Wednesday, 10 July 2019

റേഡിയോ : കണ്ടതും കേട്ടതും പഠിച്ചതും


ചെറുപ്പത്തിലേ റേഡിയോ കേൾക്കൽ ഒരു ഹരമായിരുന്നു. ഇക്കാക്കക്ക്  റേഡിയോ ഒരു ഇണയെ പോലെയായിരുന്നു.  ഇക്കാക്ക അന്നത്തെ ഏറ്റവും സുന്ദരമായ ഒരു റേഡിയോ തന്നെ വാങ്ങി വെച്ചിരുന്നു.


റേഡിയോ ഇല്ലാതെ ഉറക്കം വരാത്ത കാലം. 

അന്നൊക്കെ ഞാൻ തക്കം കിട്ടിയാൽ കൈക്കലാക്കി കൂടുതൽ കേൾക്കുന്ന പ്രോഗ്രാം ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ ആയിരുന്നു.  കേൾക്കുക മാത്രമല്ല അത് കേട്ട് ഒപ്പം മൂളി പാടുകയും ചെയ്യും. സുപ്രഭാതവും ബാലലോകവും ഞായറാഴ്ചകളിലെ സിനിമ ശബ്ദരേഖയും കണ്ടതും കേട്ടതും. വയലും വീടുമൊക്കെ കേൾക്കാൻ ഏറെ ഇഷ്ട്ടമായിരുന്നു.   ഇക്കാക്ക പണി കഴിഞ്ഞ് വരുമ്പോൾ യഥാസഥാനത്ത്‌ റേഡിയോ ഉണ്ടായിരിക്കണം എന്നത് ഒരു നിർബന്ധമായിരുന്നു. അതിൽ ഒരു പോറൽ സംഭവിച്ചാൽ അന്ന് മുളവടി കഷായം തരും അല്പം കൈപ്പുള്ളതാണെങ്കിലും വേണ്ടുവോളം വാങ്ങിയിട്ടുണ്ട്.


എന്നാലും റേഡിയോ കേൾക്കാത്ത പകലുകൾ കുറവായിരുന്നു. ഞായറാഴ്ചകളിൽ നാടകം എല്ലാവരും കൂടിയിരുന്ന് കേൾക്കുന്നത് എത്ര രസമായിരുന്നു എന്നോ... രാത്രി എട്ട് മണിക്ക് നാടകം ഉണ്ടെന്നത് കൊണ്ട് ഓത്തും വായനയും ഒക്കെ ഉമ്മ കേൾക്കെ ഉറക്കെയായിരുന്നു. ഓതിയില്ലെങ്കിൽ അന്ന് നാടകം കേൾക്കാൻ പറ്റില്ല. ജേഷ്ടൻ വന്നാൽ പിന്നെ റേഡിയോയും കിട്ടില്ല. 


എല്ലാം ഇന്നോർക്കുമ്പോൾ എന്തൊരു ആനന്ദമാണ്  മനസ്സിന്.  ആ പഴയ ഓർമകളിലേക്ക് മനസ്സ് കൂട്ടിക്കൊണ്ട് പോകുന്ന ഈ കൂട്ടിലെ തത്തകളുടെ ഓരോ  റേഡിയോ കഥകളും വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഈ നിമിഷത്തിലും  ആ ഇണക്കവും പിണക്കവും തമാശയും ചിരിയും നിറഞ്ഞ ഇമ്പമുള്ള നാളുകളിലെ റേഡിയോ ശബ്ദ ഈരടികൾ  ഹൃദയത്തിന് അകത്തളത്തിൽ ഒരു താളമായ് തുടിക്കുന്നപോലെ..

ഇന്നത്തരം രസങ്ങളൊന്നുമില്ല. എല്ലാവർക്കും സൗകര്യങ്ങൾ കൂടി. അതോടെ സ്വന്തമായിരുന്ന് കാണലും കേൾക്കലും ആയി. ആ... ആനന്ദവും സ്നേഹവും കളിയും ചിരിയും പേരിന് മാത്രമായി ചുരുങ്ങി..  കാലം പുതിയ പുതിയ പുരോഗമന പരിഷ്‌കാരങ്ങളിലേക്ക് മാറിച്ചിന്തിക്കുമ്പോഴും. ലോകത്തിന്റെ എല്ലാ വിവരങ്ങളും വിവരക്കേടുകളും ഒരൊറ്റ വിരൽ തുമ്പിൽ തെളിയുമ്പോഴും ആ പഴയ റേഡിയോ കഥയെ എനിക്ക് മറക്കാൻ കഴിയില്ല..😂അത്രക്ക് മനസ്സിൽ ആഴ്ന്നിറങ്ങിയതാണ് ആ ബന്ധം.   
ഇന്നും റേഡിയോ കാണുമ്പോൾ റൂമിൽ തളംകെട്ടി നിന്ന ചിമ്മിണി വിളക്കിന്റെ അരണ്ട വെളിച്ചത്തിലേക്ക്  ഞെട്ടിയുണർന്ന ആ രാത്രിയിലെ അടങ്ങാത്ത തേങ്ങൽ ഇന്നും ഓർക്കാൻ സുഖമുള്ള വേദനയായി അവശേഷിക്കുന്നു. 


അനുവാദം കൂടാതെ മറ്റൊരാളുടെ മുതൽ എടുക്കരുതെന്നും നശിപ്പിക്കരുതെന്നും അതിന് വലിയ ശിക്ഷയുണ്ടെന്നും എന്നെ പഠിപ്പിച്ച ആ റേഡിയോയും ഇക്കാക്കയും എന്നും എനിക്ക്  പ്രിയയപ്പെട്ടവരാണ്.. 😍

-------------------------
മുജീബ് കെ.സി 🛶

No comments:

Post a Comment