സ്കൂളും പള്ളിയും മദ്രസയും വീട്ടുമുറ്റത്തായതിനാൽ ആ അഞ്ചാം ക്ലാസ്സുകാരന് കൂട്ടുകാരോട് ചെറിയ അസൂയ തോന്നിയിരുന്നു. അവർക്ക് ഇഷ്ടം പോലെ നടന്ന് കളിച്ച് രസിച്ച് വീട്ടിലെത്തിയാൽ മതിയല്ലോ. മദ്രസ അഞ്ച് കഴിഞ്ഞപ്പോൾ ഉപ്പ (അല്ലാഹു ഉപ്പാക്കും ഉമ്മക്കും മഗ്ഫിറത്ത് നൽകട്ടെ... ആമീൻ) അവനെ ഊക്കത്ത് ദർസിൽ ചേർത്തപ്പോൾ അവന് ഉത്സാഹമായി. കാരപറമ്പും കഴിഞ്ഞ് മാപ്പിളക്കാടൻ തൊടുവിലേക്കും അവിടുന്ന് മലാരം ഇറങ്ങി തോട് മുറിച്ച് കടന്ന് വരമ്പത്തൂടെ നടന്ന് വേണം പള്ളിയിലെത്താൻ. സ്കൂളുള്ള ദിവസം സമയം തീരെയില്ല. ചായ കുടി കഴിഞ്ഞ് ഒറ്റയോട്ടം .. തിരികെ മറ്റൊരോട്ടം. എന്നാൽ ഞായറാഴ്ചയാണ് വഴിയിൽ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നാരം പറഞ്ഞ് ഈണത്തിൽ പാടുന്ന കുയിലിന് മറു പാട്ട് പാടി നീണ്ടു പോയ മാവിന്റെ കൊമ്പിലേക്ക് കല്ലെറിഞ്ഞ് വീട്ടുകാരുടെ ശകാരം കേട്ട് ഓടി മറഞ്ഞ് വീട്ടിലെത്താൻ ചിലപ്പോൾ മണിക്കൂർ പിടിക്കും. മഴക്കാലത്ത് തോട്ടിൽ ചാടി മണ്ണിര കോർത്ത് ചൂണ്ടലിട്ട് കോട്ടിയും പരലും പിടിച്ച് കണ്ണ് ചോപ്പിച്ച് പുരയിലെത്തും. നടക്കുമ്പോൾ കാല് വെച്ച് കുത്തി ചോരയൊലിച്ച് കമ്യൂണിസ്റ്റ് അപ്പ തേക്കും. കൂടുതൽ നടക്കാൻ പുതിയാകുമ്പോൾ റോഡിലുടെ കക്കാടംപുറം വഴി കുറ്റൂർ പിടിക്കും. വഴി നിറയെ ഓലപ്പുരകളാണ്.ഒന്ന് മഴ പെയ്താൽ കേറി നിൽക്കാൻ പോലും സൗകര്യമില്ലാത്ത പല വീടുകളും ചോർന്നൊലിക്കുന്നുണ്ടാകും. റോഡ് ടാർ ചെയ്യാത്തതിനാൽ ഇടക്കിടെ കുണ്ടും കഴിയും നിറയെ വെള്ളം വാഹനങ്ങൾ തീരെ ഇല്ലെന്ന് പറയാം. ആദ്യമൊക്കെ കാളവണ്ടിയിൽ സാധനങ്ങൾ വന്നിരുന്നത് പിന്നെ ലോറിയിലായി. വൈകുന്നേരം ചില ദിവസങ്ങളിൽ കൊടുവായൂർ ചെന്തക് മീൻ വാങ്ങാൻ ഒരു നടത്തമുണ്ട്. ആരെങ്കിലും കൂട്ടുണ്ടാവും. കുത്തുപാളയിലോ തേക്കിൻ ഇലയിലോ പൊതിഞ്ഞ മീൻ കാക്കയും പരുന്തും റാഞ്ചാതിരിക്കാൻ ഒരു ഇല്ലിക്കോൽ കരുതണം. ചിലപ്പോൾ അങ്ങാടിയിൽ സൈക്കിൾ ബാലൻസുകാരും സർക്കസ്കാരുമൊക്കെയുണ്ടാകും. ഇന്ന് നടവഴിയും ഇടവഴിയുമില്ല, ഓലപ്പുര കാണാനില്ല. പറമ്പിൽ കൃഷിയില്ല, പാടവരമ്പില്ല, അണ്ണാര കണ്ണനെ കാണാനില്ല.എന്നാലും ബാല്യത്തിൽ പതിഞ്ഞ കാൽപാടുകൾ തിരഞ്ഞ് തിരികെ നടക്കുമ്പോൾ എന്തെന്നില്ലാത്തൊരു സംതൃപ്തി. ഇത്തരമൊരു ഓർമ്മ പങ്ക് വെക്കാൻ തത്തമ്മക്കൂടുണ്ടല്ലോ എന്നൊരു സന്തോഷവും.
--------------------------------------------------------------------------------------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment