കഴിഞ്ഞ ദിവസം ഒരു അടുത്ത സുഹൃത്തിനെ
അങ്ങാടിയിൽ വെച്ച് കണ്ടു. ഞാനും അവനും സ്കൂളിലും മദ്റസയിലും ഒന്ന് മുതൽ മുഴുവൻ
ക്ലാസുകളിലുo ഒന്നിച്ച് പഠിച്ചാണ് വളർന്നത്. കളി മൈതാനങ്ങൾ, കുളി ക്കടവുകൾ, ഉൽസവ പറമ്പുകൾ, തുടങ്ങി നാട്ടുകാർ ഒന്നിച്ചു കൂടുന്നിടത്തൊക്കെ ഞങ്ങൾ തോളിൽ
കൈവെച്ച് നടന്നിട്ടുണ്ട്. അന്നത്തെ ഓർമ്മകൾ പഴയ കാലത്തെ നാട്ടിലെ ചില കിണറുകൾ
പോലെയാണെന്ന് തോന്നിയിട്ടുണ്ട്. വറ്റില്ല...... ഏത് കടുത്ത വേനലിലും.......
ഏതെങ്കിലും വഴിക്ക് ഇറങ്ങിയാൽ വഴിയിൽ കാത്തിരിക്കുന്ന നേരം....... കാത്തിരുന്ന് കാല് കഴച്ച് തിരിച്ച് പോവുമ്പോൾ..... നന്നായി നീട്ടി കൂവി നോക്കും. രണ്ടും മൂന്നും തവണയൊക്കെ ആവർത്തിച്ചിട്ടും പ്രതികരണമില്ലെങ്കിൽ പിന്നെ.....
വഴിയിൽ ഒരടയാളം വെക്കും. ഒരു പച്ചില പറിച്ച് അതിൻമേൽ ഒരു കല്ല് കനം വെക്കാറാണ് പതിവ്. മിസ് കോളുകളില്ലാത്ത ആ കാലം
ചങ്ങാതിമാരുടെ കൂവലും മീൻ കച്ചവടക്കാരെ കൂവലുമൊക്കെയാണ് നാട്ടിൽ ഉയർന്ന് കേട്ടിരുന്നത്. നന്നായി കൂവുക എന്നത് പൗരുഷത്തിന്റെ
അsയാളമായി കരുതി പോന്നു.
ഉമ്മ പറയുമായിരുന്നു നീ തോണിക്കാരെ മാതിരി കൂവാൻ പഠിച്ചിക്കുണുല്ലെടാ എന്ന്.. ഇങ്ങനെയൊക്കെയാണ് ഞങ്ങൾക്കിടയിലെ സൗഹൃദം വളർന്നത്.
പാടത്തെ കളി മൈതാനങ്ങളിൽ ഞങ്ങൾ എപ്പോഴും ഒരു ടീമായി കളിച്ചു.
ക്രിക്കറ്റിൽ ബാറ്റ് ചെയ്യാൻ ഒന്നിച്ചിറങ്ങി. പലപ്പോഴും ഓപ്പണർമാരായി തന്നെ നാട്ടിലെ ടൂർണ്ണമെന്റുകളിൽ ഞങ്ങളുടെ കൂട്ട് കെട്ട് ഒരു പാട് റൺസ് അടിച്ചെടുത്തു. കൂട്ടുകാർ ഞങ്ങളുടെ റൺവേട്ടയിൽ
ആരവങ്ങളുയർത്തി. ഞാൻ സ്പിൻ ബൗളറായിരുന്നു. അവൻ ഫാസ്റ്റ് ബൗളറും. നബിദിന പരിപാടി മുതൽ സ്കൂൾ യുവജനോൽസവം വരെ
യുള്ള സ്റ്റേജുകളിൽ ഞങ്ങളൊന്നിച്ച് മുഖം കാട്ടി. സ്പോർട്സിൽ ഞാൻ ഓട്ടത്തിൽ മോശക്കാരനായിരുന്നു. എന്നാൽ അവൻ മിടുക്കനായിരുന്നു. ഞാൻ കയ്യടിക്കും എനിക്കതിനേ കഴിയുമായിരുന്നുള്ളൂ. മൽസരം കഴിഞ്ഞാൽ കോതേരിയുടെ പീടികയിൽ ചെന്ന് ആർത്തിയോടെ മോരും വെള്ളം കുടിക്കും.
ക്രിക്കറ്റിൽ ബാറ്റ് ചെയ്യാൻ ഒന്നിച്ചിറങ്ങി. പലപ്പോഴും ഓപ്പണർമാരായി തന്നെ നാട്ടിലെ ടൂർണ്ണമെന്റുകളിൽ ഞങ്ങളുടെ കൂട്ട് കെട്ട് ഒരു പാട് റൺസ് അടിച്ചെടുത്തു. കൂട്ടുകാർ ഞങ്ങളുടെ റൺവേട്ടയിൽ
ആരവങ്ങളുയർത്തി. ഞാൻ സ്പിൻ ബൗളറായിരുന്നു. അവൻ ഫാസ്റ്റ് ബൗളറും. നബിദിന പരിപാടി മുതൽ സ്കൂൾ യുവജനോൽസവം വരെ
യുള്ള സ്റ്റേജുകളിൽ ഞങ്ങളൊന്നിച്ച് മുഖം കാട്ടി. സ്പോർട്സിൽ ഞാൻ ഓട്ടത്തിൽ മോശക്കാരനായിരുന്നു. എന്നാൽ അവൻ മിടുക്കനായിരുന്നു. ഞാൻ കയ്യടിക്കും എനിക്കതിനേ കഴിയുമായിരുന്നുള്ളൂ. മൽസരം കഴിഞ്ഞാൽ കോതേരിയുടെ പീടികയിൽ ചെന്ന് ആർത്തിയോടെ മോരും വെള്ളം കുടിക്കും.
സ്കൂളിൽ നിന്ന് പിരിയുന്ന നേരം. ഞങ്ങൾ രണ്ടാളും ഓട്ടോ ഗ്രാഫുകൾ കൈമാറിയില്ല, കാരണം ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നില്ല. സ്കൂൾ കാലം അങ്ങിനെ തീർന്നു കുറഞ്ഞ കാലത്തെ ഉപരി പഠനം പിന്നെ ചില്ലറ ജോലികൾ ഇടക്കാലങ്ങളിലുള്ള ഒഴന്നു നടക്കൽ അതങ്ങനെ തുടർന്നു
ഇവിടെയൊക്കെ അവനു മുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴോ........
ഒരനിവാര്യമായ വഴി പിരിച്ചിൽ ഞങ്ങൾക്കിടയിലുമെത്തി. മറ്റുള്ളവരെ പോലെ അവനും ഒരു പ്രവാസിയായി. ആദ്യത്തെ പോക്കിന് നീണ്ട അഞ്ച് വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു പുതിയാപ്ല കസേരയുടെ തൊട്ടടുത്ത് ഞാനുമുണ്ടായിരുന്നു. പൊതുവെ അത്തരം വേളകളിൽ പിന്നിൽ ക്യാമറയുടെ ഫ്ലാഷ് എത്താത്ത കസേരകളിൽ തല താഴ്ത്തിയിരിക്കുന്ന സ്വഭാവമാണെന്റേത്. ആ പന്തലിൽ എന്റെ ശീലം അവൻ സമ്മതിച്ചില്ല. അങ്ങനെ കല്യാണം കഴിഞ്ഞു പിറകെ അവന്റെ ലീവുo . ലീവിന്റെ വരവും പോക്കും അങ്ങനെ തുടർന്നു.
നാട്ടിൽ വരുമ്പോൾ വല്ലപ്പോഴും കാണും, സംസാരിക്കും. അങ്ങനെ ആ ഓർമ്മകൾ ജീവൻ വെച്ച് തന്നെ കിടന്നു. ആ ഇടക്കാല സൗഹൃദങ്ങൾക്ക് ആഴം കുറഞ്ഞിരുന്നെങ്കിലും നിലനിന്നു തന്നെ പോന്നു. ആദ്യകാലങ്ങളിൽ അവൻ നല്ല കൈപ്പടയിൽ കത്തെഴുതിയിരുന്നു. സോഷ്യൽ മീഡയകളുടെ പുതിയ കാലത്ത് പിന്നെ ആ എഴുത്ത് മുറിഞ്ഞു. ബന്ധങ്ങൾക്കിടയിൽ ചെറിയ മറവികൾ മാറാല കെട്ടി തുടങ്ങി. പിന്നീടെപ്പോഴോ സോഷ്യൽ മീഡിയ ഞങ്ങളെ ഒന്നുകൂടി തോളിൽ കൈവെപ്പിച്ചു. ഫ്രണ്ട്സ് റിക്വസ്റ്റിൽ പ്രൊഫൈൽ പിക്ചർ കണ്ടാണ് ആദ്യം അവനെ തിരിച്ചറിഞ്ഞത്. ആ ബന്ധം പിന്നെ ലൈക്കായും കമന്റായും തുടർന്നു. വള്ളി ട്രൗസറിട്ട് ചക്രം ഉരുട്ടിയും കെട്ടി പന്ത് കളിച്ചും തുടങ്ങിയ ചങ്ങാത്തം തിരിച്ച് പിടിക്കാനായതിൽ വലിയ സന്തോഷമാണ് തോന്നിയത്. ഈ സൈബർ സൗഹൃദത്തിനിപ്പോൾ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഞങ്ങൾനേരിൽ കണ്ടിട്ട് അതിലേറെ വർഷങ്ങളും പിന്നിട്ടിരുന്നു അങ്ങനെ പോരുന്നതിനിടയിൽ നാട്ടിലെ ഒരു കവലയിൽ വെച്ച് ഞാൻ
അവനെ കണ്ടു. നട്ടുച്ച വെയിലാറി നിഴലുകൾക്ക് നീളം കൂടുന്നൊരു നേരം. ഉള്ളിൽ നിന്നുതിർന്ന മനസ്സറിഞ്ഞ ചിരിയോടെ ഞാൻ അവന്റെ നേരെ കൈ വീശി......... അവൻ ചിരിച്ചതും അങ്ങനെ തന്നെയാവണം.
കുശലാന്വേഷണങ്ങളും മറ്റ് വർത്തമാനങ്ങളും കൂടി ഒരു അഞ്ചു മിനിട്ടിനകം തീർന്നു. പിന്നെ രണ്ടാൾക്കും പരസ്പരമൊന്നും പറയാനില്ലായിരുന്നു. അപ്പോഴേക്കും പിരിയാനുള്ള വാക്കിന് മുൻപേയുള്ള ശരീര ഭാഷ അസ്വസ്ഥതപ്പെടുത്തി തുടങ്ങി. ഒരു സ്വാഭാവിക കാണലും പിരിയലും. ഇതിനപ്പുറം എനിക്കൊന്നും തോന്നിയില്ല, അവനും അങ്ങനെ ആവാനേ വഴിയുള്ളൂ. ഒരു മുപ്പത് വർഷമെങ്കിലും പഴക്കമുള്ള സൗഹൃദത്തിന് മൂന്ന് മിനിട്ടിനകം പിരിഞ്ഞ പുന സമാഗമം. ഒരു പിരിമുറുക്കവും ഞങ്ങളുടെ ഇടയിലേക്ക് വലിഞ്ഞുകയറിയില്ല. കഴിഞ്ഞു പോയ ഓർമ്മകളാവട്ടെ എത്തി നോക്കാൻ വരെ തയ്യാറായില്ല. കാലങ്ങളായി മനസ്സിൽ കാത്തുവെച്ചൊരു സ്ഫടിക പാത്രം അങ്ങനെ ചെറിയൊരു ശബദത്തോടെ വീണുടഞ്ഞു.
കഥയിൽ പെടാത്തത് ,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാൻ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് .
എന്നെ തന്നെയോ?
അതല്ല മാറിയ സാമൂഹിക ചുറ്റുപാടുകളെയോ?
അതല്ല എന്റെ സുഹൃത്തിനെയോ?
നിങ്ങളുടെ പ്രതികരണത്തിന് കാത്തിരിക്കുന്നു
ഒരുപാട് ഇഷ്ടത്തോടെ
നിങ്ങളുടെ സഹോദരൻ
-----------------------------
സത്താർ കുറ്റൂർ
സത്താർ കുറ്റൂർ
No comments:
Post a Comment