തിരിമുറിയാത്ത മഴയുടെയോർമ്മകളുടേതാണ് നമ്മുടെ ചെറുപ്പം. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ഓരോ മഴക്കാലത്തും തളിർത്ത് വന്നത്. മണ്ണിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിച്ചവരായിരുന്നു അന്നുള്ളവർ. ആ മഴക്കാലം പണിത്തെരക്കിന്റെ നേരം കൂടിയായിരുന്നു. കൊത്തിയും കിളച്ചും പുതുമണ്ണിന്റെ മണം പരക്കുന്ന സമയം. കൈകോട്ട് ഓരോ വീട്ടിലെയും പ്രധാന പണി ആയുധമായിരുന്നു. പാടം മാത്രമല്ല പറമ്പും കൃഷിയിടങ്ങളായിരുന്നു. വീടിന്റെ പൂമുഖപ്പടിയിൽ വെച്ച് ആദ്യം കണ്ട കൗതുകം കന്ന് പണിയായിരുന്നു. കലപ്പയേന്തിയ കർഷകനെ പാഠപുസ്തകത്തിൽ കാണുന്നതിന് മുമ്പായിരുന്നു അത്. വിത്തുകൾ ഓരോ വീട്ടിലെയും കരുതിവെപ്പുകളായിരുന്നു. ബന്ധങ്ങൾക്കിടയിൽ അവ കൈമാറി പോന്നു. മണ്ണിൽ അന്ന് വിഷം കലർന്നിരുന്നില്ല. അധ്വാനം അവർക്ക് അഭിമാനമായിരുന്നു. മണ്ണിനോടുള്ള അടുപ്പം അറപ്പായി മാറുന്നത് വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു കാര്യങ്ങൾ. മണ്ണുമായി നമ്മൾ അകന്നതോടെയാണ് കൈകോട്ടുകളെ വീടിന്റെ മൂലയിൽ തള്ളിയത്. എഴുപതുകളിലെ അവസാനം തുടങ്ങിയ ഗൾഫ് പ്രവാസമാണ് ഇതിന് ആക്കം കൂട്ടിയത്.
പ്രവാസം നമ്മെ മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നട്ടു. പ്രകൃതി സൗഹൃദത്തിലൂന്നിയ ജീവിത വ്യവഹാരങ്ങളെ ഒന്നൊന്നായി കയൊഴിച്ചു. വിതക്കുന്നതല്ല വാങ്ങുന്നതാണ് ലാഭമെന്ന് നമ്മൾ പറഞ്ഞ് തുടങ്ങി. പച്ചപ്പുകൾ ഒന്നൊന്നായി വേരറ്റുപോയി. വിത്തുകൾ കൈമോശം വന്നു. വയലുകൾ വരെ നികത്തി കോൺക്രീറ്റ് കൃഷി ഇറക്കി. കുന്നുകൾ ഇടിച്ചു നിരത്തി. പ്രകൃതിസമ്പത്ത് മുഴുവൻ താൽക്കാലിക ലാഭം നോക്കി നശിപ്പിച്ചു. പലതും വിറ്റഴിച്ചു. ഇങ്ങനെയാണ് മണ്ണിന്റെ മണവും മഴയുടെ നനവും പുതു തലമുറക്കന്യമായി തുടങ്ങിയത്.
കൃത്രിമങ്ങൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മണ്ണിന്റെ രുചി പോയിടത്ത് വിഷം തളിച്ച ഭക്ഷണങ്ങൾ വ്യാപകമായിരിക്കുന്നു. അതിലൂടെ രോഗങ്ങളും കൂടി. അധ്വാനം ശീലമല്ലാതായി. നാടൻ പണിക്കാർ നാടുനീങ്ങി. കൈകോട്ട് കൊത്തുന്നവനെ ഒന്നിനും കൊള്ളാത്തവനാക്കി. കാൽ നൂറ്റാണ്ടിനകം നമ്മൾ പുതിയൊരു ജീവിതം പണിയുകയായിരുന്നു. അതിന്റെ ഫലമെന്നോണം
ഇന്നിപ്പോൾ പ്രകൃതി പോലും പിണങ്ങിയിരിക്കുന്നു. മഴ നമുക്ക് ഒരു മോഹം മാത്രമായിക്കൊണ്ടിരിക്കുന്നു. പ്രളയത്തിന് പിറകെ വരൾച്ച വരാനുണ്ടെന്ന് പറഞ്ഞ് കേൾക്കുന്നു. ഇതൊക്കെ കൊണ്ട് തന്നെ കൂടുതൽ പ്രകൃതി സൗഹൃദമായ ഒരു ജീവിതത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ആഗ്രഹവുമാണ് പുതിയ കാലത്ത് വളർന്ന് വരേണ്ടത്. നമ്മിലെ തിരിച്ചറിവുകൾ അതിന് നമ്മെ പ്രാപ്തമാക്കട്ടെ എന്നാണ് പ്രാർത്ഥന◼.
--------------------------
സത്താർ കുറ്റൂർ
No comments:
Post a Comment