ഒരു കാലത്ത് റേഡിയോ ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. ആ സമയത്ത് എല്ലാം അറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു. ഒരു റേഡിയോ വാങ്ങാൻ കഴിഞ്ഞെങ്കിൽ ആ കാലത്ത് പലരുടെയും ഒരു ആഗ്രഹമായിരുന്നു. എന്റെ ചെറുപ്പത്തിൽ റേഡിയോ അത്ഭുതവും കൗതുകവും ഉണർത്തുന്ന ഒരു ഉപകരണം തന്നെ.' സ്റ്റേഷൻ തുറക്കുന്നതിനു മുമ്പ് ഒരു കൂക്കാണ്. ആ കൂക്ക് പോലും ഒട്ടും മുഷിപ്പില്ലാതെയാണ് കേൾക്കുന്നത്. കൂക്ക് അല്പം നേരം തുടർന്ന് ഒരു "ഏലക്കവും" അതും കുറച്ചു നീളും അത് ഒരു മഴ തോരുന്നതുപോലെ നിന്നാൽ....
വാർത്താവായന
ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് ഗോപൻ
വായനക്കാരെ ആരും കണ്ടിട്ടില്ലെങ്കിലും വാർത്താ വായനക്കാരായ ഗോപനേയും സുഷമയേയും മലയാളികൾക്ക് സുപരിചിതരാണ്. കുട്ടികളായ ഞങ്ങൾക്ക് "അടുത്തത് ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ" എന്ന പ്രഖ്യാപനം തന്നെ ആഹ്ളാദകരമായിരുന്നു. രാവിലെ 7.30 ന് ഡൽഹിയിൽ നിന്നു മറ്റുമാണന്ന് തോന്നുന്നു സംസ്കൃത വാർത്ത. ഈയാം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ പ്രഭാഷകാ ബല ദേവാനന്ദസാഗരാ.... മദ്രസയിലേക്കുള്ള യാത്രയിൽ സ്ഥിരമായി കേൾക്കുന്നതാണ്. ഇപ്പോഴും നാവിൽ തുമ്പിൽ നിന്ന് പോയിട്ടില്ല ചിലപ്പോഴൊക്കെ ഓർക്കും അന്നത്തെ കാലം അത്ര മനോഹരമായത് കൊണ്ടല്ലേ ഇപ്പോഴും ഇതൊക്കെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നത്.
അങ്ങനെഎത്രയെത്ര സന്തോഷങ്ങൾ, ദു:ഖങ്ങൾ, ആവേശങ്ങൾ, ചരിത്ര പ്രസിദ്ധമായ സംഭവങ്ങൾ, ലോകത്തെ ഞെട്ടിച്ച പല സംഭവ വികാസങ്ങളും പകർന്നു തന്ന ആ കൊച്ചു പെട്ടിക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്ന്
തീർച്ച.!
-------------------------------------------------
✍ ശിഹാബുദ്ദീൻ നാലുപുരക്കൽ
No comments:
Post a Comment