ജനിച്ച നാട് അയാൾക്കെന്നും ആവേശമായിരുന്നു. തന്റെ പിതാക്കൻമാരുടെ വീരഗാഥയിൽ തഴച്ചു വളർന്ന ആ നാട്ടിൽ അയാൾ വിജുകീശു വായിരുന്നു. ആഭ്യന്തര യുദ്ധം പുറപ്പെട്ടപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. ഇരയുടെ നാടും പേരും പെരുമയും അറിയാത്ത ആഭ്യന്തര കലഹത്തിന്റെ ബോംബുകൾ അങ്ങനെ വർഷിച്ചു കൊണ്ടിരുന്നു. തകർന്നടിഞ്ഞ ജീവിതം ഒന്ന് നിവർത്തിവെക്കാനാണ് അയാളും അഭയാർത്ഥിയായത്. തന്റെ ജീവിതം മുഴുവൻ ഒരു തുണി മാറാപ്പാക്കാൻ അപ്പോൾ അയാൾക്ക് കഴിഞ്ഞു. കര ചവച്ചു തുപ്പിയ ശരീരവും പേറി കടൽ കടന്നപ്പോഴേക്കും കുഞ്ഞു മക്കളെ കടൽ മാറോട് ചേർത്തിരുന്നു.. അസ്തമിക്കാറായ ജീവനുമായി വെളിച്ചം കണ്ട കരയിൽ അയാൾ കയറിച്ചെന്നു. വൈദ്യുത പ്രവാഹമുളള കമ്പിവേലിക്കരികെ ബൂട്ട്സിന്റെ സാന്നിദ്ധ്യം അയാളറിഞ്ഞു. ജീവിതത്തിലാദ്യമായി അയാൾ മഞ്ഞ് കൊണ്ട് പുതപ്പിട്ടു. രാത്രിയിലെപ്പോഴോ കടലിന്റെ മടിയിൽ നിഷ്കളങ്കമായി ഉറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെ മാറോട് ചേർത്തുറങ്ങാൻ അയാൾ ഓളങ്ങളിൽ അലിഞ്ഞു.
---------------------------------
മുഹമ്മദ് ഇഖ്ബാൽ വാഫി
No comments:
Post a Comment