Wednesday, 17 July 2019

മറന്നുവെക്കാത്ത കുടയോർമ്മകൾ


ചെറുപ്പത്തിന്റെ അധ്ർപ്പത്തിൽ ചൂടിയതും വലിപ്പത്തിന്റെ വകതിരിവിനെ  വകവെക്കാതെ നനഞ മഴയിൽ  ചൂടാതെ പോയതും മറന്നുവെക്കാത്ത കുടയൊർമയിലെ നനവുണങ്ങാത്ത ഓർമകളാണ്..  സ്കൂൾ പഠനകാലത്തും അതിന് പിമ്പും കുടയുമായി ഇറങ്ങൽ കുറവാണ്. അതിന് കാരണം മറ്റൊന്നുമല്ല കോരിച്ചൊരിയുന്ന മഴയാണെങ്കിലും മഴനനയാനാണ് അന്നത്തെ ജീവിത സാഹചര്യം പഠിപ്പിച്ചത്. പുസ്തക സഞ്ചിയും തലയിൽ വെച്ചോടി വീടണഞ്ഞ കാലം. 

അതികം കുടകളൊന്നും ഉണ്ടാവില്ല അപ്പൊ ഉള്ള കുട എവിടെങ്കിലും വെച്ച് മറന്നാൽ അന്ന് വലിയ പൊല്ലാപ്പാകും. പൊതുവെ ഞാൻ അന്നും ഇന്നും ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധചെലുത്താത്ത ഒരു പ്രകൃതക്കാരനാണ്. ഇപ്പൊ എന്താണോ വേണ്ടത് അത് പിന്നേക്കുള്ളത് പിന്നെ അത് കൊണ്ട് തന്നെ അന്നും ഇന്നും പലർക്കും ഞാനൊരു ഉത്തരവാദിത്വമിലാത്തവനായി തോന്നുക സ്വാഭാവികം. എങ്ങിനെ അങ്ങിനെ ആയി എന്ന് ചോദിച്ചാൽ അതിന് പ്രതേകിച്ചൊരു മറുപടിയില്ല. 😁😂

അന്ന് ഉമ്മയുടെ നിർബന്ധ വാക്കുകൾക്ക് വഴങ്ങി വാഴയില വെട്ടി കുടയാക്കിയും. പിരിശത്തോടെ പരിഭവം പറയുമ്പോൾ  പോഡെണ്ണിന്റെ ഇലകൊണ്ട് തൊപ്പിക്കുട ഉണ്ടാക്കിയും സ്കൂളിൽ പോയ കാലം. അന്നൊക്കെ മഴക്കാലം വന്നാൽ പിന്നെ ഉമ്മയുടെ ശകാരം വളരെ കൂടുതലാവും കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ലല്ലോ. അന്നൊന്നും ഇന്നത്തെപ്പോലെ കാലാവസ്ഥക്കനുസരിച് കളർ മാറുന്ന തുണിത്തരങ്ങളില്ലല്ലോ. ഉള്ളത് കൊണ്ട് ഓണമാകുന്ന കാലമല്ലേ. കീറിയതാണേലും മാറ്റി ഉടുക്കാൻ തരാൻ  തുണിയില്ലാത്തതിന്റെ വിഷമം കൊണ്ട് തന്നെയാവും അന്ന് ശകാരിച്ചിട്ടുണ്ടാവുക. 

തിരിച്ചറിവില്ലാത്ത ഇളം പ്രായത്തിന്റെ കുസൃതികൾ ഉമ്മയെ ഒരുപാട്  വേദനിപ്പിച്ചിട്ടുണ്ടാകും.  പെയ്തു തിമിർക്കുന്ന പേമാരിയിലും എന്നെ കാണാതെ ഉള്ള് നീറിനിൽക്കുന്ന ഉമ്മ  മഴനനഞ്ഞെത്തുന്ന എന്നെ  ചേർത്ത് നിർത്തി തട്ടത്തിൻ തലകൊണ്ട്  നറുകിൽ മൃദുവായി  തോർതിത്തന്നത് എന്റെ കുട്ടിക്ക് പനിപിടിക്കില്ലേ ഇങ്ങിനെ മഴനനഞ്ഞാലെന്ന വാത്സല്യ മൊഴികൾ കൊണ്ടായിരുന്നു.

ഉപ്പ ഉപയോഗിച്ചിരുന്ന തൊപ്പിക്കുട വെച്ച് മഴ പെയ്യുമ്പോൾ മുറ്റത്ത്‌ ചാടിക്കളിച്ചതും തൊപ്പിക്കുട ഊരി വെക്കാൻ പറഞ്ഞ് ഇല്ലിക്കോൽ കൊണ്ട് അടിക്കാൻ ഓങ്ങിയതും ചോലയുടെ കരയിൽ ഉമ്മ അലക്കികൊണ്ടിരിക്കുമ്പോൾ  ചാറ്റൽ മഴ ഒരു കുളിരായ് പെയ്തതും. തൊട്ടടുത്തുണ്ടായിരുന്ന മട്ടിമരത്തിന് ചോട്ടിൽ കീറക്കുട ചൂടി ഇരുന്നതും ഓർക്കുമ്പോൾ ഉള്ളിൽ കുളിര് അരിക്കുന്നു..

കാലമെത്ര കഴിഞ്ഞാലും കാത്തുവെച്ച നിധിപോലെ ഹൃദയത്തിൽ മിന്നിമറയുന്ന ചിലയോർമകൾ മൗനമാം മനസ്സിലും മനഃശാന്തിനൽകും.  ഇന്ന് വരെ മഴനനഞകാരണം കൊണ്ട് പനി വന്നിട്ടില്ല. അൽഹംദുലില്ലാഹ്. മഴ ഒരനുഗ്രഹമാണ് ആ മഴനൂലുകൾ ശരീരം നനയ്ക്കുമ്പോൾ ഉണ്ടാകുന്ന വികാരം മനസ്സിന് വല്ലാത്തൊരു കുളിരാണ്. ഇന്നീ.. ഈന്തപ്പനയുടെ കഥ മൂളിയെത്തുന്ന ചൂട് കാറ്റുള്ള മണലാരണ്യത്തിലും അതിശയം പോലെ  മഴവർഷിക്കുമ്പോൾ ആ വലിയ നീർതുള്ളികളെ കൈകുമ്പിളിലാക്കി നടന്നിട്ടുണ്ട് കുടയില്ലാതെ...
ഇന്നീ മറന്നുവെക്കാത്ത കുടയോർമകളിൽ സൗധര്യമുള്ള പല എഴുത്തുകളും വരാനിരിക്കുമ്പോൾ. കൂടുതൽ മുഷിപ്പിക്കുന്ന എഴുത്തിലേക്ക് പോകുന്നില്ല.. 
☔☔☔☔☔☔☔☔☔☔
മുജീബ് കെ.സി 🛶

No comments:

Post a Comment