പളളിപ്പറമ്പ് @
കള്ളിയത്ത് ഹനീഫ
ഹനീഫാക്കയെ ഓർക്കുമ്പോൾ
--------------------
പ്രവാസം നമുക്കിടയിൽ തീർക്കുന്ന ചില അകലങ്ങളുണ്ട്. അതിന്റെ പേരിലാവാം കുറച്ച് വൈകിയാണ് ഹനീഫാക്കയെ അറിയുന്നത്. നാട്ടുകാരെന്ന നിലയിൽ പരസ്പരം കാണാനും ഇടപഴകാനും അവസരങ്ങളുണ്ടാവുമ്പോഴാണല്ലോ നമുക്കിടയിലെ അകലവും അപരിചിതത്വവും ഇല്ലാതാവുക. പ്രവാസം അവസാനിപ്പിച്ച ശേഷമാണ് ഹനീഫാക്കയെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്.
പൊതു പ്രാധാന്യമുള്ള ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായി അവരെ സുഹൃത്തുക്കൾക്കൊപ്പം സമീപിച്ചിട്ടുണ്ട്. അന്നേരങ്ങളിലെല്ലാം മാന്യമായ പെരുമാറ്റവും ആ മനസ്സിന്റെ നൈർമ്മല്യവും അനുഭവിക്കാനായി. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം വിശ്രമ ജീവിതത്തിന്റെ സുഖവും സ്വസ്ഥതതയും വലിയൊരു സ്വപ്നമാണ്. എന്നാൽ കാർന്ന് തുടങ്ങുന്ന രോഗാവസ്ഥയിലാണ് ഹനീഫാക്കയുടെ പ്രവാസം അവസാനിക്കുന്നത്. അന്ന് മുതൽ അദ്ദേഹം പുതിയൊരു ജീവിതം പരിശീലിക്കുകയായിരുന്നു. രോഗത്തിന്റെ അവശതയും മറ്റ് പ്രയാസങ്ങളും മാത്രമായിരുന്നു പിന്നീട് ആ ജീവിതത്തിന് കൂട്ട്. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അക്ഷോഭ്യനായി അദ്ദേഹം നേരിട്ടു.
ഒരു വിശ്വാസി എന്ന നിലയിൽ മനസ്സിന്റെ നൈർമല്യം അവസാനം വരെ നിലനിറുത്താനായി. രോഗത്തിന്റെ അവശതയിലും പ്രസന്നഭാവത്തോടെയാണ് അവരെ കണ്ടുമുട്ടിയത്. വിശേഷങ്ങളിലും, വഴിയോരങ്ങളിലും അവരുണ്ടായിരുന്നു. അന്നേരമെല്ലാം ചെറിയൊരു പുഞ്ചിരിയും കുശലാന്വേഷണവും പതിവായി. ആശുപത്രി വാസത്തിന്റെയും ചികിൽസാ യാത്രകളുടെയും തീക്ഷ്ണാനുഭവങ്ങൾ. മരുന്ന് മണം വിട്ട് പോവാത്ത കഥകളായി ആ ജീവിതം മാറി. തന്റെ രോഗാവസ്ഥയെ കുറിച്ച് കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കാത്തു വെച്ച സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുന്നതിന്റെ ഓരോ ഘട്ടത്തെയും അവർ നേർക്ക്നേർ കണ്ടു. അഴിക്കും തോറും ആ ജീവിതാനുഭവങ്ങൾ ചുറ്റിപ്പിണഞ്ഞു. എല്ലാം വിധിയാണെന്ന് സമാധാനിക്കുന്നതോടൊപ്പം തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ ശാരീരിക അവശത മറന്ന് അദ്ദേഹം മുന്നോട്ട് നടക്കാൻ ശ്രമിച്ചു. അവസാന കാലത്ത് ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. ആരാധനകളിൽ നല്ല ചിട്ടകൾ പുലർത്തിയിരുന്നു. ആത്മീയ വേദികളിൽ പതിവായി പങ്കെടുക്കുമായിരുന്നു.
താൻ ആർക്കും ഒരു ബാധ്യതയാവരുതെന്ന് അകം നീറുന്ന രോഗാവസ്ഥകളിൽ അദ്ദേഹം മനസ്സറിഞ്ഞ് തേടിയിട്ടുണ്ടാവാം. ആ മനസ്സിന്റെ തേട്ടം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗവും.
അള്ളാഹു അവരുടെ പരലോകജീവിതം ധന്യമാക്കട്ടെ,
***********
സത്താർ കുറ്റൂർ
* ഞങ്ങളുടെ ബാവ *
--------------------
ഞെട്ടലോടെയാണ് ആ വാർത്ത വാട്സപ്പിൽ വായിച്ചത് . ആദ്യം വിശ്വസിക്കാൻ പ്രയാസപ്പെട്ടു, പിന്നീട് നാട്ടിലേക്കു വിളിച്ചു ബോധ്യപ്പെട്ടു. കുറെ കാലത്തിനു ശേഷം ആളുകളുടെ മുൻപിൽ നിന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങിയത് വളരെ പ്രയാസപ്പെട്ടു നിയന്ത്രിക്കാൻ സമയമെടുത്തു. വിദേശത്തായതിനാലും മയ്യിത് പെട്ടെന്ന് തന്നെ എടുക്കുന്നതിനാലും എത്തിപ്പെടാൻ കഴിയാതെ പോയി.
ബാവ എന്നും എനിക്ക് ഒരു അത്ഭുദമായിരുന്നു. എന്നെ ഒരു മകനെ പോലെയാണോ അതോ ഫ്രണ്ടിനെ പോലെയാണോ അദ്ദേഹം കാണുന്നതെന്ന് എന്നും എനിക്ക് വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കളിക്കൂട്ടുകാരിയായ എന്റെ ഉമ്മയുമായുള്ള എളാപ്പ മൂത്താപ്പ മക്കൾ എന്ന സ്നേഹവും എന്റെ ഉപ്പയുമായുള്ള അടുത്ത ബന്ധവുമാണോ, അതോ എന്നോടുള്ള പ്രത്യേക സ്നേഹമാണോ കാരണമെന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു .
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയും താഴ്ചയും ഞങ്ങൾ പങ്കു വെക്കാറുണ്ടായിരുന്നു, അത് പോലെ തിരിച്ചും.
ജീവിതത്തിൽ കഠിനാദ്ധ്യാനിയായി, തന്റേതായ വ്യത്യസ്തങ്ങളായ ആദർശങ്ങൾ മുറുകെ പിടിച്ചു ജീവിച്ചയാളാണ് ബാവ. തുറന്ന സ്വഭാവമുള്ള വ്യക്തി. അതിൽ ഒരുപാടു കാര്യങ്ങൾ എന്റെ ജീവിതത്തിലും വന്നപ്പോൾ, അദ്ദേഹം അന്ന് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ഓർമ വരുമായിരുന്നു .
ഇന്നലെ സത്താർ സാഹിബ് "മാഞ്ഞ് തീരുന്ന നടവഴികളെ" കുറിച്ച് എഴുതിയ പല കാര്യങ്ങളും വര്ഷങ്ങള്ക്കു മുൻപ് കുടുമ്പത്തിന്റെ കൂട്ടുറപ്പിനായി, അയല്വക്കക്കാർക്കടക്കം ചെയ്യുമായിരുന്നു. അതിൽ പ്രധാനം, വീടിന്റെ തൊട്ടുമുന്പിലെ പറമ്പിൽ 'വേല' നടക്കുമ്പോൾ അദ്ദേഹവും, ഭാര്യ താത്തയും, സ്വന്തം വീട്ടിൽ കുടുംബക്കാർക്കും അയല്വക്കകാര്കും വെച്ച് വിളമ്പി മറ്റൊരു ഉത്സവം കഴിക്കും - അത് രണ്ടോ മൂന്നോ ദിവസം നീണ്ടു നില്കും. അത് പോലെ നോമ്പ് സൽക്കാരങ്ങൾ ഒരു കല്യാണ സമൃദ്ധമായ രീതിയിൽ ആയിരുന്നു പണ്ട് നടത്താറ്. ബന്ധങ്ങൾക്കു ആഴവും ദൃഢതയും നല്കാൻ അക്കാലങ്ങളിൽ അത് വളരെ സഹായകമായിരുന്നു.
എന്നെ പല ഘട്ടങ്ങളിലും ഉപദേശങ്ങൾ കൊണ്ടും അല്ലാതെയും സഹായിച്ചതും മാർഗ ദര്ശങ്ങള് തന്നതും ഞാൻ ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു.
ഒരുകാലത്തു പ്രവാസികളിൽ ഏറ്റവും നല്ല വിജയം ബിസിനെസ്സിലൂടെ അദ്ദേഹം കൈവരിച്ചിരുന്നു. ആത്മാർത്ഥമായ ദീനിലുറച്ച വ്യാപാരം ആയിരുന്നു ഒരു കാരണം. അതിനു പുറമെ ജോലിയും ചെയ്യുമായിരുന്നു.
പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ വന്ന അദ്ദേഹത്തിന് അസുഖം വന്നതിനേക്കാൾ തളർത്തിയത്, വിശ്വസിച്ചു പുതിയ ബിസ്നെസ്സ് പാർട്ണര്ഷിപ് ചെയ്ത ചിലർ, അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തന്റെ ആദര്ശങ്ങള്ക്കു വിപരീതമായി പ്രവർത്തിച്ചതായിരുന്നു. താത്തയുടെ (ഭാര്യ) മരണവും വല്ലാതെ തളർത്തി. എന്നാൽ എല്ലാം വളരെ കരുത്തോടെ നേരിട്ട്, നശ്വരമായ ജീവിതത്തിൽ എന്ത് സംഭവിച്ചാലും നാം തളരരുതെന്നു വഴി കാണിച്ചു തന്നിട്ടും, അദ്ദേഹത്തിന്റേതായ ഒരു വല്ലാത്ത ഫൂട്പ്രിന്റ് ഞങ്ങൾ കുടുംബക്കാരിൽ എല്ലാം എക്കാലത്തേക്കും നൽകിയിട്ടുമാണ് അദ്ദേഹം ഞങ്ങളെ വിട്ടു പോയത്
പടച്ച തമ്പുരാൻ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ
(ഇനിയും ഒരുപാട് ഓർമങ്ങൾ എഴുതണമെന്നണ്ട്- യാത്രയിലായതിനാൽ നിര്ത്തുന്നു )
അഡ്മിൻ ഡെസ്കിനു വളരെ വലിയ നന്ദി 🙏
***********
റിയാസ് കള്ളിയത്ത്
ഞങ്ങളുടെ ഹനീഫാക്ക
--------------------
ൻറെ സൈദിൻറെ കൂടെ കുന്നാഞ്ചേരിപ്പള്ളിക്കുളത്തിൽ ചാടാൻ പോയിരുന്ന കാലത്തൊക്കെ ഹനീഫാക്കാനെ കാണാറുണ്ടായിരുന്നു. വളരെ സൗമ്യമായും ഭവ്യതയോടെയുമായിരുന്നു ഹനിഫാക്ക കുട്ടികളോടും മുതിർന്നവരോടും സംസാരിച്ചിരുന്നത്. അത് ഹനീഫാക്കാൻറെ ഒരു പ്രത്യേകതയായിരുന്നു. കുറ്റൂരിൻറെയും പരിസര പ്രദേശത്തെയും ആദ്യ ഡ്രൈവറായിരുന്നു ഹനീഫാക്കാൻറെ പിതാവാവ് ബാപ്പു ഹാജി. അദ്ദേഹം ബോംബെയിൽ രണ്ട് തട്ടുള്ള ബസ്സിൻറെ ഡ്രൈവറായിരുന്നു എന്ന് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്.ഹനീഫാക്കാന്റെ പിതാവിനെ കണ്ടിട്ടുണ്ട്.1975 ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹനീഫാക്കയും പിതാവിന്റ ജോലി തന്നെ തിരഞ്ഞെടുത്തു. അക്കാലത്ത് മറ്റ് ഡ്രൈവർമാർ കുറ്റൂരിലുണ്ടായിരുന്നില്ല. ഹനീഫാക്കാക്ക് ഒരു ഫിയറ്റ് കാർ ഉണ്ടായിരുന്നു. മുകളിൽ ഇളം മഞ്ഞയും ബാക്കിയുള്ള ഭാഗം കറുപ്പുമായിരുന്നു. അക്കാലത്ത് ഹനീഫമാരെയും വേറെ കണ്ടിട്ടില്ല!
കുറ്റൂരിൽ നിന്ന് ഗൾഫിലേക്ക് പ്രയാണമാരംഭിച്ചപ്പോൾ തന്നെ ഹനീഫാക്കയും പ്രവാസിയായി. സത്താർ സാഹിബ് പറഞ്ഞത് പോലെ ദീനീ സ്ഥാപനങ്ങളെ അകമഴിഞ്ഞ് സഹായിച്ച ഒരു വ്യക്തിയായിരുന്നു ഹനീഫാക്ക. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ വളർച്ചയിൽ അദ്ദേഹത്തിൻറെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. പല സന്ദർഭങ്ങളിലും രാഷ്ട്രീയമായ സംഭാന്നകൾക്കും മദ്രസ്സകളുടെ (ഹുജ്ജത്തുൽ ഇസ്ലാം, അൽ ഹൂദ) പിരിവിനും അദ്ദേഹത്തെ സമീപിച്ചപ്പോഴൊക്കെ നല്ല രീതിയിൽ സഹകരിച്ചിരുന്നു. എവിടെ വെച്ച് കണ്ടാലും കുശലാന്വേഷണം നടത്താതെ ഹനീഫാക്ക വിടില്ലായിരുന്നു. പിന്നീട് ഞാനും പ്രവാസിയായതോടെ അപൂർവ്വമായേ കണ്ട് മുട്ടാരുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ സൗഹൃദം പിന്നീട് ഫേസ്ബുക്കിലൂടെയായി 'കഴിഞ്ഞ തവണ ഞാൻ നാട്ടിൽ വന്നപ്പോൾ പലതവണ ഹനീഫാക്കയുമായി സംസാരിച്ചിരുന്നു. തനിക്ക് പിടിപെട്ട രോഗത്തെ കുറിച്ചും സംസാരിച്ചിരുന്നു. അദ്ദേഹത്തിൻറെ വേർപാട് ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും ശ്രവിച്ചത്.
അദ്ദേഹത്തിൻറെ പാരത്രിക ജീവിതം വിജയിപ്പിച്ച് കൊടുക്കണേ - നമ്മളെയും അദ്ദേഹത്തെയും റബ്ബ് ജന്നാത്തൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ നാഥാ - അമീൻ യാ റബ്ബൽ ആലമീൻ'
കുറ്റൂരിൽ നിന്ന് ഗൾഫിലേക്ക് പ്രയാണമാരംഭിച്ചപ്പോൾ തന്നെ ഹനീഫാക്കയും പ്രവാസിയായി. സത്താർ സാഹിബ് പറഞ്ഞത് പോലെ ദീനീ സ്ഥാപനങ്ങളെ അകമഴിഞ്ഞ് സഹായിച്ച ഒരു വ്യക്തിയായിരുന്നു ഹനീഫാക്ക. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ വളർച്ചയിൽ അദ്ദേഹത്തിൻറെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. പല സന്ദർഭങ്ങളിലും രാഷ്ട്രീയമായ സംഭാന്നകൾക്കും മദ്രസ്സകളുടെ (ഹുജ്ജത്തുൽ ഇസ്ലാം, അൽ ഹൂദ) പിരിവിനും അദ്ദേഹത്തെ സമീപിച്ചപ്പോഴൊക്കെ നല്ല രീതിയിൽ സഹകരിച്ചിരുന്നു. എവിടെ വെച്ച് കണ്ടാലും കുശലാന്വേഷണം നടത്താതെ ഹനീഫാക്ക വിടില്ലായിരുന്നു. പിന്നീട് ഞാനും പ്രവാസിയായതോടെ അപൂർവ്വമായേ കണ്ട് മുട്ടാരുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ സൗഹൃദം പിന്നീട് ഫേസ്ബുക്കിലൂടെയായി 'കഴിഞ്ഞ തവണ ഞാൻ നാട്ടിൽ വന്നപ്പോൾ പലതവണ ഹനീഫാക്കയുമായി സംസാരിച്ചിരുന്നു. തനിക്ക് പിടിപെട്ട രോഗത്തെ കുറിച്ചും സംസാരിച്ചിരുന്നു. അദ്ദേഹത്തിൻറെ വേർപാട് ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും ശ്രവിച്ചത്.
അദ്ദേഹത്തിൻറെ പാരത്രിക ജീവിതം വിജയിപ്പിച്ച് കൊടുക്കണേ - നമ്മളെയും അദ്ദേഹത്തെയും റബ്ബ് ജന്നാത്തൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ നാഥാ - അമീൻ യാ റബ്ബൽ ആലമീൻ'
***********
എം ആർ സി അബ്ദുറഹ്മാൻ
സുകൃതങ്ങളുടെ വിടവാങ്ങൽ
💧💧💧💧💧💧💧💧💧💧
പ്രകൃതി പോലും കണ്ണീരണിഞ്ഞ ഒരു വൈകുന്നേരത്ത് ഒരുപാട് പുണ്യങ്ങൾ പെയ്ത ഒരു പെരുമഴ നിലച്ചു. സമ്പുഷ്ടമായൊരു പ്രവാസ ജീവിതത്തിന്റെയിടയിൽ ആദ്യം പ്രിയതമ വിട പറഞ്ഞു. പിന്നീട് പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയപ്പേൾ കുറെ അസുഖങ്ങൾ കാത്തിരിക്കുകയായിരുന്നു.
എനിക്ക് വളരെ അടുത്ത ബന്ധമില്ലെങ്കിലും ഇടക്ക് കണ്ടുമുട്ടുമ്പോൾ ഒരു പുഞ്ചിരിയെങ്കിലും കൈമാറാതെയില്ല. കുറ്റൂരിൽ ഹുജ്ജത്തിലെ MC അബ്ദുറഹ്മാൻ മുസ്ല്യാരുടെ ആദ്യകാല ശിഷ്യന്മാരിൽ പെട്ടവരാണ് എന്റെ മൂത്ത ജ്യേഷ്ടനും കള്ളിയത്ത് ബാപ്പു ഹാജിയുടെ മോൻ ഹനീഫാക്കയും. അന്നേ മദ്രസയിലും പള്ളിയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. പ്രവാസകാല ജീവിതമൊക്കെ റിയാസ് ഇവിടെ അനുസ്മരിച്ചു. മരിക്കുന്നതിന് ഏതാനും മാസം മുമ്പ് വരെ കുറച്ച് കാലം രാവിലെ സ്ഥിരമായി കിലോമീറ്ററുകൾ നടക്കാറുണ്ടായിരുന്നു. പിന്നെ അവശതകൾ ഓരോന്നായി കീഴ്പെടുത്തി കൊണ്ടിരുന്നു. മരണ ദിവസം സുബ്ഹിക്ക് കുന്നാഞ്ചേരി മസ്ജിദിലേക്ക് ജമാഅത്തിന് വന്നത് ഒരു വടിയും കയ്യിൽ പിടിച്ചായിരുന്നു.
"എന്താ ... ഹനീഫാ ... വടി കൊണ്ടു നടക്കാനായോ എന്ന ചോദ്യത്തിന് "ബുദ്ധിമുട്ടുകൾ അതിൻമേൽ തീർന്നു കിട്ടിയാൽ മതിയായിരുന്നു" എന്നോ മറ്റോ മറുപടി പറഞ്ഞതായി ജനാസ നിസ്കാര സമയത്ത് കെ.പി.കുഞ്ഞിമൊയ്തു ഹാജി (ബാപ്പു) കരച്ചിലടക്കാനാകാതെ വികാരഭരിതനായി അനുസ്മരിച്ചതോർക്കുന്നു.
വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും ഒരു പാട് നന്മകൾ ചൊരിഞ്ഞ് വിട പറഞ്ഞ ഹനീഫ സാഹിബിന് അദ്ദേഹത്തിന്റെ സുകൃതങ്ങൾക്ക് പകരം സ്വർഗ്ഗം നൽകണേ റബ്ബേ എന്ന് പ്രാർത്ഥിക്കുന്നു.
***********
മുഹമ്മദ് കുട്ടി അരീക്കൻ
ആകസ്മികമായ മരണം
--------------------
ഞാനും സുഹൃത്തും കൂടി പെരിന്തൽമണ്ണ പോകുമ്പോഴാണ് അസ്ലമിന്റെ ഫോൺ വരുന്നത്, എവിടെയാണ് നമ്മുടെ മേലാടത്തെ ബാവ മരിച്ചു, പെട്ടെന്ന് വരണം എന്നും പറഞ്ഞു കൊണ്ട്. ഒരു നിമിഷം ഞെട്ടിപോയെങ്കിലും സമനില വീണ്ടെടുത്ത് വണ്ടി തിരിച്ചു. വീട്ടിലെത്തി മയ്യിത് പരിപാലനത്തിലും മറ്റും കൊയിസ്സൻ അഷ്‌റഫിന്റെ കൂടെ ഭഗവാക്കായി.
ഞങ്ങൾ ബാവാ എന്ന് വിളിക്കുന്ന ഹനീഫക്ക നാട്ടിലായതിന് ശേഷം സത്താർ പറഞ്ഞ പോലെ രോഗങ്ങളാലും മറ്റും വിഷമങ്ങളിലായിരുന്നു. അതോടൊപ്പം ഭാര്യയുടെ മരണവും ശേഷം മറ്റൊരു വിവാഹം. നമ്മുടെ കൂട്ടിലെ തത്തയായ അഫ്സൽ (കുഞ്ഞാപ്പു) ഏക മകനാണ്. സിൽസില മകൾ.
അള്ളാഹു അവരുടെ ആഖിറം നന്നാക്കി കൊടുക്കുമാറാകട്ടെ എന്ന് പ്രാർത്തിക്കുന്നു
***********
നൗഷാദ് പളളിയാളി
എന്റെ ഉപ്പ
--------------------
അസ്സലാമുഅലൈക്കും...
തത്തമ്മ കൂട്ടിൽ പള്ളിപ്പറമ്പ് പരിപാടിയിൽ എന്റെ ഉപ്പാന്റെ പരലോക വിജയത്തിന് വേണ്ടി മനസ്സറിഞ്ഞ് പ്രാർത്ഥിച്ച എന്റെ എല്ലാ സഹോദങ്ങൾക്കും ഞാനെന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ... നാളെ ജന്നത്തുൽ നഈമിൽ നമ്മെയും നമ്മിൽ നിന്ന് മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരെയും അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ. ആമീൻ...
ഓരോ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോഴും ഹൃദയം നൊമ്പരപ്പെട്ടങ്കിലും, ഉപ്പാനെകുറിച്ചുള്ള നിങ്ങളുടെ ഓർമ്മകളും സ്നേഹവും എന്നിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി.
എന്റെ ഉപ്പയെ കുറിച്ചുള്ള ചിന്തകൾ എനിക്ക് ഓർമകളല്ല. എന്റെ ജീവനും ശക്തിയും പ്രതീക്ഷയും പ്രേരണയും ആണ് ....
ഉപ്പാക്ക് രണ്ട് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഉമ്മയെ നഷ്ട്ടപ്പെട്ട എന്റെ ഉപ്പാക്ക് പിന്നീടുള്ള ജീവിതം ശെരിക്കും ഒരു ചാലൻജ് പോലെയായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ഡ്രൈവർ ജോലി അടക്കം പലവിധ ജോലികൾ ചെയ്തു. നാദാപുരം ഭാഗത്തു അലൂമിനിയം കച്ചവടം ചെയ്ത കാര്യം ഉപ്പ പറഞ്ഞത് ഞാൻ ഓർക്കുന്നു. 1979തിൽ എന്റെ ജനനത്തോടെ ഉപ്പ പ്രവാസിയായി. അന്നത്തെ റെക്കോർഡ് കാസ്സറ്റിൽ ഗൾഫിലെ പ്രയാസങ്ങളും, ഗൾഫ് നിർത്തി നാട്ടിൽ പോരുന്ന കാര്യവും ഒക്കെ എന്റെ ഉപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നീട് പ്രവാസം നിർത്താൻ നീണ്ട മുപ്പത് വർഷം എടുത്തു.
ഉപ്പാന്റെ ഓരോ വെക്കേഷനും ഞങ്ങൾക്ക് സന്തോഷത്തിന്റെ സുദിനങ്ങളായിരുന്നു. യാത്രകളും ഹോട്ടലും കുടുംബ സന്ദർശനങ്ങളും ഒക്കെയായി പൂർണമായും ഞങ്ങളോടൊപ്പം തന്നെയായിരിക്കും. പിന്നീട് ഇവിടെ വന്നപ്പോളാണ് ഉപ്പ എത്ര മാത്രം കഷ്ടപ്പെടുന്നത് കൊണ്ടാണ് ഞങ്ങൾ ഇത്ര സുഖമായി ജീവിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്.
ക്യാമ്പിൽ സ്വന്തമായി ഒരു ബക്കാല ഉണ്ടായിരുന്നു. അവിടേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നതും, ലോഡ് ഇറക്കുന്നതും, കടയിൽ ഷെൽഫിൽ നിറക്കുന്നതും തുടങ്ങി എല്ലാ ജോലിയും ചെയ്യും. കൂടാതെ കമ്പനിയിലെ ഡ്രൈവറും പർച്ചേസറും ഒക്കെ ഉപ്പ തന്നെ. ഉപ്പ ജോലി എടുത്തിരുന്ന അൽ-മുഹാവിസ് കമ്പനിയിൽ നിന്നും എനിക്ക് കിട്ടിയ സ്വീകരണം ഉപ്പാനോട് അവരുടെ കഫീലിനും സഹപ്രവർത്തകർക്കും ഉള്ള ഇഷ്ട്ടം എനിക്ക് മനസ്സിലാക്കിത്തന്നു. മുഹാവിസിന്റെ മരണം എന്റെ ഉമ്മാന്റെ ട്രീട്മെന്റിന് വേണ്ടി ബാംഗ്ലൂരിൽ നിൽക്കുമ്പോളാണ് ഞങ്ങൾ അറിഞ്ഞത്. അന്ന് ഉപ്പ ഗൾഫ് നിർത്തി പോന്നിരുന്നു. ജീവിതത്തിൽ എന്റെ ഉപ്പ ഏറ്റവും കൂടുതൽ കരഞ്ഞ സമയം അതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഉള്ള്നീറി ഹൃദയം തകർന്നത് എന്റെ ഉമ്മാന്റെ മരണത്തിലും. അമിത ദുഃഖം കണ്ണീരിനെ ഇല്ലാതാക്കും എന്ന് എനിക്കന്നു മനസ്സിലായി. മാനസികമായി വല്ലാതെ തകർന്നു.
തോൽവി ഉപ്പാക്ക് ഇഷ്ട്ടം അല്ലായിരുന്നു. രോഗങ്ങളെ പോലും മനധൈര്യംകൊണ്ട് കീഴടക്കി. പൂർവാധികം ശക്തിയോടെ ജയിച്ചു മുന്നേറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇസ്ലാമിക വിഷയങ്ങളിൽ കൃത്യത പുലർത്തി. പരമാവധി നിസ്കാരം ജമാഅത്തായി തന്നെ നിർവഹിക്കാൻ ശ്രമിച്ചു. അവസാന റമളാനിൽ പോലും മുഴുവൻ നോമ്പും ആറു നോമ്പും എടുത്തു. അല്ലാഹുവേ എന്റെ ഉപ്പാക്ക് നീ ആയിരം മടങ് പ്രതിഫലം നൽകേണമേ... ആമീൻ.
ഒരു കാരണവശാലും കള്ളം പറയരുത് എന്നും, പരമാവധി കടം വാങ്ങരുത് എന്നും അഥവാ വാങ്ങേണ്ടി വന്നാൽ കയ്യിൽ കാശ് വരുന്ന മുറക്ക് പെട്ടൊന്ന് കടം വീട്ടണം എന്നും ഉപ്പ ഉപദേശിക്കുമായിരുന്നു.
ഞാൻ അംഗമായ പല വാട്സ്ആപ്പ് ഗ്രൂപ്പിലും ഉപ്പയും അംഗമായിരുന്നു. ഇന്ന് ഞാൻ എഴുതിയ ഈ കുറിപ്പ് വായിക്കാൻ എന്റെ ഉപ്പാക്ക് കഴിയില്ല. കഴിയുമായിരുന്നെങ്കിൽ എന്റെ ഹൃദയം മുഴുവൻ ഞാൻ ഇവിടെ എഴുതി വെച്ചേനെ.
ഉപ്പ എപ്പോളും പറയും "വണ്ടി ഓടിക്കുമ്പോളാണ് എനിക്ക് ഏറ്റവും മനസുഖം കിട്ടുന്നത്"... അവസാന സമയത്തും സന്തോഷത്തോടെ വളയം പിടിച്ച എന്റെ ഉപ്പാനെ, ഉപ്പ ഏറ്റവും കൂടുതൽ സ്നേഹിച്ച ഡ്രൈവിംഗ് സീറ്റ് ചതിച്ചില്ല.
നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും അള്ളാഹു പൊറുത്തു നൽകട്ടെ. നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും സ്വർഗ്ഗത്തിന്റെ സന്തോഷങ്ങൾ ആസ്വദിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ\.. ആമീൻ യാറബ്ബൽ ആലമീൻ....
***********
അഫ്സൽ കള്ളിയത്ത്
No comments:
Post a Comment