പാതിരാ വഅളിന്റെ മാഞ്ഞു പോയ ഓർമകൾക്ക് നിറം നൽകുമ്പോൾ തെളിഞ്ഞു വരുന്ന സുറൂട്ടുംകുറ്റിയുടെ വെളിച്ചമാണ് ഇതിലേക്ക് വഴി തെളിയിച്ചത്.
അന്ന് രാത്രിയും കഞ്ഞിയാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇങ്ങള് ബയളിന് പോരണ്ട കഞ്ഞി കുടിച് കൊർച് ഒറങ്ങികോളി ഇങ്ങക്ക് ഒറക്കൂകും ഉമ്മ ഞങ്ങളോട് പറഞ്ഞു. ഞാൻ അന്നത്തെ കിടത്തം മുടഞ്ഞ പച്ചഓലയിൽ തായെരീൽ ആയിരുന്നു. കൂടുതൽ ചൂട് ആണെങ്കിൽ മുറ്റത്തും കിടക്കാറുണ്ട് (എ.സി പോയിട്ട് ഫാൻ പോലും സ്വപ്നം കാണാത്ത കാലം) ഉപ്പ പഡാപ്പുറത്ത് (ചാരുപടി) വിരിച്ച ഓലപ്പായയിൽ കിടക്കുന്നുണ്ടാകും.
ഞാൻ കിടക്കുന്നുണ്ടെങ്കിലും ഉറങ്ങിപ്പോയാൽ ഈ അവസരം നഷ്ടമാകും എന്ന ചിന്തയാവാം ഉറക്കം വന്നില്ല ഉമ്മയുടെ വാക്ക് എന്നെ ഒരല്പം സംശയത്തിലാക്കി. കീറപ്പുതപ്പ് വലിച് തലയിലിട്ട് മുറ്റത്തെ പ്ലാവിൻ ചില്ലകൾക്കിടയിലൂടെ തിളങ്ങുന്ന നക്ഷത്രങ്ങളേയും നോക്കി കിടന്നു. കുറെ കഴിഞ്ഞപ്പോൾ എന്റെ സംശയം ശരിയായി പെങ്ങളെ ചോദ്യം മാനൂന ബുൾചണ. മാണ്ട ഓൻ ഒറങ്ങിക്കോട്ടെ ഇപ്പബടെല്ലേ... ഞാൻ മെല്ലെ എഴുന്നേറ്റു ഒരു സുറൂട്ടുംകുറ്റിയും (മുളന്തണ്ടിൽ മണ്ണെണ്ണ നിറച്ച് തുണികൊണ്ട് തിരിയുണ്ടാക്കി കത്തിക്കുന്നത്) കത്തിച്ച് പിന്നാലെ നടന്നു. ഉപ്പ പോന്നില്ല രാവിലെ പണി ഉള്ളത് കൊണ്ട് ആവും.
എല്ലാവരും കൂടെ ആ കുന്നു കേറി ഇടുങ്ങിയ വഴിയിലൂടെ വരി വരിയായി നടക്കുമ്പോൾ ഒരു പന്തം കൊളുത്തി പ്രകടനത്തിന്റെ ചന്തം.
റോഡിലെത്തുമ്പോഴേക്കും ആളുകൾ കൂടിയിട്ടുണ്ടാകും.
പെണ്ണുങ്ങൾ തട്ടംകൊണ്ട് മുഖം മറച്ചു പിടിച്ച് മെല്ലെ ഇരുട്ടിന്റെ മറവിലൂടെ സ്കൂളിന്റെ ചുമരിനോട് ചാരി സ്ഥിതി ചെയ്യുന്ന കിണറിന്റെ അടുത്തായി പാറപ്പുറത് ഇരിപ്പിടം ഉറപ്പിച്ചു. (സ്കൂൾ പൊളിച്ചു പോയി പാറപ്പുറത്ത് സ്ഥാപനങ്ങൾ വന്നു ) ഉമ്മ ഇടക്ക് പറയും ഉറങ്ങരുതെന്ന് ഞാനും പെങ്ങളും
സംസാരിക്കുമ്പോൾ ശബ്‌ദമുണ്ടാകാതെ ആംഗ്യ ഭാഷയിൽ ആണ് ഉമ്മ ഉപദേശം നൽകിയിരുന്നത്. അത്രക്ക് അദബും ബഹുമാനവും കല്പിച്ചിരുന്നു ഇൽമിന്റെ സദസ്സുകൾക്ക് നമ്മുടെ പൂർവികർ.
നീണ്ട മതപ്രഭാഷണവും പ്രാർത്ഥനയും കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ചെറുപത്തിൽ ലഭിക്കാതെ പോയ മതപഠനത്തിൽ നിന്നൽപം ലഭിച്ചല്ലൊ എന്ന ആത്മ നിർവൃതിയിലായിരിക്കും പ്രായം ചെന്നവർ മടങ്ങിയിട്ടുണ്ടാവുക. ഇസ് ലാമിൽ ആദരവിന്റെയും പരിഗണനയുടെയും മാനദണ്ഡങ്ങളിൽ പ്രധാനം അറിവും ഭയഭക്തിയുമാണെന്ന് കാണിച്ചു തന്ന എന്റെ ആദ്യ ഗുരു എന്റെ പൊന്നുമ്മയ്ക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
--------------------------
മുജീബ് കെ.സി
No comments:
Post a Comment