പളളിപ്പറമ്പ് @ 61
------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബൂബക്കർ ഹാജി എന്ന ദീനീ സേവകൻ
മദ്ഹറുൽ ഉലൂം മദ്രസയുടെയും മസ്ജിദു റഹ്മാന്റെയും ഏറ്റവും നല്ല പരിപാലകരിൽ ഒരാളായിരുന്നു കള്ളിയത്ത് അബൂബക്കർ ഹാജി.നമ്മുടെ പ്രദേശത്തിന് ചിരപരിചിതമല്ലാത്ത ബിസിനസ് ആയിരുന്നു സിമന്റ് ഹോളോബ്രിക്സ് നിർമ്മാണം. മൺകട്ട വ്യാപകമായ നാട്ടിൽ സിമന്റ് കട്ട വലിയ കൗതുകമായിരുന്നു. അദ്ദേഹത്തെ ഇതിലേക്ക് ആകർഷിച്ച വഴി ഏതാണെന്നറിയില്ല. ഞാൻ മില്ലിൽ ലോഡിങ് അൺലോഡിങ് ജോലി ചെയ്തിരുന്ന സമയത്ത് സ്ഥിരമായി കളളിയത്ത് ഹോളോ ബ്രിക്സിൽ ലോഡിങിന് വേണ്ടി പോകാറുണ്ടായിരുന്നു.
ഒരു കട്ട കയറ്റാനും ഇറക്കാനും നിശ്ചിത സംഖ്യ അദ്ദേഹം തന്നെ നിശ്ചയിച്ചത് കാരണം പാർട്ടിക്കാരോട് കൂലിക്ക് വേണ്ടി തർക്കിക്കേണ്ടി വരില്ലായിരുന്നു. വലിയ തോതിൽ നടന്നിരുന്ന ആ ബിസിനസ് നാട്ടിൽ വ്യാപകമായതോടെ മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചില്ല.
കക്കാടം പുറത്തെ മദ്രസയുടെയും പള്ളിയുടെയും ഏറ്റവും വലിയ സേവകനും പരിപാലകനും ആയിട്ടായിരിക്കും ഒരു നാട് അദ്ദേഹത്തെ സ്മരിക്കുക. തഖ് വിയ്യതുൽ ഇസ്‌ലാം സംഘത്തിന്റെ ട്രഷററായി മരണം വരെ അദ്ദേഹം സേവനം ചെയ്തു.ശരീരികമായി മാത്രമല്ല സാമ്പത്തികമായും വലിയൊരു സഹായിയായിരുന്നു അദ്ദേഹം. പള്ളിമദ്രസയുടെ ദൈനംദിന കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു.
കുലീനമായ വേഷവും ഗരിമ നിറഞ്ഞ നടത്തവും മികച്ച സംഘാടക മികവും അബൂബക്കർ ഹാജിയുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി ഏർപ്പെടുത്തിയ "കള്ളിയത്ത് അബൂബക്കർ ഹാജി സ്മാരക അവാർഡ്" കക്കാടംപുറം മദ്രസയിൽ നിന്ന് പൊതു പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും നൽകി വരുന്നു. വിശ്രമജീവിതം മുഴുവൻ മതസ്ഥാപനങ്ങളുടെ പുരോഗതിക്കായി മാറ്റി വെച്ച ആ വലിയ മനുഷ്യന്റെ പ്രവർത്തനങ്ങളെ അല്ലാഹു സ്വീകരിട്ടെ
🖊 ഫൈസൽ മാലിക്ക് വി. എൻ.
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബോക്കരാജി അങ്ങിനെ ആണ് ഉപ്പ പറയൽ മിക്ക ദിവസവും രാവിലെ കത്ത് കൊടുക്കാൻ ഉണ്ടാകും റേഷൻ ഷോപ് മുഖേന ഹാജിയുമായി നല്ല ബദ്ധം ഉണ്ട് അവർ 3 4 പേര് എന്നും രാത്രി മീറ്റിങ് ഉണ്ടാകും നല്ല ജന സേവകനും ഉച്ചത്തിലുള്ള സംസാരവും ചിരിയും എന്നും ഒരു പ്രത്യേകത തന്നെ എടുത്തു പറയാൻ . ചില ആളുകൾക്ക് തോളിൽ ഒരു ടർക്കി ഉണ്ടാകും
അതിൽ പ്രധാനി ആണ് ഹാജി. ഹാജിന്റെ കൂടെയുള്ള കൊമ്പിൽ ബാപ്പു .പി പി മമ്മദ്, എന്റെ ഉപ്പ,.കെ.പി അഹമ്മദ് ഇതിൽ എല്ലാവരും ടർക്കിതോളിൽ ഇടുന്നവരാണ് (അഡ്മിൻ ഫൈസൽ മാലിക്കിന്റെ ഉപ്പയും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു)
ഇ ലോകത്ത് ചെയ്ത പുണ്ണ്യ കർമങ്ങൾ അള്ളാഹു സ്വീകരിച്ചു നമ്മളിൽ നിന്ന് മരണപെട്ടു പോയ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
🖊 ബിഷിർ പി.പി
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------
"മർഹും കള്ളിയത് അബൂബക്കർ ഹാജി"
ഓർമകളിൽ ഇന്നും ജീവിച്ചിരിക്കുന്ന മഹാ മനീഷി
തന്റെ ജീവിതം തന്നെ നാട്ടിലെ മദ്രസക്കും പള്ളിക്കും മറ്റു ദീനീ പ്രവര്ത്തനങ്ങള്ക്കും ഒഴിഞ്ഞ് വെച്ച നിസ്വാർത്ഥനായ സേവകനായിരുന്നു.
കക്കാടംപുറം M.U മദ്രസയെയും മസ്ജിദുറഹ്‌മാനുഉം ഇന്ന് ഈ കാണുന്ന അഭിമാനകരമായ ഉയർച്ചയിലേക്കെത്തിക്കുന്നതിന്ന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് എന്നും കാണാറുള്ള ഒരു മുഖമാണ് അദ്ദേഹത്തിന്റേത്. എപ്പോയും പുഞ്ചിരി തൂകിയ ഒരു പ്രസന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്. മദ്രസയുടെയും പള്ളിയുടെയും പുനര്നിര്മാണത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹം സഹിച്ചിരുന്നു. അന്ന് എന്നും രാവിലെ മദ്രസയിലേക്ക് പോകുമ്പോൾ കാണുന്ന കാഴ്ച നമ്മെ ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹം ഒറ്റക്കായിരുന്നു മദ്രസയുടെ മുകൾ നിലയൊക്കെ നനച്ചിരുന്നത്.
അന്ന് ആഴ്ചയിൽ ഒരു ദിവസം മദ്രസയിലെ ഉസ്താദ്മാർക് ഉള്ള കഞ്ഞി കൊണ്ടുവരാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു. ഞങ്ങൾക്ക് കഞ്ഞി കൊണ്ടുവരാനുള്ള വീട് കിട്ടിയത് അദ്ദേഹത്തിന്റെ വീട് ആയിരുന്നു. അദ്ദേഹം ഞങ്ങളോട് വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.
അദ്ധേഹത്തിന്റെ അവസാന കാലഘട്ടങ്ങളിൽ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും പള്ളിയിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. പള്ളിയിൽ കള്ളിയത് എന്ന് എഴുതിയ ഒരു കസേര അദ്ദേഹം അദ്ദേഹത്തിന്ന് നിസ്കരിക്കാൻ വേണ്ടി പള്ളിയിൽ കൊണ്ടുവച്ചിരുന്നു.
അള്ളാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.. ആമീൻ
🖊അമീറുദ്ധീൻ കെ.സി
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബൂബക്കർ ഹാജി കക്കാടം പുറത്തെ കുട്ട്യാലി ഹാജിയുടെ ബിൽഡിങ്ങിന് പിറക് വശത്ത് വീട് വെളുത്ത് തടിച്ച ശരീരം തോളത്ത് എപ്പേഴും ഉണ്ടാകുന്ന ടർക്കി ടവ്വൽ മുഖത്ത് എപ്പോഴുമുണ്ടാകുന്ന ഇളം പുഞ്ചിരി
ലളിതമായ സംസാരം സദാ സമയവും കാണുന്നത് മദ്രസ്സയുടെയും പള്ളിയുടെയും പരിസരത്ത് കർമ്മനിരധനായിരിക്കുന്നത് അവിടത്തെ എല്ലാ പരിപാടികളിലും നിറ സാനിധ്യംമദ്രസ്സ ട്രഷറർഅങ്ങാടിയിലെ കോലാഹലങ്ങളിൽ ഇടപെടാത്ത സ്വഭാവംഇതാണ് എന്റെ ഓർമ്മയിലെ ഹാജിയാർ് അദ്ധേഹത്തിന്റെ ഖബറിടം നീ വിശാലമാക്കി കൊടുക്കണെ നാഥാ അദ്ധേഹത്തെയും ഞങ്ങളിൽ നിന്ന് മരണപെട്ട് പോയവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ റബ്ബെ
🖊 മജീദ് കാംബ്രൻ
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കക്കാടം പുറത്തിന്റെ സൗമ്യനായ ഹാജിയാർ അതിലുപരി എന്റെ വിടിന്റെ രണ്ട് തൊടി അപ്പുറം എന്റെ ഉപ്പാന്റെ ചങ്ങാതി ഞാൻ എന്റെ ഉപ്പാന്റെ കടയിൽ ഉപ്പാക്ക് നിസ്കരിക്കാൻ വേണ്ടിയും ഭക്ഷണം കഴിക്കാൻ വേണ്ടിയും കടയിൽ ഇരിക്കലുണ്ട് അപ്പോൾ താണാം കുറുക്കൻ മെയ്തിൻ കാക്ക, കുട്ടിഹസ്സൻ കാക്ക.പൂളക്കൽ മുഹമ്മദ് കാക്ക, കണ്ടംചിറ ഇണ്ണിൻ കുട്ടി കാക്ക,കെ.പി മുഹമ്മദ് ഹാജി,ബാപ്പുട്ടി തങ്ങൾ, കള്ളിയത്ത് അബൂബക്കർ ഹാജി എന്നിവർ ഇരിക്കുന്നത് ഇപ്പോൾ എന്റെ ഓർമയിൽ തെളിയുന്നു അതിൽ ഒരു മുഖം കൂടി ചിലപ്പോൾ ഉണ്ടാവറുണ്ട് അരിക്കൻ കുട്യാലി ഹാജി. കുറച്ച് കഴിഞ്ഞ് അബുബക്കർ ഹാജിയെ കാണാതാകുമ്പോൾ പള്ളിയുടെ മൂത്രപുര കഴുകുന്നത് കാണാം അതിൽ ചിലപ്പോൾ മുഹമ്മദ് ഹാജിKP യും ഉണ്ടാകും.എന്റെ ഉപ്പയും പള്ളിയുടെ മുത്രപുര നന്നാക്കലുണ്ടായിരുന്നു.പിന്നെ മദ്റസയുടെ വഅള് പരിപാടിയിൽ സംഭാവന മേശമ്മേൽ നിറസാനിദ്ധ്യം ചില വഖ്ത്ത് പള്ളിയിൽ ഉസ്താദ് നാട്ടിൽ പോകുബോൾ ഇമാമായും നിസ്ക്കരിക്കൽ ഉണ്ട് ദിനിയായ കാര്യത്തിൽ മുൻപന്തിയിൽ ഉണ്ടാകും ഇതിൽ ഒരു പാട് പേര് വിട്ട് പൊയിട്ടുണ്ട് ക്ഷമിക്കണം അവരെ എല്ലാവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ മൂത്ത് ഹബിബ്റസൂൽ.സ.മയുടെ കൂടെ ചേർക്കണെ.... അള്ളാഹ്
🖊 ഷംസു പാലത്തിങ്ങൽ
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബൂബക്കർ ഹാജി എന്ന വലിയ മനസ്സിന്റെ ഉടമ നമ്മുടെ നാട്ടിലുള്ളവർക്ക് സുപരിചിതൻ എന്റെ ഓർമ്മ വെച്ച നാൾ മുതൽ തന്നെ നമ്മുടെ പള്ളിക്കും മദ്രസക്കും വേണ്ടി അഹോരാത്രം കഷ്ട്ടപ്പെട്ട ആളുകളിൽ ഒരാളാണ് അബൂബക്കർ ഹാജി.അവരുടെ തോളിൽ എപ്പോഴും ഒരു ടർക്കി കാണാൻ കഴിയും അത് വീണ് പോവാതിരിക്കാൻ എപ്പോഴും അതിന്റെ ഒരറ്റം കടിച്ച് നിർത്തുന്ന കാഴ്ച്ച കാണാം തന്റെ ശരീരത്തെക്കാളും വീട്ടുകാരെക്കാളും സ്നേഹിച്ചത് നമ്മുടെ പള്ളിയെയും മദ്രസ യെയും ആയിരുന്നു. നമ്മുടെ നാടിന്റെ പരിസര പ്രദേശത്തെ ഏക കട്ട കമ്പനിയും അബൂബക്കർ ഹാജിയുടെ ത് ആയിരുന്നു
തന്റെ ജീവിതത്തിൽ പല ദു:ഖങ്ങളും വന്ന് പോയ ങ്കിലും അതിലൊന്നും നിരാശനാവാതെ ഹാജി തന്റെ ജീവിതം സന്തോഷത്തിലാക്കാൻ പരിശ്രമിച്ച മഹൽ വ്യക്തിത്വമാണ് അബൂബക്കർ ഹാജി എന്ന മഹാ മനുഷ്യൻ അവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കെട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ആമീൻ.
🖊 സഫ്‌വാൻ
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബൂബക്കർ ഹാജി: നിസ്വാർത്ഥനായ ദീനീ സേവകൻ
ഓരോ നാടിനും ഒരു നിയോഗം പോലെ വന്നു ചേരുന്ന ചില മുൻകൈകളുണ്ട്. അതായിരിക്കും അവിടത്തെ ഉണർവ്വുകൾക്കെല്ലാം നിമിത്തമായി മാറുക.
നാട്ടിലെ ദീനീ സ്ഥാപനങ്ങൾ പോയ തലമുറ നമുക്ക് കൈമാറിയ വെളിച്ചമാണ്.
അതിനായി അന്നത്തെ പ്രാരാബ്ദങ്ങൾക്കിടയിലും അവർ സഹിച്ച ത്യാഗങ്ങൾ തലമുറകൾക്കിപ്പുറത്തേക്കും പകർത്തപ്പെടേണ്ടതാണ്. ഓരോ നാടിന്റെയും മേൽ വിലാസങ്ങളായിരുന്നു അവിടെ ഉയർന്ന് നിന്ന ദീനീ സ്ഥാപനങ്ങൾ.നിസ്വാർത്ഥരായ കുറച്ച് ദീനീ സേവകരുടെ നിശ്ചയ ദാർഡ്യത്തിലാണ് അവ നില നിന്നു പോന്നത്. കക്കാടം പുറത്തെ മള്ഹറുൽ ഉലൂം മദ്റസക്ക് വലിയൊരു പാരമ്പര്യത്തിന്റെ പറഞ്ഞു തീരാത്ത കഥകളുണ്ട്.
കള്ളിയത്ത് അവറാൻ മുസ്ല്യാരും, കുറുക്കൻ കുഞ്ഞായീൻ മുസ്ല്യാരുമൊക്കെ അടങ്ങുന്ന നല്ലൊരു പണ്ഡിത നിരയുടെ നേതൃ വിശുദ്ധി മള്ഹറുൽ ഉലൂമിന്റെ പുണ്യമായിരുന്നു. ഇവർക്കൊപ്പം ചേർന്ന് നിന്ന നിസ്വാർത്ഥരായ കുറച്ച് നാട്ടുകാരണവൻമാരെ ഈ സ്ഥാപന വളർച്ചയുടെ ഓരോ പടവിലും നമുക്ക് കണ്ട് മുട്ടാൻ കഴിയും. അവരിൽ എടുത്തു പറയേണ്ടൊരു പേരാണ് കള്ളിയത്ത് അബൂബക്കർ ഹാജിയുടേത്.അദ്ദേഹവുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലർത്തിയ ഒരാളല്ല ഞാൻ. കക്കാടം പുറത്തെ പതിവ് കാഴ്ചകളിൽ ഒരാൾ എന്ന നിലക്ക് മാത്രമാണ് അബൂബക്കർ ഹാജിയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നത്. വളരെ പതുക്കെ നടക്കുകയും പതിഞ്ഞ സ്വരത്തിൽ മാത്രം സംസാരിക്കുകയും ചെയ്ത ഒരാൾ. ചെറിയൊരു sർക്കി എപ്പോഴും ഈ ശുഭ വസ്ത്രധാരിയുടെ ചുമലിൽ കാണാം. അങ്ങാടി തിണ്ണകളിൽ വെറും വർത്തമാനം പറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹത്തെ കണ്ടതോർക്കുന്നില്ല. നാട്ടിലെ രാഷ്ട്രീയ ചേരിതിരിവുകളിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ അദ്ദേഹത്തിന് പക്ഷമുള്ളതായും അറിയില്ല. പൊതുപ്രവർത്തനങ്ങളിൽ തല കാട്ടുന്നവർ പോലും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇs പെട്ട് ആളാവാൻ നടക്കുന്ന കാലത്ത് നിർണ്ണിതമായ ചില ഉത്തരവാദിത്തങ്ങളിൽ മാത്രം അദ്ദേഹം ശ്രദ്ധ വെച്ചു. ചില നേരത്തെ മൗനങ്ങളും, ചിലതിനോടെല്ലാമുള്ള അകലവും അബൂബക്കർ ഹാജിയുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടി. പക്വമായ ഇടപെടലുകളും കുലീനമായ പെരുമാറ്റവും മറ്റ് പലരിൽ നിന്നും അദ്ദേഹത്തെ വേറിട്ട് നിറുത്തി.മദ്രസയുടെയും പള്ളിയുടേയും കാര്യങ്ങളിൽ പ്രായോഗിക സമീപനങ്ങളായിരുന്നു അബൂബക്കർ ഹാജിയുടേത്. സമസ്തയോട് ആഭിമുഖ്യം പുലർത്തിയപ്പോൾ തന്നെ സ്ഥാപന നടത്തിപ്പുകളിൽ എല്ലാവരെയും ഉൾക്കൊണ്ടു. ആരെയും പ്രകോപിപ്പിക്കാത്ത സമീപനമായിരുന്നു അദ്ദേഹത്തിന്റെത്. ഒരു മിതവാദി എന്ന നിലയിൽ നാട്ടുകാരുടെ പൊതു സ്വീകാര്യത നേടാനും ഇതുവഴി അവർക്കായി. നിസ്വാർത്ഥരായ ഇത്തരം ദീനീ സേവകരാണ് ഈ നാടിന്റെ ദീനീ ചൈതന്യത്തിന്റെ നേരവകാശികൾ. നമ്മുടെ സാംസ്കാരികോന്നതിയിലും സാമൂഹിക വളർച്ചയിലും ഇവരെ പോലോത്തവർ നിർവ്വഹിച്ച ദൗത്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ട് തന്നെ നിസ്വാർത്ഥനായ ഒരു ദീനീ സേവകൻ എന്ന നിലയിൽ പുതു തലമുറക്ക് അബൂബക്കർ ഹാജിയിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്. കുടുംബത്തിന്റെ കൈകാര്യങ്ങളിലും തീർപ്പുകളിലും സവിശേഷമായ ഒരിടം അദ്ദേഹത്തിനുണ്ടായിരുന്നു. ചില വിഷയങ്ങളുമായി ബന്ധപ്പെടേണ്ടി വന്നപ്പോൾ ഒരു കാരണവരെന്ന നിലയിൽ സ്വന്തം കുടുംബാംഗങ്ങൾ അദ്ദേഹത്തിന് നൽകിയ അംഗീകാരവും സ്വീകാര്യതയും നേരിട്ടനുഭവിക്കാനും ഈ കുറിപ്പുകാരന് കഴിഞ്ഞിട്ടുണ്ട്. നല്ല മനസ്സും നന്മയൂറിയ പ്രവർത്തനങ്ങളും കൊണ്ട് നമുക്ക് മുന്നേ നടന്നു പോയ ഈ നാട്ടുകാരണവരുടെ ഓർമ്മകൾ മരണമില്ലാതെ നിലനിൽക്കുക തന്നെ ചെയ്യും. നാടിന്റെ ദീനീ വൈജ്ഞാനിക രംഗത്ത് ഒരു നിശബ്ദ സേവകനായി നിലകൊണ്ട ഈ വലിയ മനുഷ്യന്റെ നൻമകൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
🖊 സത്താർ കുറ്റൂർ
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
മർഹൂം കള്ളിയത്ത് അബൂബക്കർ ഹാജി
പേരിന്റെ പെരുമ പോലെ തന്നെ പകിട്ടാർന്നതായിരുന്നു ഹാജിയുടെ പെരുമാറ്റവും... ആദ്യമൊക്കെ കാണുമ്പോൾ ആളൊരു ഗൗരവക്കാരനായിട്ടാണ് എനിക്ക് തോന്നിയിരുന്നത് ഞാൻ കാണുന്ന സമയം തൊട്ടേ കൂടുതൽപള്ളിയും മദ്രസയുമായി ബന്ധപ്പെട്ട കാര്യപരിപാടികളിൽ സജീവ സാനിധ്യമായിരുന്നു ഹാജി. കമ്മറ്റിയിലും പദവി അലങ്കരിച്ചിട്ടുണ്ട് പലപല ജീവിത ചുറ്റുപാടുകളുടെ വിത്യസ്ത കോണുകളിലൂടെ സഞ്ചരിക്കുന്ന നമുക്ക് പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവും ഞാൻ ബില്ലും ബ്രൈകുമില്ലാതെ താന്തോന്നിയായി നടന്നിരുന്ന കൗമാരപ്രായം കെപിഎം മില്ലിൽ ചെറിയ ചെറിയ ലോഡിങ് അൺലോഡിങ് വർക്കൊക്കെയായി കൂടിയിരുന്ന ആയിടക്ക് അബൂബക്കർ ഹാജിയുടെ വീട്ടിലേക് മില്ലിൽ നിന്ന് ഈർന്ന വെറകും സൈസുമൊക്കെ കൊണ്ട് പോകാൻ ഒരവസരമുണ്ടായി. എന്റെ രൂപവും ഭാവവും കണ്ടിട്ടാണോ
എന്തോ എന്നെ അടുത്തേക്ക് വിളിചിട്ട് ഒരു ചോദ്യം നീ എവിടെഉള്ളതാ ആരെമോനാ.. അല്പം പതുങ്ങിയ സ്വരത്തിൽ ഞാൻ മറുവടി അവതരിപ്പിച്ചപ്പോ ഒരു ചെറു ചിരിയോടെ വീടിനകത്തോട്ട് പോയി അല്പം കഴിഞ് നാരങ്ങവെള്ളവുമായാണ് തിരികെ വന്നത് ഇന്ന ഇത് കുടിച്ചോ.
നൽകിയ നാരങ്ങ വെള്ളതേക്കാൾ മധുരമായിരുന്നു സ്നേഹത്തോടെയുള്ള ആ വാക്കുകൾക്ക് കുടിച്ചു ക്ലാസ് തിരികെ നൽകിയപ്പോൾ പൈസയും തന്നു എന്നിട്ട് ഒരു ചോദ്യം മതിയോ... ഏറെ സന്തോഷത്തോടെ ഒരു ചിരിയും ഫിറ്റ് ചെയ്തു തലയാട്ടി മടങ്ങുമ്പോൾ ആ വലിയ മനുഷ്യനെ ഗൗരവക്കാരനായിക്കണ്ട എന്നിലെ തെറ്റായ ചിന്തയെ മാറ്റുകയായിരുന്നു.നന്മകൾ ഏറെ ഉണ്ടായിരുന്ന നമ്മുടെ നാടിന്റെ കാരണവരുടെ വിയോഗതിന് വർഷങ്ങൾക്ക് ഇപ്പുറവും ഓർമ്മകളിൽ മരിക്കാത്ത ഹാജിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം പരമകാരുണ്യവാനായ നാഥൻ അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ
🖊 മുജീബ് കെ.സി
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
മാതൃക വ്യക്തിത്വത്തിന്റെ ഉടമ
നിരത്തുകളിൽ പോലും വാഹനങ്ങൾ കുറവായിരുന്ന ഒരു കാലത്ത് നമ്മുടെ നാട്ടിൽ സ്വന്തമായി വാഹനം ഉണ്ടായിരുന്ന അപൂർവ്വം വീടുകളിൽ ഒന്നായിരുന്നു. മർഹൂം അബൂബക്കർ ഹാജിയുടെ കള്ളിയത്ത് ഹൗസ്. നമ്മുടെ നാട്ടിൽ സിമന്റ് ഹോൾ കട്ടയെ കുറിച്ച് കേട്ടിട്ടു പോലുമില്ലാത്ത കാലത്ത് കക്കാടംപുറത്ത് ഹോൾകട്ട കമ്പനി തുടങ്ങാൻ ധൈര്യവും ആത്മവിശ്വാസവും കാണിച്ച
ബിസിനസ് മേനും കൂടിയായ അബൂബക്കർ ഹാജിയെ നമുക്ക് വിസ്മരിക്കാനാവില്ല.
ആരോടും കയർത്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങാടിയുടെ ചുറ്റുവട്ടത്ത് വിടായിട്ട് പോലും അങ്ങാടികളിൽ സാധാരണ കാണാറുള്ള അങ്ങാടി ചർച്ചകളിൽ ഹാജി ഉണ്ടാവാറില്ല. ഒരു പാർട്ടിയുടെയും സംഘടനയുടെയും മേൽവിലാസമില്ലാതെ നാട്ടുകാരായ എല്ലാവരുടെയും ബഹുമാനവും ആദരവും ഹാജി വേണ്ടുവോളം അനുഭവിച്ചു. കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെ ട്രഷററായി പ്രവർത്തിച്ച കാലമത്രയും ഒരാളെ കൊണ്ടും വേണ്ടാത്തത് പറയിപ്പിക്കാതെ ആത്മാർത്ഥമായി തന്നിൽ ഏൽപിച്ച ഉത്തരവാദിത്വം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുന്നത് വരെ നല്ല നിലക്ക് കൊണ്ട് പോയ ഹാജിയുടെ നല്ല മാതൃക പ്രസംസനീയമാണ്. നന്മയുടെ നിറസാനിധ്യമായിരുന്നു ഹാജി..നാട്ടുകാരായ നമുക്ക് എന്നും ഓർക്കാൻ കഴിയുന്ന സമർപ്പണത്തിന്റെ ഒരായിരം ഓർമ്മകൾ നമ്മാനിച്ച് കൊണ്ടാണ് ഹാജി നമ്മോട് വിട പറഞ്ഞത്.
റബ്ബേ..നീ അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ..
🖊 ഷിഹാബുദ്ധീൻ നാലുപുരക്കൽ
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത് അബൂബക്കർ ഹാജി എന്ന എന്റെ ഉപ്പയുടെ എളാപ്പ ഉപ്പയുടെ എളാപ്പ ആണെങ്കിലും ഞങ്ങളെല്ലാവരും എളാപ്പ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളുടെ കുടുംബങ്ങളിൽ എന്ത് പരിപാടി ഉണ്ടാവുകയാണെങ്കിലും എളാപ്പയും കൊമ്പിൽ ബാപ്പു എന്ന വല്യക്കായും കാരണവന്മാരായിട്ട് മുമ്പിലുണ്ടാകും.
ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലം എളാപ്പ മുൻകൈ എടുത്ത് വാങ്ങിയതാണ്. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ബന്ധു വീടുകളും വേണം എന്ന് കരുതി തന്നെയായിരുന്നു.പള്ളി മദ്രസ പരിപാലനത്തിൽ അദ്ദേഹത്തിന്റ ജാഗ്രത എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. ഒരിക്കൽ പള്ളിയുടെ പുനർ നിർമാണത്തിൽ പണത്തിന്റെ കുറവ് കാരണം പണി മുടങ്ങിയപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്ന ഒരവസ്ഥതയിലായിരുന്നു അദ്ദേഹം. ആ സമയത്ത് ഉപ്പ മുൻകയ്യെടുത്ത് കുറച്ചു കാശ് അബുദാബിയിൽ നിന്നും എത്തിച്ചു കൊടുത്തത് ഞാനദ്ദേഹത്തിന് ഏല്പിച്ചു കൊടുത്തപ്പോൾ ഉള്ള സന്തോഷം ദീനി സ്ഥാപനങ്ങളോട് അദ്ദേഹത്തിനുള്ള മാനസിക അടുപ്പം വെളിപ്പെടുത്തുന്നതായിരുന്നു. എന്റെയും പെങ്ങളുടെയും കല്യാണത്തിന് അന്വേഷണങ്ങളും നടത്തിപ്പും എല്ലാം എളാപ്പയുടെയും ബാപ്പു കാക്കയുടെയും നേതൃത്വത്തിലായിരുന്നു. അവര് പോയി പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് മറ്റെല്ലാവരും കാണാൻ പോയത്. കല്യാണ ദിവസം രണ്ടു കല്യാണം ഒരുമിച്ചായത് കൊണ്ട് എല്ലാം ഭംഗിയായി തീരുന്നത് വരെ മറ്റെല്ലാവരേക്കാളും ബേജാർ അദ്ദേഹത്തിനായിരുന്നു. അത് പോലെ മദ്രസ്സയിൽ പാതിരാ വഅളൽ ഇടക്ക് മൗലൂദ് പാരായണം നടത്തറുണ്ടായിരുന്നു. വീട്ടിൽ
മാതൃകയാക്കാവുന്നതായിരുന്നു അദ്ദേഹവും ഭാര്യയുമായുള്ള(എളാമ) സ്നേഹബന്ധം. എളാമയുടെ മരണ ശേഷം ഞാൻ ഗൾഫിൽ നിന്നും വന്ന് എളാപ്പയെ കണ്ടപ്പോൾ കൈ പിടിച്ചു അവരുടെ റൂമിലെ ഒഴിഞ്ഞ കട്ടിൽ കാണിച്ചു എന്നോട് കരഞ്ഞു സങ്കടം പറയുന്ന എളാപ്പയെയും ഞാൻ കണ്ടു. ഒരു ഗൾഫ് യാത്ര കൂടി കഴിഞ്ഞു വന്നപ്പോൾ പിന്നീട് അദ്ദേഹത്തിന്റെ ഖബറാണ് സിയാറത് ചെയ്യാൻ കഴിഞ്ഞത്. അള്ളാഹു അവരെയും നമ്മെയും എല്ലാം അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടറുമാറാകട്ടെ
ആമീൻ
🖊 നൗഷാദ് പള്ളിയാളി
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അബുബകർ ഹാജി... പ്രോജ്ജ്വല വ്യക്തിത്വം
ഹാജിയുമായി നേരിട്ട് ഇടപെടലിന് അവസരം കിട്ടിയിട്ടില്ല. എന്നാലും ആവോളം ആസ്വദിച്ചിട്ടുണ്ട്, ഏറെ നോക്കി നിന്നിട്ടുണ്ട് സദാ പ്രസന്നമായ ഗാംഭീര്യം തുളുമ്പുന്ന ആ സുന്ദരരൂപം. മുഖത്തെപ്പോഴുമുള്ള കണ്ണട, ചുമലിലെ ടർക്കി, ലളിതവും പ്രൗഡവുമായിരുന്നു ആ വേഷവും നടത്തവും.
തഖ് വിയ്യത്തുൽ ഇസ്ലാം സംഘമെന്ന കക്കാടം പുറത്തെ ഇസ്ലാമിക ശാക്തീകരണ സംഘശക്തിയുടെ അമരക്കാരിൽ അബുബകർ ഹാജി മുന്നിൽ തന്നെയുണ്ടായിരുന്നു. ഇന്ന് തലയുയർത്തി നില്ക്കുന്ന മള്ഹറും മസ്ജിദും ഹാജിയുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിന്റെ തിളക്കമായിരുന്നു. ആത്മാർത്ഥത, നിസ്വാർത്ഥത, കക്ഷിരാഹിത്യം, അനാവശ്യ സംസാരത്തിലും ബഹളത്തിലും സമയം കളയാത്ത അത്യധ്വാനശീലം ... അബുബക്കർ ഹാളി സാഹിബിൻ നിന്നും നാം സ്വായത്തമാക്കേണ്ട സദ്ഗുണങ്ങൾ ഏറെയാണ്. നിറഞ്ഞ ചിരിയുമായി അന്ത്യം വരെ ദീനി സേവന രംഗത്ത് അധ്വാനവും സമയവും സമ്പത്തും സമർപ്പിച്ച ഹാജി സാഹിബിന്റെ പരലോകം വെളിച്ചമാക്കണെ നാഥാ
🖊 മുഹമ്മദ് കുട്ടി അരീക്കൻ
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കള്ളിയത്ത്....
ബോധപൂർവം തന്നെയാണ് നമ്മുടെ അബൂബക്കർ ഹാജി ക്ക് "കള്ളിയത്ത്" എന്ന തലക്കെട്ട് കൊടുക്കുന്നത്. 60-70 കളിൽ എ ആർ നഗർ ബസാറിലെ നിത്യ സാന്നിധ്യമായിരുന്നു അബൂബക്കർ ഹാജി. "കള്ളിയത്" എന്ന് മാത്രമായിരുന്നു അക്കാലത്ത് അദ്ദേഹത്തെ സംബോധനം ചെയ്തിരുന്നത്.റേഷൻ കട (ARD147)യായിരുന്നു പ്രധാന ബിസിനസ്. റേഷൻ ബിസിനസുമായി ബന്ധപ്പെട്ട് കിഴക്ക് നിന്നും മറ്റൊരു മാന്യ അബൂബക്കർ കാക്കയും മിക്ക ദിവസവും എ.ആർ നഗറിൽ വന്നിരുന്നു. പണ്ടാരപ്പെട്ടി അബൂബക്കർ കാക്ക. അദ്ദേഹത്ത "കണ്ണമംഗലം" എന്നായിരുന്നു വിളിച്ചു വന്നിരുന്നത്.
കള്ളിയത് അറബി, മലയാളം, ഇംഗ്ലീഷ് ഒക്കെ നല്ല കയ്യക്ഷരത്തിൽ എഴുതുന്നത് വല്ലപ്പോഴും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡയറിയോ ഓര്മക്കുറിപ്പോ വീട്ടിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ചെറിയ തോതിൽ പള്ളിദർസ് പഠനവും ചെറുപ്പത്തിൽ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. സ്വന്തം കാലിൽ നിന്നിരുന്ന അപൂർവം മുസ്ല്യാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹത്തിന്റെയും ബാപ്പു ഹാജിയുടെയും ഉപ്പ കുട്ട്യാലി മുസ്ല്യാർ. കുന്നാഞ്ചേരി പള്ളിയുടെ തൊട്ടു കിഴക്കേ പറമ്പിലായിരുന്നു അവരുടെ അന്നത്തെ വീട്. കുന്നാഞ്ചേരി ഖബർ സ്ഥാനമായി ഇന്നും കൂട്ടിക്കുഴയ്ക്കുക ചെയ്തു കിടക്കുന്നതാണ് അവരുടെ പറമ്പ്. ഒരുപക്ഷെ സ്വന്തം ഉപ്പ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ആദ്യകാല ഉസ്താദ്.
എ.ആർ നഗർ പഞ്ചായത്തിന്റെ ആരംഭകാലത് എന്റെ ഉപ്പയുമായി (എ.പി അഹമദ്. മരണം 1971 ) ചേർന്ന് പഞ്ചായത്ത് റോഡ്, കിണർ മുതലായ ജോലികൾ കള്ളിയതിനുണ്ടായിരുന്നു. ചെണ്ടപ്പുറായ -യാരത്തുംപടി റോഡ് ആദ്യമായി നിർമിച്ചത് അവരായിരുന്നു.
PP ഫസൽ ഹാജിയുമായി ചേർന്ന് പഞ്ചായത്ത്, ബ്ലോക്ക് പണികളും നടത്തിയിരുന്നു. കൂടാതെ PP മമ്മദ് കാക്ക, PP ഹസ്സൻകുട്ടി കാക്ക, KP വലിയ മൂസകാക്ക മക്കൾ മൊയ്‌ദീൻ കാക്ക, അയമു കാക്ക, പൂളക്കൽ മുഹമ്മദ് കാക്ക മുതലായവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല PARTNERS ഉം ഉറ്റ സുഹൃത്തുക്കളും.
ട്രാൻസ്‌പോർട് മിനിസ്റ്റർ ആയിരുന്ന സഖാവ് ഇമ്പീച്ചി ബാവയുടെ ബസ് നിയമപരിഷ്കരണം വന്ന കാലത്തു "മമ്പുറം ട്രാൻസ്‌പോർട്" എന്ന ഒരു ബസ് കള്ളിയതിനും കൂടി ഷെയർ ആയി നമ്മുടെ റൂട്ടിൽ ഓടിയിരുന്നു. അദ്ദേഹത്തിന്റെ പ്രവാസം ഏത് വർഷമാണ് തുടങ്ങി യതെന്ന് കൃത്യമായി ധാരണാ ഇല്ല. ഹിജ്‌റ 1400 മുഹറം ഒന്നിന് ജുഹൈമാന് & ടീം ന്റെ മക്ക ഹറം ഉപരോധകാലത്തു അദ്ദേഹം മക്കയിൽ ഉണ്ട്. അദ്ദേഹത്തിന്റെ type recorder ൽ ഞങ്ങൾ രണ്ടു പേരും വെടിയൊച്ച മിസ്ഫല ഭാഗത്തു റോട്ടിൽ നിന്നും പിടിച്ചത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
"AL KOBAR" ൽ ബ്രിട്ടീഷ് പട്ടാള ക്കാരുടെ ഭാഗമായ "ലേബർ ക്യാമ്പ്" ൽ കള്ളിയത് ജോലി ചെയ്തിരുന്നു. ക്യാമ്പിലെ മസ്ജിദിൽ അദ്ദേഹമായിരുന്നു ഇമാം. ഞാൻ കെ.ടി അയ്മുട്ടിക്കാ ക്കെനേം കള്ളിയതിനെയും കാണാൻ അവിടെ സന്ദർശിച്ചിരുന്നു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്നതിന് ശേഷം കക്കാടംപുറം മദ്രസ, മസ്ജിദുമായി ഇഴകി ചേർന്ന് പ്രവർത്തിച്ചു. വര്ഷങ്ങളോളം ആത്മാർത്ഥമായി സേവനം ചെയ്തു.
അദ്ദേഹത്തിന്റെ എല്ലാ സൽകർമങ്ങളും റഹ്മാനും റഹീമുമായ അല്ലാഹു സ്വീകരിക്കട്ടെ.
🖊 എ.പി ബീരാൻ കുട്ടി
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
എന്റെ വലിയുപ്പ
വലിയുപ്പ എന്നും എനിക്കൊരു പ്രചോദനമായിരുന്നു.
ഏഴാം ക്ലാസ്സ് വരെ സ്കൂളിലും മദ്രസയിലും കക്കാടംപുറത്ത് വരെ പഠിച്ച എനിക്ക് ഇഹലോകത്തും പരലോകത്തും വേണ്ട മൂല്യങ്ങൾ പഠിപ്പിച്ചും പ്രവർത്തിയിൽ കാണിച്ചും തന്നത് വലിയുപ്പയും വലിയുമ്മയുമായിരുന്നു.
ഒരു വ്യത്യസ്ത തലത്തിലുള്ള ബിസിനസ് എന്റപ്രണർ ആണ് വലിയുപ്പയെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അത് ആ സമയത്തുള്ള ജീവിത സാമൂഹിക പശ്ചാതലത്തിൽ വളരെ പ്രശംസനീയം തന്നെയായിരുന്നു. അടിയുറച്ച നീതിബോധവും ആത്മാർത്ഥമായ പരിശ്രമവും നല്ല ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉന്നതങ്ങളിലെത്താമെന്നും അതിൽ സഹാനുഭൂതിയും എളിമയും മുഖമുദ്രയാകണമെന്നും വലിയുപ്പ നിരന്തരം നിഷ്കർഷിക്കുമായിരുന്നു. രാവും പകലും മദ്രസക്കും പള്ളിക്കും വേണ്ടി മറ്റുള്ളവർ അറിഞ്ഞും അറിയാതെയും ഓരോ കാര്യങ്ങളിൽ ഇടപെടുന്നതും ചിലപ്പോൾ വേവലാതിപ്പെടുന്നതും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്റെ കാലശേഷവും ഇത്തരം കാര്യങ്ങളിൽ എന്റെ മക്കളും പേരക്കുട്ടികളും ദീനിനു വേണ്ടി പ്രവർത്തിച്ചാൽ നന്നായിരുന്നുവെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരു കുടുംബത്തിന്റെ കാരണവർ സ്ഥാനം എല്ലാ അർത്ഥത്തിലും അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തിരുന്നുവെന്നതിന് എതിരഭിപ്രായം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അന്നത്തെ സാഹചര്യത്തിലെ ഏറ്റവും പ്രൗഡവും ഐശ്വര്യപൂർണ്ണവുമായ വസ്ത്രധാരണ രീതിയും വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്. എട്ടാം ക്ലാസിലെ പരീക്ഷയിൽ അൽപം മാർക്കു കുറഞ്ഞതിനു വലിയുപ്പ വേവലാതിപ്പെട്ടതും എന്നെ നന്നായി ശകാരിച്ചതും ഇന്നും ഓർമ്മയുണ്ട്. എത്രത്തോളം പ്രതീക്ഷയാണ് എന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഉള്ളതെന്ന് എനിക്കു മനസ്സിലായ സന്ദർഭമായിരുന്നു അത്. അതെന്നിൽ വലിയ ഉത്തരവാദിത്വബോധമാണ് ഉണർത്തിയത്.പിന്നീടു ഓരോ ക്ലാസ്സുകൾ കഴിയുമ്പോഴും അത് വലിയ അഭിമാനമായി ഇഷ്ടപ്പെട്ടവരോട് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്കോളർഷിപ്പുകിട്ടി പത്രത്തിൽ വന്നപ്പോഴും ഡിഗ്രിക്കു ശേഷം ഒരു വ്യത്യസ്തമായ കോഴ്സ് തെരഞ്ഞെടുത്തതിൽ എനിക്ക് ആത്മവിശ്വാസം തന്ന സന്ദർഭവും ഞാൻ സന്തോഷത്തോടെയും ബഹുമാനത്തോടെയും ഓർക്കുന്നു.
മരിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ വലിയുപ്പായെ ആശുപത്രിയിൽ ചെന്നു കണ്ടപ്പോൾ അദ്ദേഹം തീരെ അവശനായിരുന്നു. എന്നെ ഒന്നു നോക്കി ഇരിക്കാൻ ആംഗ്യം കാണിച്ചു. ഒന്നും മിണ്ടിയില്ല. പക്ഷെ കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ ഇവൻ എന്റെ പേരക്കുട്ടിയാണെന്നും എയർപോർട്ടിൽ നിന്നും വീട്ടിൽ പോകാതെ നേരെ എന്നെ കാണാൻ വന്നതാണെന്നും പറഞ്ഞു.ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ മരണം വരെ ആദ്യത്തെ പേരക്കുട്ടി എന്ന നിലയിൽ ആദ്ദേഹം കാണിച്ചു തന്ന വഴിയിൽ ജീവിക്കാൻ സാധിച്ചത് സർവ്വശക്തന്റെ അനുഗ്രഹമായി ഞാൻ സ്മരിക്കുന്നു.വലിയുപ്പ പോക്കറ്റ് മണിയായി കുട്ടിക്കാലത്തും പിന്നീടും തന്നിരുന്ന ചെറിയ സംഖ്യകൾക്കുള്ള ബർക്കത്ത് വളരെ വലുതായിരുന്നു. കയ്യാൽ കഴിഞ്ഞ പോലെ ചെറിയ പ്രവർത്തനങ്ങൾ മദ്രസക്കും പള്ളിക്കും വേണ്ടി നടത്തുമ്പോൾ അതിന്റെ പ്രതിഫലം വലിയുപ്പാന്റെയും വലിയുമ്മാന്റെയും ഖബറിലേക്ക് നാഥൻ എത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
🖊 റിയാസ് കള്ളിയത്
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------
No comments:
Post a Comment