Wednesday, 10 July 2019

റേഡിയോ : ഇയ്യം ആകാശവാണി.... സംപ്രതി വാർത്താഹാ ശുയന്താം...


ഗൃഹാതുരത്വമുണർത്തുന്ന വേറെയും ഒര്പാട് നല്ല പരിപാടികളുണ്ടെങ്കിലും റേഡിയോ എന്ന് കേൾക്കുമ്പോൾ ആദ്ധ്യം മനസ്സിലേക്കോടിയെത്തുക ബാല ദൈവാനന്ദ സാഗര യുടെ സംസ്കൃത വാർത്താ വായനയാണ് .
ബാല്യകൗമാരങ്ങളിൽ ഒരു അവയവം പോലെയായിരുന്നു റേഡിയോ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായി അണ്ടി പെറുക്കി വിറ്റ് ഫിലിപ്സിന്റെ ഒരു റേഡിയോ സ്വന്തമാക്കിയത്. ഒഴിവ് ദിവസങ്ങളിൽ രാവിലെ 6 മണിയുടെ ഇംഗ്ലീഷ് വാർത്ത മുതൽ 11 മണിയുടെ ഇംഗ്ലീഷ് വാർത്ത കഴിഞ്ഞ് റേഡിയോ നിലയം അടക്കുമ്പോഴാണ് ഞാനും ഉറങ്ങാറ്, ചിലപ്പോൾ പിന്നെയും ഉറക്കം വരാഞ്ഞാൽ ഷോർട്ട് വേവ് (SW 2) ൽ തിരുവനന്തപുരം നിലയം പതിനൊന്ന് മണിക്ക് ശേഷവും കേൾക്കും. SW 2 വിദേശത്തൊക്കെ അന്ന് കിട്ടും.  അര മണിക്കൂർ ദൈർഘ്യമുള്ള 3 നേരങ്ങളിലെ കർണ്ണാടക സംഗീതമല്ലാത്ത എല്ലാ പരിപാടിയും ഞാൻ കേൾക്കുമായിരുന്നു. സുഷമയുടെയും ഈ അടുത്ത് അന്തരിച്ച ഗോപന്റെയും വാർത്താ വായന വളരെ ആകർഷണീയമായിരുന്നു (ഗോപന്റെ ശബ്ദം ഒരിടത്ത് ചാരം ഒരിടത്ത് പുക പരസ്യത്തിലൂടെ ഇപ്പോഴും കേൾക്കാറുണ്ട്). ഏതാണ്ട് 2002 വരെ റേഡിയോ മുടങ്ങാതെ കേൾക്കാറുണ്ടായിരുന്നു, ക്ലാസിക്കൽ ശൈലിയിലുള്ള ആകാശവാണിയുടെ AM ലെ (ഓഡിയോ മോഡുലേഷൻ) പരിപാടികളാണ് അന്നും ഇന്നും ഇഷ്ടം. ഇന്ന് ഒരു പാട് പ്രൈവറ്റ്  FM (ഫ്രീക്വൻസി മോഡുലേഷൻ) നിലയങ്ങളുണ്ട് , എന്നാൽ മുമ്പ് കാര്യമായി ആകാശവാണിയുടെ AM മാത്രം . അഞ്ചാറ് വർഷം മുമ്പ് പഴയ  ഗൃഹാതുരത്വ ഓർമ്മകൾ വല്ലാതെ തികട്ടി വന്നപ്പോൾ വീണ്ടും ഒരു Philips റേഡിയോ വാങ്ങി, ഒരു മാസത്തോളം കേൾക്കാനെ ഭാഗ്യമുണ്ടായൊള്ളു, മൂന്ന് മക്കളും കൂടി മത്സരിച്ച് സ്റ്റേഷൻ മാറ്റിയും ആന്റിന പിടിച്ച് വലിച്ചു പരിപ്പെടുത്തു, അവരെ തല്ലാനോങ്ങിയ കൈ ഉമ്മയുടെ ഒരു ഓർമ്മപെടുത്തലോടെ പിൻവലിക്കേണ്ടി വന്നു. (ജേഷoൻ കൊടുത്തയച്ച പാനസോണിക്കിന്റെ ടേപ് റിക്കാർഡർ ഹെഡ്മാസ്റ്റർ രാജഗോപാൽ സാറിന്റെ ഫിസിക്സ് ക്ലാസിൽ ഹരം കയറി ഞാൻ പരിപെടുത്തത് ഉമ്മ തക്ക സമയത്ത് കുട്ടികളുടെ മുന്നിൽ വിളമ്പി) .
അന്നൊക്കെ ഞായറാഴ്ചകളിൽ ഏതെങ്കിലും സിനിമയുടെ ശബ്ദ രേഖയുണ്ടാകും 4 മണിക്ക് ദുരദർശനിലെ സിനിമ തുടങ്ങുന്നതിന് മുമ്പായി അത് കേട്ട് തീർക്കും , അതിനൊക്കെയുള്ള കാത്തിരിപ്പ് ഇന്നത്തെ തലമുറക്ക് പറഞ്ഞാൽ ഒരിക്കലും മനസ്സിലാവില്ല. മൂന്ന് കട്ടയുടെ ഫിലിപ്‌സ് ന്റെയും പാനസോണിക്കിന്റെയും റേഡിയോയിൽ ആകാശ വാണി വാർത്തകളും ചലചിത്ര ഗാനങ്ങളും ചെട്ടിനാട് സിമെന്റിന്റെയും സെന്റ് ജോർജ് കുടയുടെയും പരസ്യം കേട്ട് ഉമ്മറത്തെ ചാരുകസേരയിൽ ഉച്ചനേരത്ത് ചടഞ്ഞിരിക്കൽ ഒരു പാട് നഷ്ടങ്ങളുടെ കുട്ടത്തിലെ മറ്റൊരു നഷ്ടമാണ്. രാജീവ് ഗാന്ധിയുടെ മരണവും അത് പോലെ തിരെഞ്ഞെടുപ്പ് ഫലവും ഒക്കെ കേൾക്കാൻ റേഡിയോയെ മാത്രം ആശ്രയിച്ചൊരു കാലം.....

പുതിയ ദൃശ്യ മാധ്യമ പ്രളയത്തിൽ പഴയ റേഡിയോ വെറുമൊരോർമ്മ ....

എന്നാലും ദീർഘ ദൂര കാർ യാത്രയിൽ മനോരമയുടെ റേഡിയോ മാംഗോ ഇടക്ക് കേൾക്കാറുണ്ട്..

പക്ഷെ അതിനൊന്നും പഴയാ ഒരിതില്ല 
---------------------------
✍ നിസാർ . പി കെ

No comments:

Post a Comment