Thursday, 14 April 2016

"ഹൈറുവിൻറെ നൊമ്പരങ്ങൾ "


ഹൈറോ...എടീ... നിസാറ്ബന്നാ... 

ല്ലപ്പാ ഇപ്പൊ ബെരേക്കാരം ങ്ങള് ഒർങ്ങിക്കോളീ. 
ജ്ജ് തിന്നൊ ഓഞ്ഞെപ്പളാ ബെര്വാച്ച്ട്ടാ... ഉമ്മ പറഞ്ഞു. 
ഊം അവളൊന്ന് മൂളി. 

ഹൈറുന്നീസ പാത്രങ്ങളൊക്കെ എടുത്ത് വെക്കുകയാണ്. ഉപ്പാക്കും ഉമ്മാക്കുമുള്ള ഭക്ഷണം നേരത്തേ കൊടുക്കും. അവൾ കഴിച്ചിട്ടില്ല ഭർത്താവിനെ കാത്തിരിക്കുകയാണ്. കുറച്ചായി ഇങ്ങനെയാണ് രാത്രി നേരം വൈകിയാണ് വരുന്നത്. ചിലപ്പോൾ വല്ലതും കഴിക്കും പലപ്പോഴും കഴിക്കാതെ കിടക്കും അന്ന് അവൾക്കും പട്ടിണിയാണ്. 

   
നിസാർ, അബൂബക്കർ ഹാജി യുടെയും ആയിശുമ്മയുടെയും ഇളയ മകൻ. രണ്ടാൺമക്കൾ ഗൾഫിലാണ് അവരുടെ ഇളയത് ഒരു പെണ്ണ്. അവളെ തരക്കേടില്ലാത്തൊരു കുടുമ്പത്തിലേക്ക് കെട്ടിച്ചയച്ചു.  അവരെപ്പോലെ ആകേണ്ടന്നുവച്ച് ജേഷ്ഠൻമാർ നിസാറിനെ നന്നായി പഠിപ്പിച്ചു ഇപ്പോൾ ഒരു കമ്പനിയിൽ ജോലി നോക്കുന്നു. 

  
ഹാജിക്ക് അൽപം സ്ഥലവും കൃഷിയുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കൃഷിയൊന്നുമില്ല വയ്യാതെയുമായി മക്കളാണ് ആശ്രയം ഉള്ള സ്ഥലത്ത് മക്കൾ വീടെടുത്തു. 

  
അല്ലലില്ലാതെ നല്ലനിലയിൽ പോകുന്നതിനിടക്കാണ് എല്ലാരെയും ആശങ്കയിലാക്കിയ ആ സംഭവമുണ്ടായത്. വരാന്തയിലെ ചാരുകസേരയിൽ ചാഞ്ഞുകിടന്നും നിവർന്നും ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. തൊട്ടടത്ത് ഒരു പായ പകുതി നീർത്തി ആയിശുമ്മയും കാലും നീട്ടിയിരുന്ന് എന്തൊക്കെയോ ചൊല്ലുന്നുണ്ട്.  സാധാരണ ഇശാ കഴിഞ്ഞ് ചോറും തിന്ന് കിടക്കും.  ഉറങ്ങുന്നതിനിടയിലെങ്കിലും അവൻ വരാറുള്ളതാണ്. 6 മണിക്ക് മുമ്പ് എത്താറുണ്ടായിരുന്ന നിസാർ, ഇടക്ക് 8 മണിയാവും എത്താൻ. ചോദിച്ചാൽ റോഡ് ബ്ലോക്കായീരുന്നെന്നോ ജോലി കൂടുതൽ ഉണ്ടായിരുന്നെന്നോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറയും. ബാപ്പയോട് തർക്കിക്കാറില്ല.  പക്ഷേ ഇന്ന് 10 മണിയാകാറായി.. കാണാനില്ല. 

     
ന്ന് ന്തോ ഒര് പാർട്ടിണ്ടാവുംന്ന് പർഞ്ഞീനു. ഹൈറുന്നീസ വന്ന് പറഞ്ഞു. എന്നാലും അവളുടെയുള്ളിലും ഒരു പേടിയുണ്ടായിരുന്നു. കുറച്ചൊക്ക അവൾക്കുമറിയാമായിരുന്നു. വീട്ടിലും നാട്ടിലും ബന്ധത്തിലുമൊക്കെ നല്ലവൻ, ഒരു വേണ്ടാത്തരവുമില്ല. പക്ഷേ ചുണ്ടിനടിയിൽ തിരച്ച് വെക്കുന്നത് അവൾക്ക് മാത്രമറിയുന്ന രഹസ്യമാണ്. ഈയിടെയായി വേറെയെന്തൊക്കേ ഉണ്ടോ എന്ന സംശയവും അവൾക്കില്ലാതില്ല. വെറുതേ വഴക്കുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണ്. എല്ലാവരും വഴിയിൽ കണ്ണും നട്ടിരിപ്പാണ് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷ വീടിന്നരികിൽ വന്നു നിർത്തി. ഒരാൾ ആദ്യം ഇറങ്ങി പിന്നെ മുനീറിനെ കയ്യിൽ പിടിച്ചിറക്കി ശേഷം മറ്റൊരാൾ ഇറങ്ങി മറ്റേ കൈപിടിച്ചു വീട്ടിലേക്ക് നടത്തുകയാണ് ഇതു കണ്ടതും ആയിശുമ്മ പിടഞ്ഞെണീറ്റു ന്റെ മോന്ന്തെ പറ്റീ.. എന്നും പറഞ്ഞ് അവന്റെയടുത്തേക്കോടി.

      എനിക്കൊന്നൂല്ല.. എന്നെ പിടിക്കൊന്നും വേണ്ട, നിസാർ അവരരുടെ പിടി വിടുവിക്കാൻ ശ്രമിച്ചു. അവിടെ കണ്ടപോലെയല്ല. ഇപ്പോ നടക്കാമെന്ന് അവർക്കും തോന്നി. അവർ പിടിവിട്ടു. അപ്പോഴേക്കും ഉമ്മയും അവിടെ എത്തയിരുന്നു. എന്ത്യേ  ഇബന് പറ്റി. ങ്ങളൊക്കെ ആരാ.. ആയിശുമ്മ അവരോട് ചോദിച്ചു.  ഞങ്ങൾ കൂടെ ജോലി ചെയ്യുന്നവരാ. കാര്യായിട്ടൊന്നൂല്യ. ചെറിയൊരു ശർദ്ദിയുണ്ടായി, തലകറക്കവും. നിങ്ങൾ ഇവനെ അകത്തേക്ക് കിടത്തിക്കോളൂ. അബൂബക്കർ ഹാജി മുറ്റത്തേക്ക് ഇറങ്ങുന്നതിന്ന് മുമ്പേ അവർ വരാന്തയിലെത്തിയിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെ വാതിൽക്കൻ ഹൈറുന്നിസയും നിൽക്കുകയാണ്. അവളും ഉമ്മയും ചേർന്ന് നിസാറിനെ റൂമിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ സീനിയർ ഓഫീസറുടെ  പാർട്ടിയുണ്ടായിന്നു, പ്രമോഷന്റെ വകയിൽ.  പലതരം ഭക്ഷണത്തിൽ അവനു പറ്റാത്തതെന്തെങ്കിലും തട്ടിക്കാണും. പാർട്ടി കഴിഞ്ഞ് പോരാനിരിക്കുമ്പോഴാ ശർദ്ദിയുണ്ടായത്. ഞങ്ങൾ വെള്ളമൊക്കെ കൊടുത്ത് അടുത്തുള്ള ഡോക്ടറെയും കാണിച്ചു. ഇപ്പോ കുഴപ്പമൊന്നുമില്ല കുറച്ചു റെസ്റ്റെടുത്തിട്ട് പോയാൽ മതി എന്ന് പറഞ്ഞു. അതാ കുറച്ചു വൈകയത്, ഒന്ന് ഉറങ്ങിയെണീറ്റാൽൽ ശരിയാവും. അവർ ഒരു വിധം പറഞ്ഞൊപ്പിച്ചു. എന്നാ ഞങ്ങള് പോട്ടേ. കുടിക്കാനെത്തെങ്കിലും.. ആതിത്യമര്യാദയോടെ ഹാജി ചോദിച്ചു. ഇല്ല പിന്നെയാവട്ടെ. ഇനിയും വരാലോ, അവർ പറഞ്ഞു. എന്നാൽ അവനെ കണ്ട് പറഞ്ഞിട്ട് പോകാം. ന്നാ ബരീ.. ഹാജി അകത്തേക്ക് കടന്നു പിന്നാലെ അവരും. കട്ടിലിന്റെ തുമ്പത്തിരുന്ന്  കൊണ്ട് ഉമ്മ മോനെ തടവുന്നുണ്ട്. അവരെ കണ്ടതും ഉമ്മ കട്ടിലിൽനിന്നും എണീറ്റു, ഹൈറു മാറിനിന്നു. നിങ്ങളിരുന്നോളൂ. അവരുടെ ശബ്ദം കേട്ട നിസാർ തിരിഞ്ഞു നോക്കി. ഞങ്ങൾ പോട്ടേ.. നാളെ ലീവെടുത്തോ. കമ്പനിയീൽ ഞങ്ങൾ പറയാം. ശരി അവൻ കൈ നീട്ടി രണ്ടുപേരും കൈകൊടുത്തു തിരിഞ്ഞു നടന്നു ഒപ്പം ഹാജിയും ആയിശുമ്മയും. ഹാജിക്കും കൈ കൊടുത്തു അവരിറങ്ങി. ഓട്ടോറിക്ഷ കൺമറയുന്നതും നോക്കി അൽപനേരം അവരവിടെ നിന്നു. 

    
ഓലെന്തൊക്കെപർഞ്ഞു. ആയിശുമ്മ ചോദിച്ചു. അവർ പറഞ്ഞതൊക്കെ ഹാജി വിവരിച്ചു. എത്തേങ്കിലൊക്ക മാണ്ടാത്ത് തിന്ന്ട്ട്ണ്ടാവും ആയിശുമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി. ഹാജിയും വാതിലടച്ച് കൊളുത്തിട്ട് നിസാറിന്റരികിലേക്ക് ചെന്നു. ഓനെത്തേം കൊട്ത്താ.. ഹാജി ചോദിച്ചു. ഇല്ല കഞ്ഞി തീമല്ണ്ട്. പ്പാവും ങ്ങള് പോയി കെട്ന്നോളി. കഞ്ഞി ഞാൻ കൊട്ത്തോളാ. ഹൈറു പറഞ്ഞു. ഒര് വെള്ളിയാഴ്ച രാവായ്ട്ട് നേര്ക്കൊന്ന് ചെല്ലിപ്പറ്യാൻ കൂടീറ്റ്ല്ല എന്നുംപറഞ്ഞ് ആയിശുമ്മയും, എത്യേണ്ടെങ്കി ബുൾച്യേണ്ടീ എന്ന് പറഞ്ഞ് ഹാജിയാരും കിടക്കാൻ പോയി. 

       
പലവിധ ചിന്തകൾ ഹൈറുന്നീസയുടെ മനസ്സിൽ നൊമ്പരങ്ങൾ നിറച്ചു. എന്താണ് ശർദ്ദിക്കു കാരണം.. എന്തായിരുന്നു പാർട്ടി.. കഞ്ഞി തിളക്കുന്നപോലെ അവളോടെ ഖൻബും തിളക്കുകയാണ്. നേരം വൈകുന്ന ദിവസങ്ങളിൽ പറയുന്ന ന്യായങ്ങൾ കളവാണെന്ന് ചിലപ്പോൾ തോന്നിയിരുന്നു. ഏതായാലും ഇന്ന് കാര്യമായി ചോദിച്ചറിയണം അവൾ മനസ്സലുറപ്പിച്ചു..

     നിസാറിനുറക്കം വന്നില്ല, അവൻ സംഭവിച്ചതോരോന്നും ഓർത്തെടുക്കുകയാണ്. സത്യത്തിൽ ഞാൻ കുടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, അവരുടെ നിർബന്ധത്തിന് വഴങ്ങിയതാണ്. മാസത്തിൽ രണ്ടോ മൂന്നോ പാർട്ടികളുണ്ടാകും ഒഴിഞ്ഞുമാറാൻ പറ്റില്ല. പിന്നെ ഒറ്റപ്പടും. ഒട്ടുമിക്ക പാർട്ടികളിലും മദ്യമുണ്ടായിരിക്കും. ഇടക്ക് രുചിച്ച് നോക്കിയിട്ടുണ്ട്. ഇങ്ങനെ കുടിച്ചിട്ടില്ല. ഒന്നും വേണ്ടായിരുന്നു. ഉപ്പ മിണ്ടിയിട്ടില്ല. എന്തെങ്കിലും സംശയമുണ്ടായിരിക്കുമോ...  ഹൈറുവിന്റെ മുഖത്ത് നോക്കാൻ മടി, അവൾ പൊട്ടിയല്ല. അത്യാവശ്യം വിവരമുണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. ഡിഗ്രി പൂർത്തിയാക്കിയിട്ടില്ല എന്നേയുള്ളൂ. സ്നേഹത്തോടെ മാത്രം പെരുമാറുന്നവൾ. ഉപ്പാക്കും ഉമ്മാക്കും വരെ അവളെ വലിയ കാര്യമാണ്. ചിന്തകൾ കാട്കയറുമ്പോഴാണ് അവളുടെ കാലൊച്ച കേട്ടത്. 

      
കഞ്ഞിപ്പാത്രം ടീപ്പോയിൽ വെച്ച്  കട്ടിലിൽ ഇരുന്ന് ഹൈറു മെല്ലെ ചോദിച്ചുഒറങ്ങാ.. മെല്ലെ തലതിരിച്ചു നോക്കി സങ്കടവും ദേഷ്യവും കലർന്ന മുഖഭാവം. കൺകോണിൽ കണ്ണീർ തുള്ളികൾ ഉറ്റിവീഴാൻ വെമ്പി നിൽക്കുന്നു. അധികനേരം നോക്കിനിൽക്കാൻ അവനായില്ല ആ മുഖത്തുനിന്നും കണ്ണുകളെടുത്തു. കുറ്റബോധം അവന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. മേലെ കറങ്ങുന്ന ഫാനിലേക്ക് നോക്കിക്കിടന്നൂ. 
നീച്ചീ... ഇതാ കൊർച്ച് കഞ്ഞി കുട്ച്ചോളീ... അവൻ അനങ്ങാതെ കിടന്നു. അവൾ എണീറ്റ് തലക്കടിയിൽ കൈവച്ച് എണീപ്പിക്കാൻ നോക്കി. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അവൻ എണീറ്റിരുന്നു. പാത്രമെടുത്ത് കഞ്ഞി കയിലിലെടുത്ത് നീട്ടി അവിടവെച്ചാളാ ഞാൻ കുട്ച്ചോളാ. ന്നാ ത് കുട്ച്ചീ.. അവന് എതിർക്കാൻ കഴിഞ്ഞില്ല  അവൾ നീട്ടിയത് വാങ്ങി. ബാക്കി സ്വയം കുടിച്ചു. നീ ചോറ് തിന്നോ  അവൻ ചോദിച്ചു. ഇച്ച് പൈച്ച്ണ്ല്ല. പോയ് തിന്ന് പോരെ..  ഞാൻ തിന്നോളാ.. എത്തേങ്ങക്ക് പറ്റീ... സത്യം പർഞ്ഞോളീ.. തിന്ന്ട്ടാകൂല ഇച്ചറ്യാ  ഇങ്ങട്ട് കട്ചാത്തൊക്ക തിന്ന്ണ ആളല്ലേ.. ഒര് പാർട്ടീം കൂട്ടോം..
കൊർച്ചീസായി ഒര് നേരംബെഗ്ഗലും.   തിന്നാൻ മാത്രല്ല കുട്ചാനുണ്ടാകുംല്ലേ.. പാർട്ടീല്.. ഒറ്റ ശ്വാസത്തിലവൾ പറഞ്ഞു നിർത്തി.   അവളുടെ ചോദ്യം കേട്ടവൻ ഞെട്ടിപ്പോയി. ഒന്നും പറയാനാകാതെ മേലോട്ട് നോക്കി അതേ കിടപ്പ്.  ന്താ ഒത്തും മുണ്ടാത്ത്... അവളവനെ കൂലുക്കിക്കൊണ്ട് ചോദിച്ചു. ഞാനെല്ലം പറ്യാ... ജ് ഒച്ചണ്ടാക്കല്ലാ. 

               
നിസാറ് പറയാൻ തുടങ്ങി. ഇനി ഒന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് അവനറിയാമായിരുന്നു. ഈ പോക്ക് നല്ലതല്ലെന്നും ഇതിനൊരറുതി വേണമെന്നും അവന് തോന്നിത്തുടങ്ങിയിരുന്നു. തെല്ലൊരു നടുക്കത്തോടെയാണ് അവളത് കേട്ടത്.  ങ്ങളെത്ത്നാ അയ്ന് പോയത് ഞമ്മളെ കുട്മ്പത്തിന്റെ നെലിം, പ്പാക്കും കാര്ണമ്മാര്ക്കുള്ള വെലീം ങ്ങക്ക് അറീല്ലേ... നാള ങ്ങളൗടേം കുട്ച്ച് കെട്ന്ന് നാട്ടാരർഞ്ഞാല്.. ന്ത്നാ നല്ലത്. ഞമ്മക്കും മാണ്ടേ നല്ലൊര് ജീവിതോം മക്കളും. എന്നുങ്ങന കൈഞ്ഞാമത്യാ...  മതി ഹൈറോ, ഞാൻ നിർത്തീന്ന് പർഞ്ഞില്ലേ.... അവനവളെ തടയാൻ ശ്രമിച്ചു.  അങ്ങന പർഞ്ഞാപ്പോരാ സത്യം ചെയ്യണം. അവളുടെ ഉള്ളം കൈയിൽ തന്റെ കൈവച്ച് അവൻ സത്യം ചെയ്തു. രാത്രിയുടെ ഏതോ യാമത്തിൽ നിദ്ര അവരുടെ മിഴികളെ തലോടി... 

      ഉറച്ചൊരു തീരുമാനത്തോടെയാണ് ഹൈറു അന്നെണീറ്റത്. വിശയം ഉപ്പാനെ അറിയിക്കണം.  ഉപ്പാക്കുള്ള കട്ടൻ ചായയുമായി ചെന്നു. ഉപ്പ ചാരുകസേരയിൽ ഇരിക്കുന്നു. ഉമ്മ അകത്ത് ഓത്തും ദിക്റുമായി കുറച്ചു കഴിയും പുറത്തു വരാൻ.  ഇതുതന്നെ സമയം. ഉമ്മ ഇപ്പോഴറിയണ്ട. ചായ കൊണ്ടു കൊടുത്തപ്പോൾ ഹാജി ചോദിച്ചു, ഓനെങ്ങനണ്ട്.. ഇന്നല കഞ്ഞി കുടിച്ചോ..  ആ.. കഞ്ഞി കുടിച്ചു, ഇപ്പോ എത്തുംല്ല പിന്നെ ഒര് വിവരം പറ്യാണ്ട് മ്മ കേക്കണ്ട. ന്താത്... ഹാജി ചോദിച്ചു. അവൾ മെല്ലെ പറഞ്ഞു തുടങ്ങി. ആ കമ്പനീലെ ആൾക്കാര് അത്രപോര ഞ്ഞൗട്ക്ക് പോണ്ട. ജ്ജെത്താ പറീണ്ട്. ഔട്ക്ക് പോകാതേ..  വല്ല്യാക്ക (നിസാറിന്റെ വലിയ ജേഷ്ഠൻ) പർഞ്ഞീല്ല്യേനാ വിസന്റെ കര്യം അത് നോക്കാ.. അന്ന് മാണ്ടാന്ന് പർഞ്ഞിട്ട് പ്പന്ത്യേ.. ഹാജി ചോദിച്ചു.  ന്നലെ  പാർട്ടീല് കുടിണ്ടേനേലോ..  കൊർച്ച് അയ്നീം കുട്പിച്ചു. അതാന്നലണ്ടായത്. ഹാജി അന്ധാളിച്ച് കസേരയിലേക്ക് ചാഞ്ഞു. ങ്ങള് ബേജാറാകണ്ട. ഞാൻ ന്നലെ ഒക്ക ചോയ്ച്ചർഞ്ഞു. ഞ്ഞ്ണ്ടാകൂലാന്ന് സത്യം ചെയ്ത്ക്ക്ണു. ന്ന് ബെള്യായ്ചല്ലേ.. കാക്ക ബുൾചുമ്പൊ പർഞ്ഞാമതി. (വെള്ളിയാഴ്ച ഉപ്പാക്കും ഉമ്മാക്കും മക്കൾ വിളിക്കാറുണ്ട്.) കുറച്ചൊന്ന് ആലോചിച്ച ശേഷം ഹാജി അവളോട് പറഞ്ഞു , ന്നാ ചോയ്ച്ചോക്കാ.. എന്ന് പറഞ്ഞ് ചായ കുടിച്ചുകൊണ്ട് ആലോചയിൽ മുഴുകി.
പ്രാതൽ കഴിഞ്ഞു തൊടിയിങ്ങനെ നടക്കുമ്പോഴാണ് മൂത്ത മരുമകൾ വന്ന് ഉപ്പാക്ക് ഫോണുണ്ട് എന്ന് പറഞ്ഞത്. ഉടനെ ചെന്ന് ഫോണെടുത്ത് വിശേഷങ്ങൾ പറഞ്ഞ ശേഷം മ്മാനെ ബുൾച്ചൂടെ എന്ന് മരുമകളോട് പറഞ്ഞ് അടുത്തൊന്നും ആരുമില്ലെന്ന് ഉ്റപ്പ് വരുത്തി ഹാജി കാര്യങ്ങൾ പറഞ്ഞു. ഉമ്മാനോട് ഈ വിവരം പറയണ്ട എന്നും പറഞ്ഞു. നോക്കാം എന്നവൻ പറഞ്ഞു. വിസ ഏതാണെങ്കിലും അവിടെ ചെന്നിട്ട് ഏതെങ്കിലും കമ്പനിയിലേക്ക് മാറാമെന്നും സർട്ടിഫിക്കറ്റുകൾ ഒക്കെ എടുത്താൽ മതി എന്നും പറഞ്ഞു.


          അതൊക്കെ വിസ വന്നിട്ട് നീ അവന് വിളിച്ച് പറഞ്ഞാളാ എന്ന് ഹാജിയുംപറഞ്ഞു അപ്പോഴേക്ക് ആയിശുമ്മയും എത്തി. ഫോൺ അവരുടെ കയ്യിൽ കൊടുത്തു.
  
നിസാറ് രാവിലെ എണീറ്റ് കിടന്നതാണ്. ഹൈറു ചെന്ന് നോക്കി, കിടപ്പ്തന്നെ. അടുത്തിരുന്ന് കലുക്കി വിളിച്ചു. നേരെത്രായീന്നറ്യോ... ചായകുട്ചണ്ടേ... പള്ളീപ്പോണ്ടേ... അവൻ  മെല്ലെ എണീറ്റിരുന്നു ചോദിച്ചു എത്രായി.. 10 മണിപ്പാവും നീച്ച് പല്ലേച്ച് ബെരീ.. ചായ ഞാന്ട്തെക്കാ..
വെള്ളിയാഴ്ച ദിവസം, കുറേയായി നാട്ടിൽ ജുമുഅക്ക് കൂടിയിട്ട്. കുളിച്ചു ചായ കുടിക്കാനിരുന്നു. അവൻ കഴിക്കുന്നതും നോക്കി അവളും ഉമ്മയും അരികിൽ തന്നെയുണ്ട്. രണ്ടുപേരുടെയും ഉള്ളിൽ വ്യത്യസ്ത ചിന്തകളാണ്. ഞാൻ തുണീം കുപ്പായും തേച്ചെക്കട്ടെ എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയി. പള്ളിയിൽ പോകാനൊരുങ്ങി ഡ്രസ്സൊക്കെ മാറ്റി അത്തറും പൂശിയിട്ടവൾ പറഞ്ഞു, പള്ളീലിര്ന്ന് നല്ലോണൊന്ന് ദോര്ന്നോളേണ്ടി. ഒക്കെ പടച്ചോൻ ശര്യാക്കിത്തരും ഉം, അവൻ സമ്മതം മൂളി. സലാം ചൊല്ലി പള്ളിയിലേക്ക് നടന്നു. എല്ലാം ശരിയാകണമെന്ന് അവനും തോന്നിത്തുടങ്ങിയിരുന്നു. ഉപ്പയും ഉമ്മയും ഹൈറുവും തന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന് അവനറിയാമായിരുന്നു. വൈകുന്നേരമായിട്ടും അവൻ പുറത്തെങ്ങും പോയില്ല. അവരുടെ സ്നേഹവലയത്തിനുള്ളിൽ ചിരിച്ചും തമാശകൾ പറഞ്ഞും കഴിച്ചുകൂട്ടി. രാത്രി കിടക്കുമ്പോൾ സംസാരത്തിനിടയിൽ അവൾ പറഞ്ഞു, ഞാനൊരു കാര്യംപറഞ്ഞാല് ങ്ങള് കേക്കോ... ജ് കാര്യംപറ്യേ.. കേക്കൂംന്ന് സത്യം പറീ.. അത് ഞാൻ സത്യം ചെയ്തില്ലേ..   അതല്ല ബേറെ.. അതെന്താ ബേറെ.. ങ്ങള് കേക്കൂംന്ന് പറീ... OK ജ് പറിണ പോലെ കേട്ടോളാ.. ന്നാല് ങ്ങള്  ഞ്ഞ് ആ പണിക്ക് പോണ്ട. വല്യാക്കാനോട് വിസക്ക് പർഞ്ഞ്ട്ട്ണ്ട് അട്ത്ത് ബരും. കുറച്ചു നേരത്തേക്ക് നിസാർ ഒന്നും മിണ്ടിയില്ല. ആര് പറഞ്ഞു, എപ്പോ പറഞ്ഞു..  ഉപ്പാക്ക് ബുൾച്ചപ്പൊ പർഞ്ഞതാണ്.


       ഈ പണ്യന്നെ ഔടിം ഇട്കാലോ.. അതൊക്കെ കാക്ക സെര്യാക്കിത്തരും. ഇപ്പൊ ആരും ഒന്നും അർഞ്ഞിട്ട്ല്ല ഞ്ഞ് ങ്ങ്ളായ്ട്ട് ഒന്നുണ്ടാക്കാഞ്ഞാ മതി. നിസാർ ഒന്നും മിണ്ടിയില്ല. മേലോട്ട് നോക്കി ചിന്തയിലാണ്ടു കിടന്നു.
   പിന്നീടെല്ലാം പെട്ടെന്നായിരുന്നു പാസ്‌പോർട്ട് ആദ്യേമ എടുത്തിരുന്നു. ഒരാഴ്ച കൊണ്ട് വിസയെത്തി അടിക്കാൻ കൊടുത്തു. അതിനിടെ കമ്പനിയിൽ പോയി സർട്ടിഫിക്കറ്റും മറ്റും വാങ്ങി. അങ്ങിനെ ആ ദിവസവും വന്നു. രാവിലെ 11 മണിക്കിററങ്ങണം വേണ്ടപ്പെട്ടവർ എത്തിത്തുടങ്ങി പെങ്ങൾ തലേന്നേ വന്നിരുന്നു. ഹൈറു സാധനങ്ങൾ ബാഗിലടുക്കുകയാണ്  ഇടക്ക് ഇറ്റിവീഴുന്ന കണ്ണുനീർ തുടക്കുന്നുണ്ട്. നിസാർ അവളെ സമാധാനിപ്പിച്ചു. ന്നാ എർങ്ങല്ലേ നേരം ബെഗ്ഗണ്ട ഉപ്പ വിളിച്ച് പറഞ്ഞു. നിസാർ പുറത്ത് വന്നു. വരാന്തയിൽ മുസ്ലിയാർ ദുആ ചെയ്യാൻ കാത്തു നിൽക്കുന്നു. ദുആ കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, പുതിയൊരു ജീവിതത്തിലേക്ക്. ആരുടേയും മുഖത്തുനോക്കാൻ കഴിഞ്ഞില്ല. വണ്ടി കൺമറയുന്നതും നോക്കി വരാന്തയിൽ ഒരു പറ്റം കണ്ണുകൾ. അതിനിടയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഹൈറു നിന്നു....
     
-------------------------------
മൊയ്ദീൻ കുട്ടി അരീക്കൻ

No comments:

Post a Comment