~~~~~~~~~~~~~~~~~~
ഇത് മുഫീദ.
ബാല്യ കാല സ്വപ്നങ്ങൾക്ക് തടയിടേണ്ടി വന്നവൾ! തൊട്ടടുത്ത പറമ്പിലെ പച്ചപ്പ് ആസ്വദിച്ചു കൊണ്ട് വീടിന്റെ ഉമ്മറത്തിരുന്നപ്പോൾ അവളുടെ ഭൂതകാല ഓർമകൾ മനസ്സിൽ മിന്നിതിളങ്ങാൻ തുടങ്ങി .
4 വർഷം മുമ്പാണവൾ വിവാഹിതയായത്.
ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി തന്റെ സമ്മതം പോലും ചോദിക്കാതെ വല്ലിപ്പ അവളുടെ നിക്കാഹിന് മുന്നിട്ടിറങ്ങി.വാപ്പ ഇല്ലാത്ത കുട്ടി ആയത് കൊണ്ടും വീട്ടിലെ മുതിർന്ന കുട്ടി ആയത് കൊണ്ടും തന്റെ പതിനെട്ടാം വയസ്സിൽ അവൾ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.
പഠിക്കണം എന്ന മോഹം പലതവണ പറഞ്ഞപ്പോൾ സമ്മതം മൂളിയ ഉമ്മ പിന്നീടത് വേണ്ട എന്ന് തന്നെ വെച്ചു,കാരണം
അടുത്ത വീട്ടിലെ പയ്യനോട് ഇവൾക്കുണ്ടായിരുന്ന ബന്ധം തന്നെ. വളരെ നല്ല ഒരു പയ്യനായിട്ടും ചില രാഷ്ട്രീയ വൈരാഗ്യങ്ങൾ ഉള്ളത് കാരണം തന്റെ പേരകുട്ടിയെ ആ വീട്ടിലേക്ക് വിവാഹം ചെയ്ത് കൊടുക്കില്ല എന്ന് വലിപ്പ ദൃഢ നിശ്ചയം ചെയ്തു, ഉടൻ തന്നെ മറ്റ് വിവാഹാലോചനകൾ ക്ഷണിക്കുകയും ചെയ്തു.
അവളുടെ പിതാവ് നാട്ടിൽ അറിയപ്പെട്ട പ്രമാണിയും പ്രവാസിയുമായിരുന്നു.ഏകദേശം 9 വർഷം വർഷം മുമ്പാണദ്ദേഹം മരണപ്പെട്ടത്. വിദേശത്തായിരുന്ന അദ്ദേഹത്തിന് ഒരു ആക്സിഡന്റ് സംഭവിക്കുകയും തൽക്ഷണം മരണമടയുകയും ചെയ്തു.അന്നവൾക്ക് പതിമൂന്ന് വയസ്സായിരുന്നു പ്രായം.
അതിൽ പിന്നെ ഉമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന ചെറുകുടുംബത്തിന്റെ മേൽനോട്ടം വല്ലിപ്പയുടെ കൈകളിൽ എത്തിച്ചേർന്നു.
ദുഖങ്ങളും സങ്കടങ്ങളും നിറഞ്ഞ തന്റെ ജീവിതം ആദ്യരാത്രി തന്നെ തന്റെ ഭർത്താവിനോടവൾ തുറന്നു പറഞ്ഞു.അന്നാണവർ പരസ്പരം മുഖത്ത് നോക്കുന്നതും സംസാരിക്കുന്നതും.
ഭാര്യയുടെ മുൻകാല ചരിത്രങ്ങൾ ഇഷ്ടപ്പെടാത്തത് കൊണ്ടോ എന്തോ അയാളുടെ മനസ്സിൽ ഒരു പുച്ഛം!പോരാത്തതിന് അവർ തമ്മിൽ പതിനൊന്ന് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടെന്ന് അയാൾ അറിയുന്നതും അപ്പോഴായിരുന്നു.അവളുടെ ചെറിയ ശരീരവും തുറന്ന മനസ്സും ഒന്നും അയാൾക്ക് തീരെ പിടിച്ചില്ല. എങ്കിലും മനമില്ലാ മനസ്സോടെ അയാൾ ആ ജീവിതത്തിനു തിരി കൊളുത്തി.
എന്നാൽ അദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ നാൾക്കുനാൾ കഴിയുന്തോറും അവൾക്ക് മനസ്സിലാകാൻ തുടങ്ങി.അയാളിൽ നിന്നും ഒരു പ്രത്യേക അകൽച്ച അവൾക്ക് അനുഭവപ്പെട്ടു.അവളെ കൂടെ കൊണ്ട് നടത്താൻ പോലും അയാൾക്ക് മടിപ്പ് തോന്നിത്തുടങ്ങി.
കാലചക്രം മുന്നോട്ട് കുതിച്ചു പാഞ്ഞു.ഒന്നാം വിവാഹ വാർഷികം കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടപ്പോൾ അവളിൽ ക്ഷീണവും ഛർദ്ദിയുമൊക്കെ പ്രത്യക്ഷപ്പെട്ടു.
അതെ, അവൾ ഗർഭിണിയായിരിക്കുന്നു.ജീവിതത്തിൽ ഏതൊരു ഭാര്യയ്ക്കും ഉണ്ടാകുന്ന സന്തോഷം അവളിലും അല തല്ലി.
ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടവൾ കാത്തിരുന്നു - തന്റെ ആദ്യത്തെ കണ്മണിയെ കാണാൻ.
മാസങ്ങൾ പിന്നിട്ടു .ഡോക്ടർ നിർദ്ദേശിച്ച ദിവസം വന്നെത്തി.കുടുംബത്തോടൊപ്പം
ഹോസ്പിറ്റലിൽ എത്തിയ അവളെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു .ബാക്കിയുള്ളവർ അക്ഷമരായി പുറത്ത് കാത്തിരുന്നു.ഏതാനും മിനുട്ടുകൾ പിന്നിട്ടു,തൊണ്ട പൊട്ടുന്ന ശബ്ദത്തിലവളെ കരയിച്ചു കൊണ്ട് അവൻ ഭൂമിയിലേക്ക് പിറന്ന് വീണു ,സുന്ദരനായ ഒരാൺ കുട്ടി.
എല്ലാവർക്കും സന്തോഷമായി.ഭർത്താവിന് അതിലേറെ സന്തോഷം.അതോടെ അദ്ദേഹം തന്റെ ഭാര്യയേക്കാളേറെ മകനെ സ്നേഹിക്കാൻ തുടങ്ങി.
കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് പലപ്പോഴും രാത്രി ഡ്യൂട്ടി ആയിരുന്നു ലഭിച്ചിരുന്നത്.തന്റെ ഭാര്യയുടെ കൂടെ ഒന്ന് ഇരിക്കാനോ സന്തോഷത്തോടെ ഒന്ന് നോക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.ജോലിത്തിരക്കോ അവളോടുള്ള വെറുപ്പോ കാരണം ആയാളതിന്ന് മുതിർന്നതുമില്ല.
പക്ഷെ ഇതെല്ലാം തന്റെ ഭാര്യയിൽ വിഷമത്തിന്റെ വിത്തുകൾ വിതറുന്നുണ്ടെന്ന കാര്യം അയാൾ പാടെ മറന്നു പോയി.
തന്റെ പ്രിയതമനിൽ നിന്നും ലഭിക്കേണ്ട പരിഗണനയും സ്നേഹവും അവൾക്ക് അന്യമായി കൊണ്ടിരുന്നു. അതവളിൽ വെറുപ്പിന്റെ വേരോട്ടത്തിന് വഴി തെളിയിച്ചു.എന്നാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കവൾ ഇഷ്ടപ്പെട്ട മരുമകൾ ആയിരുന്നു. അതിനാൽ തന്നെ അവൾക്ക് വേണ്ടതെന്തും അവർ വാങ്ങി കൊടുത്തു.
എങ്കിലും തന്റെ ജീവിത പങ്കാളിയിൽ നിന്ന് കിട്ടേണ്ട സ്നേഹവും ലാളനയും കിട്ടാതെ അവളുടെ മനസ്സ് ദാഹിച്ചു.
മാസങ്ങൾ കഴിഞ്ഞു.ഇപ്പോൾ അവളുടെ മകന് രണ്ട് വയസ്സ് പിന്നിട്ടു.
കാലചക്രത്തിന്റെ വേഗത കൂടിയത് പോലെ അവൾക്ക് തോന്നി.
മകനെ വീട്ടുകാരെ ഏല്പിച്ചു പുറത്തു പോയി പഠിക്കാം എന്നവൾ തീരുമാനിച്ചു.
പ്ലസ് ടു വിൽ നിറുത്തി വെച്ച പഠനം തുടരാൻ വീട്ടുകാരും സമ്മതിച്ചു.
വീട്ടമ്മയായത് കാരണം വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ ബിരുദത്തിന് രെജിസ്റ്റർ ചെയ്തവൾ പഠനം തുടങ്ങി.
പരീക്ഷയുടെ ആഴ്ചകൾക്ക് മുൻപുള്ള കോണ്ടാക്റ്റ് ക്ലാസ്സ് അവളും അറ്റൻഡ് ചെയ്തു.പ്രകൃതി രമണീയമായ ക്യാമ്പസും അവിടുത്തെ സൗഹൃദങ്ങളും അവളുടെ മനസ്സിലെ വേദനകളെ അലിയിച്ചു തീർത്തു.
ഒത്തിരി നല്ല സൗഹൃദങ്ങളിൽ നിന്നും പരിചയപ്പെട്ട ഒരു ആണ് കുട്ടിയെ അവൾ നോക്കി വെച്ചു.ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ മാത്രം നടക്കുന്ന ക്ലാസുകൾക്ക് വേണ്ടി അവൾ ഓരോ ആഴ്ചയും കാത്തിരുന്നു. ഓരോ ക്ലാസ്സിലും അവന്റെ പെരുമാറ്റവും സ്വഭാവവും അവൾക്ക് അവനോടുള്ള സ്നേഹം വർധിപ്പിച്ചു.
തന്റെ മനസ്സിന്റെ വേദനകളെല്ലാം അവൾ അവന്റെ മുമ്പിൽ തുറന്നു പറഞ്ഞു.അവനാൽ കഴിയുന്ന ആശ്വാസ വാക്കുകൾ കൊണ്ടവൻ മറുപടി കൊടുത്തു.അതവളിൽ സന്തോഷം നൽകി.താമസിയാതെ അവൾ അവനെ propose ചെയ്‌തു.
തന്റെ ജീവിത പങ്കാളിയേക്കാളേറെ അവൾ അവനെ സ്നേഹിച്ചു.ഭർത്താവിൽ നിന്ന് കിട്ടുന്നതിനെക്കാളേറെ സ്നേഹവും പരിഗണനയും കിട്ടിയപ്പോൾ അവളത് മതിമറന്ന് ആസ്വദിച്ചു.
ദിവസങ്ങൾ കടന്നു പോയി, അവരുടെ ക്ലാസ്സുകൾ കഴിഞ്ഞു.അടുത്ത ക്ലാസ്സിനായി ഇരുവരും കാത്തിരുന്നു. കാത്തിരിപ്പ് അവരുടെ സ്നേഹത്തിന്റെ കടുപ്പം കൂട്ടി.
അതിനിടയിൽ അവർ തമ്മിൽ ഫോൺ വിളികളായി .ആ വിളികൾ പലപ്പോഴും മണിക്കൂറുകൾ നീണ്ടു നിന്നു.അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി വന്ന അവന്റെ വിളിയാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്.താൻ അളവറ്റു സ്നേഹിക്കുന്ന തന്റെ കാമുകന് തന്നെ വേണ്ടാ എന്ന്.!
വിവാഹിതയായ ഒരു സ്ത്രീയെ അവിവാഹിതനായ കാമുകനും വേണ്ടാതായി.മുഫീദ ആകെ തളർന്നു പോയി .താൻ ജീവന് തുല്യം സ്നേഹിച്ച കാമുകനും തന്നെ ഉപേക്ഷിച്ചു. അതിൽ പിന്നെ അവളുടെ മനസ്സുമാറി.ഇനി ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുകയാണെങ്കിൽ അത് തന്റെ ഭർത്താവിനെ മാത്രമായിരിക്കുമെന്നും ആ ജീവിതം പൊരുത്തപ്പെട്ടു കൊണ്ടു മുന്നോട്ട് പോകാമെന്നും അവൾ ദൃഢനിശ്ചയം ചെയ്തു.
അന്ന് തന്നെ തന്റെ ഭർത്താവിനോട് അവൾ എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചു.എന്തു കൊണ്ടോ അവളുടെ ആ നിഷ്കളങ്കത അയാൾക്ക് ഇഷ്ട്ടപ്പെട്ടു .തന്റെ സ്നേഹം ലഭിക്കാതെ വന്നപ്പോൾ കാമുകനിൽ നിന്ന് അവൾ അത് തേടിയത്തിൽ അയാൾക്ക് കുറ്റ ബോധം തോന്നി.പഴയ സ്വഭാവം മാറ്റി നല്ലൊരു ജീവിതത്തിന് വേണ്ടി അവർ തുടക്കം കുറിച്ചു.കഴിഞ്ഞു പോയതെല്ലാം സൃഷ്ടാവിനോട് കരഞ്ഞു പറഞ്ഞവർ മാപ്പിരന്നു.
ദിവസങ്ങൾ കഴിഞ്ഞു, ഇന്നിപ്പോൾ അവർ ഇണക്കിളികളായി മാറിയിരിക്കുന്നു. താൻ പലതവണ കുറ്റപ്പെടുത്തിയ ഭർത്താവിന്റെ സ്നേഹം കണ്ടവളുടെ കണ്ണു നിറഞ്ഞു.അതെല്ലാം ആസ്വദിച്ചു കൊണ്ട് നല്ലൊരു കാമുകിയായവൾ അദ്ദേഹത്തിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചു.ബാല്യത്തിൽ തന്നെ തന്റെ സ്വപ്നങ്ങൾക്ക് തിരശ്ശീല വീണു എന്ന് തെറ്റിദ്ധരിച്ചതിൽ അവൾ ഖേദിച്ചു.കുടുംബം എന്തെന്ന് തന്നെ പറയാതെ പഠിപ്പിച്ച ഭർത്താവിനോടവൾ മനസ്സു കൊണ്ട് നന്ദി പറഞ്ഞു കൊണ്ട് ചിന്തയിൽ നിന്നുണർന്നു.ജോലി കഴിഞ്ഞു തിരിച്ചെത്താറായ ഭർത്താവിന് ചായ ഉണ്ടാക്കാൻ വേണ്ടി അവൾ അടുക്കളയിലേക്ക് നടന്നു.
--------------------------------------
✍🏻 ജുനൈദ് കള്ളിയത്ത്
ഭംഗിയായി അവതരിപ്പിച്ചു.
ReplyDeleteനന്മയിൽ അധിഷ്ഠിതമായ കഥ, നല്ല അവതരണം
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete