ഒറ്റയിരിപ്പിന് വായിച്ചു തീർത്ത പുസ്തകങ്ങളോളം ഹൃദ്യമായി മറ്റൊന്നില്ല.
ജുവൈരിയ്യയുടെ
'ഓർമ്മ പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ' ഇഷ്ടമായതും ഇതുകൊണ്ടാണ്.
അടുക്കള ഷെൽഫിലെ നോട്ടുബുക്കിലാണ് ഇതിലെ വാക്കുകൾ മൊട്ടിട്ടത്..
ഒരു വീട്ടമ്മയുടെ ദിനചര്യ തെറ്റിക്കാതെയാണീ എഴുത്ത് വളർന്നതും.
അടുപ്പിൽ ഊതുമ്പോഴും അകത്തെ അക്ഷരങ്ങളെ പുകയാളാതെ ഗ്രന്ഥകാരി കാത്തുവെക്കുന്നു.
ആർത്തി പിടിച്ച വായനക്കാലത്ത് പാതിരാ നേരങ്ങളിൽ ഉമ്മയുടെ ശകാരം കേട്ടാണ് ഉറങ്ങിയതെന്ന് ജുവൈരിയ്യ പറയുന്നുണ്ട്.
പിന്നീട് വീട്ടമ്മയായി മാറിയപ്പോൾ
അടുക്കള തിരക്കുകളാണിവർക്ക് അലോസരമായത്.
എന്നിട്ടും അക്ഷരങ്ങളോടുള്ള പ്രണയം ജുവൈരിയ്യ കൈവിടുന്നില്ല.
ഭ്രാന്തമായ ഈ പ്രണയത്തിന് ശേഷമാണ് ജുവൈരിയ്യയുടെ അടുക്കള കുറിപ്പുകൾക്ക് പേറ്റ് നോവ് വന്നത്.
മൈലാഞ്ചിയുടെ മണമില്ലാത്ത പെരുന്നാളിൽ നിന്നാണ് പുസ്തകം മറിച്ചു തുടങ്ങുന്നത്.
അതും ആളനക്കമില്ലാത്ത പ്രവാസത്തിന്റെ ഒറ്റമുറിയിൽ വെച്ച്.
നമ്മെ ബാല്യകാലത്തേക്ക് കുതറി പായാൻ കൊതിപ്പിക്കുന്ന ഓർമ്മകളാണിതിൽ.
ഇങ്ങനത്തെ ഇരുപത്തിയഞ്ച് ചെറു കുറിപ്പുകളാണീ പുസ്തകം.
അതിൽ വിഷയങ്ങൾ പലതായി കയറിയിറങ്ങുന്നു.
ഇതിലേറ്റവും ഹൃദ്യമാവുന്നത്
ഗ്രന്ഥകാരി തന്റെ കുഞ്ഞോർമ്മകളെ തലോടുമ്പോഴാണ്.
ചിരട്ട തുലാസും, പച്ചില നോട്ടും,
പീടിക കച്ചോടവും,
കുറ്റിപ്പുരയും, വളപ്പൊട്ടുകളും, മഞ്ചാടിക്കുരുവുമൊക്കെ വായനയിൽ തെളിയുന്നുണ്ട്.
അത്തരം ഓർമ്മകൾ കോർത്തെടുക്കുമ്പോൾ ഗ്രന്ഥകാരിയും ഒരു കൊച്ചു കുഞ്ഞായി മാറുകയാണ്.
ഗർഭം, പ്രസവം, സൗഹൃദം, പ്രവാസം, യാത്ര തുടങ്ങി വിഷയത്തിന്റെ വൈവിധ്യം പുസ്തത്തെ ആസ്വാദ്യകരമാക്കുന്നു.
വായന തീരുന്നിടത്ത് ഉമ്മയെ പറ്റിയാണ് പറയുന്നത്.
ഉമ്മയോട് ഒന്നുകൂടി പറ്റി ചേർന്ന് കിടക്കാൻ ഒരു ചോറുരുളക്ക് കൂടി വായ തുറക്കാൻ വല്ലാതെ കൊതിയാവുന്ന വരികൾ.
Najeeb Moodadi യുടെ അത്യാവശ്യം ദീർഘമായി തന്നെയുള്ള അവതാരിക പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.
ഇത്ര ഹൃദ്യമായി എഴുതാൻ ഈ ഗ്രന്ഥകാരിക്കാവുന്നത് ഇവർ ഉള്ളിൽ ഇപ്പോഴും വാടാതെ സൂക്ഷിക്കുന്ന ബാല്യത്തിന്റെ പച്ചപ്പ് കൊണ്ടാണെന്ന് നജീബ്ക ആമുഖമായി പറയുന്നു.
കവർ ഡിസൈൻ
പുസ്തകത്തിന്റെ അകത്തേക്കുള്ള നേർകാഴ്ച തന്നിരിക്കുന്നു.
അടുക്കളയിൽ വെന്ത് പാകമായ ഈ അക്ഷരങ്ങൾ ഓർമ്മയുടെ ഉമ്മരത്തേക്കും ബാല്യത്തിന്റെ കളി മുറ്റത്തേക്കും നമ്മെ പിടിച്ച് വലിക്കും........
ഇത് തന്നെയാണ് ഈ പുസ്തകം തരുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും.
*********
സത്താർ കുറ്റൂർ
No comments:
Post a Comment