Thursday, 14 April 2016

== പ്രായശ്ചിത്തം ==



        അന്ന് ഒഴിവ്ദിനമായിരുന്നു.  രാവിലെ 10 മണിയായിക്കാണും. പത്രംവായിച്ച് ഉമ്മറത്തിരിക്കുമ്പോൾ തോളിലൊരു മാറാപ്പും തൂക്കി ഒരു വയസ്സൻ കയറി വന്നു. "കുറച്ച് വെള്ളം.."  വെള്ളവുമായി വന്നപ്പോഴേക്കും കിഴവൻ സിറ്റൗട്ടിൽ കയറി നിലത്തിരുന്ന് കഴിഞ്ഞിരുന്നു. "കുറച്ച്കൂടി"...
വീണ്ടും വെള്ളവുമായെത്തിയ ഞാനത്ഭുതപ്പെട്ടു പോയി. അയാൾ തൻറെ ഭാണ്ഡം തുറന്ന് കുറെ വൃക്ഷതൈകൾ നിരത്തി വെച്ചിരിക്കുന്നു.  "ഇവർക്കുമില്ലേ ദാഹം"
ഞാൻ കൊടുത്ത വെള്ളം ആ തൈകളിൽ കുടഞ്ഞ് അയാളൊന്ന് നിശ്വസിച്ചു.  
"
മോനേ.. ഈ പറമ്പിൻറെ മൂലയിലൊക്കെ കുറച്ച് മരങ്ങൾ നട്ടു പിടിപ്പിച്ചൂടേ..  വരൂ.. ഈ തൈകൾ നമുക്കിവിടെ നടാംഎന്തോ.. എനിക്ക് മറുത്തൊന്നുംപറയാൻ കഴിഞ്ഞില്ല. 

"എന്താ ഇതിൻറെ വില ?"
"
വിലയോ

വരൂ.. പറയാം". 
പുഞ്ചിരിച്ച് കൊണ്ടയാൾ മുമ്പേ നടന്നു. ഏകദേശം ഒരു മണിക്കൂറെടുത്തു പത്ത് പതിനഞ്ച് മരത്തൈകൾ മണ്ണിലാക്കാൻ. തേക്കും പിലാവും പുളിയുംമറ്റു പല മരങ്ങളുമുണ്ട്.  ആ സമയം കൊണ്ട് അതിശയിപ്പിക്കുന്ന തൻറെ ജീവിതകഥ അയാളെന്നോട് പറഞ്ഞു.... 

         ഫോറസ്റ്റ് ഗാഡായിരുന്നു അയാൾക്ക് ജോലി.. ഏക മകനെ  കഷ്ടപ്പെട്ട് പഠിപ്പിച്ചു. കാട്ടുകള്ളൻമാരിൽ നിന്ന് ദൈവത്തിൻറെ വരദാനമായ വൻമരങ്ങളെ സംരക്ഷിച്ചു. കൈകൂലിയുമായി പലരും സമീപിച്ചു. ഒന്ന് കണ്ണ് ചിമ്മിയാൽ മതി. ലക്ഷങ്ങൾ കീശയിൽ വരും. വേണ്ട. ചെറിയ ശമ്പളമാണെങ്കിലും അത് മതി. പക്ഷേ.. മകന് എപ്പോഴും പണം വേണം. അവന് അയൽ സംസ്ഥാനത്ത് പോയി മെഡിസിന് പഠിക്കണം.. ലക്ഷങ്ങൾ വേണം.. പിന്നെ ഞാനൊന്നും ലോച്ച്ചില്ല.. ഇടക്കിടെ കണ്ണ് ചിമ്മി. വൻമരങ്ങളിൽ കോടാലി പതിക്കുന്ന ശബ്ദം എൻറെ കാതിൽ ഇരമ്പി.  അവയുടെ വീഴ്ച അലർച്ചയായി  എനിക്കനുഭവപ്പെട്ടു... കാലമേറെ കഴിഞ്ഞു. ഞാൻ പെൻഷനായി. അവൻ വലിയ ഡോക്ടറായി. ഡോക്ടറെ കല്യാണം ക്ഴിച്ചു. ഇതിനിടെ അവ്ൻറെ അമ്മ മരണപ്പെട്ടു. ഞാൻ തനിച്ചായി.. ക്രമേണ അവൻറെ സ്വഭാവം മാറിതുടങ്ങി. ഞാനവർക്കൊരു ഭാരമായി. അവസാനം ദൂരെയുള്ള വൃദ്ധ സദനത്തിൽ ഞാനൊരന്തേവാസിയായി മാറി.  "എനിക്കുറപ്പാണ്. ജീവൻ തൂടിക്കുന്ന ആ മരങ്ങളുടെ ശാപമാണെനിക്ക്" അത് പറയുമ്പോൾ ആ വൃദ്ധൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


            രണ്ട് ദിവസം മുമ്പ് വൃദ്ധസദനത്തിൻറെ മാനേജർ സന്തോഷത്തോടെ വന്ന് പറഞ്ഞു. "നിങ്ങൾ ഭാഗ്യവാനാണ്. നാളെ രാവിലെ മകൻ നിങ്ങളെ കൂട്ടികൊണ്ട് പോകാൻ വരും. ഫോൺ ചെയ്തിരുന്നു. അവൻ കരയുന്നുണ്ടായിരുന്നു".   എനീക്കെന്തോ.. സന്തോഷം തോന്നിയില്ല. ഞാൻ ചെയ്ത പാതകത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഞാനൊരു വഴി കണ്ടുപിടിച്ചു. വൃക്ഷ തൈകൾ ശേഖരിച്ച് നാടുനീളെ നട്ടുപിടിപ്പിക്കുക. അന്ന് രാത്രി ആരോടും പറയാതെ ഞാനിറങ്ങീതാണ്. ഇനി മരണംവരെ ഈ കിഴവന് കൂട്ട് ഈ മരങ്ങൾ മാത്രം"


ചായകഴിച്ച് അയാളെ യാത്രയാക്കുമ്പോൾ  ഞാൻ ഈ ലോകത്ത് ചെറുതായിപോകുന്നതായി എനിക്ക് തോന്നി.


----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment