Friday, 19 July 2019

എം. ആർ. സി. മൊയ്തീൻ കാക്ക


പളളിപ്പറമ്പ് @  
എം. ആർ. സി. മൊയ്തീൻ കാക്ക 



* പിതൃതുല്യനായ സഹോദരൻ *
--------------------
ഒരു പിതാവിൻറെ ലാളനയേൽക്കാൻ ഭാഗ്യമില്ലാതിരുന്ന എന്നെ ലാളിക്കാനും സ്നേഹിക്കാനും തല്ലാനും തലോടാനും ശിക്ഷിക്കാനുമൊക്കെയുണ്ടായിരുന്നത് എൻറെ കാക്കയായിരുന്നു. എനിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു എൻറെ ഉപ്പ (കാമ്പ്രൻ ആലസ്സൻകുട്ടി (മേ മാടൻ) മേമാട്ട് പാറയിൽ നിന്ന് കുറ്റൂരിൽ വന്ന് താമസിച്ചത് കൊണ്ട് മേമാടൻ എന്ന് വിളിക്കുന്നത്) ഈ ലോകത്തോട് വിട പറഞ്ഞത്.

ഓർമ്മ വെച്ച കാലം മുതൽ കാക്ക നാട് വിട്ട് (അലുമിനിക്കച്ചവടം) പോകുന്നതാണ് കണ്ടിട്ടുള്ളത്. പിന്നീടെപ്പോഴോ സ്കൂളിൽ പ്യൂണായി ജോലിക്ക് കയറി. അധികം താമസിയാതെ ആ ജോലി ഒഴിവാക്കി. വീണ്ടും നാട് വിട്ടു. യാറത്തുംപടി യുടെ അപ്പുറത്ത് പെരുവള്ളൂരിൽ നിന്ന് കള്ളിയത്ത് തിത്തിക്കുട്ടിയെ വിവാഹം ചെയ്തു. ഈ കല്യാണം എനിക്കോർമ്മയില്ല. പിന്നീട് കാക്ക നാട്ടിൽ പണിക്ക് പോയിത്തുടങ്ങി. ചുമടെടുക്കുന്ന ജോലിക്കായിരുന്നു കൂടുതലും പോയിരുന്നത്. ഓല മേഞ്ഞപുരകളുടെ മുകളിൽ വിരിച്ചിരുന്ന പനമ്പുല്ല്, ഊരകം മലയിൽ നിന്നായിരുന്നു കൊണ്ട് വന്നിരുന്നത്. പുലർച്ചെ നാല് മണിക്ക് എണീറ്റ് പോയി 11 മണിയാകുമ്പോഴേക്ക് വലിയ കെട്ട് പുല്ലുമായി കാക്ക തിരിച്ചെത്തുമായിരുന്നു. യൗവനകാലത്തു തന്നെ മർഹൂം അബ്ദുള്ള മാഷിൻറെയും ചെറിയ കുട്ട്യാലി ഹാജിയുടെയും കൂടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. സുഹൃത്തുക്കൾ നൽകിയ ഇരട്ടപ്പേര് (MRC) മരണം വരെ കൊണ്ടു നടന്നു! സന്തോഷത്തോടെയായിരുന്നു ആ പേര് കാക്ക സ്വീകരിച്ചത്. പിന്നീട് അനുജൻ മാർക്കും ഞങ്ങളടെ മക്കൾക്കും ആ പേര് നാട്ടുകാർ തന്നു. ഇപ്പോൾ എൻറെ പേരക്കുട്ടികളെയുംMRC എന്ന് വിളിക്കുന്നു!

സെന്റിന് നൂറ് രൂപ നിരക്കിൽ സ്ഥലം വാങ്ങി നിലപറമ്പിൽ കാക്ക വീട് വെച്ചു. 1980ൽ അവിടെ താമസമാക്കി. 1982ൽ ജിദ്ധയിലെത്തി. പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ തന്നെ കൂടി. ഗൾഫിലേക്ക് പോകുന്നതിന് മുമ്പുതന്നെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ റസീവർ ആയിരുന്നു.  തിരിച്ച് വന്ന ശേഷവും കാക്ക ആ ജോലി തന്നെ സ്വീകരിച്ചു. കാൽമുട്ട് വേദന സഹിക്കാൻ വയ്യാതെ നടക്കുമ്പോൾ ഞങ്ങളൊക്കെ പല തവണ ആ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കാക്ക കേട്ടില്ല. എന്റെ ആരോഗ്യമുള്ളേടത്തോളം കാലം ഞാനീ ജോലിയിൽ തന്നെ തുടരട്ടെ എന്നായിരുന്നു കാക്കാൻറെ മറുപടി. ഒരിക്കൽ എൻറെ സാന്നിദ്ധ്യത്തിൽ മക്കളെല്ലാവരും കൂടി (ഹസ്സൻകുട്ടി, അബ്ദുൽ മജീദ്, മുഹമ്മദ് ഷാഫി) ഒരു ഓഫർ മുന്നോട്ട് വെച്ചു. ഉപ്പ വീട്ടിലിരിക്കുക. ഞങ്ങൾ മൂന്ന് പേരും മാസം തോറും നിശ്ചിത സംഖ്യ നിങ്ങൾക്ക് തരാം - പക്ഷേ കാക്ക അന്ന് അത് സമ്മതിക്കാതെ ആ ജോലിയിൽ തന്നെ തുടർന്നു. പിന്നീട് പാടേ അവശനായപ്പോൾ ജോലി ഉപേക്ഷിച്ചു. അപ്പോഴേക്കും മക്കളടെ പഴയ ഓഫർ തീർന്നിരുന്നു! എങ്കിലും മരണം വരെ ആ മക്കൾ തന്നെ പൊന്നുപോലെ നോക്കി.

കാക്ക പിരിവിന് പോകുമ്പോൾ കക്ഷത്ത് ഒരു ബാഗുണ്ടാകും, ഓരോ വീട്ടിൽ ചെല്ലുമ്പോഴും കുട്ടികളുടെ ശ്രദ്ധ മുഴുവൻ ബാഗിലായിരിക്കും. ബാഗിൽ പല തരത്തിലുള്ള മിഠായികൾ അദ്യമേ കരുതി വെച്ചിട്ടുണ്ടാകും. KS കുറ്റൂരിന്റെയും (എന്റെ മറ്റൊരു ജ്യേഷ്ടൻ ) കുഞ്ഞീതു കാക്കാൻെറയും (മേ മാടൻ) വീട്ടിലെ കുട്ടികൾ മിഠായി മൂത്താപ്പ എന്നായിരുന്നു കാക്കാനെ വിളിച്ചിരുന്നത്.  

എന്റെ കാക്ക വിട പറഞ്ഞപ്പോൾ പ്രവാസ ലോകത്ത് നിന്ന് സങ്കടപ്പെടാനേ എനിക്ക് കഴിഞ്ഞുള്ളൂ. അള്ളാഹുവേ: എന്റെ കാക്കാക്ക് പൊറുത്തു കൊടുക്കേണമേ- എന്റെ കാക്കാക്ക് സ്വർഗ്ഗത്തിലൊരിടം നൽകേണമേ -
കാക്കാനേയും നമ്മെയെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ
----------------- 
MRC അബ്ദുറഹ് മാൻ



ഉപ്പാനെ കുറിച്ച് ഓർക്കുമ്പോൾ..... 
----------------------
ഉപ്പാനെ കുറിച് ഓർക്കുമ്പോൾ ഉപ്പാന്റെ കൂടെ പള്ളിക്കു വേണ്ടി തേങ്ങ ഇടാൻ പോകുന്നതാണ് ഓർമ വന്നത്  തിയ്യൻ  ആണ്ടിയും ഉപ്പയും മായിരുന്നു തേങ്ങ ഇടാൻ പോകാറ്  സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ആണെങ്കിൽ എന്നോടും വരാൻ പറയും   പോകാൻ വലിയ മടിയായിരുന്നു  കാരണം കുറേ തേങ്ങയെറ്റി  നടക്കണം  ഒരുതെങ്ങു ഇവിടെ ആണെങ്കിൽ അടുത്ത തെങ്ങ് കുറേ അപ്പുറത്ത് ആയിരിക്കും  ഓരോ വീട്ടുകാർ പള്ളിക്കു വേണ്ടി കൊടുത്ത് തെങ്ങ് ആകുമ്പോൾ ഓരോ തൊടുവിലും ഓരോ തെങ്ങേ കാണൂ. എല്ലാം കൂടെ എടുത്തു വണ്ടി വരുന്ന സ്ഥലത്തു കൂട്ടിഇടണം  നെല്ലാട്ട തൊടുവിലും  അച്ചംബാട്ട്  കാദർ കാകന്റെ അടുത്തുള്ള തൊടുവിലും  എന്നെ വിളിക്കുമ്പോൾ എല്ലാം വണ്ടി വരാത്ത സ്ഥലങ്ങളിൽ ആയിരിക്കും തേങ്ങഇടാറു. പള്ളിയുടെ പരിസരത്ത് ആകുമ്പോൾ പള്ളിയിൽ കൊണ്ട് പോയി കൂട്ടിയിടും.  എന്നാലും  കൂലിയും കിട്ടും. സ്കൂളിൽ പോകുമ്പോൾ മിട്ടായി വാങ്ങാനുള്ള ക്യാഷ് കിട്ടും  രാവിലെ 6 മണിക്ക് തുടങ്ങി വെയിൽ ആകുംപോയേക്കും നിറുത്താറാണ് പതിവ്.

ഞാൻ മദ്രസ വിട്ട്  9 മണി ആകുമ്പോഴാണ്  എത്താറു 2 മണിക്കൂർ പണി എടുക്കുമ്പോളേക്കും ഉമ്മ കഞ്ഞിയുമായി വരുന്നുണ്ടോന്നു വഴി യിലേക് നോക്കും  ഉണ്ടെങ്കിൽ അവിടെ ഇരിക്കും  ആദ്യം കഞ്ഞി കുടിക്കൽ. അതിനെ ശേഷം ജോലി തുടരും.. എനിക്ക് തല നല്ല വേദന ഉണ്ടാകാറുണ്ട് തരിക കനമില്ലെങ്കിൽ  തേങ്ങ കുത്തി നല്ല വേദന ഉണ്ടാകും   പിരഡി വേദനയും എന്റെ ക്ഷീണം കാണുമ്പോൾ തന്നെ ഉമ്മയും ഉപ്പയും പറയും എന്നാ നീ ആ ഓല കെട്ടും കൊണ്ട് വീട്ടിൽ പൊയ്ക്കോ  3 ഓല കേട്ടു ഉണ്ടാകും അതിൽ ഒരു ചെറിയ കേട്ടു ഉണ്ടാകും  അതും  തലയിൽ വെച്ച് വീട്ടിലേക്കു പോരും ഉപ്പ വീട്ടിൽ എത്തിയാൽ  കൂലിയും കിട്ടും അപ്പോൾ എല്ലാ വേദനയും മാറും..
നാഥാ ഞങ്ങളുടെ ഉപ്പാന്റെ ഖബറിനെ പ്രകാശി പിക്കണെ ഖബർ വിശാല മാകണേ  സ്വർഗം നൽകണേ നാഥാ ..
ആമീൻ  ആമീൻ ആമീൻ ..
--------------------
MRC ഷാഫി



തൻ്റെ ജീവിതകാലം ദീനീ സേവനത്തിനായും മാറ്റി വച്ച MRCമൊയ്തീൻ കാക്ക
➖➖➖➖
MRC മൊയ്തീൻ കാക്കയെ ഒാർക്കുംബോൾ എനിക്കും ഒാർമ്മ വരുന്നത് അദ്ധേഹത്തിൻ്റെ മകൻ പറഞ്ഞ പോലെതന്നെ മദ്രസ്സയിലേയും പള്ളിയിലേയും ആത്മാർത്ഥമായ സേവനം തന്നെയാണ്...
എൻ്റെ വീട്ടിലും രണ്ട് തെങ്ങ് കുറ്റൂർ മദ്രസ്സയിലേക്കുണ്ടായിരുന്നു.. അതിൻമേലുള്ള തേങ്ങ ഇടുവിക്കാൻ ആദൃ കാലങ്ങളിൽ ആണ്ടിയും പിന്നെ മുരളിയുമായി വന്നിരുന്നു....
റോഡ് സൗകരൃം പോലുമില്ലാത്ത സ്ഥലത്ത് നിന്നും തേങ്ങ ചാക്കിലാക്കി തലയിൽ വച്ച് കാരപറംബിലേ കയറ്റവും  കയറിയായിരുന്നു കൊണ്ടു പോയിരുന്നത്...

മദ്രസ്സയിലെയും ഊക്കത്തെ പള്ളിയിലെയും മാസ വരി സംഖൃ പിരിക്കുന്നതിനായും വീട്ടിൽ വരാറുണ്ടായിരുന്നു. എൻ്റെ ഉപ്പയുമായും സ്വറ പറഞ്ഞിരുന്നിട്ടേ അവിടുന്ന് മടങ്ങാറുണ്ടായിരുന്നുള്ളൂ..

അതു പോലെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലെയും, കുറ്റൂർ പള്ളിയിലേയും എന്ത് പരിപാടികളിലും അദ്ധേഹത്തിൻ്റെ നിറ  സാന്നിദൃം കണ്ടിട്ടുണ്ട്. ഊക്കത്ത് പള്ളിയിലേ റസീവർ സ്ഥാനം ഏറ്റെടുത്ത കാലത്ത് പള്ളിയിലെ പൊതു കാരൃങ്ങളിലും ശ്രദ്ധിച്ചിരുന്നു....

മദ്രസ്സയിലെ മാസാന്തവരിക്ക് മാത്രമായി ഒരു ദിവസവും.... സംഭാവന പെട്ടിയുടെ പിരിവിന് മറ്റൊരു ദിവസവുമായിരുന്നു അദ്ധേഹം വീടുകളിൽ വരാറുണ്ടായിരുന്നത്. രണ്ടു പിരിവും ഒരുമിച്ച് വാങ്ങിയാൽ ഈ വയസ്സ് കാലത്ത് നിങ്ങളുടെ നടത്തം കുറച്ചുകൂടെ.... എന്ന് ചോദിച്ചപ്പൊ പറഞ്ഞ മറുപടി.. രണ്ടും കൂടി ഒരുമിച്ച് തന്നാൽ വീട്ടുകാർക്ക് അതൊരു ഭാരമാവുകയും  പെട്ടി പൈസതരുന്നത് കുറയുകയും ചെയ്യും എന്നായിരുന്നു മറുപടി... 

അതു പോലെ ഊക്കത്തെ പള്ളിയിലെ കാശും മദ്രസ്സയിലെ കാശും മാസത്തിലെ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു വാങ്ങിയിരുന്നത് കേവലം ഒരു ജോലിയായല്ല അദ്ധേഹം റസീവർ സ്ഥാനം കണ്ടിരുന്നത്.... 

തൻ്റെ ആരോഗൃമുള്ള കാലത്ത് ദീനീസേവനത്തിനായുംം മാറ്റിവച്ച നമ്മുടെ പള്ളികളും മദ്രസ്സയുഃ പരിപാലിച്ച് നാഥനിലേക്ക് നമ്മിൽ നിന്നും വിട പറഞ്ഞ മൊയ്തീൻ കാക്കയുടെ പരലോക ജീവിതം പ്രകാശ പൂരിതമാവുകയും ദീനീ സേവനങ്ങൾ ഖബറിൽ ഒരു മുതൽ കൂട്ടാവുകയും വുകയും ചെയ്യട്ടേ.....
 ➖➖➖➖ 
കുഞ്ഞഹമ്മദ്കുട്ടി കെഎം



കുന്നുംപുറത്ത്ക്കാരായ എന്റ ഉപ്പയും എളാപ്പയും ഒക്കെ പഠിച്ചത് ഹുജജത്തിലായിരുന്നു. പിന്നീട് അവരുടെയൊക്കെ നേതൃത്വത്തിൽ കുന്നുംപുറത്ത് മദ്രസ തുടങ്ങിയിട്ടും ഞങ്ങൾ മക്കളൊക്കെ ഹുജജത്തിൽ തന്നെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ കാക്ക റിസീവറായി വിരമിക്കുന്നത് വരെ ഇവിടെ തറവാട്ടിലും വരുമായിരുന്നു. വെറും ഒരു റസീവറായി പൈസ വാങ്ങി പോകുക മാത്രമല്ല അദ്ധേഹം ചെയ്തിരിന്നുന്നത്, വീട്ടുകാരോടൊക്കെ നല്ല ആത്മബന്ധം പുലർത്തിയിരുന്നു, അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ വീട്ടിലെ എല്ലാ കല്യാണങ്ങൾക്കു ഞങ്ങൾക്കും ക്ഷണമുണ്ടാകും, തിരിച്ച് അദ്ധേഹവും നമ്മുടെ പരിപാടികൾക്കും വരാറുണ്ടായിരുന്നു.

ഇടക്കാലത്ത് ഞാൻ ഒരു ചെറിയ കാലയളവ് നിലപറമ്പിൽ താമസിച്ചപ്പോൾ ആ ബന്ധം ഒന്നുകൂടി പുതുക്കാൻ കഴിഞ്ഞിരുന്നു. അദ്ധേഹത്തിന്റെ പരലോകജീവിതം സന്തോഷ പ്രദമാക്കട്ടെ എന്ന പ്രാർത്ഥനയോടെ....... ആമീൻ.
---------------
നിസാർ പി. കെ. 



ജ്യേഷ്ഠ സഹോദരനെ കുറിച്ച് MRC യുടെ മനസ്സിൽ തട്ടുന്ന വരികൾ. തൂക്കരിയും സംഭാവനകളും കലക്ട് ചെയ്യുന്ന പള്ളി മദ്രസ്സാ റസീവറുടെ റോളായിരുന്നു ആ ജീവിതത്തിന്റെ നിയോഗം. പലരും സൂചിപ്പിച്ച പോലെ പ്രയാസകരമായിരുന്നു ആ ജോലി. എങ്കിലും അദ്ദേഹമത് അർപ്പണ ബോധത്തോടെ സന്തോഷപൂർവ്വം  ചെയ്തു. പാരത്രിക ജീവിതത്തിൽ അത് ഗുണകരമായി ഭവിക്കാതെ പോകില്ല, തീർച്ച. നല്ല സ്റ്റഡിയായി നിവർന്ന് നടന്നിരുന്ന മൊയ്തീൻ കാക്കക്ക് ഒരു കാലം വരെ ഉള്ള പ്രായം പോലും തോന്നിച്ചിരുന്നില്ല. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ വടിയുടെ സഹായത്തോടെ പള്ളിയിലേക്ക് നടന്ന് നീങ്ങുന്നത് കണ്ടപ്പോൾ അത്ഭുതവും ഒപ്പം ദുഃഖവും തോന്നിപ്പോയി. സ്‌കൂളിന്റെ പിൻവശ റോഡിലെ ഈ കണ്ടുമുട്ടലിൽ ജിദ്ദയിൽ ഞങ്ങളോടൊപ്പമുള്ള മകൻ ഹസ്സൻ കുട്ടിയെ കുറിച്ചും മറ്റുമുള്ള ഹൃസ്വ സംസാരങ്ങൾ പതിവായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
-------------------
ജലീൽ അരീക്കൻ



പിതാവിന്റെ വിയോഗം അറിയിക്കാതെ നാട്ടിലെ ദാരിദ്യ യുഗത്തിൽ  കിനാദ്വാനത്തിലൂടെ തന്നെ വളർത്തി വലുതാക്കിയ സഹോദരന്റെ ഓർമ്മ കുറിപ്പ്. 

നാട്ടിൽ ജോലി കിട്ടാ കാലത്ത് ഊരകം മല കയറി വിറകും, ഉണക്ക പുല്ലും ശേഖരിച്ച്  ഉപജീവനം നടത്തിയിരുന്ന പലരേയും കുട്ടികാലത്ത് കാണാമായിരിന്നു. അവരൊക്കെ ജീവിതം വെല്ലുവിളിയായി ഏറ്റെടുത്തവരും  അതിനോട് പടവെട്ടിയവരുമായിരിന്നു. 

ഇന്നെലെകളിൽ കണ്ട പലതും  നിറ്റാണ്ടുകൾ മുമ്പേയുള്ളതെന്നെ തരത്തിൽ വിസ്മൃതിയിൽ ആണ്ടു പോവുന്ന നമ്മൾ കഠിനാദ്വാനികാളായ മുൻ തല മുറകളെ സ്മരിക്കാനും  അവർക്ക് വേണ്ടി പ്രാത്ഥിക്കാനും.. ഡിജിറ്റൽ യുഗത്തിൽ  സമയം കിട്ടാതെ പോവുന്നത് നന്ദി കേടാവും.
------------------------
അബ്ദുലത്തീഫ് അരീക്കൻ



السلام عليكم 
ഇന്ന് നമ്മൾ കൂട്ടിൽ സ്മരിക്കുന്നത് MRC മൊയ്തീൻ കാക്കയെന്ന കാംബ്രൻ മൊയ്തീൻ കാക്കയേ ആണല്ലൊ. എന്റെ ചെറുപ്പത്തിൽ എന്റെ പിതാവ് എന്ക്ക് നേരിട്ട് പറഞ്ഞു തന്ന പരിചയപ്പെടുത്തി ത്തന്ന ഒരു കാരണവരാണ് അദ്ധേഹം ചെറുപ്പം മുതലേ മൊയ്തീൻകാകാനെ അടുത്ത കുടുംബ ക്കാരനായേ കണ്ടിട്ടുമുള്ളു ശാന്ത സ്വഭാവക്കാരനായ അദ്ധേഹം എപ്പോഴും നല്ല സ്നേഹബന്തം നിലനിർത്തിയിരുന്നു  പടച്ചവൻ അദ്ധേഹത്തിനും നമ്മളിൽനിന്ന് പിരിഞ്ഞുപോയ കാരണവൻ മാർക്കും സ്വർഗത്തിൽ ഇടം നൽകി അനുഗ്രഹിക്കട്ടേ اَمين
--------------------
Abdullah Kambran




No comments:

Post a Comment