ഹലോ.. അബ്ദുട്ടിയല്ലേ... എടാ..ഞാനാ.. സൂപ്പി ..
"ഹാ.. എന്താടാ സൂപ്പി... നീ ഇപ്പോ നമ്മളെ ഗ്രൂപ്പില് കിടന്ന് വിലസാണല്ലോ.. എന്തെല്ലാം പോസ്റ്റുകളാ നീ ഫോർവേഡ് ചെയ്യുന്നത് !! "
"എടാ.. അതൊക്കെ വെറുതെയിരിക്കുമ്പോ ഒരു രസത്തിന് വിടുന്നതല്ലേ?"
"എന്നാലും നിനക്ക് എവിടുന്നാ സൂപ്പീ.. ഇത്ര വിവരങ്ങൾ കിട്ടുന്നത്..! കൊറോണക്ക് ചെറുനാരങ്ങ തോടോടെ ജൂസടിക്കാൻ മെഡിക്കൽ കോളേജിലെ പ്രൊഫസർ പറഞ്ഞതും പ്രതിരോധത്തിന് കറുമൂസ കഴിക്കാൻ വേറൊരു ഡോക്ടറുടെ ക്ലിപ്പും.. നീ സൂപ്പി ആള് മൂപ്പൻ തന്നെ.''
"എടാ.. അതൊക്കെ ഞാൻ വെറുതെ അടിച്ചു വിട്ടതാ..."
അപ്പോ .. നമ്മുടെ മാർക്കറ്റിലെ കച്ചവടക്കാരൻ്റെ വീട്ടിൽ ആരോ കൊറോണ നിരീക്ഷണത്തിലാണ്, അവർ പോസിറ്റീവായ ഒരാളുടെ വീട്ടിൽ പോയിരുന്നു എന്നൊക്കെ നിൻ്റെ വോയ്സ് ക്ലിപ്പ് കണ്ടല്ലോ.. അതോ..?
"എടാ.. ആ കഷണ്ടിയല്ലേ.. അവന് കുറച്ച് ഡംപ് കൂടുതലാ.. ഇപ്പോ അവൻ്റെ കച്ചോടം പകുതി കുറഞ്ഞില്ലേ .."
എടാ.. സൂപ്പീ .. ഇതൊക്കെ മോശമല്ലേ .. ആകട്ടെ .. നീ ഇപ്പോ എവിടാ .. വീട്ടിൽ തന്നെയല്ലേ ... ഞാൻ നിൻ്റെ വീട്ടിൻ്റെ മുന്നിലൂടെ പാസ് ചെയ്യുന്നുണ്ട്. നീ ഗേറ്റിന് പുറത്ത് വാ.. "
സൂപ്പി വേഗം ഷർട്ടിട്ട് പുറത്തിറങ്ങി. ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങിയതും ഒരു പോലീസ് വണ്ടി ഓടി വന്നു മുമ്പിൽ നിർത്തി.
"എടാ.. ഈ കൊറോണക്കാലത്ത് വ്യാജവാർത്തയുണ്ടാക്കി പ്രചരിപ്പിച്ച് നീയൊക്കെ നാട് നശിപ്പിക്കുമല്ലേ.. കേറെടാ വണ്ടീല്."
ഒറ്റത്തള്ളിന് സൂപ്പി വണ്ടിക്കകത്ത്. അപ്പോൾ ഒരു പോലീസുകാരൻ സൂപ്പിയുടെ റെക്കോഡ് ചെയ്ത ടെലഫോൺ സംഭാഷണം ഒന്നുകൂടി അവന് കേൾപ്പിച്ചു കൊടുക്കുന്നുണ്ടായിരുന്നു.
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment