ദുൽഹജ്ജ് ഒന്നു മുതൽ പത്ത് വരെ പുണ്യങ്ങളുടെ പൂക്കാലമാണ്. റമളാൻ അവസാന പത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠത ഈ പത്ത് ദിവസങ്ങൾക്കാണെന്നാണ് പണ്ഡിതമതം. ലോകരക്ഷിതാവിന്റെ ക്ഷണം സ്വീകരിച്ച് നാഥന്റെ അതിഥികളായി ലക്ഷങ്ങളായ വിശ്വാസികൾ ഒരേ വേഷത്തിൽ ഒരേ മന്ത്രം ചൊല്ലി ഒറ്റ കേന്ദ്രത്തിൽ ഒരുമിക്കുന്ന പുണ്യദിനങ്ങൾ. സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും പുണ്യമായതെന്ന് റസൂലുല്ലാഹി (സ) വിശേഷിപ്പിച്ച അറഫ ദിനം ഈ ഒമ്പതിനാണ്.
ഈ ദിനങ്ങളിൽ അടിമ ചെയ്യുന്ന ഏത് സൽകർമ്മത്തിനും യജമാനനായ റബ്ബിന് ഏറെ പ്രിയങ്കരമാണ്. സുന്നത്ത് നോമ്പ് ,സ്വദഖ:, കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കൽ, ദിക്റുകൾ ദുആകൾ എല്ലാറ്റിനും പ്രതിഫലം പതിന്മടങ്ങുകളാണ്. അത് പോലെ തന്നെയാണ് ഈ ദിവസങ്ങളിലെ പാപങ്ങൾക്കും അനാദരവിനും ശിക്ഷയും ഇരട്ടിയാണ്.
ഖലീലുല്ലാഹി ഇബ്രാഹിം നബി(അ)ന്റെ ത്യാഗജീവിത സ്മരണകൾ ഈ ദിനങ്ങളിൽ ഹറം ശരീഫിലും മിനയിലും മുസ്ദലിഫയിലും അനാവരണം ചെയ്യപ്പെടുന്നു. അറഫയാണ് ഹജ്ജിന്റെ മർമ്മം. ആ ദിവസത്തെപ്പോലെ റഹ് മാനായ റബ്ബിന് ഇഷ്ടപ്പെട്ട വേറെ ദിവസമില്ല. അന്ന് പാപമോചനം തേടുന്നവന് അത് കിട്ടും. പ്രാർത്ഥിക്കുന്നവന് ഉത്തരം പ്രതീക്ഷിക്കാം. വെള്ളക്കടലായി മാറുന്ന അറഫ മൈതാനത്തെ ഹജ്ജാജിമാരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥന കണ്ട് പിശാച് നിരാശനായി തലയിൽ മണ്ണ് വാരിയിട്ട് ഗതി കിട്ടാതെ നെട്ടോട്ടമോടുമെന്ന് തിരുനബി (സ) അരുളി. ഉമ്മ പ്രസവിച്ച ദിനത്തിലെ പൈതലിനെ പോലെ പാപരഹിതരായി ഹാജിമാർ ആയി തീരുന്ന ദിവസമാണത്.
അറഫ ദിനത്തിൽ ഹാജിമാരല്ലാത്ത എല്ലാവരും നോമ്പെടുക്കൽ ശക്തമായ സുന്നത്താണ്. ഈ 9 ദിവസവും നോമ്പനുഷ്ഠിക്കുന്ന മഹാൻമാരുണ്ട്. അറഫ നോമ്പ് മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുപ്പിക്കുമെന്നാണ് ഹദീസ്.
ബലിപെരുന്നാളിന്റെ ഏറ്റവും വലിയ പുണ്യകർമ്മം ബലി തന്നെയാണ്. വലിയ പെരുന്നാളിന് ബലിമൃഗത്തിന്റെ ചോര ഒഴുക്കുന്നതിനേക്കാൾ (ബലി അറുക്കുന്നതിനേക്കാൾ ) അല്ലാഹു സുബ്ഹാന ഹു വ തആലാക്ക് ഇഷ്ടപ്പെട്ട മറ്റൊരു കർമ്മം വേറെ ഇല്ലെന്ന് നബി(സ) നമ്മെ ഓർമ്മിപ്പിച്ചു.
"നിങ്ങൾ നിങ്ങളുടെ ബലിമൃഗത്തെ വണ്ണമുള്ള താക്കുക . അത് നാളെ നിങ്ങൾക്ക് സ്വിറാത്ത്വ് പാലത്തിലൂടെ സ്വർഗത്തിലേക്കുള്ള വാഹനമാണെന്നാണ് മറ്റൊരു തിരുവചനത്തിന്റെ പൊരുൾ.
ഈ പുണ്യദിനങ്ങളെ ആവുംവിധം ആദരിക്കാനും ആരാധനകളർപ്പിക്കാനും അല്ലാഹു ജല്ലജലാലു ഹു നമുക്ക് തൗഫീഖ് തരട്ടേ എന്ന ദുആയോടെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ എന്നോർമ്മിപ്പിക്കുന്നു.
✍✍✍✍✍✍✍✍
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment