Saturday, 10 March 2018

നമ്പൻ കുന്നത്ത് ഒസ്സാൻ കുട്ട്യസ്സൻ കാക്ക


പളളിപ്പറമ്പ് @ 62


കുട്ട്യസ്സൻ കാക്ക: നമ്മുടെ വിശേഷങ്ങളിൽ ചേർന്ന് ഇരുന്ന ഒരാൾ.......
➖➖➖➖➖➖➖➖➖
നാടോർമ്മകളിൽ നിറയുന്ന ചില
പച്ച മനുഷ്യരുണ്ട്.
നമ്മുടെ വിശേഷങ്ങളുടെ വിളി കാത്തിരുന്നവർ.
അവർ നമുക്ക് ആരുമായിരുന്നില്ല.
എന്നാൽ അവരില്ലാതെ നമുക്ക് ഒന്നുമുണ്ടായിരുന്നില്ല.
നമ്മുടെ സന്തോഷങ്ങളിൽ ചേർന്നിരുന്നും ചടങ്ങുകളിൽ കാർമ്മികരായും അവർ ഓരോ നാടിന്റെയും ഹൃദയം കവർന്നു.
പഴയ കാലത്തെ നാട്ടു നടപ്പുകൾ സ്നേഹസമ്പർക്കങ്ങളാൽ ഉഷ്മളമായിരുന്നു.
ഇതിൽ പലതും മാമൂലുകളെന്ന പേരിൽ നമ്മൾ വഴിയിലുപേക്ഷിച്ചപ്പോൾ നഷ്ടമായത് നൻമയൂറി നിന്ന നാട്ടനുഭവങ്ങളായിരുന്നു.
നമ്മുടെ സന്തോഷങ്ങളോടും സ്വകാര്യങ്ങളോടുമുള്ള അടുപ്പം കൊണ്ട് മാത്രം മനസ്സിൽ നിന്ന് പടിയിറങ്ങി പോവാത്തവർ ചുരുക്കം ചിലരെ ഉണ്ടാവൂ.
പൊക്കിൾ കൊടി ബന്ധം പോലെ ഒരു നിലക്കും അറുത്തുമാറ്റാൻ കഴിയാത്ത അവരുടെ ഓർമ്മകൾക്ക് നമ്മുടെ ജൻമത്തോളം പഴക്കമുണ്ടാവും. നമുക്ക് ഓർമ്മ വെക്കുന്നതിന് മുമ്പേ നമ്മെ അവർ ഓർത്തു വെച്ചിട്ടുണ്ട്.
നമ്മിലെ വളർച്ചയുടേയും മാറ്റത്തിന്റെയും ഓരോ നിറപ്പകർച്ചകളും കുറച്ച് അകലെ നിന്നാൽ പോലും അവർക്ക് മനസ്സിലാക്കാൻ കഴിയും.
മൊട്ടയാക്കുന്നതിന്റെ സങ്കടമായിരുന്നു എന്റെയും ബാല്യത്തിന്റെ നോവുകളിലൊന്ന്.
വെള്ളിയാഴ്ചകളിലാണ് സാധാരണ ഈ 'ദുരന്തം' നടക്കുക.
വീടുകളിൽ ചെന്ന് കുട്ടികളുടെ മുടി കളയുന്നതായിരുന്നു അന്നത്തെ രീതി.
ഒരു വളപ്പ് മുഴുവൻ മുടി കളഞ്ഞ് പോവുന്ന ഒത്താൻമാരുടെയും,
ഒത്താച്ചിമാരുടെയും മുന്നിൽ നിന്ന് ചിലരെല്ലാം തല വെട്ടിച്ച് പായുന്നതും സർവ്വ സാധാരണയായിരുന്നു.
എന്നാൽ പിണച്ചു വെച്ചൊരു
പച്ച ഈർക്കിൾ കൊണ്ടോ പൂമുഖത്ത് നിന്ന് കേട്ട ഉളളുലക്കുന്നൊരു ശകാരം കൊണ്ടോ അത്തരം കുറുമ്പുകൾ അടങ്ങി അമർന്നു.
മൊട്ടയടിച്ച
പിറ്റേ ദിവസം മദ്രസയിലേക്കും സ്കൂളിലേക്കും പോവുന്നതിന്റെ ജാള്യത സഹിക്കാൻ കഴിയാത്തതാണ്.
മൊട്ട മറയാൻ കെട്ടിയ ഉറുമാലിന് നേരെ ചൂണ്ടിയുള്ള കൂട്ടുകാരുടെ പരിഹാസങ്ങൾക്ക് നടുവിൽ തല താഴ്ത്താനേ അന്നേരം കഴിയൂ.
ഒത്താൻപീട്യകൾ അന്നും നാട്ടിലുണ്ടായിരുന്നു.
പക്ഷേ മുതിർന്നവരുടെ മാത്രം ആശ്രയമായിരുന്നു അവിടം.
കൊടുവായൂരിലേക്ക് മീൻ വാങ്ങാൻ പോയപ്പോഴാണ് കക്കാടംപുറത്തെ ഒത്താൻപീട്യ കണ്ടത്.
കാരണവൻമാരായിരുന്നു അന്നേ അവിടെ കണ്ടവരെല്ലാം.
ഇറയത്ത് കൊളുത്തിയിട്ട കാലൻ കുടയും മുറുക്കാൻ തുപ്പി ചുവപ്പിച്ച പീടിക തിണ്ണയും ഒച്ച വെച്ച രാഷ്ട്രീയ വർത്തമാനങ്ങളും കുടിച്ച് വെച്ച ചായ ഗ്ലാസുകളുമെല്ലാം ഈ പീടികത്തിണ്ണയിൽ അന്നേ കണ്ടതോർക്കുന്നു.
വലിയ കണ്ണാടിയിൽ മുഖം തെളിയുന്നതിന്റെ അതൃപ്പം മീൻ പാളയും പിടിച്ച് റോഡിന്റെ ഓരം പറ്റി ചിലപ്പോഴെല്ലാം നോക്കി നിന്നിട്ടുണ്ട്.
ആ കത്രികയുടെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിച്ചിട്ടുണ്ട്.
വല്ല്യുപ്പ പറയാറുള്ള കുട്ട്യസ്സൻ കാക്കയുടെ പീട്യയാണ് ഇതെന്ന് പിന്നെയും ഏറെ നാളത്തെ പോക്കുവരവുകൾക്കിടയിലാണ് അറിയുന്നത്.
വല്യുപ്പയുടെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു കുട്ട്യസ്സൻ കാക്ക.
ആ സ്നേഹവും ഓർമ്മയും ഉളളിൽ വെച്ചാണ് അവർ എന്നോട് പെരുമാറിയിരുന്നതും.
എൺപതുകളുടെ അവസാനമാണ് നമ്മുടെ നാടുകളിൽ ഡക്കറേഷൻ ചെയ്ത ബാർബർ ഷോപ്പുകൾ വന്നു തുടങ്ങുന്നത്.
പഴയ ഒത്താൻ പീടികകൾ ഒന്നൊന്നായി മുഖം മിനുക്കി ചമഞ്ഞ് നിന്നു തുടങ്ങി.
തിരിയുന്ന കസേരകൾ വന്നു.
അത്തരം കസേരകളിൽ ഇരുന്ന് മുടി വെട്ടുക എന്നത് അന്നത്തെ മോഹങ്ങളിലൊന്നായിരുന്നു.
മൊട്ടയടിക്കുന്നതിന്റെ നിർഭാഗ്യങ്ങൾ അവസാനിച്ച ചില സുഹൃത്തുക്കൾ തങ്ങളുടെ ബാർബർ ഷാപ്പ് അനുഭവങ്ങൾ ഗമയോടെ പറയുന്നത് കേട്ട് ആ തിരിയുന്ന കസേരയിൽ ഇരിക്കാൻ വല്ലാത്ത കൊതി തോന്നിയിട്ടുണ്ട്.
കുട്ട്യസ്സൻ കാക്ക തന്റെ പഴമയിൽ നിന്ന് മാറാൻ ഒരിക്കലും തയ്യാറായിരുന്നില്ല.
സ്വന്തമായ ജീവിത ശൈലികളെ ജീവിതാവസാനം വരെ അദേഹം കൂടെ കൊണ്ട് നടന്നു.
അന്നത്തെ ഫ്രീക്കൻമാരെ ആകർഷിക്കാനുള്ള മുഖം മിനുക്കലുകൾക്ക് നേരെ  ബോധപൂർവ്വം തന്നെ മുഖം തിരിച്ചു.
അദ്ദേഹത്തിന്റെ സൗഹൃദങ്ങളെല്ലാം ഈ പഴമയെ ഇഷ്ടം വെച്ചവരായിരുന്നു.
അവർ നേരം വെളുത്ത് വൈകുന്നേരം വരെ അവിടെ രസം പറഞ്ഞിരുന്നു.
അവസാന കാലത്ത് നാട്ടിലെ കാരണവൻമാർക്ക് കൂടിയിരിക്കാൻ ഒരിടം എന്ന നിലയിൽ കൂടി ഈ പീടികയുടെ നെരപ്പല എടുത്തു വെച്ചു.
ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലുകളിൽ
മുണ്ടി തൊദാരിക്കാൻ പൂതി വെച്ചവരെല്ലാം നേരവും കാലവും നോക്കാതെ ഇവിടെ വന്നിരുന്നു.
നാടിന്റെ വെളിച്ചത്തിൽ നിന്ന് കോലായയിലെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയവർക്ക് മുടി കളയാൻ ഇവിടെ വരുന്നത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.
അവരുടെ സൗഹൃദവും വേവലാതികളും, ഉള്ളുലക്കുന്ന അനുഭവം പറച്ചിലുമെല്ലാം പലപ്പോഴും കേട്ടിരിക്കാൻ ഈയുള്ളവനും കഴിഞ്ഞിട്ടുണ്ട്.
ഒരു മിതഭാഷിയായിരുന്നു കുട്ട്യസ്സൻ കാക്ക.
ആ പീടികത്തിണ്ണയിൽ നിന്ന് കേൾക്കുന്ന രസം പിടിച്ച വർത്തമാനങ്ങൾക്കിടയിലും വളരെ കുറച്ച് മാത്രം ഇടപെടുന്ന ഒരാൾ.
ആൾക്കൂട്ടങ്ങളിൽ നിന്നല്ല ഒറ്റക്ക് ഇരുന്ന നേരങ്ങളിലാണ് അവർ കൂടുതലും സംസാരിച്ചത്. ആ സംസാരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയായിരുന്നു.
അമർത്തി വെച്ച ജീവിതാനുഭവങ്ങളും മങ്ങി തീരാത്ത നാട്ടോർമ്മകളും അന്നേരം ഒഴുകിവരും.
നന്നായി പത്രം വായിക്കുകയും റേഡിയോ വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു കുട്ട്യസ്സൻ കാക്ക.
കാണുമ്പോഴെല്ലാം സൗഹൃദം പങ്കിട്ടു.
കൊച്ചു തമാശകൾ പങ്ക് വെച്ചു.
വീട്ടിലെ വിശേഷങ്ങൾ തിരക്കി.
കല്യാണ വീടുകളിലും, നാട്ടിലെ മരണ വേദനകൾക്കിടയിലും പള്ളിയിലെ പതിവുകളിലുമെല്ലാം അവരെ കണ്ടു.
ചെറിയൊരു പുഞ്ചിരി എപ്പോഴും ആ മുഖത്തുണ്ടായിരിന്നു. അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നതോ കടുപ്പിച്ച് സംസാരിക്കുന്നതോ കണ്ടിട്ടില്ല.
അടിയുറച്ച മുസ്ലിം ലീഗുകാരനായിരുന്നു.
ആ ആദർശ ബന്ധത്തിന്റെ ഉള്ളടുപ്പം അദ്ദേഹവുമായി അടുത്തിരുന്നപ്പോഴെല്ലാം നന്നായി അനുഭവിക്കാനായിട്ടുണ്ട്.
മങ്ങി തീരാത്ത ഓർമ്മ കൊണ്ട് ചില കാരണവൻമാർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.
അവരിൽ ഒരാളായിരുന്നു കുട്ട്യസ്സൻ കാക്ക.
സമൂഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലത ആ മനസ്സിന് വേണ്ടുവോളമുണ്ടായിരുന്നു. ഒരു പഴമക്കാരനായിക്കൊണ്ട് തന്നെ സമൂഹത്തിലെ ഏത് തുറയിലുള്ളവരോടും ഇടപഴകാൻ അദേഹത്തിനായി.
നമ്മൾ ജീവിച്ച് പോന്ന ഇടങ്ങളുടെ ഓർമ്മകളാണ് നമ്മുടെ കാരണവൻമാർ.
നമ്മുടെ ചില ചിട്ടകൾക്കും ചടങ്ങുകൾക്കും സാമൂഹികമായ വലിയ അർത്ഥങ്ങളുണ്ടായിരുന്നു. അതിന്റെ നേർ സാക്ഷ്യങ്ങളായിരുന്നു ഇവർ.
അതു കൊണ്ട് തന്നെ ചില വിയോഗങ്ങൾ തലമുറകൾക്കിടയിലെ വിടവുകളെ വർധിപ്പിക്കും. ഇതിനെ
അവരുടെ ഓർമ്മകൾ കൊണ്ട്  മറച്ച് പിടിക്കുക മാത്രമാണ് പരിഹാരം.
തുറന്ന് വെക്കാത്ത നെരപ്പലയും അകത്തേക്കിട്ട് പോയൊരു
മരബെഞ്ചും
നിറമടർന്ന ചേറ്റേംപടിയും
ഓർമ്മകളുടെ ഗൃഹാതുരത്വമായി ഇന്നും ഒരു മാറ്റവും ഇല്ലാതെ അവിടെയുണ്ട്.
അറുത്ത് മാറ്റാനാവാത്ത
പൊക്കിൾ കൊടി ബന്ധങ്ങളുടെ വായിച്ച് തീരാത്തൊരു കഥ പുസ്തകം പോലെ.....
---------------------------
സത്താർ കുറ്റൂർ



കക്കാടം പുറത്തിന്റെ നിറസാന്നിദ്ധ്യം
➖➖➖➖➖➖➖➖➖
ഒരു കാലത്ത് കക്കാടം പുറത്തിന്റെ നിറസാന്നിദ്ധ്യമായിരുന്ന കുട്ട്യസ്സൻ കാക്ക രാവിലെ മുതൽ രാത്രി വരെ കക്കാടം പുറത്തുണ്ടാകുമായിരുന്നു. ബാർബർമാർക്ക് യൂണിയനായതിന് ശേഷം ചൊവ്വാഴ്ച അവധിയായാലും കുട്ട്യസ്സൻ കാക്ക കക്കാടം പുറത്ത് തന്നെയുണ്ടായിരുന്നു.
എന്റെ ചെറുപ്പകാലം മുതലേ കുട്ട്യസ്സൻ കാക്കാനെ അറിയാം. ലീഗ് സമ്മേളനങ്ങളിലേക്ക് (അഖിലേന്ത്യ, ഇന്ത്യൻ യൂണിയൻ) ഞങ്ങൾ ഒരുമിച്ച് പോയിരുന്നു. അദ്ദേഹത്തിന്റെ മകൻ മുസ്തഫയുടെ മരണമാണ് അദ്ദേഹത്തെ തളർത്തിയത്. മുടികളച്ചലിന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്.
റബ്ബേ അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കണേ -
അദ്ദേഹത്തെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ - ആമീൻ
--------------------------------------------
എം ആർ സി അബ്ദുറഹ്മാൻ



മർഹൂം കുട്ട്യസ്സൻ കാക്ക 
നിസ്വാർത്ഥ സേവനത്തിന്റെ പുരുഷായുസ്സ്
➖➖➖➖➖➖➖➖➖
പോയ കാലത്ത് നമ്മുടെ നാട്ടിലെ നിസ്വാർത്ഥ സേവനത്തിന്റെ അടയാളങ്ങളായിരുന്നു ഒസ്ലാൻമാർ. കിട്ടുന്ന കൂലി എത്രയെന്നോ എന്തെന്നോ നോക്കാതെ ആണുങ്ങളും പെണ്ണുങ്ങളും സമയത്തും അസമയത്തും വെയിലത്തും മഴയത്തും നമ്മുടെയൊക്കെ വീടുകളിലവരെത്തി.  കുട്ടികളുടെയും മുതിർന്നവരുടെയും ക്ഷൗരം വടിച്ചു വൃത്തിയാക്കി. പേറ്റുനോവിന്റെ കൂടെയിരുന്ന് ആശ്വാസത്തിന്റെ തുരുത്തായി. കൊയ്ത്തുകാലത്ത് നെല്ലും  ചക്ക - മാങ്ങ കാലത്ത് അതും പെരുന്നാളിന് അരിയും മുടികളച്ചാലിന് മൂരിക്കുട്ടിയുടെ കൊറുവും
അവരുടെ സേവനത്തിന് സമുഹം വിലയിട്ടു.  പലതും പേരിന് മാത്രം കൊടുത്തു.  എന്നാലും പരിഭവമില്ലാതെ അവർ എല്ലാ വീടുകളും കയറിയിറങ്ങി.
പിന്നീട് അങ്ങാടികൾ പിറന്നപ്പോൾ  പീടികമുറിയിൽ ഒരു ബെഞ്ചുമിട്ട് അവർ ഇരുന്നു.
കക്കാടം പുറത്തെ മദ്രസ പീടികയുടെ അറ്റത്തെ മുറിയിൽ കുട്ട്യസൻ കാക്കയുടെ പീടിക മുറി ക്ഷൗരാലയം മാത്രമായിരുന്നില്ല. നാട്ടുകാരണവൻമാരുടെ സംഗമ സ്ഥലം കൂടിയായി അന്നു. സാമൂഹ്യ പ്രശ്നങ്ങളും രാഷ്ട്രീയവും അവിടെ ചർച്ചക്ക് വന്നു. എല്ലാറ്റിനും തന്റെ മൗനഗംഭീര്യ മുഖഭാവത്തോടെ വെറ്റിലക്കറയുള്ള പല്ലുകാട്ടി മൂപ്പർ പുഞ്ചിരിച്ചു. ബാർബർഷാപ്പുകളുടെയും ബ്യൂട്ടി പാർലറുകളുളടയും കടന്നുകയറ്റത്തിലും അദ്ദേഹം കുലുങ്ങാതെ കൂസലില്ലാതെ തന്റെ ജോലി തുടർന്നു.
എന്റെ ചെറുപ്പത്തിൽ ഞാനൊരു പുതിയാപ്പിള സൽക്കാരത്തിന് പോയി. സൽകാരം കഴിഞ്ഞ് ഇറങ്ങാൻ നേരം കുട്യസൻ കാക്ക വന്നു ഒരു പൊതിയഴിച്ചു പുതിയാപ്പിളക്ക് കൊടുത്തു സ്വതസിദ്ധമായ ഒരു നിറഞ്ഞ പുഞ്ചിരി. ആ പൊതിയിൽ ചെറിയൊരു കണ്ണാടി. കുടെ ഒരു ചീർപ്പും. പുതിയാപ്പിള കണ്ണാടിയിലൊന്നു നോക്കി മുടിയൊന്നു വാർന്നു ശരിയാക്കി. കണ്ണാടി തിരിച്ചു കൊടുത്തു. കൂടെ ഒരു സംഖ്യയും. അത് അക്കാലത്ത് ഒസ്സാൻമാർക്കുള്ള ഒരു അവകാശമായിരുന്നു. ഒരു പ്രദേശത്ത് കല്യാണം കഴിഞ്ഞാൽ പുതിയാപ്പിള സൽക്കാരത്തിന്  നാട്ടിലെ ഒസ്സാൻ കണ്ണാടി കാണിക്കും. പുതിയാപ്ള പണം കൊടുക്കണം. സമുഹം കൽപിച്ചരുളിയ മറ്റൊരു ഔദാര്യം.
നാട്ടിലെ എല്ലാ രംഗത്തും തന്റെ നിറഞ്ഞ മൗന സാന്നിധ്യം കൊണ്ട് എല്ലാരുടെയും ആദരവ് പിടിച്ചുപറ്റിയ അദ്ദേഹത്തിനു അല്ലാഹു മഗ്ഫിറത്തേകട്ടെ ആമീൻ
------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



ബാവു 
➖➖➖➖➖
ഞങ്ങൾ അടുപ്പക്കാർ 'ബാവു ' എന്നായിരുന്നു കുട്ടി ഹസ്സൻ കാക്കയെ വിളിച്ചിരുന്നത്. കക്കാടംപുറത്ത് ആ പേര് വ്യാപകമായിരുന്നില്ല. ഞാനൊക്കെ അദ്ദേഹത്തെ നേരിട്ട് "ബാവു" എന്നായിരുന്നു സംബോധനം  ചെയ്തിരുന്നത്. പേര് വിളിച്ചിരുന്നില്ല.
നടക്കാനും ജോലി ചെയ്യാനും കഴിയാതെ വന്ന അവസാന വർഷങ്ങളിലും എങ്ങനെയെങ്കിലും രാവിലെ കക്കാടംപുറത്തെത്തി സൗഹൃദം പുതുക്കിയിരുന്നത് കാണാമായിരുന്നു. അത്രക്കും ബന്ധം   അദ്ദേഹം കക്കാടംപുറത്തുകാരുമായി  നിലനിർത്തിയിരുന്നു. ഒരു മുതലെടുപ്പും പാർട്ടിയിൽ നിന്നും ആഗ്രഹിക്കാതെ മരണം വരെ IUML ന്റെ ആത്മാർത്ഥ ഭടൻ ആയിരുന്നു ബാവു.
     പാർട്ടിയുടെ ജീർണതകളിലും ഉൾപാർട്ടി അഭിപ്രായ വിത്യാസങ്ങളിലും വിയോജിപ്പുകൾ രഹസ്യമായും പരസ്യമായും പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും അഞ്ചാറു പതിറ്റാണ്ടുകൾക്കിടയിൽ കോണി താഴെ ഇറക്കി വെച്ചിരുന്നില്ല. അത്രക്കും മുസ്ലിം ലീഗിനെയും അതിന്റെ നേതാക്കളെയും കോണിയെയും അദ്ദേഹം സ്നേഹിച്ചിരുന്നു.
ഒരു പഞ്ചായത്ത് ഇലക്ഷനിൽ പലമാടത്തിൽ ബാവ തോറ്റു. വോട്ടെണ്ണൽ സ്ഥലത്തെ ആൾകൂട്ടത്തിൽ വെച്ച് അദ്ദേഹം സങ്കടപ്പെടുകയും പ്രാദേശിക നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അത്രക്കും ബാവനെയും പാർട്ടിയെയും അദ്ദേഹം സ്നേഹിച്ചിരുന്നു.
അകാലത്തിലുള്ള മകന്റെ മരണം അദ്ദേഹത്തെ ആഴത്തിൽ തളർത്തിയിരുന്നു. PK മമ്മു ബാപ്പുവിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ വരുത്തുകയും ബാപ്പു സൗമ്യമായി വിവരം പറയുകയും ചെയ്തു. ഞങ്ങൾ കുറച്ചു പേര് ദൃസാക്ഷികളായും ഉണ്ട്. അദ്ദേഹം പൊട്ടി പൊട്ടി കരഞ്ഞു. ഞങ്ങളും ദുഃഖം കടിച്ചമർത്തി കൂടെ ഇരുന്നു. ആ സംഭവം ഇന്നും ഓർമയിൽ നിൽക്കുന്നു.
      അള്ളാഹു അദ്ദേഹത്തെയും നമ്മിൽ നിന്നും മരണപ്പെട്ടവരെയും നമ്മെയും അവന്റെ അതിമഹത്തായ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. നന്ദി
------------------------------------
എ. പി. ബീരാൻകുട്ടി



ഒസ്സാൻ കുട്ടി ഹസ്സൻ കാക്ക. 
➖➖➖➖➖➖➖➖➖
എൻ്റെ വളരെ ചെറുപ്പം മുതലെ കാണുന്ന മുഖമായിരുന്നു ഒസ്സാൻ കുട്ടി ഹസ്സൻ കാക്ക. 
എൻ്റെ  പിതാവിൻ്റെ അടുത്ത സൗഹൃദങ്ങളിൽ ഒരാളുമായിരുന്നു അദ്ധേഹം അത് കൊണ്ട് തന്നെ ആ സ്നേഹം എന്നോടും കാണിച്ചിരുന്നു
എനിക്ക് ഒാർമ്മ വച്ച നാൾ മുതലെ അദ്ധേഹം കക്കാടം പുറത്ത് മദ്രസ്സ പീടികയിൽ ബാർബർ ഷോപ്പ് നടത്തുകയാണ് അവസാനം വരെ അതെ കെട്ടിടത്തിൽ തന്നെയായിരുന്നു ഷോപ്പ് എന്നാണ് ഒാർമ്മ 
ഇപ്പോഴത്തെ തിരിയുന്ന കസേരയും മറ്റു സജ്ജീകരണങ്ങളും വരുന്നതിന് മുംബുള്ള കാലത്ത്  മരം കൊണ്ടുള്ള ബഞ്ചും ചുമരിൽ വയ്ക്കുന്ന കണ്ണാടിക്ക് പകരം കയ്യിൽ തരുന്ന ചെറിയ കണ്ണാടിയുമായിരുന്നു  ഉപയോഗിച്ചിരുന്നത്.
അതിനു ശേഷം മരത്തിൻ്റെ കസേരയായി മാറി എല്ലാവരും പ്രായ വൃതൃാസമില്ലാതെ കുട്ടൃസ്സൻ കാക്കാൻ്റെ അടുക്കൽ നിന്നായിരുന്നു  മുടിവെട്ടിയിരുന്നത് 
അതും അദ്ധേഹത്തിൻ്റെ മോഡലിൽ
വീട്ടിൽ നിന്നും കട്ടിസ്സൻ കാക്കാൻ്റെ ഷോപ്പിലേക്കാണ് മുടി വെട്ടാൻ പറഞ്ഞയക്കാറ്.
അവർക്ക് മൂത്ത കുട്ടികളൊക്കെയും പെൺമക്കളായിരുന്നു അവർക്ക് താഴെ  രണ്ട് ആൺ മക്കളും.
മൂത്ത മകൻ മുസ്തഫ കക്കാടം പുറത്ത് അവരുടെ ബന്ധുവായ മൊയ്തീൻ കുട്ടിയുടെ അടുക്കൽ നിന്നും  പണി പടിച്ച്  അതെ കടയിൽ തന്നെ  ജോലി ചെയ്ത് വരവെ
യു.എ.ഇ യിലേക്ക് പോയി കുറച്ചു നാൾ കൊണ്ട് തന്നെ അവിടെ വച്ച് മരണപ്പെട്ടു ഞങ്ങൾ സമപ്രായക്കാരും കൂട്ടു കാരുമായിരുന്നൂ. അദ്ധേഹത്തിൻ്റെ താങ്ങായിരുന്ന മകൻ്റെ പെട്ടന്നുള്ള മരണം അദ്ധേഹത്തെ ആകെ തളർത്തിയിരുന്നു 
വീണ്ടും കുറെ കാലം കക്കാടം പുറത്ത് ഷോപ്പ് നടത്തിയിരുന്നു 
എല്ലാവരോടും സൗമൃ സ്വഭാവക്കാരനും നല്ല തമാശ രൂപേണയുള്ള സംസാരവും തല താഴ്ത്തിയുള്ള നടത്തവും ഏത് സമയത്തും തോളത്തൊരു ടർക്കിയും ഇന്നും ഒാർമ്മയിൽ ഉണ്ട് 
അവസാന നാളുകളിൽ ഞാൻ കാണുംബോൾ പ്രായാദികൃത്താൽ വളരെ പ്രയാസപ്പെട്ടു കൊണ്ട് കാലിൽ നീര് വന്ന് നടക്കാൻ വയ്യാത്ത വിധം ബസ്സിൽ വന്ന് കയറുമായിരുന്നു 
ഞാൻ പ്രവാസി ആയതിന് ശേഷം കാണാൻ സാധിച്ചിരുന്നില്ല 
പിന്നെ കക്കാടംപുറം വോയ്സിലൂടെയാണ് അവരുടെ മരണ വിവരം അറിഞ്ഞത്.
ബാർബർ ഷോപ്പുണ്ടായിരുന്ന കാലത്ത് എല്ലാ വക്തിലും കക്കാടംപുറം മസ്ജിദിൽ ജമാഅത്തിന് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.
കുട്ടിസ്സൻ കാക്കാനെ പോലെയുള്ള നമുക്കിടയിൽ ഇടപഴകി കളി  തമാശകൾ പറഞ്ഞ്  ജീവിച്ച എത്രയോ കാരണവൻമാൻ വിടപറഞ്ഞു പോയി
 ഇങ്ങനെയുള്ളവരെ ഒാർക്കാനും പ്രാത്ഥനയിൽ പങ്കു ചേരാനും തത്തമ്മ കൂട് നിമത്തമാകൂന്നു
നമുക്കിടയിൽ നിന്നും മരണപ്പെട്ടൂ പോയവരുടെ പരലോക ജീവിതം പടച്ച റബ്ബ് ഖൈറിലാക്കട്ടെ....
--------------------------------------------
കുഞ്ഞ്ഹമ്മദ് കുട്ടി കെഎം



കുട്ടിഹസ്സൻ കാക്ക:  ഓർമ്മയിലെ മായാത്ത മുഖം
➖➖➖➖➖➖➖➖➖
കക്കാടം പുറത്തിന്റെ ഓർമ്മയിലെ മായാത്ത മുഖം എനിക്ക് അദ്ദേഹത്തേ ഓർമ്മയിൽ വരുന്നത് എന്റെ സുന്നത്ത് കർമ്മത്തോടെയാണ് (മാർക്ക കല്യാണം) ഞാൻ വിജാരിച്ചിരുന്നത് കട്ടിഹസ്സൻക്കയാണ് സുന്നത്ത് കർമ്മം ചെയ്യുന്നത് എന്നാണ് പിന്നീട് ഉമ്മ പറഞ്ഞു കുട്ടി ഹസ്സൻ കാക്ക ഒരാളെ കൊണ്ടുവരും അയാളാണ് സുന്നത്ത് ചെയ്യുന്നത് എന്ന് കുട്ടി ഹസ്സൻ കാക്ക തന്നെ വലിയ ഒരാളാണ് പിന്നെ അതിനേക്കാൾ വലിയ ഒരാളൊ പേടിയായിരുന്നു. അങ്ങിനെ സുന്നത്ത് കർമ്മത്തിന് ശേഷം കുട്ടിഹസ്സൻ കാക്ക ദിവസവും വരും മുറിവ് പരിശോധിക്കും അങ്ങിനെ അദ്ദേഹവുമായി കമ്പനിയായി പിന്നെ ഉപ്പാന്റെ കൂടെ മുടി വെട്ടാൻ പോകുമ്പോൾ അദ്ദേഹം എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മൊട്ടയടിക്കാം എന്നാൽ ചെരങ്ങ് ഉണ്ടാകില്ല എന്ന് പറയും അന്നത്തെ കാലത്തെ Favorite രോഗമാണ് ചെരങ്ങും ചൊറിയും അതിനുള്ള പ്രതിവിധി മൊട്ടയടിയും അദേഹം മുതിർന്നവരോടും കുട്ടികളോടും വളരെ സ്നേഹത്തിലേ പെരുമാറിയിട്ടുള്ളൂ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല മർഹൂം കാമ്പ്രൻ മുഹമ്മദ് കാക്കാന്റെ പച്ചകറി കടയും അതിന്റെ പടിഞ്ഞാറെ മുറി ബാർബർ ഷോപ്പും    എന്റെ ഓർമ്മ ശരിയാണെങ്കിൽ കക്കാടം പുറത്തെ ആദ്യത്തെ ബാർബർ ഷോപ്പായിരിക്കും അദേഹത്തിന്റെ മൂത്ത മകൻ ചെറുപ്രായത്തിലെ മരണപ്പെട്ടു അതിനു ശേഷം അദ്ദേഹം വളരെ മാനസികമായി തകർന്നു പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നത് വർഷങ്ങളോളം കക്കാടംപുറത്തിന്റെ നിറ സാന്നിധ്യമായിരുന്ന കുട്ടിഹസ്സൻ കാക്കാനെ പള്ളി പറമ്പിലൂടെ വീണ്ടും ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് അല്ലാഹു അദ്ദേഹത്തിന്റെയും നമ്മളുടെയു പാരത്രിക ജീവിതം വിജയിപ്പിക്കട്ടെ ആമീൻ
--------------------------
മൂസ അരീക്കൻ



കുട്ടി ഹസ്സൻ കാക്ക
➖➖➖➖➖➖➖➖➖
കുട്ടി ഹസ്സൻ കാക്കാനെ സ്മരിക്കുന്ന ഈ ദിവസം എനിക്ക് മറക്കാനാവാത്ത പലകാര്യങ്ങളും അദ്ധേഹവുമായി ഉണ്ട്.  പ്രധാനപ്പെട്ടത്  സുന്നത്ത് കല്യാണം തന്നെ. ഇപ്പോഴും പേടി മാറിയിട്ടില്ല  കത്തി മൂർച്ച കൂട്ടുന്നത് മനസിൽ നിന്ന് പോവുന്നില്ല 
മറ്റൊന്ന് അദ്ധേഹത്തിന്റെ മകൻ മുസ്തഫ  അവനെ ദുബായി എന്ന് പറഞ്ഞ് മോഹിപ്പിച്ചത് ഞാനായിരുന്നു.  അങ്ങിനെ അവൻ ദുബായിലെത്തി. ഖിസൈസിൽ ജോലിക്ക് നിന്ന് നിർഭാഗ്യവശാൽ ആ സഹോദരൻ ആറു മാസമായപ്പോഴേക്കും സൈലന്റ് അറ്റാക്കിൽ മരണപ്പെട്ടുപോയി. എന്നും സങ്കടത്തോടെയാണ് ആ കാര്യം ഓർകുന്നത് 
ഉപ്പാക്കും മകനും പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ 
സ്വർഗത്തിൽ ഇടം നൽ കട്ടെ 
اَمين 
------------------------------
അബ്ദുള്ള കാമ്പ്രൻ 



പത്രാസുകളോട് മുഖം തിരിച്ച വ്യക്തിത്വം
➖➖➖➖➖➖➖
മർഹൂം കുട്ടിഹസ്സൻകാക്ക ചെറുപ്പം മുതൽ സുപരിചിതനായ മുഖമാണ്
പരിചയമില്ലാത്തവർ ആരും നമ്മുടെ നാട്ടിലുണ്ടാവില്ല . കാഴ്ചയിൽ ഗൗരവക്കാരനാണങ്കിലും അടുത്തിടപഴകാൻ അവസരം കിട്ടിയപ്പോൾ വളരെ സൗമ്യനായിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്.
പലരും തമാശയായി പറയുന്നത് പോലെ
നമ്മുടെ നാട്ടിൽ ഏറ്റവും നീതിമാനായ ജോലിക്കാർ ബാർബർമാരാണന്ന് എനിക്ക് തോന്നാറുണ്ട്
ജാതി മത വർണ്ണ ഭേദമന്യേ ഏവർക്കും ഒരേ കസേര ഒരേ ചീപ്പ് ഒരേ കത്രിക ഒരേ വാട്ടർ
സമ്പൂർണ്ണ സ്ഥിതിസമത്വം
നമ്മുടെ നാട്ടിൽ അത്യാധുനിക ബാർബർ ഷോപ്പുകൾ പിറവിയെടുത്തപ്പോഴും
മർഹൂം കുട്ടിഹസ്സൻ കാക്കയുടെ പഴയ മരക്കസേരയുള്ള കടയിലേക്ക് ജനങ്ങളെ ഉത്സാഹത്തോടെ അടുപ്പിച്ചത് അദ്ധേഹത്തിന്റെ സ്വഭാവവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും തന്നെയാണ്.
പത്രാസുകളോട് എന്നും മുഖം തിരിച്ചു
എല്ലാവരോടും വളരെ സൗഹാർദപരമായി ഇടപഴകുമ്പോഴും തന്റെ ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മുറുകെ പിടിച്ചു.
സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അതിൽ ഉറച്ചു നിൽക്കാനും മറുവശത്ത് ആരായാലും സത്യം തുറന്നു പറയാനും മർഹൂം കുട്ടിഹസ്സൻ കാക്കായുടെ  ആർജ്ജവം ആരെയും അതിശയിപ്പിക്കും
മരിക്കുന്നത് വരെ ചന്ദ്രികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമായിരുന്നു.
ഗൗരവത്തോടെയുള്ള നോട്ടവും സംസാരമൊക്കെയാണെന്ന് നമുക്ക് തോന്നുമെങ്കിലും തനിച്ചിരിക്കുമ്പോൾ വളരെ സൗഹൃദ പരമായ പെരുമാറ്റത്തിലൂടെ ആ നല്ല മനസ്സ് പ്രകടമായിരുന്നു. അനുഭവത്തിലൂടെ ഞാൻ പലതവണ മനസ്സിലാക്കിയിട്ടുണ്ട്. ധാരാളം സവിശേഷതകളുള്ള മർഹൂം കുട്ടിഹസ്സൻ കാക്കായേയും നമ്മേയും നാഥൻ അവന്റെ ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ.
ആമീൻ..
----------------------------------------------------
ശിഹാബുദ്ദീൻ.നാലു പുരക്കൽ



മർഹൂം കുട്ടിഹസ്സൻ കാക്ക 
➖➖➖➖➖➖➖➖➖
ചെറുപ്പം തൊട്ട് കക്കാടംപുറത്ത് കാണുന്ന മുഖം. മദ്രസയുടെ പീടികയിൽ കുറച്ചു കാരണവന്മാരും കുട്ടിഹസ്സൻ കാക്കയും ഇരിപ്പുണ്ടാവും. 
ഇടയ്ക്കിടെ നമ്മളെപ്പോലുള്ള കുറച്ചാളുകളും അദ്ദേഹവുമായി പഴംകഥകൾ പറഞ്ഞിരിക്കാൻ ചെല്ലുമായിരുന്നു. മകൻ മുസ്തഫ മരിച്ചതിന്റെ തഹ്‌ലീലോ അതോ നാല്പതോ ഓർമയില്ല അദ്ദേഹം ക്ഷണിച്ചത്  വിതുമ്പി കൊണ്ടായിരുന്നു. 
നാടിൻറെ നന്മയുടെ അകക്കാമ്പായിരുന്ന കുട്ടിഹസ്സൻ കാക്കയെ പോലുള്ള ആളുകളുടെ മരണം നമ്മുടെ നാടിന് നികത്തവനാത്ത നഷ്ടം തന്നെയാണ്.
----------------------------------
 നൗഷാദ് പള്ളിയാളി



കുട്ടിഅസ്സൻ കാക്ക: മന്ദഹസിക്കുന്ന മുഖം 
➖➖➖➖➖➖➖➖➖
കുട്ടിഅസ്സൻ കാക്ക കക്കാടംപുറം അങ്ങാടിയുടെ മന്ദഹസിക്കുന്ന ഒരു മുഖമായാണ് എന്റെ ഓർമ. ശാന്തമായ പെരുമാറ്റം. കുട്ടിക്കാലത്തു ഒരുപാട് പ്രാവശ്യം അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ട്. 
ഇക്കയുടെ മകന്റെ അകാലത്തിലുള്ള മരണം ഒരു വല്ലാത്ത ഞെട്ടലോടു കൂടിയാണ് കേട്ടത്. ആ കുടുംബത്തിന്റെ പ്രതീക്ഷ അസ്തമിച്ചെന്നു തോന്നിയ നിമിഷം വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. പ്രയാസത്തോടെ ആണെങ്കിലും അത് അതിജീവിച്ചു അദ്ദേഹം വീണ്ടും ജീവിതം മുന്നോട്ടു നയിക്കുന്നത് കണ്ടപ്പോൾ ആശ്വാസവും സന്തോഷവും തോന്നി.
അള്ളാഹു അദ്ദേഹത്തിന് കബർ വിശാലമാക്കി കൊടുക്കുകയും, പാപങ്ങൾ പൊറുത്തു സ്വര്ഗ്ഗാവകാശി ആക്കുകയും ചെയ്യട്ടെ, ആമീൻ.
-------------------------------------
റിയാസ് കള്ളിയത്ത്



ആ നിഷ്കളങ്കമായ മനസ്സിനെ സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല
➖➖➖➖➖➖➖➖➖
പള്ളിപ്പറമ്പിൽ ഇന്ന് കുട്ടിഹസ്സൻ കാക്കാനെ അനുസ്മരിക്കുന്നു എന്നറിഞ്ഞപ്പോ മുതൽ മനസ്സിൽ വല്ലാത്ത ഒരു വേവലാതിയായിരുന്നു 
 കാരണം വളരെ ചെറുപ്പത്തിലെ ജോലിപരമായി നാടുവിട്ടു മറുനാട്ടിൽ ആയിരുന്ന എനിക്ക് കൂടുതൽ ആളുകളുമായി 
പരിചയമില്ല 2000 ത്തിന് ശേഷമാണ് കക്കാടംപുറം അങ്ങാടിയുമായി കൂടുതൽ അടുക്കുന്നതും ആളുകളുമായി ഇടപഴകുന്നതും പുതിയ കുറെ സുഹൃത്തുക്കൾ പിറക്കുന്നതും.
കുട്ടിഹസ്സൻ കാക്കയുമായി കൂടുതൽ അടുപ്പം  തുടങ്ങുന്നത് തന്നെ ഈ അടുത്ത കാലത്താണ് എന്നു പറഞ്ഞാൽ 2009/10 കാലഘട്ടത്തിലാണ്  ഗുഡ്സ് ആപയുമായി ചെറിയരീതിയിൽ നാട്ടിൽ കൂടിയകാലം. ആ ഇടക്ക് കൂടുതൽ സമയവും ഇരിപ്പിടം കുട്ടിഹസ്സൻ കാകന്റെ ബെഞ്ചിലായിരുന്നു ഒരുപാട് പഴയ ലീഗ് പരിപാടിയുടെയും ജാഥയുടെയും കഥകൾ പറയുമായിരുന്നു 
നല്ല തമാശകൾ പറയുമായിരുന്നു 
എന്റെ ഉപ്പയുടെ അപാരമായ ലീഗ് പ്രണയത്തിന്റെ കഥകൾ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. വർത്താനം പറഞ്ഞു തുടങ്ങിയാൽ നല്ല രസമാണ്  പ്രായത്തിന്റെ വിഷമതകൾ ഏറെ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ എന്നും അല്പം വൈകിയാലും കടതുറക്കൽ പതിവായിരുന്നു. തോളിൽ ഒരു ചെറുമുണ്ടും ഇട്ട് വരുന്ന ആ നിഷ്കളങ്കമായ മനസ്സിനെ സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്ത്‌ പാരത്രീക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ... ആമീൻ
---------------------------
മുജീബ് കെ സി



പുഞ്ചിരിക്കുന്ന സ്നേഹ നിറകുടം
➖➖➖➖➖➖➖➖➖
എന്റെ കൂട്ടുകാരന്റെ ഉപ്പയാണ് വലിയ മനസ്സിന്റെ ഉടമയാണ് അദേഹം കക്കാടംപുറത്തുകാർക്ക് ആർക്കും
അറിയാതിരിക്കില്ല കാരണം പഴയ കാല ബാർബർ ഷോപ്പ് ഉടമയും
കുഞ്ഞു നാളിൽ ഏത് കുട്ടിയും കണ്ടാൽ പേടിച്ച് ഓടുന്ന മുഖം കാരണം
അന്നൊക്കെ സുന്നത്ത് കല്യാണങ്ങൾ ഇവർ മുഖേനയാണ് നടത്തുന്നത്
ആയത് കൊണ്ട് തന്നെ
ഇവരെ അറിയാത്തവർ
ഉണ്ടാകാൻ വഴി ഇല്ല.
എന്റെ ചെറുപ്പത്തിൽ മൊട്ട അടിക്കാൻ വിടുന്നത് അദ്ദേഹത്തിന്റെ കടയിലോട്ട് ആണ്
നമ്മുടെ ഇഷ്ട്ടത്തിന്ന് മുടി വെട്ടണമെന്നുണ്ടങ്കിൽ വേറെ കടയിൽ പോയി വെട്ടണം അതിന്ന് കയ്യിൽ പൈസയും വേണം അതില്ലാത്ത കാലത്ത്
എന്റെ ഉപ്പയോട് മുടി വെട്ടിക്കാൻ പൈസ വേണം മുടി വെട്ടിക്കാൻ എന്നു പറഞ്ഞാൽ പറയും
കുട്ടിഹസ്സൻ കാക്കയുടെ കടയിൽ പോയി മൊട്ട അടിച്ച് വരാൻ പറയും
അത് കേൾക്കുമ്പോഴേക്കും കരച്ചിൽ വരും. ഞാൻ സ്കൂളിൽ ഏഴാംതരം പഠിക്കുന്ന സമയത്താക്കെ
മൊട്ട അടിക്കുമായിരുന്നു.
അന്നൊക്കെ മുടി മൊട്ടയടിച്ചാൽ പിന്നെ കുറെ ദിവസത്തിന് മുടി വെട്ടേണ്ട ആവിശ്യമില്ല
അത് മനസ്സിലാക്കി തന്നെയാണ് ഉപ്പമാർ അന്ന് മൊട്ട അടിപ്പിക്കുന്നതും.
മൊട്ട അടിച്ചതിന് ശേഷം കണ്ണാടിയിൽ നോക്കി കരയാറുണ്ടായിരുന്ന കാലം.
വലിയ മനസ്സിന്റെ ഉടമയാണ് കുട്ടിഹസ്സൻ കാക്ക അതിരാവിലെ തന്നെ കക്കാടംപുറത്ത് വരും വരുമ്പോൾ കൂടെ മക്കളെയും കൂടെ കൊണ്ട്
വരുന്ന ശീലം അദ്ദേഹത്തിന് ഉണ്ട് അവരെ ഹോട്ടലിൽ കൊണ്ട് പോയി എന്താ അവർക്ക് വേണ്ടത് എന്ന് വെച്ചാൽ വാങ്ങി കൊടുക്കുന്ന അളായിരുന്നു
നമ്മുടെ മദ്രസ്സയുടെ റൂമിലായിരുന്നു കട.
കട തുറന്ന് പണി കഴിഞ്ഞാൽ അവിടെത്തെ
ഇരിപ്പിടത്തിൽ ഇരിക്കും
ആ സമയത്ത് അവിടെ ചെന്നാൽ പുഞ്ചിരിക്കുന്ന കുട്ടിഹസ്സൻ കാക്കയെ കാണാം ചെന്നാൽ ഒരുപാട് സംസാരിച്ചിരിക്കും വലിപ്പചെറുപ്പമില്ലാതെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു പണിയും വർത്തമാനങ്ങളും കഴിഞ്ഞാൽ പിന്നെ വല്ലതും കഴിക്കണം ചായയും പൊറാട്ടയും ഏറെ പ്രിയം.
മുസിംലീഗ് പാർട്ടിയെ അത്ര ഏറെ സ്നേഹിച്ച
മഹൽ വ്യക്തിത്വമാണ്
ലീഗിനെ ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ പിന്നെ അദേഹത്തിന് സഹിക്കാൻ പറ്റില്ല. അത്ര ഏറെ മുസ്ലിംലീഗിനെ സ്നേഹിച്ചവരാണ്.
ഏറെ കാലം പ്രായം തളർത്തി എങ്കിലും കട എങ്ങനെ എങ്കിലും തുറക്കും 
അതായിരുന്നു ശീലം
.കുറച്ച് ദിവസം അസുഖക്കാരനായിരുന്നു
ചില ദിവസങ്ങളിൽ രാത്രി
അസുഖം കൂടിയാൽ 
എന്റെ വണ്ടിക്ക് വിളിക്കുമായിരുന്നു
അസുഖം കൂടുകയും കുറയുകയും ചെയ്ത് കൊണ്ട് കുറച്ച് ദിവസം
ഹോസ്പിറ്റലിൽ കിടന്നു.
ഒരു ദിവസം എന്റെ കൂട്ടുകാരൻ ഫോൺ വിളിച്ചു ഞാൻ ഫോൺ എടുത്തപ്പോൾ അവൻ പതിഞ്ഞ ശബ്ദത്തിൽ കരഞ്ഞ് കൊണ്ട് പറഞ്ഞു
എടാ ഉപ്പ പോയി ആ വാക്ക് കേട്ട് ഞാൻ  ഞെട്ടിപ്പോയി.
നിറഞ്ഞ കണ്ണുമായി കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി അവരുടെ വീട്ടിലേക്ക് ആ വലിയ മനുഷ്യന്റെ മരണം വല്ലാതെ മനസ്സിന്ന് നൊമ്പരപ്പെടുത്തി
ആ മഹൽ വ്യക്തിയുടെ
പരലോകജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കുമാറാവട്ടെ ആമീൻ
നിറകണ്ണുകളോടെ
------------------------
സഫ്‌വാൻ സി 

No comments:

Post a Comment