Thursday, 1 March 2018

ഹസ്റത്ത് ഹാജി ബാവ കുറ്റൂർ നോർത്തിൽ


114 വയസ്സുള്ള ഹാജി ബാവ , നജാത്തുസ്വിബിയാൻ സംഘത്തിന് കീഴിലുള്ള  ഹുജ്ജത്തൽ ഇസ്ലാം മദ്രസ്സയിൽ തുടർച്ചയായി 5 ദിവസം മതപ്രഭാഷണം നടത്തുന്നു!
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു.
114 വയസ്സുള്ള വൃദ്ധൻ വഅള് പറയേ.......?
സകല ചായക്കടയിലും കുന്നുംപുറം ചന്തയിലും ചേളാരി ചന്തയിലും വേങ്ങര ചന്തയിലും കൊടുവായൂരങ്ങാടിയിലും എന്തിന് പറയണ് നാലാൾ കൂടുന്നിടത്തൊക്കെ ചർച്ച 114 കാരന്റെ വഅള് തന്നെ!
മർഹും അരിക്കൻ അബ്ദുറഹ് മാൻ (ഡോ :ശാനിഫയുടെ പിതാവ്) കാക്കാന്റെ വീട്ടിലായിരുന്നു താമസം ഏർപ്പാട് ചെയ്തിരുന്നത്.
കാത്തിരുന്ന ദിവസം വന്നെത്തി. 114 കാരൻ ഹസ്റത്ത് ഹാജി ബാവ കുറ്റൂരിലെത്തി.അരോഗദൃഡഗാത്രനായ ഒരു ആറടി ഉയരമുള്ള വെള്ളത്താടിക്കാരൻ!
സ്റ്റേജിലേക്ക് കയറാൻ വീൽചെയർ സംഘാടകർ കരുതിയിരുന്നെങ്കിലും സഹസ്രങ്ങളായ ശ്രോതാക്കളെ മുഴുവൻ അൽഭുതപ്പെടുത്തിക്കൊണ്ട് 114 കാരൻ സ്റ്റേജിലേക്ക് ഓടിക്കയറി.
ഹസ്റത്ത് ഹാജി ബാവയുടെ കൂടെ മറ്റൊരു മുസ്ല്യാർ ഉണ്ടായിരുന്നു. അയാളാണ് രണ്ട് മണിക്കൂർ വഅള് പറഞ്ഞത്.
പിന്നെ ലേലം, ബക്കറ്റ് പിരിവ് ! സംഭാവനകൾ !! 
പിന്നീട് ഹാജി ബാവയുടെ ദുആ .......
ശ്രോതാക്കൾ സായൂജ്യമടഞ്ഞു.
അഞ്ചു ദിവസവും ഇതുതന്നെ ആവർത്തിച്ചു.
ആദ്യദിവസം 24 അംഗ കമ്മറ്റിയെ വിളിച്ച് താൻ താമസിക്കുന്നിടത്തേക്ക് വരണമെന്ന് നിർബന്ധിച്ചു. ആദ്യം പ്രസിഡണ്ടിനെ വിളിച്ചു. നിങ്ങളൊരു 5 ലക്ഷം മദ്രസ്സക്ക് കൊടുക്കണമെന്ന് പറഞ്ഞു . പ്രസിഡണ്ട് ആകെ വിയർത്തു. പിന്നെ സെക്രട്ടറി - താങ്കൾ നാല് ലക്ഷം!
വൈസ് പ്രസിണ്ടണ്ട മാർ, ട്രഷറർ, മെമ്പർമാർ ........ 
39 ലക്ഷം രൂപ അക്കാലത്ത് അവിടെ പിരിഞ്ഞു!
ഹാജി പോകുന്ന ദിവസം പറഞ്ഞു; ഞാൻ അൻപത് ലക്ഷത്തിലധികം കാശ് പിരിച്ചു തന്നു. എനിക്ക് നല്ല ഒരു തുക തരണം . കമ്മറ്റി ഭാരവാഹികളെ വീണ്ടും വിയർപ്പിച്ച് കൊണ്ട് 114 വയസ്സുള്ള ഹസ്റത്ത് ഹാജി ബാവ യാത്രയായി.
കമ്മറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തു -
ഹാജി ബാവ എഴുതിച്ചത് വേണ്ട, നമുക്ക് വേറെ എഴുതാം!!
-------------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment