പളളിപ്പറമ്പ് @ 63
അരീക്കൻ കുഞ്ഞറമു കാക്ക
കുഞ്ഞറമു കാക്ക:
പിതാവിന്റെ സന്തത സഹചാരിയും മാതൃകായോഗ്യനാ വ്യക്തിത്വവും
~~~~~~~~~~~~~~~~~~~~~~
കുഞ്ഞറമു കാക്ക എന്റെ പിതാവിന്റ കൂടെ പതിറ്റാണ്ടുകളോളം ഒരു മെയ്യായി കൂടെ നടന്ന സഹോദരനായിരുന്നു.
വേങ്ങരയിലെ ഇസ്മത്ത് ഹോട്ടലിലും പലചരക്ക് കടയിലും ഉപ്പാന്റെ അസാന്നിധ്യത്തിൽ കൈകാര്യങ്ങൾ നോക്കി നടത്തിയിരുന്നത് കുഞ്ഞറമു കാക്കയായിരുന്നു.
കച്ചവട കാര്യത്തിലും കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും കുഞ്ഞറമു കാക്കയുടെ ഉത്തരവാദിത്വ ബോധം ഉപ്പയുടേതിന് സമാനമായതിനാലാവാം വർഷങ്ങളോളം ഒന്നിച്ചുണ്ടായിട്ട് ഒരിക്കൽ പോലും ഒരു മുഷിഞ്ഞ വാക്ക് പോലും ഉപ്പ കാക്കയെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല.
സ്കൂൾ കഴിഞ്ഞു ഉപ്പ എന്നെ പലചരക്ക് കടയിൽ നിറുത്തിയതിനാൽ കച്ചവടത്തിന്റെ ബാല പാഠങ്ങൾ പടിക്കുന്നത് കുഞ്ഞറമു കാക്കയിൽ നിന്നാണ്.
രാവിലെ കക്കാടം പുറത്ത് നിന്ന് ട്രക്കറിലോ ബസ്സിലോ കുരിയാട്ടേക്കും അവിടെ നിന്ന് വേങ്ങരക്കും ഒന്നിച്ചായിരുന്നു പോയിരുന്നത്. തിരിച്ചും ഇങ്ങിനെ തന്നെ. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിൽ മായാതെ നിൽക്കുന്നു.
ഒരു പാട് മാതൃക അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. എത്ര തിരക്കിനിടയിലും പിഴക്കാത്ത കണക്കുകൾ, ആരോടും കയർക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാത്ത പ്രകൃതം, വൃത്തിയായ വസ്ത്രധാരണം, പാഴ് ചെലവുകൾ വരാതെ ബഡ്ജറ്റ് തയ്യാറാക്കൽ, ഇബാദത്തിലെ കണിശത അങ്ങിനെ ഒരു പാട് മാതൃക കാക്കയിൽ നിന്നുണ്ട്.
ഗുരുതരമായ രോഗം ശാരീരികമായി പ്രയാസത്തിലായതിനാൽ കുന്നുംപുറത്തെ കച്ചവടം കൈമാറ്റം നടത്തി. വിശ്രമവും ചികിൽസയുമായി വീട്ടിൽ കഴിച്ച് കൂട്ടുന്ന നേരം. സാധാരണ കാണുമ്പോൾ കുശലാന്വേഷണം നടത്തി പിരിയാറുള്ള എനിക്ക് ജിദ്ധയിലേക്ക് പോവുന്നതിന്റെ മുമ്പ് ഒന്നു വിശദമായി കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. വീട്ടിൽ ഇരുന്ന് വിശദമായി സംസാരിച്ചു. ചില തീരുമാനങ്ങൾ എടുത്തു പക്ഷെ വിധി മറ്റൊന്നായിരുന്നു. അള്ളാഹു അദ്ദേഹത്തെ വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ امين
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
മർഹൂം... കുഞ്ഞറമു കാക്ക...
പകരക്കാരനില്ലാത്ത പരോപകാരി
~~~~~~~~~~~~~~~~~~~~~~
തന്റെ ആയുഷ്കാലത്ത് സ്വന്തം ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയും അതിന് വേണ്ടി ഓടി നടക്കുകയും ചെയ്ത നിസ്വാർത്ഥനായ ഒരു പൊതു സേവകനെയാണ് നമുക്ക് കുഞ്ഞറമു കാക്കയുടെ വേർപാടിലുടെ നഷ്ടമായത്. അയൽപക്കത്തും കുടുംബത്തിലും ഒരു കല്യാണമുണ്ടായാൽ പിന്നെ അതിന്റെ ഒരുക്കം മുതൽ ഒടുക്കം വരെ എല്ലാ കാര്യത്തിലും കൃത്യമായ അഭിപ്രായത്തോടെ കണിശമായ നിർദ്ദേശത്തോടെ കാക്ക ഒപ്പമുണ്ടാകും. സാധനങ്ങൾ വാങ്ങുന്നത് മുതൽ പന്തൽ ഏല്പിക്കുന്നത് വരെ കാക്കയുടെ അഭിപ്രായം സ്വീകരിച്ചാൽ ഏത് ഫംഗ്ഷനും സാമ്പത്തിക ലാഭത്തോടൊപ്പം സമയലാഭത്തോടെ ഭംഗിയാക്കാം.
സദാ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയും ശബ്ദം കുറഞ്ഞ സംസാരവും വൃത്തിയുള്ള വേഷവും കാക്കയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തി. വിശാലമായ ഒരു സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുന്നും പുറത്തെ എന്താവശ്യത്തിനും കാക്കയെ സമീപിച്ചാൽ പരിഹാരം കാണമായിരുന്നു -
ഏറെക്കാലം വേങ്ങരയായിരുന്നു.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും തികഞ്ഞ മതബോധവും കണിശമായ ഇബാദത്തും കൊണ്ടു നടന്നു.
മധ്യവയസ്സ് പിന്നിടുമ്പോഴേക്ക് രോഗം കീഴടക്കുകയായിരുന്നു. എന്നാലും പ്രയാസങ്ങൾ ആരെയും അറിയിക്കാതെ സ്വയം ഒതുങ്ങി ജീവിതം നയിച്ചു. പ്രസരിപ്പാർന്ന യുവത്വം അവസാന ഘട്ടത്തിലെത്തിയിeട്ട ഉണ്ടായിരുന്നുള്ളു. കുടുംബത്തിനും നാട്ടുകാർക്കും ഏറെ ഉപകാരങ്ങൾ ചെയ്ത് മെഴുകുതിരി പോലെ പ്രകാശം ചൊരിഞ്ഞ കാക്കയുടെ ജീവിതം സ്വയം ഉരുകിത്തീരുകയായിരുന്നു.
റബ്ബ് സുബ്ഹാനഹു വ തആലാ കഞ്ഞറമു കാക്കയുടെ ഖബറിലേക്ക് സ്വർഗീയാനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുക്കട്ടെ എന്ന ദുആയോടെ...
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുഞ്ഞറമു കാക്ക
ഞങ്ങൾ ആശ്രയിച്ചിരുന്ന അയൽവാസി
~~~~~~~~~~~~~~~~~~~~~~
കുറഞ്ഞ കാലമാണെങ്കിലും എനിക്ക് നല്ലൊരു അയൽവാസിയെയാണ്
ആ നല്ല മനുഷ്യന്റെ വിയോഗത്തോടെ നഷ്ടമായത്.
നല്ലൊരു ഉപദേശകനും കൂടിയായിരുന്നു എനിക്ക് കുഞ്ഞറമു കാക്ക.
ഞാൻ നാട്ടിലില്ലാത്ത സമയത്ത് എന്റെ മക്കൾക്ക് കുന്നുംപുറത്ത് നിന്ന് എന്തെങ്കിലും വേണമെങ്കിൽ അവർ പറയും നമുക്ക് കുഞ്ഞർമു കാക്കാനോട് പറയാം എന്ന്.
അങ്ങിനെ അവർ അദ്ധേഹം പോവുന്നതും നോക്കി വീടിന്റെ മുറ്റത്ത് നിൽക്കും.
ഒരു ഓട്ടോറിക്ഷ സ്വന്തം ഓടിച്ചായിരുന്നല്ലൊ അദ്ധേഹത്തിന്റെ യാത്ര കൂടുതലും.
ആ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാൽ എന്റെ മക്കൾ പറയുമായിരുന്നു കുഞ്ഞറ്മു കാക്ക വരുന്നുണ്ട് നമുക്ക് പോയി നോക്കാമെന്ന്.
നോക്കുമ്പോൾ ആ മുറ്റത്ത് നിന്ന് മതിലിന്റെ മുകളിലൂടെ ഈ മുറ്റത്തേക്ക് അവർ ഏൽപിച്ചത് എന്തായാലും എത്തിച്ച് കൊടുക്കുമായിരുന്നു.
കൊണ്ടു വന്നതിന്ന് ശേഷം മാത്രമേ കാശ് വാങ്ങുമായിരുന്നുള്ളു എന്നും മക്കൾ പറഞ്ഞത് ഞാനോർക്കുന്നു.
കുറഞ്ഞ കാലമാത്രമാണ് എനിക്കും എന്റെ മക്കൾക്കും ആ നല്ല അയൽവാസിയെ അനുഭവിക്കാൻ കഴിഞ്ഞുള്ളു.
അപ്പോഴേക്കും അദ്ധേഹം വീട് വിറ്റ് തറവാട് വീടിന്റെയടു ത്ത് വേറെ വീട് വെച്ച് താമസം അങ്ങോട്ട് മാറ്റി.
അദ്ധേഹത്തിന്റെ മരണ സമയത്ത് ഞാൽ നാട്ടിലുണ്ടായിരുന്നു.
മയ്യത്ത് രാത്രി വീട്ടിലേക്ക് കൊണ്ട് വന്ന സമയത്ത് കുന്നുംപുറത്തെ ഒട്ടുമിക്ക വ്യാപാരികളും അവിടെ കാത്ത് നിൽപുണ്ടായിരുന്നു.
അത് തന്നെ മതി അദ്ധേഹത്തിന്റെ മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാൻ.
കുഞ്ഞറമു കാക്കാക്ക് വേണ്ടി റബ്ബിലേക്ക് കയ്യുയർത്താൻ
കൂട്ടുകാരും നാട്ടുകാരും കുടുംബക്കാരും മാത്രമാണല്ലൊ ഉള്ളത് എന്ന് ഓർത്ത് ഇന്നത്തെ ഈ ദിവസമെങ്കിലും നാം അദ്ധേഹത്തിന്ന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
റബ്ബ് ഖബൂലാക്കട്ടെ
കുഞ്ഞറമു കാക്കാന്റെ ഖബറിനെ അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ.
സുബ്ഹി ന്റെ മുന്നെ ഖുർആർ ഓതുന്ന പതിവുണ്ടായിരുന്നു അദ്ധേഹത്തിന്ന്.
ഖുർആനിന്റെ ബറകത്ത് കൊണ്ട് അദ്ധേഹത്തിന്റെ ഖബറിനെ പ്രകാശിപ്പിക്കട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ.
------------------------------
ഹനീഫ പി.കെ
എൻ്റെ കുഞ്ഞറമ്മു കാക്ക
~~~~~~~~~~~~~~~~~~~~~~
ഈ അഴ്ച്ചയിലെ പള്ളി പറമ്പിൽ അരീക്കൻ കുഞ്ഞറമുകാക്കാനെ കുറിച്ചാണ് അനുസ്മരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി.
കാരണം എൻ്റെ ഉപ്പയെപ്പോലെ തന്നെ ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു എൻ്റെ സ്വന്തം കാക്കയെ.
വളരെ താഴ്മയോടെയുള്ള സ്വഭാവത്തിൻ്റെ ഉടമയായ അദ്ദേഹം നിഷ്കളങ്കമായ മനസ്സിൻ്റെ ഉടമയായിന്നു.
ജീവിതത്തിലും കച്ചവടത്തിലും നല്ല കൃത്യനിഷ്ഠത പുലർത്തിയിരുന്നു.
എൻ്റെ അനുഭവത്തിൽ കച്ചവടത്തോടനുബന്ധിച്ചായാലും മറ്റുള്ള ഏത് കാര്യങ്ങളും അതാത് സമയത്ത് തന്നെ എല്ലാം ശരിയാക്കി വെക്കും.
കച്ചവട രംഗത്ത് ഒരുപാട് നല്ല നല്ല കാര്യങ്ങൾ മനസ്സിലാകാനും പകർത്താനും കഴിഞ്ഞിട്ടുണ്ട്.
എനിക്ക് ഒരു ഗുരുനാഥൻ കൂടിയാണ് കാക്ക.
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ആ സ്നേഹനിധിയെ.
ജീവിതത്തിൽ ഏത് പ്രതിസദ്ധി ഘട്ടത്തിലും തളരാതെ ആത്മവിശ്വാസത്തോടെ നേരിടുന്ന ക്ഷമാദയാലുവായിരുന്നു അദ്ദേഹം.
കാക്കാക്ക് മക്കളില്ലെങ്കിലും സ്വന്തം മക്കളെ പോലെയാണ് ഞങ്ങളെ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും തിരിച്ചും ഞങ്ങൾ ആ ബഹുമാനാവും ആദരവും നൽകിയിരുന്നു.
എന്ത് കാര്യങ്ങൾ എൽപ്പിച്ചാലും സ്വയം എറ്റെടുത്തതായാലും വളരെ ഭംഗിയോടെഅത് നിറവേറ്റാൻ താൽപര്യം കാണിച്ചിരുന്ന മഹാ വ്യക്ത്യത്വത്തിൻ്റെ ഉടമയായിരുന്നു കുഞ്ഞറമ്മു കാക്ക
പഴയ കാലത്ത് മദ്രാസ്സിലും പിന്നീട് വേങ്ങരയിലും ഹോട്ടലിലും മറ്റു ജോലി ചെയ്ത് കുന്നുംപ്പുറത്ത് ഫേൻസി കട നടത്തിയിരുന്നത് ശരിക്കൊരു ജനസേവനം കൂടിയായിരുന്നു. കാരണം കുന്നുംപുറത്ത് ഫേൻസി കടകൾ ഇല്ലാത്ത കാലത്ത് ഏത് ഫേൻസി സാധനമായാലും സ്റ്റേഷനറി ഐറ്റമായാലും എവിടെ കിട്ടിയില്ലെങ്കിലും കുന്നുംപുറം ഫേൻസിയിൽ കിട്ടുമെന്ന് എല്ലാവർക്കും അറിയാമായിന്നു.
പല രോഗങ്ങളുണ്ടായിരുന്നെങ്കിലും അതിനോടൊക്കെ തരണം ചെയ്ത് ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് മരണത്തിന് മുമ്പ് തന്നെ അദ്ദേഹത്തിനോടനുബധിച്ചുള്ള കാര്യങ്ങളെക്കെ സ്വയം ക്ലിയറാക്കി അവസാനം ഈ ലോകത്തോട് വിട പറഞ്ഞ എൻ്റെ കുഞ്ഞറമ്മു കാക്കാൻ്റെ ഖബർ ജീവിതം അല്ലാഹു
റാഹത്തിലും സന്തോഷത്തിലുമാക്കി സ്വാർഗപൂന്തോപ്പാക്കി മാറ്റട്ടെ..!
آمِيـــــنْ
----------------------------------------
മുജീബ് ടി. കെ. കുന്നുംപ്പുറം
നമ്മുടെ കുഞ്ഞറമു കാക്ക
~~~~~~~~~~~~~~~~~~~~~~
എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു. സൗമ്യമായ സംസാര രീതി ആർക്കും ഇഷ്ടപ്പെടുമായിരുന്നു. ഞാൻ കാണുന്ന അന്നു മുതലേ ജീവിതച്ചിലവുകൾക്ക് വേണ്ടി ഓടി നടക്കുന്ന പാവം ഒരു പച്ച മനുഷ്യൻ. മദ്രാസ്സിലും പിന്നെ വേങ്ങര പലചരക്കുകടയിലും പിന്നെ കന്നുംപുറത്ത് ഫാൻസിസ്റ്റോർ തുടങ്ങി ആ ജീവിതം അതിൽ അവസാനിച്ചു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് കാക്കാക്ക് വേണ്ടി മദ്രാസ്സിലേക്ക് മൂത്താപ്പാക്ക് ഒരുപാട് കത്തെഴുതിക്കൊടുത്തിട്ടുണ്ട്. ഒരിക്കൽ മദ്രാസ്സിൽ നിന്ന് നാട്ടിൽ വന്നപ്പോൾ ഒരു TATA 21 പേന കൊണ്ടു തന്നത് ഇന്നും ഓർക്കുന്നു. ഈ ശറഫാക്കപ്പെട്ട വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് അവരുടെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ.ഖബറിലെ എല്ലാ ശിക്ഷയിൽ നിന്നും അള്ളാഹു അവർക്ക് മോചനം കൊടുക്കട്ടെ. ആമീൻ
-----------------------------
മമ്മദു അരീക്കൻ
ഞാൻ കണ്ട കുഞ്ഞറമു കാക്ക
~~~~~~~~~~~~~~~~~~~~~~
അരീക്കൻ കുഞ്ഞറമു കാക്കാനെ ഞാൻ ചെറുപ്പത്തിൽ എപ്പഴും കാണുന്നതായിരുന്നു
വെള്ളിയാഴ്ച്ച ജുമൂഅക്ക് ഊക്കത്ത് പള്ളിയിലേക്ക് ആലാഞ്ചേരി വഴി മാപ്പിളക്കാട് തോട് വരംബിലൂടെ ആയിരുന്നു വന്നിരുന്നത്.
പിന്നീട് കൂടുതൽ അടുത്ത് ഇടപഴകിയതും സംസാരിച്ചിരുന്നതും കുന്നുംപുറത്ത് അദ്ധേഹത്തിന് സ്വന്തമായുണ്ടായിരുന്ന ഫേൻസി ഷോപ്പിൽ വച്ചായിരുന്നു.
ഞാൻ ഒരു ഏജൻസിയുടെ ബൾബ് സപ്ലൈ ചെയ്തിരുന്ന സമയത്ത് അവരുടെ കടയിലും ഫേൻസി ബൾബുകൾ കൊടുത്തിരുന്നു പിന്നെ കുന്നുംപുറത്ത് ബസ്സിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒാരോ വക്തിലും പള്ളിയിൽ ജമാഅത്തിന് തന്നെ എത്തുന്നതും കണ്ടിട്ടുണ്ട്.
നമ്മുടെ പ്രദേശങ്ങളിൽ ഫേൻസി ചെരിപ്പ് കടകൾ ഇത്രസുലഭമല്ലാത്ത കാലത്ത് കുന്നുംപുറത്ത് കുഞ്ഞറമു കാക്കാൻ്റെ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്കൂൾ തുറക്കുന്ന സമയങ്ങളിൽ സ്കൂൾ വീദൃാർത്ഥികൾക്ക് വേണ്ട എല്ലാ സാധനങ്ങളും കുഞ്ഞറമു കാക്കാൻ്റെ കടയിൽ എത്തിയിരിക്കും
ആ സീസണിൽ നല്ല തിരക്കാവും കടയിൽ.
കുന്നുംപുറത്ത് വൃാപാരി വൃവസായി യൂണിറ്റിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നു അദ്ധേഹം.
മദ്രസകളിലെ നബിദിന പരിപാടികളിലേക്ക് മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ കടയുടെ പേരിൽ കാെടുക്കാറുണ്ടായിരുന്നു.
വളരെ ശാന്ത സ്വഭാവക്കാരനും ദീനീ സ്നേഹിയുമായിരുന്നു അദ്ദേഹം. ഞാൻ
പ്രവാസി ആയതിൽ പിന്നെ നേരിൽ കണാനും സംസാരിക്കാനും കഴിഞ്ഞിരുന്നില്ല പിന്നീട് ഒരിക്കൽ നാട്ടിൽ വന്നപ്പോൽ സുഖമില്ലാതെ വീട്ടിലുണ്ട് എന്നറിഞ്ഞു പോയി കണ്ടിരുന്നു പിന്നീട് കുഞ്ഞറമു കാക്കാൻ്റെ മരണ വിവരമാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്
തത്തമ്മ കൂട്ടിൽ പരേതനെ കുറിച്ചുള്ള അനുസ്മരണവും പ്രാർത്ഥനയും അവർക്ക് ഖബറിൽ മുതൽ കൂട്ടാവട്ടെ..
അവരിൽ നിന്ന് വന്ന് പോയ തെറ്റുകൾ പൊറുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തുമാറാവട്ടെ
------------------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം
കുഞ്ഞറമു കാക്ക
~~~~~~~~~~~~~~~~~~~~~~
വേങ്ങര ഇസ്മത്ത് ഹോട്ടലിനോട് ചേർന്ന് അരിക്കൻ അബ്ദുറഹ്മാൻ ഹാജിയുടെ മസാലക്കടയിലേക്ക് പോയിരുന്ന കുഞ്ഞറമുക്കയെ കുട്ടിക്കാലം മുതലേ അറിയാമായിരുന്നു- ആ കട നിർത്തിയ ശേഷമായിരുന്നു സ്വന്തമായ ഒരു സ്ഥാപനം ( ഫാൻസിസ്റ്റോർ) കുന്നുംപുറത്ത് തുടങ്ങിയത്.പിന്നീട് ഫുട്ട് വെയർ രംഗത്തും സജീവമായത്. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ഒരു സ്വകാര്യ ദു:ഖം അദ്ദേഹത്തിനുണ്ടായിരുന്നു. അള്ളാഹു വിന്റെ വിധി അദ്ദേഹത്തിന് സന്താനങ്ങൾ നൽകേണ്ട എന്നായിരുന്നു.
പിന്നീട് രോഗിയായി .
ആരോടും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കുഞ്ഞറ മുക്കാക്ക:
അദ്ദേഹത്തിന് ഖബറിടം വിശാലമാക്കിക്കൊടുക്കണേ -
അദ്ദേഹത്തെയും ഞങ്ങളെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
--------------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ
കുഞ്ഞറമ്മു എളാപ്പ
~~~~~~~~~~~~~~~~~~~~~~
കുഞ്ഞറമ്മു എളാപ്പയുടെ വിയോഗം വളരെ വേദനപ്പെടുത്തുന്നതാണ്.
ഉപ്പാന്റെ എളാപ്പാന്റെ മകനാണെങ്കിലും മറ്റുള്ളവരെകാളും അടുത്ത ബന്ധവും സ്നേഹവുമായിരുന്നു
ഉപ്പയോടും ഞങ്ങളോടുമെല്ലാം.
കുട്ടികൾ ഇല്ലാത്ത എളാപ്പ സ്വന്തം മക്കളെ പോലെ നോക്കിയതിന് ഞങ്ങളുടെ ചെറുപ്പം കടപ്പെട്ടതാണ്.
സ്കൂൾപഠനം കഴിഞ്ഞ് കുന്നുംപുറം കടയിൽ ജോലിക്ക് നിറുത്തിയതും പിന്നീട് ഒരു കട നടത്താനും കച്ചവടത്തിന്റെ ബാലപാഠങ്ങൾ അറിയാനും മിഠായി തെരുവ് മാർക്കറ്റും കുന്നംകുളം മാർക്കറ്റുമെല്ലാം കാണാനും
മനസിലാക്കാനുമെല്ലാം സാധിച്ചത് എളാപ്പയിലൂടെയാണ്.
എളാപ്പ ഉപ്പയുമായി വലിയ പ്രായവിത്യാസമില്ലെങ്കിലും വളരെ ബഹുമാനത്തോടെയെ സംസാരിക്കു. ആവർത്തിച്ച് പറഞ്ഞാൽ മാത്രമെ ഉപ്പാന്റെ മുന്നിൽ ഇരിക്കുകയുള്ളൂ.
കച്ചവടത്തിലായാലും നിത്യ ജീവിതത്തിലും മാതൃകയാക്കേണ്ട ഒരു പാട് കാര്യങ്ങൾ എളാപ്പയിലുണ്ടായിരുന്നു.
സന്താന ഭാഗ്യം ലഭിക്കാതെ നാഥനിലേക്ക് മടങ്ങിയ അവരുടെ ഖബറിലേക്ക് നമ്മുടെ പ്രാർത്ഥനകൾ വെളിച്ചമാകട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...
----------------------------------
നൗഷാദ് അരീക്കൻ
ചെറുപ്പത്തിൽ വേങ്ങരയിൽ പോയാൽ കുഞ്ഞറമുകിക്കാന്റെ അവിടെയായിരുന്നു അത്താണി. ഉപ്പ അവിടെ നിറുത്തി പറയും കുഞ്ഞറമു ഇബനെ ഇവിടെ നിർത്തട്ടെ ഞാൻ കുറച്ച് സാധനം വാങ്ങി വരാം
അന്നു മുതൽ ഉള്ള ബന്ധം ആണ് ഒരു ജേഷ്ടനെ പോലെ.
ശബ്‌ദം താഴ്ത്തിയുള്ള സംസാരവും താഴ്മയും ഉള്ള വ്യക്തി. ആരോടും കയർക്കാതെ ഒതുങ്ങി കൂടിയ ജീവിതം നയിച്ചു പോന്ന ഒരുവ്യക്തി. കുന്നുംപുറം കടയിൽ ആയപ്പോൾ ഇടക്ക് അവിടെ ഇരുന്ന് ഒത്തിരി സംസാരിക്കും മരണസമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നു അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
--------------------------
പി.പി. ബഷീർ
അരീക്കൻ കുഞ്ഞറമു കാക്കയെ കുറിച്ച് ഓർക്കുമ്പോൾ ഒരു പാട് നല്ല നല്ല ഇടപെടലുകൾ മനസ്സിൽ ഓർമ വരുന്നു. കുന്നുംപുറം ടൗണിൽ എനിക്കുണ്ടായിരുന്നു നല്ല ഉപദേശകനും നല്ല തമാശകൾ പറയുന്ന ഒരു വ്യക്തിയും ആയിരുന്നു. ഏതായാലും റബ്ബിന്റെ വിളിക്കും ഉത്തരം നൽകി അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കി കൊടുക്കണം നാഥാ. ആമീൻ
--------------------------------
ഷിഹാബുൽ ഹഖ്
അരീക്കൻ കുഞ്ഞറമ്മു കാക്ക പക്വമായ മിതഭാഷിയായിരുന്നു.. സൗമ്യമായ സ്നേഹ പെരുമാറ്റം കൊണ്ട് എല്ലാവർക്കും ഇഷ്ട വ്യക്തിയായിരുന്നു അദ്ധേഹം..
വേങ്ങര പലചരക്ക് കടയിൽ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങളുടെ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും എത്തിച്ചു തന്നിരുന്നത് കുഞ്ഞറമ്മു കാക്കയായിരുന്നു... അദ്ധേഹത്തിന്റെ കണക്കിലുള്ള കണിശത എടുത്തു പറയേണ്ട വിശേഷണമാണ്...
നാഥൻ അദ്ദേഹത്തിൻ്റെ ദോശങ്ങൾ പൊറുത്തു കൊടുത്തു ഖബർ വിശാലമാക്കി കൊടുക്കട്ടെ..!
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
-----------------------------------------
അമ്പിളി പറമ്പൻ മുനീർ
കുഞ്ഞറമു കാക്ക കുന്നുംപുറം ഫാൻസി നടത്തുന്നത് മുതലാണ് എനിക്ക് കാര്യമായ പരിചയം.
വേങ്ങര കടയിൽ അഷ്റഫ് ആയതിന് ശേഷമുള്ള ഓർമ്മയെ എനിക്കുള്ളു. ഫാൻസിസ്റ്റോർ തുടങ്ങിയ അക്കാലത്ത് അത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദവും ആ മേഖലയിൽ എല്ലാ സാധനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരിടമായിരുന്നു. വെറും കച്ചവട മനസ്സ് മാത്രമുള്ള ഒരു കച്ചവടക്കാരനായിരുന്നില്ല അദ്ദേഹം, ആർദ്രമായ ഒരു സേവന മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും ആദരവും പുലർത്തിയിരുന്നു അദ്ദേഹം. നല്ലൊരു കച്ചവടക്കാരന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം അള്ളാഹു അദ്ദേഹത്തിന് നൽകട്ടെ.! അദ്ദേഹത്തിനായി ഇവിടെ സ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തവരുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ.
ആമീൻ
---------------------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി
കുഞ്ഞറമു കാക്കയെ ഞാൻ കുന്നുംപുറത്ത് കടയിൽ നിന്ന് കാണാറുണ്ടായിരുന്നെങ്കിലും അദ്ധേഹവുമായി ഇടപെടലുണ്ടായത് കക്കാടംപുറം ഹസൈന്റെ കടയിൽ നിന്നാണ് മിക്ക ദിവസങ്ങളിലും രാവിലെയും രാത്രിയും ഹസൈന്റെ കടയിൽ വന്നു അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നത് കാണാറുണ്ട്. അവരുടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുത്തിരുന്നത് അവരുടെ ഈ അമ്മോനായിരുന്നു. വളരെ സൗമ്യമായി സംസാരിക്കുന്ന ഒരാളായിരുന്നു അദ്ധേ ഹത്തിന്റെ മരണ സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു അദ്ധേഹത്തെയും ഞമ്മളെയും ഞമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് ഒരു മിച്ച് കൂട്ടുമാറാവട്ടെ
---------------------------
മജീദ് കാംബ്രൻ
കുഞ്ഞറമു കാക്ക അണിഞ്ഞ തൂവെള്ള വസ്ത്രം പോലെ വെളുപ്പായിരിക്കും ചുണ്ടിൽ സദാ പുഞ്ചിരി തൂകുന്ന ആ മുഖവും. പതിഞ്ഞ ശബ്ദം കഞ്ഞറമു കാക്കയെ വ്യത്യസ്ഥനാക്കി...
അടുത്തറിയാൻ ശ്രമിക്കാത്തത് കൊണ്ടാവും ഓർത്തെടുക്കാൻ ഒരു പാടൊന്നും ഇല്ലാത്തതും.....
നീല കളറുള്ള അരീക്കൻ ഫാൻസി എന്നെഴുതിയ ഓട്ടോയുടെ സാരഥിയായി കണ്ടിട്ടുണ്ട് പലപ്പോഴും...
ദുൻയാവിൽ ഒരുപാടൊന്നും സമ്പാദ്യം ഇല്ലെങ്കിലും സമ്പാദ്യം മുഴുവൻ ആഖിറത്തിലേക്കായിരുന്ന എന്ന് ശരിവെക്കുന്നതാണ് കുടുംബക്കാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും അയൽവാസികളുടെയു ഓരോ ഓർത്തെഴുതലുകളും..
നാഥൻ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ.
ആമീൻ..
--------------------------------
അദ്നാൻ അരീക്കൻ
No comments:
Post a Comment