Thursday, 1 March 2018

🗣🗣🗣 വമ്പിച്ച മതപ്രസംഗ പരമ്പര 🗣🗣🗣



വളരെ ആവേശത്തിലാണ് ഞങ്ങൾ കുട്ടികൾ വഅളിന്റെ നോട്ടീസ് ഒട്ടിക്കുന്നത്. മദ്രസ മുറ്റം ട്യൂബ് ലൈറ്റുകളും തോരണങ്ങളും കൊണ്ട് വർണ്ണ പ്രപഞ്ചം തീർത്തു. പള്ളിയിൽ തറാവീഹ് നിസ്കാരം കഴിയും മുമ്പേ മദ്രസയിൽ നിന്ന് റിക്കാഡിൽ ഖുർആൻ പാരായണം കേട്ടു തുടങ്ങി. തറാവീഹ് കഴിഞ്ഞ് വീട്ടിൽ പോയി എല്ലാരും കഞ്ഞി കുടിച്ച് വഅള് കേൾക്കാൻ എത്തി തുടങ്ങി. പെണ്ണുങ്ങൾ ബക്കറ്റിലിടാനുള്ള ചില്ലറ കോന്തലയിൽ മുറുക്കി കെട്ടി ചൂട്ടും തെളിച്ച് ഇടവഴി കയറി തുടങ്ങി. 

"ആരംഭ ത്വാഹാവിൻ മുമ്പിൽ
ജിബ്രീൽ വന്നിട്ടോതിയേ.
അല്ലാഹു ഈ രാവിൽ നബിയെ
കണാനേറ്റംപൂതിയേ..

കളരിക്കാപറമ്പിൽ മുഹമ്മദാക്ക ( اللهم ارحمه) മനോഹരമായി പാട്ട് തുടങ്ങിയിരിക്കുന്നു. ഇനി പാടാൻ കഴിവുള്ളോരുടെ അവസരമാണ്. അങ്ങനെ കുട്ടികളും വലിയ വരുമായി പാട്ടുകളുടെ ഒഴുക്കാണ്. ഈ സമയം പള്ളിയിൽ വ അള് പറയാനുള്ള ഉസ്താദ് എത്തിക്കാണും. അദ്ദേഹത്തെ ഒന്നു കാണാൻ റൂമിന്റെ വാതിൽക്കൽ നിന്ന് എത്തി നോക്കാനേ ഞങ്ങൾക്കനുവാദമുള്ളൂ. റോഡ് സൈഡിൽ കടല കച്ചവടക്കാർ നിരന്നു - ചിലർ ചെറിയ പെട്ടിയിൽ കടലയുമായി റോന്ത് ചുറ്റുന്നു. കുട്ട്യാലി കാക്കാന്റെ ചായപ്പീടീല് പാൽ തീർന്നു. കട്ടൻ കാപ്പിയും ബന്നും നുർക്കും ... അതിനും തിരക്ക് തന്നെ.
പാട്ട് കഴിഞ്ഞു. ഇനി ബുർദ യാണ്. ഹസൻകുട്ടി ഹാജിയുടെ اللهم ارحمه നേതൃത്വത്തിലാണ്. ഈണത്തിലുള്ള മൗലായ അതിന് ശേഷം ഒരു ബുർദ മജ്ലിസിലും കേട്ടിട്ടില്ല. 

വഅള് പറയുന്ന മുസ്ല്യാരുടെ വരവോടെ ബുർദ നിർത്തും. ഉസതാദിനെ ആദരവോടെ വേദിയിലേക്ക് ആനയിക്കുന്നു. അതേ സമയം ഒരു ഭാഗത്ത് കമ്മറ്റിക്കാർ മേശ-കസേരയിട്ട് സംഭാവനകൾ എഴുതിത്തുടങ്ങും. ലേലം വിളിക്കുള്ള കോഴിയും മുട്ടയും മേശമേലും ചുവട്ടിലുമായി നിരത്തി വെക്കുന്നു. സമയം പതിനൊന്ന് കഴിഞ്ഞു. രണ്ട് മണിക്കൂറോളം പ്രസംഗം നീളും. അതിനിടയിൽ മൂപ്പർക്ക് വിശ്രമിക്കാനെന്നോണം സംഭാവന തന്നോരുടെ പേരും മുറാദുകളും സംഖ്യയും സെക്രട്ടറി മൈക്കിലൂടെ വായിക്കും.
മാതാപിതാക്കളുടെ പരലോകഗുണം, രോഗ ശിഫ, മക്കൾ സ്വാലിഹീങ്ങളാകാൻ, കല്യാണം നടക്കാൻ ... മനുഷ്യന്റെ മുറാദുകൾക്ക് അന്ത്യമില്ലല്ലോ ..
ഉസ്താദ് വീണ്ടും എഴുന്നേറ്റ് ഇവർക്കൊക്കെ ദുആ ചെയ്ത് വീണ്ടും പ്രസംഗം തുടങ്ങുമ്പോൾ ഒരാൾ ബക്കറ്റുമായി പിരിവ് ഉദ്ഘാടനം ചെയ്യാൻ വരും. ബിസ്മി ചൊല്ലി എല്ലാരോടും വലിയ സംഖ്യയിടാൻ പറഞ്ഞ് അദ്ദേഹം ഒരു സംഖ്യ ബക്കറ്റിലിടും.
വഅള് കഴിഞ്ഞാൽ ലേലംവിളിയാണ്. സ്വലാത്ത് ചൊല്ലി ആവേശം കൂട്ടി ലേലം കഴിയുമ്പോഴേക്ക് മണി 2 കഴിഞ്ഞു. ദുആകഴിഞ്ഞ് 'എല്ലാരും പൊടി തട്ടി എണീക്കും. സ്ത്രീകൾ ഉറങ്ങുന്ന മക്കളെ ഉണർത്തി തോളിലിട്ടും കൈ പിടിച്ചും  വീട്ടിലേക്ക് ..  
നാളെ വീണ്ടുമെത്താമെന്ന നിയ്യത്തോടെ അത്താഴത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകുന്നു.
----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment