Friday, 1 April 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -05 )


   യാറം മൂടാൻ വെള്ളിയാഴ്ച പോവാമെന്നായിരുന്നു ഉപ്പ പറഞ്ഞത്.
പക്ഷേ ഉപ്പാക്ക് ആ ദിവസം എന്തോ ഒരു തടസ്സമുണ്ടായി.
പിന്നെ ഉമ്മയുടെ ചുമതലയായി സൈദൂനെ കൊണ്ട് പോവൽ.
പെങ്ങളും ഒപ്പമുണ്ടായിരുന്നു.

വല്ലിപ്പയാണ് പറഞ്ഞത് ഇന്നി ഇങ്ങളേനെ പൊയ്ക്കോളി.
കോയാനെ കാത്ത് നിന്ന് നേരം കളയണ്ട.

വല്ലിപ്പ തന്നെയാണ്
സൈദൂന് പുതിയ കള്ളിത്തുണി മാറ്റിക്കൊടുത്തതും, ചെരട് കെട്ടിക്കൊടുത്തതുമൊക്കെ.
കള്ളിത്തുണിന്റെ കവർ പൊട്ടിച്ചപ്പോൾ പെങ്ങൾ ചോദിച്ചിരുന്നു
സൈദോ
ഈ തുണിയിൽ ഒട്ടിച്ച സ്റ്റിക്കർ ഇച്ച് തരോന്ന്.
സൈദു തുണി മാറ്റിയ ഉടനെ തന്നെ സ്റ്റിക്കർ കീറാതെപറിച്ച് പെങ്ങൾക്ക് കൊടുത്തു. അവളത് വല്ലാത്ത സന്തോഷത്തോടെ അവളുടെ ചെറിയ ബേഗിന്റെ അറയിൽ വെച്ചു.
ഉമ്മയാണ് മുന്നിൽ ഇറങ്ങിയത്.
അതിന് പിന്നിൽ സൈതുവും പെങ്ങളും കൈകോർത്ത് പിടിച്ച് വീടിന്റെ തിണ്ടിറങ്ങി.

വല്ലിപ്പ പറഞ്ഞു
കുട്ട്യാളെ കൈവിടണ്ട.
ബസ് കേറുമ്പോ നല്ലോം ശ്രദ്ധിച്ചോളേണ്ടി.

ഉമ്മ തലയാട്ടി.

കയ്യിലുള്ള കൊട തുറന്നു
പിന്നെ നടന്നു തുടങ്ങി.

പുതിയ കള്ളിത്തുണി എടുത്ത നെളി കാട്ടി സൈദുവും
മമ്പുറം കാണാനുള്ള അതൃപ്പത്തോടെ പെങ്ങളും പിന്നിൽ നടന്നു.

ഇടവഴിയും തോട് വരമ്പും കടന്ന് റോഡിലെത്തി.

ബസ് സ്റ്റാൻഡിൽ രണ്ടോ മൂന്നോ പേർ.

ഉമ്മ അവരോട് ബസിന്റെ സമയം ചോദിച്ച് ഉറപ്പ് വരുത്തി.
കുറച്ച് കഴിഞ്ഞു ബസിന്റെ ഇരമ്പം കേട്ടു .
സൈദുവിനെയും പെങ്ങളെയും മുന്നിലേക്ക് നിറുത്തി.
അവർക്ക് മുന്നിൽ ബസ് വന്ന് നിന്നു.
ബസിൽ സൈദുവും ഉമ്മയും പെങ്ങളും ഒരു സീറ്റിൽ തന്നെയായിരുന്നു.
യാത്രയിലെ പുറം കാഴ്ചകൾ അവരിൽ വല്ലാത്ത കൗതുകമുണർത്തി.

ഒരു ഇടുങ്ങിയ റോഡിൽ ബസ് നിന്നു.
മമ്പുറം എന്ന് വിളിച്ച് പറയുന്ന കിളിയുടെ ഒച്ച കേട്ടാണ് സൈദു മമ്പുറത്ത് എത്തിയെന്നറിഞ്ഞത്.
ബസ്സിറങ്ങി മമ്പുറം പാലത്തിന്റെ കൈവരികൾ പിടിച്ച് അവർ നടന്നു.
സൈദുവും
പെങ്ങളും ജീവിതത്തിൽ ആദ്യമായി പുഴ ഒഴുകുന്നത് കണ്ടു.
ആ കാഴ്ചയുടെ കൗതുകവുമായി അവർ മമ്പുറം മഖാമിന്റെ ചവിട്ടുപടികൾ കയറി.

ഖുർആൻ പാരായണവും പ്രാർത്ഥനകളും നിറഞ്ഞ ആത്മീയാന്തരീക്ഷത്തിൽ
ഉമ്മയോടൊപ്പം സൈദുവും പെങ്ങളും നിന്നു.

ജാറം മൂടാൻ കൊണ്ട് വന്ന് തുണി എടുത്ത് ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു.

ഒരു മൊല്ലാക്കയെ പോലെ തോന്നിപ്പിച്ച പ്രായമായ ഒരാൾ സൈദുവിനെയും പെങ്ങളെയും മന്ത്രിച്ച് ഊതി.

യാസീൻ ഓതി
ബർക്കത്തിനായി തന്ന പൊതി വാങ്ങി അവർ മൂന്ന് പേരും മഖാമിന്റെ പടിയിറങ്ങി.

പുറത്ത് കച്ചവടക്കാരുടെ ബഹളം.

യാചകൻമാരുടെ തിരക്ക്
കാസറ്റ് കടകളിൽ നിന്നുള്ള മാപ്പിളപ്പാട്ടുകൾ .

തൊപ്പി കച്ചവടക്കാർ മാടി വിളിക്കുന്നു .

അത്തർ കച്ചവടക്കാരൻ കൂടി നിൽക്കുന്നവരുടെ ശരീരത്തിൽ അത്തർ പുരട്ടുന്നു .

കാഴ്ചയില്ലാത്തവരുടെ കൈ നീട്ടികൊണ്ടുള്ള പ്രാർത്ഥനകൾ

അംഗവൈകല്യം ബാധിച്ചവർ നിലത്ത് കിടക്കുന്നു.
അവർക്കടുത്ത് വെച്ച അലുമിനിയം പാത്രത്തിലേക്ക് പലരും ചില്ലറ തുട്ടുകൾ ഇട്ട് കൊടുക്കുന്നു. കാതിലലക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്കിടയിലും സൈദുവിന്റെ കാതിൽ പതിഞ്ഞത് ആ കാഴ്ചയില്ലാത്തവരുടെ വേദന പറച്ചിലായിരുന്നു.

അരക്ക് താഴെ തളർന്ന് നിലത്ത് കിടക്കുന്നവരുടെ ചോദ്യങ്ങളായിരുന്നു.

ഉമ്മ അവർക്കെല്ലാം ചില്ലറ കൊടുത്തെങ്കിലും അവരെ ഓർത്ത് സൈദുവിന്റെ മനസ്സ് കലങ്ങി.

അവർ മൂന്ന് പേരും മമ്പുറം പാലത്തിന്റെ കൈവരികൾ പിടിച്ച് തന്നെ തിരിച്ച് നടന്നു.
ആത്മീയാനുഭൂതി നിറഞ്ഞ മനസോടെ ആ ഉമ്മ രണ്ട് മക്കൾക്കൊപ്പം ബസ്സ് കാത്ത് നിന്നു.

       (തുടരും)
-------------------------------


സത്താർ കുറ്റൂർ

No comments:

Post a Comment