Friday, 8 April 2016

"" മറക്കാനാവാത്ത ഉംറ യാത്ര ""


            നേരം പതിനൊന്നു മണി കഴിഞ്ഞുകാണും. സൗദിയിലെ ബീശയിൽ കാലാവസ്ഥ  ചൂടായിത്തുടങ്ങി. കടയിൽ രാവിലത്തെ കച്ചവടം ഏകദേശം കഴിഞ്ഞു  ബാങ്ക് വിളിക്കാൻ കുറച്ചു കൂടിയുണ്ട് ഞങ്ങൾ ജോലിക്കാർ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. "ന്റെ ഇഖാമീല് ഞ്ഞ് എത്രണ്ട്ന്ന് നോക്കാ"... കൂടെ ജോലി ചെയ്യുന്നവൻ ഇഖാമ എന്റെ നേരെ നീട്ടി.(പുതുക്കാനുള്ള ഡേറ്റ് നോക്കാനാണ്.) ഞാൻ ഇഖാമ മറിച്ചു നോക്കിയതും,(അന്ന് ഇഖാമ ബുക്കായിരുന്നു)എന്റ ഫോട്ടോ കണ്ട് ഞാൻ അമ്പരന്നു. "ഇതെങ്ങനെ വന്നു"..? "അന്റതൊന്ന് നോക്കാ"... അവൻ പറഞ്ഞു. ഞാൻ വേഗം എന്റെ കീശയിൽ നിന്നും ഇഖാമയെടുത്തു മറിച്ചു നോക്കി അവന്റെ ഇഖാമ ഏന്റെ പോക്കറ്റിൽ..! കുറെ നേരം ആലോചിച്ചപ്പോൾ പിടുത്തം കിട്ടി.
    
എട്ടുപത്ത് ദിവസം മുമ്പ് ഒരു രാത്രി ബലദിയ ചെക്കീംഗിന് വന്നിരുന്നു. ഇഖാമ വാങ്ങി, തിരിച്ചു തന്നപ്പോൾ ധൃതിയിൽ മാറിയതാണ്. അതിനു ശേഷമല്ലേ ഞാൻ മക്കത്ത് പോയി വന്നത്..? അതും മറ്റൊരു ഇഖാമയുമായി. അതെ, അതാണ് എനിക്ക് ഇന്നും ഓർക്കുമ്പോൾ പേടി തോന്നുന്ന യാത്ര... ഞാൻ മാത്രമല്ല, ഞാൻ കാരണം ഫാമിലിയടക്കം സൗദിയിൽ കഴിയുന്ന ഒരു നല്ല മനുഷ്യൻ കൂടി ജയിലിലാകേണ്ടിയിരുന്ന യാത്ര.
    
കുഞ്ഞിക്ക, അതായിരുന്നു അദ്ദേഹത്തിന്റെ  പേര്. നാട്ടിൽ മുക്കത്തടുത്ത്. പുഞ്ചിരിച്ച് മാത്രം ഇടപഴകിയിരുന്നയാൾ. എഞ്ചിനീയർ, റിയാദിൽ നിന്നും റോഡ് പണിയുടെ സർവേ ജോലിക്ക് വന്നതാണ്. കുറഞ്ഞ ദിവസത്തേക്കായത് കൊണ്ട് ഫാമിലിയെ കൂട്ടിയില്ല. അവരുടെ ആങ്ങളയുണ്ടവിടെ കൂട്ടിന്. ഞങ്ങളുടെ കടയുടെ മുന്നിലെ ഫ്ളാറ്റിലായിരുന്നു താമസം. വൈകുന്നേരം കടയിൽ വരും ചിലപ്പോ രാത്രി വൈകിയേ പോകൂ. വ്യാഴം വെള്ളി അവധി.
    
മൊയ്തീൻ നീ പോരുന്നോ...  നാളെ ഞാൻ മക്കത്ത് പോകുന്നു. അദ്ദേഹം ചോദിച്ചു. കൂടെയുള്ളവരോട് ചോദിച്ചപ്പോൾ പോയിപ്പോര് എന്ന് പറഞ്ഞു. 


അങ്ങനെ വ്യാഴാഴ്ച രാവിലെ ബിശയിൽനിന്നും പുറപ്പെട്ടു. അൽബാഹ തായിഫ് റൂട്ടിൽ പോയാൽ പെട്ടെന്നെത്തും. യാത്രയിൽ ഞങ്ങൾ നല്ല ഹാപ്പിയിലായിരുന്നു. തമാശകൾ പറഞ്ഞും ചിരിച്ചും സമയം പോകുന്നതറിയുന്നില്ല. അൽബാഹയിലെത്താറായപ്പോൾ ചെറിയൊരു ചാറ്റൽമഴ, തണുത്ത കാറ്റും. ഗ്ലാസ് പൊക്കി ഞങ്ങൾ യാത്ര തുടരുകയാണ്. ടൗണും കഴിഞ്ഞു കുറച്ചു ചെന്നപ്പോൾ ആദ്യത്തെ ചെക്ക്ചോയന്റ്. അകലെ നിന്ന് തന്നെ വണ്ടി സ്ലോ ആക്കി അടുത്തെത്തിയപ്പോൾ കണ്ടു, രണ്ട് പാക്കിസ്താനികളെ ചെക്ക് ചെയ്യുന്നു. ലോഡ് വണ്ടിക്കാരാണ്. "ഇഖാമയെടുക്കണോ"? ഞാൻ ഫാന്റിന്റെ കീശയിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു. "വേണ്ട ചോദിച്ചാൽ എടുത്താൽ മതി". അദ്ദേഹം പറഞ്ഞു. പോലീസുകാരുടെ അടുത്തെത്തി വണ്ടി നിർത്തി. ഞങ്ങളെ ശരിക്കൊന്ന് നോക്കി പോകാൻ ആംഗ്യം കാട്ടി. ചോദിച്ചിരുന്നെങ്കിലോ... ആൾമാറാട്ടത്തിന്ന് ഞാൻ പിടിക്കപ്പെടും എന്നെ കൊണ്ടു പോയതിന്ന് അദ്ദേഹവും. കമ്പനി വണ്ടിയിൽ വേറെയാളെ കയറ്റിയെന്ന് പ്റഞ്ഞ് കമ്പനിയും കൈയൊഴിഞ്ഞാൽ.. 

            
തായിഫും കഴിഞ്ഞു മക്കത്തെത്താറായി അവിടേയുമുണ്ട് ചെക്കിംങുകൾ. മുന്നിലൊക്കെ സൗദികളുടെ വണ്ടികൾ, നോക്കിയിട്ട് പോകാൻ പറയുന്നു. ഞങ്ങളോടും
പോകാൻപറഞ്ഞു. ഹറമിലെത്തി ഉംറയും കഴിഞ്ഞു പിറ്റേന്ന് തിരിച്ച് പോന്നു. പോരുമ്പോൾ കാര്യമായ ചെക്കിങ്ങൊന്നുമുണ്ടായില്ല.
 
എന്റെതത്തമ്മക്കൂട്ടുകാരായ പ്രവാസികളോട് എനിക്ക് പറയാനുള്ളത്; യാത്രയിൽ രേഖകൾ ഉറപ്പ്വരുത്തുകഇതുപോലൊരബദ്ധം ആരിലും സംഭവിക്കരുത്.

----------------------------------
മൊയ്ദീൻ കുട്ടി അരീക്കൻ

No comments:

Post a Comment