെ നാം പൂർത്തിയാക്കുന്നത്...

    ആരെന്റെ സുന്നത്തിനെ സജീവമാക്കിയോ അവൻ എന്നെ സ്നേഹിച്ചു, ആരെന്നെ സ്നേഹിച്ചോ അവൻ എന്റെ കൂടെ സ്വർഗത്തിൽ ആയിരിക്കും. (ഹദീസ് ആശയം)

    ഏറ്റവും ഉത്തമമായതെല്ലാം റസൂലിന്റെ ചര്യ തന്നെയാണെന്ന് നമുക്കുറപ്പാണ്.. പക്ഷെ ജീവിതത്തിൽ പകർത്താൻ നാം മടി കാണിക്കുന്നു...

    സത്യത്തിൽ നാം ആരെയാണിഷ്ടപ്പെടുന്നത് ?
    --------------------------
    ⭕ ഷാഫി അരീക്കൻ.

    ReplyDelete
  2. സാക്ഷാൽ മുത്തുമണികൾ തന്നെയാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ പേനയിൽനിന്ന് ഉതിർന്നു വീണത്. തൽക്കാലം റ വാതിബുകളുടെ കാര്യം ഇവിടെ അടിവരയിടുകയാണ്. അഞ്ചു വഖ്തു നമസ്കരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രയാസരഹിതമായ കാര്യമാണത്. കുറിപ്പിൽ സൂചിപ്പിച്ചത് പോലെ അതിൽ വന്നേക്കാവുന്ന അപാകതകൾ ഇവ വഴി പിരിഹരിക്കപ്പെടുമെന്ന് മാത്രമല്ല, മഹത്തായ പ്രതിഫലം കരസ്തമാക്കാൻ ഇത് വഴി കഴിയുന്നു. പ്രവാചകനും അനുചരന്മാരും ശേഷമുള്ള വിശ്വാസികളും വളരെ കണിശമായി സ്വീകരിച്ചു പോന്നിരുന്ന ഒരു മഹത്തായ കർമമായിരുന്നു ഇത്. പക്ഷെ, ദൗർഭാഗ്യമെന്നു പറയെട്ടെ, കുറെക്കാലമായി, മുൻഗണനാക്രമത്തിൽ ഇത് പിന്തള്ളപ്പെടുകയോ, തീരെ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതായാണ് അനുഭവം. ഇത് ശരിക്ക് മനസ്സിലാകണമെങ്കിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ അനുബന്ധങ്ങൾ ശ്രദ്ധിച്ചാൽ മതി. ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്കാരമുണ്ടോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. പ്രവാചകന്റെ കാലത്ത് ഖത്വീബ് മിമ്പറിൽ കയറിയ ശേഷമായിരുന്നു ബാങ്ക് വിളിച്ചിരുന്നത്. പിന്നെ നമസ്കാരത്തിന്നു പഴുതില്ലല്ലോ. തഹിയ്യത്തു മാത്രമായിരുന്നു പിന്നെ അനുവദിക്കപ്പെട്ടിരുന്നത്. അതാണ് ഈ ഭിന്നത വരാൻ കാരണം. പിന്നീട് ഉസ്മാൻ(റ) യുടെ കാലത്താണ് രണ്ടു ബാങ്ക് നിലവിൽ വന്നതു. എന്നാലും ളുഹറിനെ പോലെ ജുമുഅ ക്കും മുമ്പും പിമ്പും സുന്നത്തുണ്ടെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

    അപ്പോൾ മുമ്പുള്ളത് അഭിപ്രായ ഭിന്നതയുള്ളതും ശേഷമുള്ളത് ഐകകണ്ഠേന അംഗീകരിക്കപ്പെട്ടതുമാണ്.
    ഇനി നമ്മുടെ ജുമുഅ യിലേക്ക് നോക്കാം. ആദ്യബാങ്ക് വിളിക്കുന്നതോടെ എല്ലാവരും കണിശമായി സുന്നത്ത് നമസ്കരിക്കുന്നു. നല്ലത് തന്നെ. എന്നാൽ ശേഷമുള്ള തോ?
    ഇവിടെയാണ് നമ്മുടെ പള്ളികളിൽ കാണുന്ന സമ്പ്രദായങ്ങൾ നമ്മെ അമ്പരപ്പിക്കുന്നത്. നമസ്കാര ശേഷം ദിക്ർ ദുആ ക്ക് ശേഷം, ഒന്നുകിൽ, സ്പെഷൽ ദുആ ഉണ്ടായിരിക്കും. അതുമല്ലെങ്കിൽ ആ ആഴ്ച മഹല്ലിൽ മരിച്ച വ്യക്തിക്കു വേണ്ടിയുള്ള തഹ് ലീൽ, അതല്ലെങ്കിൽ പ്രഭാഷണം, അതും കഴിഞ്ഞാൽ മറ്റു മഹല്ലുകളിൽ മരണപ്പെട്ടവർക്കു വേണ്ടിയുള്ള മയ്യത്ത് നമസ്കാരം . എല്ലാം കഴിഞ്ഞാൽ വിശന്ന വയറുമായുള്ള ഒരോട്ടമാണ്. അതിന്നിടയിൽ പ്രധാന സുന്നത്ത് നമസ്കാരത്തിന്റ കാര്യം ശ്രദ്ധിക്കുന്നവർ നന്നെ വിരളം''

    എന്തുകൊണ്ടിത് സംഭവിക്കുന്നു. യഥാർത്ഥത്തിൽ മഹല്ലു നേതൃത്വത്തിന്റയും പണ്ഡിതരുടെയും സജീവശ്രദ്ധ പതിയേണ്ട കാര്യമല്ലേ ഇത്.?
    ----------------------
    ഖാദർ ഫൈസി കൂർമത്ത്


    ReplyDelete