എനിക്ക് ഓർമ്മ വെച്ച കാലം 1964-65ലാണെന്ന് തോന്നുന്നു കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാമിന്റെ കീഴിൽ വൈലിത്തറയുടെ വയള് നമ്മുടെ മദ്രസ്സ വളപ്പിൽ (അന്ന് ആ വളപ്പിൽ പഴയ മദ്രസ്സ ബിൽഡിങ്ങും ആ പഴയ സ്ക്കൂൾ ബിൽഡിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളു) നടന്നത്. അന്ന് കരണ്ട് ഒന്നും എത്തിയിട്ടില്ല. കുന്തംകല്ല് നിറഞ്ഞ റോഡും. എന്നാൽ ധാരാളം ആളുകൾ വയള് കേൾക്കാൻ ഉണ്ടായിരുന്നു. അന്ന് കുറ്റൂരിലെ പള്ളിയും ചെറുതായിരുന്നു. ഇന്ന് നിൽക്കുന്ന കിണറിൽ നിന്ന് പനയുടെ പാത്തി യിൽ കൂടിയായിരുന്നു ഹൗളിലേക്ക് മർഹൂം ഹജ്ജുമ്മാന്റ മയമാക്ക വെള്ളം കോരി ഒഴിച്ചിരുന്നത്. ആ കാരണത്താൽ അന്ന് അദ്ദേഹത്തെ വെള്ളം കോരി മയമാക്ക എന്നും പേര് വിളിച്ചിരുന്നു. പിന്നെ പള്ളി വിപുലീകരണത്തിന് വേണ്ടി സൈദ് മുഹമ്മദ് നിസാമി തുടർച്ചയായി രണ്ട് മൂന്ന് പ്രാവശ്യം വയള് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വയള് വേറിട്ട ഒരു ശൈലിയായത് കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്ന് പോസ്റ്റർ ഒട്ടിച്ചത് ഇന്നും ഞാനോർക്കുന്നു, "സൈദ് മുഹമ്മദ് നിസാമി വീണ്ടും കുറ്റൂർ നോർത്തിൽ " എന്ന തലക്കെട്ടായിരുന്നു നോട്ടീസിന്. ചൂട്ട് മിന്നിയും സുറൂക്കുറ്റി കത്തിച്ചും ബാറ്ററി ടോർച്ചുമായും അച്ചനമ്പലം ,പടപ്പറമ്പ്, പാക്കടപ്പുറായ, കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം, എടക്കാപറമ്പ്, മേമാട്ട്പാറ മുതലായ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകൾ വന്നത് ഓർമ്മയിലുണ്ട്. അതിന്റെ അണിയറ ശില്പികളായ മരണപ്പെട്ടു പോയ നമ്മുടെ എല്ലാ കാരണവന്മാർക്കും അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
---------------------------------------------------------------
മമ്മുദു അരീക്കൻ
No comments:
Post a Comment