പർങ്കൂച്ചിക്കും പർങ്കെയ്ങ്ങക്കും എന്റെ കുട്ടിക്കാലത്തെ പറ്റിയും ഒരുപാട് പറയാനുണ്ടാകും. അന്ന് തൊടിയിൽ ആകെയുണ്ടായിരുന്ന ഒരു പർങ്കൂച്ചിയാണ് ഞമ്മന്റെ എല്ലാം എല്ലാം. അവധി ദിവസങ്ങളിൽ വീട്ടിനകത്ത് നിന്ന് പുറത്തിറങ്ങിയാൽ പിന്നെ പർങ്കൂച്ചിമ്മലോ അയിന്റെ ചോട്ടിലോ നോക്ക്യാമതി.
വീടിനോട് ചാരി വാർദ്ദക്യത്താൽ നടു വളഞ്ഞ നിലയിലായിരുന്നു അന്ന് പർങ്കൂച്ചിയുടെ അവസ്ഥ. പിന്നീട് ചാഞ്ഞ് ചാഞ്ഞ് വന്ന് അവസാനം അത് മൃതിയടഞ്ഞു. ഒഴിവു വേളകളിൽ പർങ്കൂച്ചിമ്മ കേറി ബസ് ഓടിക്കലായിരുന്നു പ്രധാന വിനോദം. ബസിൽ കാണുന്ന പോലെയുള്ള ബെല്ല് ഒക്കെ ഉണ്ടാക്കി ഒര് ഒന്നൊന്നര ബസ്. ഇടക്ക് അതിൽ ഊഞ്ഞാലും കെട്ടിയാടും.
ചുരുക്കത്തിൽ പർങ്കൂച്ചി വിട്ട് ഒരു കളിക്കും ഞാനന്ന് തയ്യാറല്ലായിരുന്നു.
അണ്ടിക്കാലം വന്നാൽ അണ്ടി പെറുക്കുന്നതിലപ്പുറം പർങ്കെയ്ങ്ങ തിന്നാന്നലാണ് കാര്യമായ പണി. ആ കാലത്ത് അണ്ടി തമ്പോ ഗോട്ടി കളിയോ കളിച്ച് പരിചയമില്ലാത്തതിനാലും അണ്ടി കട്ട് വിറ്റ് പൈസ ഉണ്ടാക്കുന്ന രീതി പരിചയമില്ലാത്തതിനാലുമാവണം അണ്ടി ഒക്കെ കൃത്യമായി എത്തേണ്ടിടത്ത് തന്നെ എത്തും.
എന്നെ പോലെ തന്നെ ഉപ്പാക്കും എളാപ്പാക്കും പറങ്കി മാങ്ങ നല്ല ഇഷ്ടമാണ്. അതിനാൽ ഏറ്റവും നല്ലത് എടുത്ത് അവർക്ക് കൊണ്ട് കൊടുക്കും. പിന്നെ ഞാനും തിന്നും.
ആകെ ഉള്ള ഒരു പറങ്കി മാവിൽ നിന്ന് കിട്ടുന്ന അണ്ടി വിൽക്കാനൊന്നും ഉണ്ടാവില്ല എന്നതിനാൽ അത് ചുട്ടെടുത്ത് വീട്ടിൽ അണ്ടി പുട്ട് ഉണ്ടാക്കാറാണ് പതിവ്.
പിന്നീട് ആ പറങ്കി മാവിന്റെ കാലശേഷം മറ്റൊന്ന് വളർന്ന് വന്നെങ്കിലും അതിന് അധികമൊന്നും ആയുസ്സുണ്ടായില്ല. ഇപ്പൊ ഒരു പറങ്കിമാങ്ങ കിട്ടാൻ എത്രകാലം കാത്തിരിക്കണമെന്ന് ആർക്കറിയാം....!
ആ കാലത്ത് നമ്മൾ തൊടിയിൽ ഓടി നടന്ന് കണ്ട മരത്തിലെല്ലാം കയറി ആഘോഷിച്ച പോലെ ഇന്നത്തെ മക്കൾക്ക് അതിനുള്ളൊരു സൗകര്യം ഇല്ലല്ലോ എന്നോർത്ത് വിലപിക്കുകയാണിപ്പോൾ.
-------------------------------------
🖊 ഉസാമ അഹമ്മദ് PK
No comments:
Post a Comment