ഓർമകളെ പലകുറി പിറകോട്ട് വലിച്ചു പിടിച്ചിട്ടും ആദ്യമായി മഴയത്തൊരു കുട പിടിച്ചത് എന്നാണെന്നോർമയിലില്ല. മഴക്കാലത്ത് സ്കൂളിൽ നിന്നും വൈകുന്നേരംവീട്ടിലേക്കുള്ള ഓട്ടത്തിൽ മിക്ക ദിവസങ്ങളിലും മഴയും കൂട്ടിനുണ്ടാകും.
മഴ മുഴുവൻ ദേഹത്തേക്ക് പതിച്ചാലും മഴയോട് അന്ന് പരിഭവം തോന്നീട്ടില്ല..
ഇനി പരിഭവിച്ചാലും മഴ പിന്നെയും വരും അത് കൊണ്ട് തന്നെ എന്തിന് കലഹിക്കണം പലർക്കുമെന്ന പോലെ എനിക്കും കുട വിദൂര സ്വപ്നവും. പുസ്തകകെട്ടുകൾ ചേർത്ത് പിടിച്ച് വീട് വരെ ഒരേ ഓട്ടമാണ്, ഇന്നത്തെ പോലെ സ്കൂൾ തുറക്കുമ്പോൾ പുതിയ കുട വേണമെന്ന വാശിയൊന്നും അന്നില്ലായിരുന്നു.
പല വീടുകളിലും ഒന്നോ രണ്ടോ കുടയേ കാണു.. ആ കുടപിടിച്ച് വര്ഷങ്ങളോളം നടക്കും, അത് കളഞ്ഞു പോവുന്നത് വരെ.. കളഞ്ഞു പോയാൽ കിട്ടുന്ന വഴക്കിനു കൈയും കണക്കുമില്ല. ഇന്ന്മക്കൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം പോലും വെയിലോ മഴയോ കൊള്ളാൻ ഭാഗ്യമില്ലാതെ പോയ എത്ര കുടകൾ, എങ്കിലും പുതിയതിനു വാശി പിടിക്കുമ്പോൾ ഇനി ഈ വർഷം കുടയില്ല എന്ന ഭീക്ഷണിയിൽ വീണ്ടും പുതിയ കുട. ദോഷം പറയരുതല്ലോ പല കുട്ടികളുടെയും കുട ഒരു തുള്ളി വെള്ളം പോലും കൊള്ളിക്കാറില്ല. വീടിന്റെ മുമ്പിൽ നിന്ന് സ്കൂൾ ബസ്സിൽ കയറി സ്കൂളിൽ ചെന്ന് ഇറങ്ങുന്ന കുട്ടിക്കും കൂട്ടിന് കുട വേണം.
അങ്ങിനെ വർഷങ്ങൾക്കു ശേഷം ഈ ചൂടുകാലത്ത് മരുഭൂമിയിൽ നിന്നും കൂട്ടിൽ ഞാനും ഒരു ഓർമ്മക്കുട ചൂടി ..
〰〰〰〰〰〰〰〰〰〰〰ശിഹാബുദ്ദീൻ.നാലു പുരക്കൽ
No comments:
Post a Comment