Wednesday, 28 March 2018

അണ്ടിത്തമ്പ്


മുറ്റത്ത് നിന്ന് മേലേപറമ്പിലേക്ക് നോക്കി, വലിയ പറുങ്കുച്ചി നിറയെ ചുവന്ന നിറത്തിലുള്ള പറങ്കിമാങ്ങകൾ! വേലിക്കരികിൽ ചെന്ന് ഒന്ന് എത്തി നോക്കി. ധാരാളം അണ്ടീം പറങ്കിമാങ്ങയും വീണ് കിടക്കുന്നു! നല്ല വിശപ്പുണ്ട്. കുറച്ച് കിട്ടിയിരുന്നങ്കിൽ! മുമ്പേ ഉണ്ടാക്കി വെച്ചിരുന്ന കൊക്കയുള്ള ഇല്ലിക്കോല് തപ്പിയെടുത്തു .വേലിയുടെ വിടവിലൂടെ ഓരോരോ പറങ്കിമാങ്ങയിൽ കൊക്ക അമർത്തി. പത്തിരുപത് അണ്ടീം പറങ്കിമാങ്ങയും കിട്ടി. ഉമ്മ കാണാതെ അണ്ടിയിരിഞ്ഞ് മടിയിൽ വെച്ചു. വയറു നിറയെ പാവങ്ങളുടെ ആപ്പിളായ(അക്കാലത്ത് ) പറങ്കിമാങ്ങ തിന്നു. പഴുപ്പ് കുറഞ്ഞത് ഉപ്പു കൂട്ടിത്തിന്നു. ഉച്ചക്കഞ്ഞി കലത്തിൽ കിടന്ന് വേവുന്നു ....... അടുപ്പിൽ തീ നല്ല പോലെ കത്തുന്നു. മൂന്ന് അണ്ടിയെടുത്ത് തീയിലേക്കിട്ടു അൽപം ദൂരെ മാറി നിന്നു. അടുപ്പിൽ നിന്നും അണ്ടി തൂറ്റുന്ന ശബ്ദം കേട്ടാകണം ഉമ്മ വടിയുമായി വന്ന് എന്നെ ഓടിച്ചു. ഓട്ടം നിർത്തി അൽപം മാറി നിന്നു. എത്രണാ അടുപ്പിലിട്ടത്?മൂന്ന്...... അടുപ്പിലിട്ടത് കരിയാതെ തന്നെ കിട്ടി. നല്ല രുചിയുള്ള അണ്ടി. എത്ര തിന്നാലും മതിവരാത്തത്! നേരം വൈകുന്നേരമായി. നാലണയും പാളയുമായി ഉമ്മ വന്നു. മീൻ കൊണ്ടെരേ........ പെട്ടെന്ന് തന്നെ മിനുമായി വന്നു. അപ്പോഴാണ് കൂളാൻ മുഹമ്മത് വരണത്. കൾച്ചാണ്ടാ? ആ എന്ന് പറഞ്ഞ് റോഡിലേക്ക് പോയി. മടിയിലുണ്ടായിരുന്ന അണ്ടികളിൽ നിന്ന് ഒന്ന് പുറത്തെടുത്തു. അണ്ടിത്തമ്പ്കളി തുടങ്ങി. ഞാനൂണ്ട് ........ തിരിഞ്ഞ് നോക്കിയപ്പോൾ ൻറെ സൈദ്. മൂത്താപ്പാടെ പോയി വരുന്ന ൻറെ സൈദിന്റെ മടിയിൽ നിറയെ വലിയ വലിയ അണ്ടികൾ! മൂന്നു് പേരും കളി തുടങ്ങി. ൻറെ സൈദിന് നിർഭാഗ്യമുള്ള ദിവസമായിരുന്നു അത്. ൻറെ സൈദിന്റെ അണ്ടികളെല്ലാം ഞങ്ങൾക്ക് രണ്ട് പേർക്കും കിട്ടി. ൻറെ സൈദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു് തുടുത്തു. ൻറെ സൈദ് തുണി മുറുക്കി മടക്കിക്കുത്തി. എന്റെ മടിയിലുണ്ടായിരുന്ന അണ്ടികളെല്ലാം തട്ടിപ്പറിച്ച് അവനോടി , ഞാനും മുഹമ്മദും കൂടി പിടിച്ച് കുറേ അണ്ടികൾ തിരിച്ച് വാങ്ങി. താഴെ ചിതറിക്കിടക്കുന്ന അണ്ടി പെറുക്കുന്നതിനിടയിൽ ദേഷ്യം സഹിക്കാഞ്ഞിട്ടാകണം, രണ്ട് പേരുടെയും നടുപ്പുറത്ത് ഇടിച്ച് ൻറെ സൈദ് ഓടി.
ഓനെ അങ്ങനെ വിട്ടാൽ പറ്റില്ല..... മുഹമ്മദിന്റെ അഭിപ്രായത്തോട് ഞാനും യോചിച്ചു. പടിഞ്ഞാറോട്ട് നടന്നു. തട്ടിപ്പറിച്ച അണ്ടികൾ തിരിച്ച് വാങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചു. KTമാഷിന്റെ സ്വന്തം പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോൾ കുഴച്ച മണ്ണ് കൊണ്ട് ൻറെ സൈദ് ഞങ്ങളെ രണ്ട് പേരെയും എറിഞ്ഞു. മേലാസകലം കുഴച്ച മണ്ണ്.
ആ മണ്ണിന് മൂത്രത്തിന്റെ മണമുണ്ടായിരുന്നു!
------------------------------------------------------------
🖊 എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment