Saturday, 13 July 2019

മാഞ്ഞ് തീരുന്ന നടവഴികൾ


കാർഷികവൃത്തിയുടെ പോക്കുവരവിൽ നിന്നാണ് പഴയ കാലത്ത് നടവഴികളുണ്ടായത്. കുറുക്കു വഴികളായിരുന്നു അതിൽ പലതും. നടന്നു പതിഞ്ഞ കാൽപാടുകൾ മാത്രമായിരുന്നു അതിന്റെ ആധാരം.

മറ്റുള്ളവരുടെ സൗമനസ്യത്തിലാണവ നിലനിന്നത്. എന്നാൽ കാർഷിക വൃത്തി ഉപേക്ഷിച്ചതും സൗകര്യങ്ങൾ കൂടിയതും ഈ വഴികളോരോന്നും മാഞ്ഞ് തുടങ്ങാൻ കാരണമായി.  കനം വെച്ച അതിരുകൾക്കുള്ളിൽ അവ മുറിഞ്ഞു തീർന്നു. വേലികളായിരുന്നു പോയ കാലത്തിന്റെ അതിരടയാളങ്ങൾ. നിഷ്പ്രയാസം കവച്ച് വെക്കാൻ കഴിഞ്ഞ കയകൾ വേലിയുടെ ഔദാര്യങ്ങളായിരുന്നു. ഈ കയകൾക്ക് നേരെയാണ് പല നടവഴികളും നീണ്ട് കിടന്നിരുന്നത്. വേലിയും കയകളും നാടു നീങ്ങിയതോടെ നടവഴികളിൽ കാട്കയറി. നമ്മുടെ പോക്കുവരവുകളും കാഴ്ചപ്പുറങ്ങളും നിയന്ത്രണ വിധേയമായി.  സൗകര്യങ്ങൾക്കൊപ്പം സ്വാർത്ഥതയും സ്വകാര്യതയും  തലപൊക്കി നിന്നു. ഇപ്പോൾ നമ്മൾ എല്ലാം കൊട്ടിയടച്ച് തീർന്നിരിക്കുന്നു. കാറ്റും വെളിച്ചവും കയറാത്ത ഇടങ്ങളായി നമ്മുടെ വീടുകൾ മാറിയിരിക്കുന്നു. ഓരോ വീടും അവനവന്റെ സാമ്രാജ്യമായി മാറിയിരിക്കുന്നു. അയൽപക്ക ബന്ധങ്ങൾക്കിടയിൽ മൂകമായ മൗനത്തിന്റെ ഗന്ധം പരന്നിരിക്കുന്നു. ഇപ്പോൾ നാട്ടു മണമുള്ള വഴിയോരങ്ങളുടെ ഗൃഹാതുരത്വം തിരിച്ച് വന്നെങ്കിലെന്ന് നമ്മൾ വല്ലാതെ കൊതിച്ച് പോവുന്നു. പരസ്പരം അറിയാത്ത പരിസരമാണ്  നമുക്കിടയിൽ പെരുകിയിരിക്കുന്നത്. സാമൂഹിക ബന്ധങ്ങൾക്കിടയിലുണ്ടായ അപായകരമായ മാറ്റമാണ് ഇതിലൂടെ നാം അനുഭവിക്കുന്നത്. ശക്തമായ അവബോധം വളർത്തിയും സ്നേഹസമ്പർക്കങ്ങളുടെ ഓർമ്മയുണർത്തിയും ഈ സാമൂഹിക ദുരന്തത്തെ അതിജയിക്കാൻ നമുക്കാവണം.

ഓരോ ഗ്രാമവും മറക്കാനാവാത്ത കടപ്പാടിന്റെ ശേഷിപ്പാണെന്ന പാഠം നമ്മൾ പുതിയ കാലത്തേക്ക് പകരണം. അതുവഴി തലമുറകൾക്കിടയിൽ ശക്തമായ തിരിച്ചറിവുകളുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. കെട്ടിമറച്ച മതിൽ കെട്ടുകളേക്കാളധികം തുറന്ന് വെച്ച വാതിൽ പടികളാണ് വേണ്ടത്. അവയാണ് നമ്മുടെ ജീവിതത്തെ നിർണ്ണയിക്കേണ്ടത്. അതു വഴി പോക്കുവരവുകളുടെ

പഴയ നനവും നൻമയും തിരിച്ച് പിടിക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കാം.
-------------------------
സത്താർ കുറ്റൂർ

No comments:

Post a Comment