ഒരു കാലത്ത് പറപ്പുകടവത്ത് തറവാട്ടിൽ പർങ്കുച്ചിയും പർങ്ക്യാങ്ങയും സുലഭമായിരുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് പൂത്തുലഞ്ഞു നിൽകുന്ന വൻ പർങ്കുച്ചി മരങ്ങൾ. ഞങ്ങൾ ഓരോ മരത്തിനും വ്യത്യസ്ത പേരുകളാണ് കൊടുത്തിരുന്നത്. പേരു പോലെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായ അണ്ടിയും പർങ്കിമാങ്ങയും ആണ് കിട്ടിയിരുന്നത്. വ്യത്യസ്ത നിറത്തിലുള്ള പർങ്ക്യാങ്ങ ഓരോന്നിനും വ്യത്യസ്ത രുചികളുമായിരുന്നു. എല്ലാ മരങ്ങളും നട്ട് വളർത്തിയത് വലിയുപ്പയായിരുന്നു. ഉമ്മാന്റെ വീട്ടിൽ വിരുന്ന് വരുന്ന ഞങ്ങൾക്ക് ഏറ്റവും സന്തോഷമായ കാര്യമാണ് അണ്ടിക്കാലം. രാവിലെ വലിയ തോട്ടിയും ചാക്കും ബക്കറ്റും എടുത്ത് അമ്മാവൻമാരുടെ കൂടെ ഞങ്ങളും ഇറങ്ങും. ബഷീർക്കയും കരീംക്കയുമാണ് മരത്തിൽ കയറൽ മറ്റുള്ളവരും ഉണ്ടാകും. ആദ്യം അവർ മരത്തിൽ കയറി ഓരോ കൊമ്പുകളും ഒന്നൊന്നായി മെല്ലെ ഒന്നു കുലുക്കും. പൂത്തുലഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും മഴ പെയ്യുന്ന മാതിരി കശുമാങ്ങ താഴേക്ക് പതിക്കും, അത് കഴിഞ്ഞ് പിന്നെ തോട്ടി കൊണ്ട് പറിക്കാനുളളത് പറിക്കും. പറങ്കുച്ചിക്ക് താഴെ നിന്ന് മുകളിലേക്ക് നോക്കി നിൽകുന്ന ഞങ്ങളോട് പെറുക്കാൻ പറയും. പിന്നെ ഒരു ആവേശമാണ്. അതിവേഗതയിൽ ഞങ്ങൾ അത് എല്ലാം പെറുക്കി വലിയ ഒരു കൂമ്പാരമാക്കും.വീണ അണ്ടി എല്ലാം പെറുകി കഴിഞ്ഞാൽ എല്ലാവരും കൂടി ഒന്നിച്ചിരുന്ന്(അറബികൾ ഭക്ഷണം കഴികുന്ന മാതിരി) അണ്ടി ഇരിയാൻ തുടങ്ങും. ഇരിയുമ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ട പർങ്ക്യാങ്ങ ഞങ്ങൾ മാറ്റി വെച്ചിട്ടുണ്ടാവും.അപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള(പള്ളീകത്തൽ) ഭക്ഷണം വലിയുമ്മ തൊടുവിലേക്ക് കൊടുത്തയച്ചു കാണും. അതും കഴിച്ച് കുറച്ച് വിശ്രമവും കഴിഞ്ഞ് ഇരിഞ്ഞു കഴിഞ്ഞ അണ്ടിയുമായി ഞങ്ങൾ അടുത്ത മരം ലക്ഷ്യമാക്കി നീങ്ങും.പെറുക്കി കിട്ടിയ കിലോ കണക്കിന് അണ്ടിയുമായി ഞങ്ങൾ വീട്ടിലെത്തും. എന്നിട്ട് തറവാട്ടിലെ എട്ച്ചേപ്പിൽ വലിയുപ്പ ഉണ്ടാക്കിയ വലിയ ഒരു മരത്തിന്റെ പെട്ടി ഉണ്ട് അതെല്ലാം അതിൽ നിക്ഷേപിക്കും.പെട്ടി നിറയുമ്പോൾ ആണ് ഞങ്ങൾക്ക് വല്യപെരുന്നാൾ. നിറഞ്ഞ പെട്ടിയിലെ അണ്ടി വിൽക്കുന്ന ദിവസം എല്ലാവരും കൂടി ചാക്കിലാക്കി അമ്മോൻമാരും വലിയുപ്പയും കൊടുവായൂർ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കും. അയ്യപ്പൻ ചേട്ടന്റെ കടയിലും കള്ളിക്കാട്ടെ കടയിലും ആണ് അന്നൊക്കെ അണ്ടി എടുത്തിരുന്നത്.അണ്ടിയെല്ലാം വിറ്റ് വലിയുപ്പ മിഠായിയും പലഹാരമൊക്കെയായി രാത്രി വീട്ടിൽ എത്തും അതെല്ലാം സന്തോഷത്തോടെ തിന്ന് ഞങ്ങൾ അവസാനത്തെ ഇനമായ പൈസ വീതം വെക്കലിനു കാത്തിരിക്കും. ഇതറിയുന്ന വലിയുപ്പ ചിലപ്പാേൾ മന:പൂർവം ഞങ്ങളെ നിരാശരാകാൻ പൈസ ഇല്ലന്നും അയ്യപ്പൻ തന്നിട്ടില്ലെന്നും പറഞ്ഞ് മേലെ കിടക്കാൻ പോവും. ഇത് കേൾക്കുന്ന ഞങ്ങൾ കുരങ്ങൻ ഇഞ്ചി കടിച്ച മാതിരി നിൽകുമ്പോൾ വലിയുമ്മ വന്ന് സമാധാനിപ്പിച്ച് വല്യുപ്പാനോട് പറയും"അയ്റ്റങ്ങൾക്ക് ഇളളത് അങ്ങട് കൊടുത്താളി" ഇതു കേൾക്കുമ്പോൾ വല്യുപ്പ ചിരിച്ച് കൊണ്ട് ഞങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള ഓഹരി തരും എന്നിട്ട് പറയും,"കൂടുതൽ പെർക്ക്ണോൽക്ക് കൂടുതൽ പൈസ". ഇതായിരുന്നു വല്യുപ്പാന്റെ നയം. അപ്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതിനു പകരമാവാൻ ഇന്നേവരെ വാങ്ങിയ മറ്റൊരു സാലറിക്കും കഴിഞ്ഞിട്ടില്ല. കിന്റൽ കണകിന് അണ്ടി കിട്ടിയ സ്ഥലത്ത് ഇന്ന് ഒരു പർങ്കൂച്ചിയും ഇല്ല പേരിന് ഒരണ്ടി പോലും ഇല്ല.ആ ഓർമകൾ മാത്രം ബാക്കി.
-----------------------------------------------------------------------------
🖊 ഷമീം കെ
No comments:
Post a Comment