കോരിച്ചൊരിയുന്ന മഴ, മദ്രസ്സ വിട്ട് നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കോടി. സ്കൂളിൽ ബെല്ലടിക്കാൻ ഇനി അര മണിക്കൂറോളം ബാക്കിയുണ്ട്. റൈസ് ഫ്രൈയും തേങ്ങാ ചിരവിയതും ഇട്ട് ചൂടുള്ള ചായ കുഞ്ഞു പിഞ്ഞാണത്തിൽ ഉമ്മ ഒഴിച്ച് തന്നു. നല്ല തണുപ്പുളളത് കൊണ്ട് ചൂട് ചായ വയറു നിറയെ കുടിച്ചു. മഴക്ക് ഒരു ശമനവുമില്ല. ഓലമേഞ്ഞ വീടിൻറെ ഇറയത്ത് വെള്ളം വീഴുന്നതും നോക്കി തായേരിൽ ഇരുന്നു. മഴ മാറീട്ട് പോയാ മതി, ഉമ്മാന്റെ താക്കീത്.ജലദോഷം പിടിച്ചാൽ ഉമ്മ തന്നെ കഷ്ടപ്പെടേണ്ടി വരും.മരങ്ങളും ചെടികളും സന്തോഷം കൊണ്ട് ആടിക്കളിക്കുന്നത് നോക്കിയിരിക്കുന്നതിനിടയിൽ ഒരു 'വിരിയോല' ഇങ്ങനെ വരുന്നു.(പനയുടെ ഓലകൊണ്ട് ഒരാളുടെ നീളത്തിൽ തോണിപോലെയുണ്ടാക്കുന്നതാണ് വിരിയോല)'ആളെ കാണുന്നില്ല. അടുത്ത് വന്ന് വിരിയോല താഴെ ഇറക്കി വെച്ചപ്പോ ആളെ മനസ്സിലായി '
ൻറെ സൈദ്!
ഉടുത്ത തുണിയാകെ നനഞ്ഞിരിക്കുന്നു. വിറക്കുകയാണ്. ഉമ്മ കൊടുത്ത ചൂട് ചായ ൻറെ സൈദ് കുടിച്ചു. എങ്ങനേ സ്കോൾക്ക് പോകാ? ബില്ലട്ചാനായി. കുടയില്ല ഒരു തൊപ്പിക്കുടയും വിരിയോലയും എൻറെ വീട്ടിലുമുണ്ട്. പക്ഷേ അത് രണ്ടും ഉമ്മ തരില്ല. ൻറെ ബിരിയോല ഇബട വെക്കാണ്. സ്കോൾക്ക് കൊണ്ടോണ്ട എന്ന് മ്മ പറഞ്ഞ്ക്ണ് .ചായ കുടിക്കുന്നതിനിടയിൽ ൻറെ സൈദ് പറഞ്ഞു.മഴ ഒരു വിധം കുറഞ്ഞു. മരങ്ങളടെ ചില്ലകളിൽ നിന്ന് വെള്ളം ഇറ്റി വീഴുന്നു. ഇറയത്ത് നിന്നും വെള്ളം ധാരധാരയായി ഒഴുകുന്നു.ഒരു നീണ്ട വാഴയില ഉമ്മ വെട്ടിത്തന്നു. ഇതേറ്റ് മേം പെയ്ക്കോളീ''''.... ബില്ലട്ച്ചിക്ക്ണ് ........ഞാനും ൻറെ സൈദും പച്ചക്കുടക്കീഴിൽ സ്കൂളിലേക്ക് തിരിച്ചു. ചെറിയ ഇടവഴി നിറയെ വെള്ളം കെട്ടി നിൽക്കുന്നു 'നഗ്നപാദരായ ഞങ്ങൾ ചെളിവെള്ളത്തിൽ ചവിട്ടിമെതിച്ചു. സൈദേ ഇല്ലിക്കോല് ണ്ടാവൂട്ടാ......ൻറെ സൈദിന് ഒരു മുന്നറിയിപ്പ് കൊടുത്തു. ഇരു സൈഡിലും വേലിയായതിനാൽ മുള്ള് പ്രതീക്ഷിക്കാം.ൻറെ സൈദിൻറെ തണ്ട ചെളി പുരണ്ട് കാണുന്നേയില്ല. ചക്കിങ്ങലിട വഴിയിലേക്ക് കടന്നപ്പോൾ എരണിപ്പൂവ് ധാരാളം വീണ് കിടക്കുന്നു! കുറേ പെറുക്കിയെടുത്തു. സൈദേ ബില്ലട്ച്ച്ക്ക്ണ് ട്ടോ......
ഇടക്ക് ഞാനൊന്നോർമ്മിപ്പിച്ചാലും ൻറെ സൈദ് പറയും നിക്കെ നിക്കെ .......
ഇടവഴിയിലെ വെള്ളത്തിൽ കാൽ കഴുകിയപ്പോൾ ൻറെ സൈദിൻറെ തണ്ട വെട്ടിത്തിളങ്ങി.ഇന്ന് സ്കോളില്ലെ, കുട്ട്യാളെ ആ രീം കാണുന്നില്ലല്ലോ ....?
നേരെ ക്ലാസ്സിലേക്ക് ചെന്നു, ക്ലാസ് തൊടങ്ങീട്ട് ഒരു പീരീഡ് കഴിഞ്ഞ്ക്ക്ണ്.....! അതാണ് കുട്യാളെ പുറത്ത് കാണാഞ്ഞത്.
വാതിൽക്കൽ ചെന്ന് ൻറെ സൈദ് ഉറക്കെ പറഞ്ഞു.
സേറേ കടക്കട്ടേ.....?
ൻറെ സൈദിൻറെ ശബ്ദം കേട്ട് കുട്ടികളും ക്ലാസ്സെടുത്ത് കൊണ്ടിരിക്ക്ണ മാസ്റ്റും തിരിഞ്ഞ് നോക്കീ.ഉം എന്താടാ, ഉപ്പ് മാവ് തിന്നാൻ നേരത്താണോടാ ക്ലാസ്സിൽ വരുന്നത്? കേറെ ടാ രണ്ടാളും 'ആദ്യം ൻറെ സൈദ് ക്ലാസ്സിൽ കയറി .പുറകെ ഞാനും. കുട്ടികളാരോ കൊണ്ടു കൊടുത്ത കൂരി വടി മൂന്നാല് പ്രാവശ്യം വാനിലേക്കുയർന്ന് താഴ്ന്ന് ൻറെ സൈദിൻറെ ചന്തിയിൽ ഉമ്മ വെച്ചു. കരഞ്ഞ് കൊണ്ട് ൻറെ സൈദ് മാറി നിന്നു. എനിക്കും കിട്ടി രണ്ട് മൂന്നെണ്ണം ഒരു പക്ഷേ കണ്ണകൾ ഈറനണിഞ്ഞെങ്കിലും ഉപ്പുമാവിൻറെ മണം മൂക്കിലേക്ക് കയറുന്നത് കൊണ്ട് കരഞ്ഞില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
ൻറെ സൈദിൻറെ തുണി വീണ്ടും നനഞ്ഞ് താഴേക്ക് ഒലിക്കുന്നു .......... !
--------------------------------------------------------------------------------------------------------------------------
✍ എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment