Thursday, 18 July 2019

നിവേദനം


ഗൾഫിലെത്തിയിട്ട് കുഞ്ഞീൻകുട്ടിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അന്ന്. വേഗം പണിയൊക്കെ തീർത്ത് അവൻ ടൗണിലേക്ക് ടാക്സി കയറി. വണ്ടി മുന്നോട്ട് പോകുന്ന സ്പീഡിൽ അവന്റെ മനസ്സ് പിറകോട്ട് ഓടിക്കൊണ്ടിരുന്നു.

നാട്ടിൽ തെറ്റില്ലാതെ ഓട്ടോ ഓടിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിസ വന്നത്. കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ്. ഇഖാമയും  ടിക്കറ്റും റൂമും ഒക്കെ ഫ്രീയാണ്. കേറി വന്നപ്പോഴാണ് കഷ്ടപ്പാട് അറിയുന്നത്. പത്തിരുന്നൂറ് പേരുള്ള ഒരു വലിയ കമ്പനി. ബംഗാളിയും മസ്രിയും ഹിന്ദിക്കാരും എല്ലാരും കൂടിയുള്ള ഒരു ലേബർ ക്യാമ്പ് . ശമ്പളം മര്യാദക്ക് കിട്ടില്ല. പൊള്ളുന്ന ചൂടിൽ കഠിനമായ ജോലി. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. മലയാളികൾ ആകെ എട്ട് പത്ത് പേർ. വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു.

കഴിഞ്ഞാഴ്ച നാട്ടുകാരൻ ഷംസുവിനെ കണ്ടുമുട്ടി. അവനാണ് പറഞ്ഞത് ഈ വെള്ളിയാഴ്ച നാട്ടിൽ നിന്ന് MLA വരുന്നു പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ. സിറ്റിയിലെ സ്റ്റാർ ഹോട്ടലിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അപ്പോൾ തന്നെ കുഞ്ഞീൻകുട്ടി പേപ്പർ വാങ്ങി ഷംസുവിനെ കൊണ്ട് എല്ലാ കാര്യങ്ങളും വെച്ച് MLA ക്ക് കൊടുക്കാൻ ഒരു നിവേദനം തയ്യാറാക്കിച്ചു. ഇന്ന് നേരിട്ട് ആ പേപ്പർ കൊടുക്കണം. എംബസി ഇടപെട്ട് കിട്ടാനുള്ള ശമ്പളം വാങ്ങിക്കണം. ലേബർ കേമ്പിലെ ദുരിതങ്ങൾ തീർക്കണം. ഇല്ലെങ്കിൽ നാട്ടിലേക്ക് പോകാനനുവദിക്കണം. വണ്ടി ഹോട്ടലിന് മുമ്പിലെത്തിയപ്പോഴാണ് കുഞ്ഞീൻ കുട്ടി ചിന്തയിൽ നിന്നുണർന്നത്. ഷംസു പറഞ്ഞതനുസരിച്ച് ഹോട്ടൽ ചിലവിലേക്ക് ഒരു സംഖ്യ സംഭാവനയും അവൻ കയ്യിൽ കരുതിയിരുന്നു.

യോഗം ആരംഭിച്ചു. നേതാവിന് ഹാരാർപ്പണവും പാരിതോഷികങ്ങളും നൽകുന്ന തിരക്കിലാണ് എല്ലാവരും. അടുത്തത് നിവേദനങ്ങൾ സ്വീകരിക്കലാണ്. ഓരോ പേപ്പർ കൊടുക്കുമ്പോഴും ഷംസു അതിലെ കാര്യങ്ങൾ MLA യെ ധരിപ്പിക്കും. കുഞ്ഞീൻകുട്ടിയുടെ പ്രശ്നം നന്നായി  അവതരിപ്പിച്ചതിന് ശേഷം MLA യുടെ മറുപടി പ്രസംഗമായിരുന്നു. വളരെ വികാരാധീനനായാണ് അദ്ദേഹം പ്രസംഗിച്ചത് .  "നിങ്ങളുടെ പ്രശ്നങ്ങൾ നാളെ തന്നെ എംബസിയിൽ ധരിപ്പിക്കും. ഒരു കോപ്പി മുഖ്യമന്ത്രിക്കും ഒന്ന് കേന്ദ്രമന്ത്രിക്കും സമർപ്പിക്കും. ലേബർ കേമ്പിലെ പ്രശ്നങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി ...." വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ് കിട്ടിയ പാരിതോഷികങ്ങളും കെട്ടി പെറുക്കി നേതാവും അനുയായികളും സ്ഥലം വിട്ടു.

ഷംസു പറഞ്ഞതനുസരിച്ച് ഹോട്ടൽ റൂം ക്ലീനാക്കാൻ കുഞ്ഞീൻകുട്ടിയും സഹായിച്ചു. വേസ്റ്റ് ബോക്സിൽ ചുരുട്ടിക്കൂട്ടിയിട്ട വലിയ രണ്ട് കടലാസ് കെട്ട് കണ്ട് അവൻ അതെടുത്ത് നിവർത്തി നോക്കി. അവൻ ഞെട്ടിപ്പോയി. MLA സ്വീകരിച്ച നിവേദനങ്ങൾ ചുരുട്ടി വേസ്റ്റ് ബോക്സിലേക്കെറിഞ്ഞിരിക്കുന്നു. നിറഞ്ഞൊലിക്കുന്ന കണ്ണീരുമായി അവൻ പുറത്തേക്ക് നോക്കുമ്പോൾ നിരനിരയായ് റോഡിലൂടെ നേതാക്കളുടെ കാറുകൾ നിയോൺ വെളിച്ചത്തിൽ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു.
--------          --------         - - - - - - - 
മുഹമ്മദ് കുട്ടി അരീക്കൻ


No comments:

Post a Comment