Thursday, 1 March 2018

ചെറുപ്പ കാലത്തെ വഅള് പരമ്പര


➖➖➖➖➖➖
ഒരുകാലത്ത് നമ്മുടെ നാട്ടിൽ മദ്രസകൾ കേന്ദ്രീകരിച്ച് റമളാനിൽ സംഘടിപ്പിച്ചിരുന്ന പാതിരാ  വഅളുകൾക്ക് വളരെ പ്രസക്തി ഉണ്ടായിരുന്നു.
അക്കാലങ്ങളിൽ ഇന്നത്തെപോലെ സംഘടനയുടെയും വിഭാഗീയതയുടെയും ഗ്രൂപ്പുകളുടെയും അടിസ്ഥാനത്തിൽ മത്സര ബുദ്ധിയോടെ ആയിരുന്നില്ല ഇത്തരം വിജ്ഞാന പരിപാടികൾ നടത്തിയിരുന്നത്.
അത്  കൊണ്ട് തന്നെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനായി പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും പ്രായമായവരും മദ്രസകളിലെ മത പ്രസംഗങ്ങൾക്ക് എത്തുകയും സശ്രദ്ധം ശ്രവിച്ച് ജീവിതത്തിൽ പകർത്തുകയും ചെയ്തിരുന്നു.
ശഅബാനിലെ അവസാനത്തിൽ തന്നെ ഒാരോ മദ്രസയിലേയും വഹള് പരംബരയുടെ ഒരുക്കങ്ങൾ തുടങ്ങും സ്വാഗത സംഘ രൂപീകരണവും പ്രഗത്ഭരായ പ്രാസംഗികരെ  കൊണ്ട് വരുന്നതിനെ സമ്പന്ധിച്ചുമുള്ള ചർച്ചകളും നടക്കും
 സംഘാടകർ പരംബരയുടെ നോട്ടീസുകളും ബാനറുകളും പ്രദേശങ്ങളിൽ പതിച്ചും വീടു വിടാന്തരം കയറി ആളുകളെ ക്ഷണിക്കുകയും ചെയ്യും.
നമ്മുടെ പ്രദേശത്ത് കുറ്റൂർ മദ്രസയിലേത് കഴിഞ്ഞതിന് ശേഷമാവും കക്കാടം പുറം മദ്രസയിൽ തുടങ്ങുക അത് കൊണ്ട് രണ്ട് മദ്രസയിലേയും പ്രഭാഷണം ശ്രവിക്കാൻ. ആളുകളുണ്ടായിരുന്നു
 റമളാൻ ഒന്ന് മുതലെ വഹള് പരമ്പരകൾ തുടങ്ങും അന്നുമുതൽ അങ്ങാടികൾ ഉണരും മഗരിബിന്ന് ശേഷം തന്നെ മദ്രസയും പരിസരവും ടൃൂബ് ലൈറ്റുകളും വർണ്ണ ശഭളമായ തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കും കുട്ടികളുടെ കടല കച്ചവടവും ചുക്കാവ എന്നിവയും പലതരം ലഘുഭക്ഷണങ്ങളുമായി കച്ചവടക്കാരും ഉണ്ടാകും.
മഗ്രിബിന് ശേഷം തന്നെ മൈക്കിലൂടെ നല്ല ഈണത്തിലുള്ള ഖുർആൻ പാരായണം കേൾക്കാം
തറാവീഹിന് ശേഷം
ആളുകൾ എത്തിതുടങ്ങും. 
ഒാല ചൂട്ടും സുറൂംകുറ്റിയുമാവും വെളിച്ചത്തിനായി ഒരോരുത്തരുടെയും കയ്യിലുണ്ടാവുക.
വഴിയിലൂടെ ചൂട്ടു മിന്നിയുള്ള പോക്ക് നിതൃവും കാണാം.
ചില കാരണവൻമാരുടെ അടുക്കൽ അഞ്ച് കട്ടയുടെ ടോർച്ചും ഉണ്ടാകും.
ചിലർ വീട് പൂട്ടി കുട്ടികളേയും  കിടത്താനുള്ള പായയും  വിരിപ്പും കുടിക്കാൻ ചുക്കാവയും കൊണ്ടാവും  വരുന്നത്
.പത്ത് മണിയോട് കൂടി മൗലിദ് മദ്രസയിലെ മുതഅല്ലിമീങ്ങൾ ചൊല്ലി തീരുംബോഴേക്ക് ആളുകളെല്ലാം എത്തിച്ചേർന്നിരിക്കും.അതിനു ശേഷം ക്ഷണിക്കപ്പെട്ട പ്രാസംഗികൻ്റെ പ്രഭാഷണം
ആളുകൾ നിശബ്ദരായി കേട്ടിരിക്കും ചില പ്രാസംഗികൾ  ആളുകളെ കയ്യിലെടുത്തുള്ള പ്രസംഗത്തിൽ കയ്യിലുള്ള എന്തും തൻ്റെയും മാതാപിതാക്കളുടെയും പരലോക ഗുണത്തിന് ദുആയിരക്കാൻ സംഭാവനയായി കൊടുക്കും.
ചില പ്രായമായ ഉമ്മമാർ തൻ്റെ കാതിലുള്ള സ്വർണ്ണ ചിറ്റ് മുറിച്ച് കൊടുത്തിരുന്നു.
ശേഷമുള്ള ലേലം വിളി ഉസ്ഥാദ്മാരുടെ സാമർത്ഥൃത്തിനനുസരിച്ച് വലിയ സംഖൃകൾക്കാവും ഒാരോരുത്തർ വിളിക്കുക.
ഇങ്ങനെ ലഭിക്കുന്ന സംഭാവനകൾ കൊണ്ടായിരുന്നു മദ്രസയുടെ പുനരുദ്ധാരണ പ്രവർത്തികളും മറ്റും ഭംഗിയായി അക്കാലങ്ങൾ നടന്നിരുന്നത്.
റമളാനിലെ കടല കച്ചവടം പെരുന്നാൾ ആഘോഷിക്കാൻ കുട്ടികൾക്കുള്ള ഒരു വരുമാനമാർഗ്ഗവുമായിരുന്നു.
 വഹള് പരംബരക്ക് കടല കച്ചവടം ഞാനും ചെയ്തിട്ടുണ്ട്  കൊടുവായൂരിലെ കള്ളി കാട്ടിലെ  പലചരക്കുകടയിൽ നിന്നും തൊലി കടല വാങ്ങി മണലിട്ട് വറുത്ത് NIPPO ബാറ്ററിയുടെ പെട്ടിയിലാക്കി പത്ത് പൈസക്ക് പത്തെണ്ണം വീതം കച്ചവടം ചെയ്തിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ കക്കാടംപുറം മദ്രസ്സയിൽ രണ്ടാഴ്ച്ച നീണ്ട് നിന്ന ഇമ്പമാർന്ന ചരിത്ര കഥാ പ്രസംഗം സംഘടിപ്പിക്കുകയുണ്ടായി  അത് ശ്രവിക്കുന്നതിനായി ദൂര ദിക്കിൽ നിന്ന് പോലും ആളുകൾ വന്നിരുന്നു

 ഞാൻ എൻ്റെ ജൃേഷ്ടൻ്റെ കൂടെ 543 എന്ന പേരിൽ വിളിക്കുന്ന ടേപ് റെക്കോർഡും 12v ബാറ്ററി പെട്ടിയും കൊണ്ടാണ് വന്നിരുന്നത്
 മദ്രസയോട് ചേർന്ന് മുടിക്കുന്നത്ത് മിതീൻ കാക്കാക്ക് ഒരു പെട്ടി കടയുണ്ടായിരുന്നു അതിൻ്റെ പിറകിൽ ചാക്ക് വിരിച്ച് ടേപ് റിക്കാർഡിൽ കഥാ പ്രസംഗം റിക്കാർഡ് ചെയ്യും
അടുത്ത ദിവസം റിക്കാർഡ് ചെയ്ത കഥാപ്രസംഗം ഉച്ചത്തിൽ വീട്ടിലുള്ളവരെ കേൾപ്പിക്കും.
ആ കാലങ്ങളിൽ ടേപ് റിക്കാർഡുള്ള ഒട്ടുമിക്ക ആളുകളും വീട്ടിലെ ടേപ് റിക്കാർഡ് കൊണ്ടു വരുമായിരുന്നു.
ഇന്നത്തെ പോലെ യൂടൃൂബും വാട്സപ്പ് ഒന്നും ഇല്ലാത്ത കാലത്ത് ഈ റിക്കാർഡ് ചെയ്ത പ്രസംഗങ്ങൾ വീടുകളിൽ നിന്നും കേൾക്കാമായിരുന്നു.
സമദാനി സാഹിബിൻ്റെ മത പ്രഭാഷണത്തിന് പ്രശസ്തിയാർജിച്ച കാലത്ത് കോട്ടക്കലിലേക്ക് പോയിട്ടുണ്ട്.
റമളാനിലെ അവസാന പത്തിലെ ഭക്തി സാന്ദ്രമായ ദിഖ്റ് ദുആ സദസ്സിലേക്ക് നാട്ടുകാരായ എല്ലാവരും എത്താറുണ്ടായിരൂന്നു
മരണപ്പെട്ടു പോയവർക്ക് വേണ്ടിയും രോഗങ്ങൾ സുഖപ്പെടുന്നതിനും ദീർഘായുസ്സിനും പ്രതൃേകമായി ദുആ ചെയ്തും ആ കൊല്ലത്തെ റമളാനിനോട് വിടപറഞ്ഞും കണ്ണീരോടെയാവും എല്ലാവരും മടങ്ങുക
ഇന്നാ സ്ഥിതിമാറി പാതിരാ പ്രസംഗങ്ങൾക്ക് ആളെ കിട്ടാതെയായി
ന്യൂജൻ പ്രാസംഗികർ അധികരിച്ചു മത പ്രഭാഷണങ്ങൾ ബിസ്സിനസ്സായി മാറി.
----------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment