Thursday, 14 April 2016

" മരുഭൂമിയിലെ നൊമ്പരം "


                  നാല് വര്‍ഷം മുംബ് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞെത്തിയ അയല്‍വാസിയുമായി നാട്ടു വിശേഷങ്ങള്‍ ആരായുന്ന തിരക്കിനിടയില്‍ അവനെന്നോട് ചോദിച്ചു 

'ജ്ജ് നാള ബുറൈദീക്ക് പോക്ണ്ടാ'
'ഞാന്‍ എന്നും പോകല്ണ്ട് എന്ത്യേ'   
'ന്നാ നാള ജ്ജ് പോകുബോ ഞാനും പോരാ.. ഞമ്മളൊരു നാട്ടേരന്‍ അൗട പണിട്ക്ക്ണ്ട് ഓനൊന്ന് കാണാനാ'  
'ബുറൈദീല് യൗടേണ്
'അതൊന്നും അറീല ഓന്റെ നമ്പറ്ണ്ട് ഞമ്മക്ക് ബുള്ച്ചോക്കാ

സംസാരത്തിനിടെ അയല്‍വാസി നാട്ടില്‍ നിന്നും കൊണ്ട് വന്ന പലഹാരവും മറ്റുമുള്ള പെട്ടിയുടെ കെട്ടഴിച്ചു പിന്നെ ഞങ്ങളുടെ ശ്രദ്ധ അതിലേക്കായി.  എന്റെ വീട്ടില്‍ നിന്ന് ഉമ്മ കൊടുത്തയച്ച അച്ചാര്‍   എന്റെ കയ്യില്‍ കിട്ടിയതോടെ വായില്‍ കപ്പലോട്ടാനുംമാത്രം വെള്ളം നിറഞ്ഞു പിന്നെ ഒട്ടും വൈകിയില്ല വേഗമൊരു സ്പൂണ്‍ എടുത്ത് കൊതിയോടെ രണ്ട് ടീസ്പൂണ്‍ അച്ചാര്‍ അകത്താക്കി   അന്ന് റൂമിലൊരു പെരുന്നാളായിരുന്നു പലവിധത്തിലുള്ള പലഹാരങ്ങള്‍ ബീഫ് വരട്ടിയത് പത്തിരി അങ്ങനെ അന്നാദ്യമായി അച്ചാറും പലഹാരവും ബീഫും പത്തിരിയും എല്ലാം കൂടി ഒരുമിച്ച് കഴിച്ചതും ജീവിതത്തിലെ പുതിയൊരനുഭവമായി.  

പിറ്റേന്ന് ഉച്ചഭക്ഷണവും കഴിച്ച് ഞാനും അയല്‍വാസിയും കൂടി ഞങ്ങളന്ന് ജോലി ചെയ്തിരുന്ന മിദ്നബില്‍ നിന്നും ബുറൈദയിലേക്ക് പുറപ്പെട്ടു        യാത്രക്കിടെ നാട്ടുവിശേഷങ്ങള്‍ പറയുന്നതിനിടെയാണ് ഞങ്ങള്‍ കാണാന്‍ പോകുന്ന നാട്ടുകാരനെ കുറിച്ച് അയല്‍വാസി എന്നോട് പറഞ്ഞത്   
'ഓന് ഏതോ ഒര് മസ്റയിലാണ് പണി
ഞാന്‍ ചോദിച്ചു 'മസ്റയിലോ എന്ത് മസ്റ
'ആടും ഒട്ടകും ഒക്കള്ള മസ്റേണേലൊ'
എനിക്കതൊരു പുതിയ അറിവായിരുന്നു. 

ഞങ്ങള്‍ ഏകദേശം ബുറൈദയിലെത്താറായിരുന്നു ഞാന്‍ അയല്‍വാസിയോട് പറഞ്ഞു അവന്റെ നമ്പറില്‍ വിളിച്ച് സ്ഥലം ചോദിക്കാന്‍.    അയല്‍വാസി നാട്ടുകാരനെ വിളിച്ചു സ്ഥലം അന്വാശിച്ചു അയല്‍വാസിക്ക് ബുറൈദ പരിചയമില്ലാത്തോണ്ട് ഫോണ്‍ എനിക്ക് തന്നിട്ട് പറഞ്ഞു 'ജ്ജ് ചോയ്ച്ചോക്കാ ഏതാ സ്ഥലംന്ന്അങ്ങനെ ഞാന്‍ നാട്ടുകാരനുമായി സംസാരിച്ചു സ്ഥലം ചോദിച്ച് മനസ്സിലാക്കി ബുറൈദയിലെ സനഇയ്യ ഭാഗത്താണ് അവിടുന്നും ഒരുപാട് പോകണം ഞാന്‍  സനഇയ്യ റോഡിലൂടെ വണ്ടി തിരിച്ചു ബുറൈദയില്‍ നിന്നും ഒരു നാല്‍പ്പത് കിലോമീറ്റര്‍ കഴിഞ്ഞിട്ട് നാട്ടുകാരന്‍ ഫോണ്‍ വിളിക്കാന്‍ പറഞ്ഞിരുന്നു സനഇയ്യ കഴിഞ്ഞാല്‍ പിന്നെ വിജനമായ മരുഭൂമിയാണ് റോഡില്‍ അധികം വാഹനങ്ങളൊന്നും ഇല്ല      നാട്ടുകാരന്‍ പറഞ്ഞതനുസരിച്ച് അവനെ വിളിച്ചു ഞാന്‍ ചോദിച്ചു 
'ഈ മസ്റയിലേക്ക് തിരിയ്ണ ഭാഗത്ത് എന്തെങ്കിലും അട്യാളണ്ട'
'ഒരു ചെറിയ പെട്രോള്‍ പമ്പും ബഖാലയുമുണ്ട് ഇങ്ങള് ബണ്ടി അൗട നിര്‍ത്ത്യാ മതി ഞാം അങ്ങട്ട് ബെരാ'

വണ്ടി കുറച്ച് കൂടി മുന്നോട്ട് പോയപ്പൊ നാട്ടുകാരന്‍ പറഞ്ഞ പമ്പും ബഖാലയും കണ്ടു ഞാന്‍ വണ്ടി അവിടെ കയറ്റി ഞാനും അയല്‍വാസിയും വണ്ടിയില്‍ നിന്നിറങ്ങി ആ ബഖാലയിലേക്ക് കയറി ഒരു പാകിസ്ഥാനിയാണ് അവിടെ ജോലിക്കാരന്‍ ഞങ്ങളാ കടക്കാരന്‍ പാകിസ്ഥാനിയോട് ഓരൊന്നൊക്കെ സംസാരിച്ചു ഓരോ വെള്ളവും കുടിച്ച് നില്‍ക്കുംബോള്‍ പകിസ്ഥാനി ചോദിച്ചു 
'നിങ്ങള്‍ എങ്ങോട്ടാ പോകുന്നത് എവിടുന്നാ വരുന്നത്'  (അയാളുമായി ഹിന്ദിയിലാട്ടാ സംസാരിച്ചത്..😊) 
അങ്ങനെ ഞങ്ങളുടെ ആഗമനോദ്ധേശം പാകിസ്ഥാനിയോട് വിവരിച്ചു ഞങ്ങള്‍ കാണാന്‍ വന്ന നാട്ടുകാരന്റെ പേര് പറഞ്ഞപ്പൊ പാകിസ്ഥാനിക്ക് അവനെ നല്ല പരിചയമുണ്ട് അയാള്‍ പറഞ്ഞു 'അവനിവിടെ വരാറുണ്ട് ഞങ്ങള്‍ വല്ല്യ കൂട്ടുകാരാണ്'                                 ഞാനയാളോട് മസ്റ ഏത് ഭാഗത്താണെന്ന് ചോദിച്ചപ്പൊ അയാള്‍ ഞങ്ങളേയും കൂട്ടി കടയുടെ പുറത്തിറങ്ങിയിട്ട്‌ മരുഭൂമിയിലേക്ക് വിരല്‍ ചൂണ്ടിയിട്ട് അങ്ങകലെ വളരെ ചെറുതായി കാണുന്ന കൂടാരം കാണിച്ചു തന്നിട്ട് പറഞ്ഞു അവിടെയാണ് അവന്‍ ജോലി ചെയ്യുന്നതെന്ന് കടയുടെ അടുത്ത് നിന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരമുണ്ടാവും അങ്ങോട്ട്.

നാട്ടുകാരനോട് ഞങ്ങളിവിടെ എത്തിയെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞു അവന്‍ പറഞ്ഞു 
'അര മണിക്കൂറിനുള്ളില്‍ ഞാനങ്ങട്ട് എത്തും'  
അങ്ങനെ ഞങ്ങള്‍ പാകിസ്ഥാനിയോട് സംസാരിച്ച് കടയിലിരുന്നു നല്ല സംസാരപ്രിയനായ ഒരു നാല്‍പ്പത് വയസ്സിനടുത്ത് പ്രയമുള്ള ആ പാകിസ്ഥാനി ഞങ്ങളോട് നാട്ടിലേയും വീട്ടിലേയുമൊക്കെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു ഞങ്ങള്‍ അയാളോടും വിശേഷങ്ങള്‍ തിരക്കി അങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ച് നല്ലൊരു സൗഹൃദം സ്ഥാപിച്ചു .    സംസാരത്തിനിടെ ഞാന്‍ കടയുടെ പുറത്തിറങ്ങി മരുഭൂമിയിലെ ആ കൂടാരത്തിനടുത്തേക്ക് നോക്കി നാട്ടുകാരന്‍ വരുന്ധുണ്ടോയെന്നറിയാന്‍ എന്റെ മനസ്സ് മുഴുവനും ആ നാട്ടുകാരനെ കുറിച്ചായിരുന്നു മരുഭൂമിയില്‍ പണിയെടുക്കുന്നവരെ കുറിച്ചും അവരുടെ ദുരിതങ്ങളെ കുറിച്ചുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ നാട്ടുകാരന്റെ സ്ഥിതി എന്താണെന്ന് അറിയില്ലല്ലോ ഒരുപാട് മസ്റ പണിക്കാരെ പരിചയമുണ്ടെങ്കിലും അവരാരും എന്റെ നാട്ടുകാരല്ലായിരുന്നു പക്ഷെ ഇന്നിതാ എന്റെയൊരു നാട്ടുകാരന്‍ ഇവിടെ മരുഭൂമിയില്‍ ആടുകളേയും ഒട്ടകങ്ങളേയും മേച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നു.    പുറത്ത് നല്ല ചൂടുള്ളതിനാല്‍ അദിക നേരം അവിടെ നില്‍ക്കാന്‍ കഴിയാതെ ഞാന്‍ വീണ്ടും കടയുടെ അകത്തേക്ക് തന്നെ പോയി അയല്‍വാസിയും പാകിസ്ഥാനിയും വലിയ സംസാരത്തിലാണ് അയല്‍വാസി മുംബ് മറ്റൊരു അറബ് രാജ്യത്ത് ജോലി ചെയ്തിരുന്നു അവിടുത്തെ അനുഭവങ്ങളാണ് വിവരിച്ച് കൊണ്ടിരിക്കുന്നത്.

സംസാരത്തിനിടെ ഞാന്‍ വാച്ചിലേക്ക് നോക്കി നാട്ടുകാരന്‍ പറഞ്ഞ അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു അയല്‍വാസി അവനെ ഫോണില്‍ ഒന്നുകൂടി വിളിച്ചു അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് പത്ത് മിനിറ്റിനുള്ളില്‍ അവിടെയെത്തുമെന്ന് നാട്ടുകാരന്‍ പറഞ്ഞു.    പാകിസ്ഥാനി അയാളുടെ വകയായി ഞങ്ങള്‍ക്കോരോ ജ്യൂസ് തന്നു  അത് കുടിച്ച് കഴിഞ്ഞ് നാട്ടുകാരന് വേണ്ടി ഞങ്ങള്‍ ജ്യൂസും കുറച്ച് കേക്കുകളുമൊക്കെ വാങ്ങി പൈസ കൊടുത്തിട്ട് പാകിസ്ഥാനി അത് വാങ്ങാന്‍ കൂട്ടാക്കുന്നില്ല അയാള്‍ പറഞ്ഞു  'ആപ് ഹമാരാ മെഹമാന്‍ ഹേനാ ഇസ്ലിയേ പൈസ നെഹീ ചാഹിയേ' പക്ഷെ നിര്‍ബന്ധിച്ച് പൈസ വാങ്ങിപ്പിച്ചു.  ഞാനാ സാധനങ്ങള്‍ വണ്ടിയില്‍ വെച്ച് അങ്ങകലേയുള്ള ആ കൂടാരത്തിന്റെ ഭാഗത്തേക്ക് നോക്കി നിന്നു അല്‍പ്പ സമയത്തിനകം അകലെ നിന്ന് ഒരാള്‍ നടന്ന് വരുന്നതായി കണ്ടു ആകാംശയോടെ ഞാനതും നോക്കി നിന്നു അടുത്തെത്തും തോറും എന്നിലെ ആകാംശയും കൂടി വന്നു.  പാന്റും ഫുള്‍കൈ ഷര്‍ട്ടും ചുവന്നൊരു തലേകെട്ടുമുള്ള ഒരാള്‍ അടുത്തടുത്ത് വന്നു ഞാന്‍ സൂക്ഷിച്ച് നോക്കി അവന്‍ തന്നെ എന്റെ നാട്ടുകാരന്‍ മരുഭൂമിയിലെ വെയിലും ചൂട് കാറ്റും തട്ടിയിട്ടാവണം ആളാകെ കറുത്തിരുണ്ട് വല്ലാത്തൊരു കോലമായിരിക്കുന്നു ആ ഡ്രസ്സ് കണ്ടാലറിയാം അലക്കിയിട്ട് ദിവസങ്ങളായിരിക്കുന്നുവെന്ന് അത്രത്തോളം മുഷിഞ്ഞിരിക്കുന്നു.  ഞാന്‍ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു അവന്റെയാ കോലം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ഹൃദയമിടിപ്പ് കൂടിയ പോലെ ശരീരമാസകലം ഒരു മരവിപ്പ് പോലെ അവന്‍ എന്റെ അടുത്തെത്തി സലാം ചൊല്ലി കൈ തന്നു സലാം മടക്കി അവന്റെ കയ്യില്‍ പിടിച്ചു അവനോടപ്പൊ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ എന്റെ തൊണ്ടയിടറുന്ന പോലെ തോന്നിയെനിക്ക് അത്രത്തോളം അവന്റെയാ അവസ്ഥ കണ്ട് തളര്‍ന്നിരുന്നു ഞാന്‍.  കടയില്‍ നിന്ന് അയല്‍വാസിയും പാകിസ്ഥാനിയും ഇറങ്ങി വന്നു അല്‍പ്പ സമയത്തെ കുശലാന്വാശണങ്ങള്‍ക്ക് ശേഷം ഞാനും അയല്‍വാസിയും നാട്ടുകാരനുംകൂടി വണ്ടിയില്‍ കയറി മസ്റയിലേക്ക് പുറപ്പെട്ടു   മരുഭൂമിയിലൂടെ നാട്ടുകാരന്‍ പറഞ്ഞ് തരുന്ന വഴിയിലൂടെ വണ്ടിയാടിച്ച് മസ്റയിലെത്തി അവിടം കണ്ട കാഴ്ചകള്‍  അത്ഭുതവും ആശങ്കയും വിശമകരവുമായതാണ്. ഇരുമ്പ് വല കൊണ്ട് വളച്ച് കെട്ടിയ ഒരു കൂടിനകത്ത് അഞ്ഞൂറോളം വരുന്ന ആടുകള്‍ മറ്റൊരു ഭാഗത്ത് സമാനരീതിയില്‍ വളച്ചു കെട്ടിയ കൂടിനകത്ത് നൂറില്‍ പരം ഒട്ടകങ്ങള്‍  തൊട്ടപ്പുറത്ത് കയറില്‍ ബന്തസ്ഥനായൊരു കഴുത  രണ്ട് കാവല്‍ നായകള്‍ എല്ലാത്തിന്റെയും നടുവിലെന്നോണം ചെറിയൊരു പെട്ടിക്കൂട് പോലെ തോന്നിക്കുന്ന ചെറിയൊരു കൂടാരം നാട്ടുകാരനും സഹ ജോലിക്കാരനായ സുഡാനിക്കും അന്തിയുറങ്ങാനുള്ള റൂമാണതെന്ന് അവന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത് ഞങ്ങളെ നാട്ടുകാരന്‍ അവന്റെ റൂമിലേക്ക് ക്ഷണിച്ചു വെയിലത്ത് കയറിയിട്ടാവും അതിനകത്തേക്ക് കയറിയപ്പൊ ആകെ ഇരുട്ട് അവിടെ ഏസി പോയിട്ട് കറന്റ് പോലുമില്ല വെളിച്ചത്തിനായി ഒരു പാനീസ് വിളക്കുണ്ട് ഇടുങ്ങിയ ആ കൂടാരത്തിനുള്ളില്‍ അല്‍പ്പ സമയം ഇരുന്നപ്പോള്‍ തന്നെ ചൂടെടുത്ത് ആകെ വിങ്ങാന്‍ തുടങ്ങി ഞാന്‍ നാട്ടുകാരനോട് ചോദിച്ചു 
'ഇജെങ്ങനെണീ ഇതിന്റുള്ളില് കെട്ക്കല്'  
അപ്പൊ അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു 
'ഞാംബട കെട്ക്കലില്ല ഞാം പൊറത്താണ് കെട്ക്കല്'            അയല്‍വാസി അവനോട് ചോദിച്ചു 
'ജ്ജെങ്ങനെ ഇബട മന്ന് പെട്ടത്
അവന്‍ പറഞ്ഞു 
'ഇത് ഇന്റെ കഫീലിന്റെ മസ്റയല്ല ഓന്റെ ചെങ്ങായിന്റാണ് കഫീലിന്റെര്ത്ത് പണിയില്ലാത്തോണ്ട് തല്‍ക്കാലംന്ന് പറഞ്ഞ് ഇബടാക്കീതാണ് ഇപ്പൊ പത്ത് മാസം കയ്ഞ്ഞു ഏതായാലും രണ്ട് മാസംകൂടി കയ്ഞ്ഞിട്ട് നാട്ടീ പോണം കഫീല് പോകാന്‍ പറഞ്ഞ്ക്ക്ണു'

ഞങ്ങളാ കൂടാരത്തിനകത്ത് നിന്നും പുറത്തേക്കിറങ്ങി           അപരിചിതരായ ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു കാവല്‍ നായകള്‍ എന്തിനും തയ്യാറായി ഞങ്ങളെ തന്നെ നോക്കി നില്‍ക്കുകയാണ് നാട്ടുകാരന്‍ കൂടെയുള്ളത് കൊണ്ടാവും അവറ്റകള്‍ അടുത്ത് വരാത്തത്  ഇടക്കിടെയുള്ള കാറ്റിനാല്‍ മസ്റയിലെ അതിരൂക്ഷമായ ഗന്ധം അസ്വസ്ഥതയുണ്ടാക്കുന്നു അപ്പൊ ഞാനാലോജിച്ചു എന്റെ നാട്ടുകാരന്‍ എന്തെല്ലാം സഹിച്ചാണ് ഈ മരുഭൂമിയില്‍ ഈ മിണ്ടാപ്രണികളോട് മല്ലടിച്ച് കുടുംബം പോറ്റാന്‍ കഷ്ട്ടപ്പെടുന്നത്. അവന്റെ കാര്യമോര്‍ത്തപ്പൊ വളരെ വിശമം തോന്നി.      അതിനിടയില്‍ നാട്ടുകാനൊരു ഫോണ്‍ വന്നു അവന്‍ ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി സംസാരത്തിനിടെ അവന്‍ പറയുന്നുണ്ട്.  'ഹാദാ അന സ്വദീഖ്'    അവന്റെ ഫോണ്‍വിളി കഴിഞ്ഞപ്പൊ അയല്‍വാസി അവനോട് ചോദിച്ചു 'ആരാ വിളിച്ചത്'   അവന്‍ പറഞ്ഞു അത് മസ്റയുടെ മുതലാളിയാണ് നിങ്ങളെയിവിടെ കണ്ടിട്ട് ആരാണ് എന്തിന് വന്നതാണ് എന്നൊക്കെയാണ് ചോദിക്കുകയാണവനെന്ന് പറഞ്ഞു.   ഞാന്‍ ചുറ്റുപാടുമൊന്ന് വീക്ഷിച്ചു പക്ഷെ ആ പരിസരത്തൊന്നും ആരെയും കണ്ടില്ല. അപ്പൊ ഞാന്‍ നാട്ടുകാരനോട് ചോദിച്ചു 'അല്ലണീ അയാക്കെങ്ങെനെ മനസ്സിലായി ഇബട ആള് വന്നത്അവന്‍ മസ്റയില്‍ നിന്നും മരുഭൂമിയുടെ അങ്ങകലേക്ക് ചൂണ്ടിയിട്ട് പറഞ്ഞു 'അതാ അൗടൊരു തോട്ടം കണ്ടാ അൗട അയാള് വണ്ടീലിര്ന്ന് ബൈനോകുലറില് നോക്കും അങ്ങന കണ്ടതേക്കാരംകൂട്ടം തെറ്റി പോയ ആടുകളേയും ഒട്ടകത്തേയും കണ്ടെത്താനും പിന്നെ മസ്റയും പരിസരവുമൊക്കെ വീക്ഷിക്കാനുമാണ് ആ അറബി ബൈനോകുലറില്‍ നോക്കുന്നതത്രെ.   അവിടെ നിന്ന് സംസാരിച്ച് സമയം പോയതറിഞ്ഞില്ല സമയം മഗ്രിബോടടുത്തിരിക്കുന്നു എനിക്കാണെങ്കില്‍ ബുറൈദ മാര്‍കറ്റില്‍ പോയി സാധനങ്ങളെടുക്കാനുമുണ്ട് ഞങ്ങള്‍ നാട്ടുകാരനോട് യാത്ര പറഞ്ഞ് മടങ്ങാനൊരുങ്ങി നാട്ടുകാരന്‍ ചോദിച്ചു 'മണല്ക്കൂടി വന്ന റൂട്ട് ഓര്‍മ്മയില്ലെ ശ്രദ്ധിച്ച് പൊയ്ക്കോഞാനും അയല്‍വാസിയും വണ്ടിയില്‍ കയറി ഒരിക്കല്‍ കൂടി നാട്ടുകാരനോട് യാത്ര പറഞ്ഞു വണ്ടി മുന്നോട്ട്  നീങ്ങുംമ്പോള്‍ സൈട് ഗ്ലാസിലൂടെ ഞാന്‍ നോക്കിയപ്പൊ നാട്ടുകാരന്‍ ഞങ്ങള്‍ പോകുന്നതും നോക്കി നില്‍ക്കുന്നത് കണ്ടു.  വണ്ടി മെയിന്‍ റോഡിലേക്ക് കയറ്റുന്നതിനിടെ ടയര്‍ മെല്ലെ മെല്ലെ മണലില്‍ താഴാന്‍ തുടങ്ങി പരമാവദി ശ്രമിച്ചിട്ടും വണ്ടി അനങ്ങിയില്ല ടയര്‍ പകുതിയോളം താഴ്ന്നിരുന്നു ഞാനും അയല്‍വാസിയും ഇനിയെന്ത് ചെയ്യുമെന്നറിയാതെ മുഖത്തോട് മുഖം നോക്കി വണ്ടിയില്‍ നിന്നിറങ്ങി ടയറിനടിയിലെ കുറേ മണലൊക്കെ കൈ കൊണ്ട് നീക്കി വീണ്ടുമൊന്ന് വണ്ടി വലിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ അത് കൂടുതല്‍ താഴുന്ന അവസ്ഥയിലായി ശെരിക്കും പെട്ടു എന്ന അങ്കലാപ്പില്‍ നില്‍ക്കുംബോള്‍ റോഡിലൂടെ നല്ല സ്പീഡില്‍ കടന്നു പോയ ലാന്‍ഡ്ക്രൂയ്സര്‍ കുറെ  മുന്നോട്ട് പോയതിന് ശേഷം തിരിച്ച് ഞങ്ങളുടെ വണ്ടിക്കരികിലേക്ക് വന്നു സലാം ചൊല്ലി രണ്ട് സഊദി ചെറുപ്പക്കാരാണ് ഞങ്ങളുടെ വണ്ടി കുടുങ്ങിയത് കണ്ടിട്ട് സഹായിക്കാനായി വന്നതാണ് അതിലൊരാള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറിയിരുന്നു ഞാനും അയല്‍വാസിയുംകൂടി തള്ളി കൊടുത്തു നല്ലൊരു ശ്രമത്തിനൊടുവില്‍ ആ സഊദി വണ്ടി റോഡിലേക്ക് കയറ്റി  തന്നിട്ട് സലാം ചൊല്ലി. കൂടുതലൊന്നും ചോദിക്കാനോ  പറയാനോ നില്‍ക്കാതെ അവര്‍ പെട്ടെന്ന് പോവുകയും ചെയ്തു അങ്ങനെ ഞങ്ങള്‍  ബഖാലയിലെ പകിസ്ഥാനിയുടെ അടുത്ത് ചെന്ന് അയാളോടും യാത്ര പറഞ്ഞ് മടക്കയാത്ര തുടര്‍ന്നു നാട്ടുകാരന്റെ അവസ്ഥയോര്‍ത്ത് ഞങ്ങള്‍ പരസ്പരം കുറേ നേരത്തിന് മിണ്ടാന്‍ പോലും മറന്നു പോയി കാരണം അവിടെ കണ്ട കാഴ്ചകള്‍ രണ്ട് പേരുടേയും മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചിരുന്നു.   
~~~~~~~~~~~~~~~~~~ 
         ഇന്നാ നാട്ടുകാരന്‍ ഭൂമിയിലെ ശറഫാക്കപ്പെട്ട മണ്ണില്‍ നല്ല നിലയില്‍ ജോലി ചെയ്ത് വരുന്നു.
~~~~~~~~~~~~~~~~~~                                                   
--------------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

1 comment:

  1. ബെന്യാമിന്റെ ആടുജീവിതത്തിൽ നിന്ന് ഒരു പേജ് വായിച്ച് തീർത്ത അനുഭവമാണ്
    അൻവർ ആട്ടക്കോളിയുടെ മരുഭൂമിയിലെ നൊമ്പരം വായിച്ചപ്പോൾ തോന്നിയത്.
    നമ്മുടെ നാട്ടിലും നജീബുമാർ (ആടുജീവിതത്തിലെ പ്രധാന കഥാപാത്രം)
    ഉണ്ടായിരുന്നു എന്നത് അൻവർ തന്റെ അനുഭവത്തിലൂടെ പകർന്ന് തന്ന ഒരറിവാണ്.
    ഒരു നോവൽ വായിക്കുന്ന ഒഴുക്കോടെ വായിച്ച് പോവാൻ പറ്റുന്ന അവതരണ ശൈലിയിൽ അൻവർ കുറിച്ചിട്ട വരികൾ ഇന്നലെ കൂട്ടിൽ പിറന്ന മികച്ച സൃഷ്ടികളിൽ ഒന്നാണെന്ന് പറയുന്നതിന് രണ്ട് വട്ടം ആലോചിക്കേണ്ടതില്ല.

    അൻവറിന്
    അഭിനന്ദങ്ങൾ
    🌸🌸🌸🌸🌸🌸🌸🌸
    സത്താർ കുറ്റൂർ

    ReplyDelete