Saturday, 17 March 2018

കശുമാങ്ങയും കശുവണ്ടിയും പോഷക കലവറ


നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ഒരു വൃക്ഷമാണ് കശുമാവ്. പഴയ തലമുറയിലുള്ളവര്‍ കശുമാവും പ്ളാവും മാവും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നെങ്കിലും പുതിയ തലമുറ ഇതിനൊന്നും മെനക്കെടാറില്ല എന്നതാണ് സത്യം. അവര്‍ക്ക് ‘ഫല’മില്ലാത്ത ഓര്‍ക്കിഡും അക്കേഷ്യയുമൊക്കെ വളര്‍ത്താനാണ് താല്‍പര്യം. പോഷക സമൃദ്ധമായ ഫലമാണ് കശുമാങ്ങ. പറങ്കിമാങ്ങ എന്ന പേരിലും അറിയപ്പെടുന്ന ഈ ഫലം പോര്‍ച്ചുഗീസുകാരാണ് മലയാളികളെ പരിചയപ്പെടുത്തിയത്.( പറങ്കികൾ പരിചയപ്പെടുത്തിയത് കൊണ്ടാവാം പറങ്കിമാങ്ങ എന്ന പേരു ലഭിച്ചത് ) തെക്കേ  അമേരിക്കയിലെ ബ്രസീലിലാണ് ഇത് ജന്മമെടുത്തത്. ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ കാണുന്നത് കേരളം, ഗോവ, ബംഗാള്‍ എന്നിവിടങ്ങളിലാണ്.മാവ് ‘മൂച്ചി’ എന്ന് അറിയപ്പെടുന്നതിനാല്‍ ‘പറങ്കിമൂച്ചി’യെന്നും ഇതിന് പേരുണ്ട്.
നമ്മുടെ നാട്ടിൽ പറങ്കൂച്ചി എന്നാണ് അറിയപ്പെടുന്നത്,  കപ്പല്‍വഴി വിദേശത്തു നിന്ന് വന്നതുകൊണ്ടാവാം ചിലയിടങ്ങളിൽ കപ്പല്‍ മാങ്ങയെന്നും അറിയപ്പെടുന്നു.  പൊതുവെ ഇതിന്റെ തടി കുറുകിയ രീതിയിലാണ് കാണപ്പെടുന്നത്. 10-12 മീറ്ററില്‍ കൂടുതല്‍ വളരാറില്ല. ഇലക്ക് ഓവല്‍ ആകൃതിയാണുള്ളത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇതിനുള്ളത്. ചിലപ്പോള്‍ ഇതിന്റെ ഇതളുകളില്‍ പിങ്ക് നിറത്തിലുള്ള വരകളുണ്ടാവും. വൃക്കയുടെ ആകൃതിയാണ് കശുവണ്ടിക്കുള്ളത്.
 പോഷകപരമായി നോക്കുകയാണെങ്കില്‍ രണ്ടും (കശുമാങ്ങയും, കശുവണ്ടിയും) പ്രയോജനകരമാണ്. കശുമാവിന്റെ ഇലകള്‍, മരതൊലി, പഴം, കറ എന്നിവ ഒൗഷധമാണ്. കൂടുതല്‍ നീരും കുറച്ച് ചണ്ടിയുമാണ് കശുമാങ്ങയിലുള്ളത്. സാധാരണ പറമ്പില്‍ നിന്ന് കശുവണ്ടിയെടുത്തിട്ട് കശുമാങ്ങ വലിച്ചെറിഞ്ഞു കളയുന്ന പതിവാണ് നമുക്കുള്ളത്. കുട്ടികളാരെങ്കിലും എടുത്ത് തിന്നാല്‍ അവരെ വിലക്കാനും മുതിർന്നവർ മടിക്കില്ല. തൊണ്ട കാറുമെന്നും മറ്റും ഭയപ്പെടുത്തിയാണ് ഈ വിലക്ക്.
എന്നാല്‍ നാം ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുമ്പോലെ ചെന്നൈ, ബാംഗ്ലൂർ, മുംബൈ  എന്നിങ്ങനെയുള്ള നഗരങ്ങളിൽ കശുമാമ്പഴം തെരുവുകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതു കാണാം. പഞ്ചസാരയും , മാംസ്യം,  കൊഴുപ്പ്,  ധാതുലവണങ്ങള്‍,  അന്നജം, കരോട്ടിന്‍, ടാനിന്‍ എന്നിവയും കശുമാങ്ങയിലുണ്ട്, പഴുക്കാത്തവ തിന്നാൽ ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടാക്കുന്നതായി കാണാറുണ്ട്.വിറ്റമിന്‍-സി ഏറെ അടങ്ങിയിരിക്കുന്ന ഈ പഴത്തിന്റെ നീര് ഛര്‍ദ്ദിക്കും അതിസാരത്തിനും ശമനം ലഭിക്കാനും ഉതകുന്നതാണ്. ചൂടു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കശുമാങ്ങ ഫലപ്രദമാണ്.  കശുമാമ്പഴം സ്ക്വാഷ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്.കശുവണ്ടിയുടെ പുറത്തെ പാട മാറ്റി ഉണക്കി വറുത്ത് കഴിച്ചാല്‍ പോഷക ആഹാരമാണ്. കശുമാവിന്റെ തടിയില്‍ നിന്നുള്ള കറ നല്ല ഒരു കീടനാശിനിയുമാണ്.
--------------------------------------------------------------------
🖊 ലിയാക്കത്ത്  ഇ. കെ

No comments:

Post a Comment