ഉമ്മ തല്ലുമെന്ന് പേടിച്ച് മഗ് രിബു മുതൽ ഇശാ വരെ മുസ്ഹഫ് എടുത്തു വെച്ച് ഓതി. സ്കൂളിലേ തൊന്നും തുറന്നു നോക്കാറേയില്ല.
കുഞ്ഞമ്മത്തി വെള്ളം വറ്റിച്ചതും ചോറും ബെയ്ച്ച് കീറപ്പായയും നിവർത്തി കിടക്കാനുള്ള പരിപാടിയായിരുന്നു.
പുറത്തൊരു വെളിച്ചം .......
ചൂട്ടാണല്ലോ ....!
ആരാത്....? ഉമ്മ പുറത്തേക്കിറങ്ങി.
ആ..... ജ്ജാ ....?
അദ്രാമാൻ ഒറങ്ങ്യാ.......?
ൻറെ സൈദാണല്ലോ.....
ചാടിയെണീറ്റ് പുറത്തിറങ്ങി. ന്ത്യേ?
കക്കാടംപുറത്ത് ബയള്ണ്ട്.
മ്മാ ഞാൻ പോട്ടെ......
ങ്ങും: മണ്ടിക്കൾച്ചര്ത് ട്ടാ..... ഒരു താക്കീതോടെ സമ്മതം കിട്ടി.
ന്റെ സൈദിന്റെ ചൂട്ട് വീണ്ടും പ്രകാശിച്ചു.
റോഡിലേക്ക് കയറിയപ്പോൾ സ്ത്രീകളും കുട്ടികളുമൊക്കെ പടിഞ്ഞാറോട്ട് പോകുന്നു.
കാല് ബെച്ച് കുത്ത് ണത് നോക്കി നടന്നോ..... ന്റെ സൈദിന്റെ മുന്നറിയിപ്പ്.
കക്കാടം പുറത്തെത്തിയത് അറിഞ്ഞില്ല.
പാട്ട് തുടങ്ങിയിട്ടേയുള്ളൂ,
ബെഞ്ചുകൾ കാലിയായി കിടക്കുന്നു. ആളുകൾ അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കുന്നു. ചെറിയ താൽക്കാലിക കച്ചവടക്കാർ ധാരാളം ! കടല, ഗോതമ്പ് കൊണ്ടുള്ള പായസം (കറി), ചുക്ക് കാപ്പി തുടങ്ങിയവയാണ് താൽക്കാലിക കച്ചവടക്കാരുടെ മുഖ്യ യിനം -
സൈദേ കടലക്കക്ക് കായീണ്ടാ?
5 പൈസക്ക് ൻറെ സൈദ് കടല വാങ്ങി. മദ്രസ്സക്ക് മുന്നിലെ പാറപ്പുറത്തിരുന്നു.
വലിയ വരും കുട്ടികളും മാറി മാറി പാടുന്നു.
മൗലായ തുടങ്ങി, മോല്യേര് വരാത്തതു് കൊണ്ടാകാം മൗലായ നീണ്ടു. ചൊല്ലുന്നവർ ക്ഷീണിച്ചത് കൊണ്ടാവാം ചൊല്ലുന്നതിന്റെ താളവും രീതിയുമൊക്കെ മാറി.
നല്ല നിലാവ്. ഉറക്കച്ചടവു കൊണ്ടാകാം, നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണുകൾ ചിമ്മിത്തുറക്കുന്നു.
മഞ്ഞുള്ളതിനാൽ നേരിയ തണുപ്പുണ്ട്. ഞങ്ങൾ രണ്ട് പേരും വെറുതെ പാറപ്പുറത്ത് കിടന്നു. ഉറക്കിന്റെ തലോടൽ ആസ്വദിച്ച് കൊണ്ട് കണ്ണുകൾ താനേ അടഞ്ഞു.
ആരോ തട്ടിയുണർത്തിയപ്പോൾ സടകുടഞ്ഞെഴുന്നേറ്റിരുന്നു. അപ്പോഴും ബെഞ്ചുകൾ കാലിതന്നെ. പക്ഷേ മൗലായ ചൊല്ലിയ ആളുകൾ മോല്യേര് വരാത്തത് കൊണ്ടാണെന്ന് തോന്നുന്നു നിർത്തി പോയിരിക്കുന്നു.
സൈദേ ബയ്ള് എപ്പളാ തൊടങ്ങാ?
ഇപ്പ തൊടങ്ങും .......
കടലക്ക വിറ്റ കുട്ടികളെയൊന്നും കാണുന്നില്ല.
എന്താടാ മണി മൂന്നാ കാനായി, പൊരീ പോണില്ലേടാ .......?
ഞങ്ങൾ ഉടനെ കിഴക്കോട്ട് പോന്നു.
പൊരീലെത്തീപ്പൊ മ്മ ചോദിച്ചു, ബയള് ഉസാറുണ്ടെയ്നാ......?
മോല്യര് മന്നില്ല !!
-----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment