എന്റെ ചെറുപ്പത്തിലേ ഞങ്ങളുടെ പറമ്പിൽ ധാരാളം പറങ്കിമൂച്ചിയും അണ്ടിയും ഉണ്ടായിരുന്നു. അതിൽ കിഴക്ക് വശത്തെ ചുവന്ന പറങ്ക്യാങ്ങക്ക് നല്ല മധുരവും അതിന്റെ അണ്ടി എപ്പഴും നല്ല കാമ്പുള്ളതും ആയിരുന്നു. പിന്നെ നന്നായിരുന്നത് ഒരു മഞ്ഞപ്പറങ്കിയാങ്ങയും. 30-35 ആയിരുന്നു കുന്നുമ്പുറം ചന്തയിലും കൊടുവായൂരും ഒക്കെ ധാരാളമായി കൊണ്ട് പോയി വിറ്റിരുന്ന കാലത്തെ വില. പിന്നെ പിന്നെ അണ്ടിയൊക്കെ കുറഞ്ഞു. ഇപ്പൊ ഇന്ന് വിറ്റതിന് ഒരു കിലോക്ക് 125 രൂപക്കാണ്. അണ്ടി ചുട്ടത്, അണ്ടിപ്പുട്ട്, ചുട്ട അണ്ടിയിട്ട തരിക്കഞ്ഞി, പറങ്ക്യാങ്ങ നീരിന്റെ കട്ച്ചാ പർച്ചി ഇതൊക്കെ രുചിയൂറുന്ന ഓർമ്മകളാണ്. ചെളളണ്ടി കീറി ആ അണ്ടി കൊണ്ട് കറി വെച്ചാൽ കോഴിക്കറിയും ഒന്ന് നാണിച്ച് നിൽക്കും. ഫ്യൂസായ ബൾബിന്റെ ഉരുക്ക് നീക്കി ഫിലമെൻറും നീക്കി ഉള്ള് കാലിയാക്കി ചെള്ളണ്ടി അതിൽ ഇറക്കി കെട്ടിവെക്കും. എന്നിട്ട് അണ്ടിയും പറങ്ക്യാങ്ങയും അതിനകത്ത് വലുതാകും. അപ്പോൾ അതൊരു കൗതുകകരമായ സംഗതി ആയിരുന്നു. ഇനി ഹെഡ്ഡിങ്ങിലേക്ക് വരാം. നന്നെ ചെറുപ്പത്തിൽ ഞാനൊക്കെ അണ്ടിത്തമ്പ് കളിക്കാൻ തുടങ്ങുന്നതിന് മുമ്പ് എന്റെ വീടീന്റെ പിറകു വശത്തുള്ള പറമ്പിൽ ഒരു നല്ല പറങ്കിമാവ് ഉണ്ടായിരുന്നു. മുതിർന്ന കുറച്ചു ചെക്കന്മാർ അണ്ടിത്തമ്പ് കളിക്കാനായി അതിന്റെ ചോട്ടിന്നും മോളിന്നുമായി അണ്ടിയൊക്കെ എടുത്ത് കൊണ്ട് പോയി. ശേഷം ഞാൻ അതിൽ കയറി കൊമ്പത്ത് ഇരിക്കുകയായിരുന്നു, അപ്പോഴാണ് പറമ്പ് ഉടമസ്ഥന്റെ മകന്റെ അണ്ടി പെറുക്കാനുള്ള വരവ്. താഴെ അണ്ടിയൊന്നും കാണാതെ മുകളിലേക്ക് നോക്കിയപ്പോഴാണ് ഞാൻ പറങ്കുച്ചിമ്മൽ ഇരിക്കുന്നത് കണ്ടത്. ആരെടാ അങ്ങിയൊക്കെ എടുത്തത് എന്ന് പറഞ്ഞ് വടി എടുത്തതും ഞാൻ ഇറങ്ങി ഓടി. പെരുമ്പാച്ചിൽ പാഞ്ഞ് തടിയെടുത്തു. പിടി കിട്ടിയിരുന്നെങ്കിൽ നിരപരാധിയായിരുന്ന എന്നെ എന്തും ചെയ്യാനുള്ള ദേഷ്യം ഉണ്ടായിരുന്നു അയാൾക്ക് !,! പടച്ചോൻ കാത്തു !!
-----------------------------------------------------------------
🖊 മൊയ്തീൻ കുട്ടി പൂവഞ്ചേരി
No comments:
Post a Comment