------------------
രംഗം ഒന്ന്
------------------
പ്രശസ്ത ട്രെയിനർ മധു ബാലകൃഷ്ണന്റെ ക്ലാസ് ആരംഭിക്കുന്നു...
സ്വയം പരിചയപ്പെടുത്തി മധു സാർ സദസ്സിനോടൊന്നാകെ എഴുന്നേൽക്കാൻ പറഞ്ഞു.. "ഇനി വെറും രണ്ടു മിനിറ്റിൽ ഇതുവരെ പരിചയമില്ലാത്ത രണ്ടു പേരെ പരിചയപ്പെടുക.... "
പാതി മനസ്സോടെയാണെങ്കിലും ഞാനും തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു...
ആൾ കേരളത്തിൽ അറിയപ്പെടുന്ന ഫർണിച്ചർ കമ്പനിയുടെ ഓണറുടെ മകൻ...
പരിചയപ്പെട്ടു വന്നപ്പോൾ എന്നോ പരിചയപ്പെടേണ്ടതായിരുന്നു എന്ന തോന്നൽ.... അടുത്തിരിന്നിട്ടും മനസ്സിലായില്ലല്ലോ എന്ന കുറ്റബോധം...
രണ്ടാമത് പരിചയപ്പെട്ടത് തലശ്ശേരിയിലെ അറിയപ്പെടുന്ന ആർക്കിടെക്റ്റ്...
മുമ്പേ പരിചയപ്പെടാതിരുന്നതിൽ പിന്നെയും നഷ്ടബോധം...
ഇവിടെ കൂടിയ എല്ലാവരും പരിചയപ്പെടേണ്ടവർ തന്നെ എന്ന ഒരു ഉൾചിന്ത....!
ഇങ്ങിനെ ഒരു ഇന്റട്രാക്ഷൻ ഒരുക്കിയ മധുസാറോട് ബഹുമാനം തോന്നി. അദ്ദേഹം പരിചയം കൊണ്ട് ഉണ്ടാക്കി എടുത്ത നേട്ടങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ എന്നെ കുറിച്ചാലോചിക്കുകയായിരുന്നു....
-------------------
രംഗം രണ്ട്
-------------------
കണ്ണൂരിൽ നിന്ന് കോഴിക്കോട് ട്രെയിൻ ഇറങ്ങി ksrtc ൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ഉണ്ടായ അനുഭവം..
ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ നല്ല ക്ഷീണം.. ksrtc സ്റ്റാന്റ് എത്തിയപ്പോൾ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാകും, പെട്ടന്ന് ഒരു ചായ കുടിച്ചു, ചാലക്കുടിയിലേക്ക് പുറപ്പെടുന്ന ബസ്സിൽ ചാടി കയറി...
ബസ്സിൽ സീറ്റൊന്നും ഒഴിവില്ല എന്നു കാണുന്നത് കയറിയതിന് ശേഷമാണ്... സ്ത്രീകളുടെ സീറ്റ് ഒഴിവുണ്ട്...
ഒന്നു കൂടി നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.. വികലാങ്കരുടെ സീറ്റിൽ ഒരാൾ മാത്രം...
ഒരു പുള്ളി തുണിയുടുത്ത്, മറ്റൊരു തുണി കൊണ്ട് പുതച്ച ഒരു വയസ്സൻ, പുള്ളിത്തുണിയുടെ ഒരു കഷ്ണം കൊണ്ട് തലയിൽ ഒരു കെട്ടും പിന്നെ നരച്ച താടിയും... ആകപ്പാടെ ഒരു ഭിക്ഷക്കാരന്റെ രൂപം...
ഞാൻ സീറ്റിലേക്ക് നോക്കിയതും എനിക്കായി ആ മനുഷ്യൻ സീറ്റിൽ ഒതുങ്ങി ഇരുന്നു... ഒന്നു മടിച്ചെങ്കിലും ഞാൻ അവിടെ ഇരുന്നു... അല്പം ഉറങ്ങാം എന്നായിരുന്നു മനസ്സിലപ്പോൾ...
അൽപ്പം കഴിഞ്ഞതും അയാൾ എന്നോട് സലാം പറഞ്ഞു... എന്റെ ഉറക്കം മാറ്റിവെച്ചു അയാളെ പരിചയപ്പെടാൻ തന്നെ ഞാൻ തീരുമാനിച്ചു... യാത്രയിൽ അവിചാരിതമായി പരിചയപ്പെട്ട പലരും പിന്നെ വലിയ സൗഹൃതമായി മാറിയതോർമ്മ വന്നു...
ഞങ്ങൾ തമ്മിലുള്ള സംസാരം നീളും തോറും അയാൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു... പരിചയപ്പെട്ടില്ലങ്കിൽ എത്ര നഷ്ടമായേനെ എന്നു ചിന്തിക്കാതിരുന്നില്ല...
തീർച്ചയായും ഒരു ഭിക്ഷക്കാരനായി കണക്കാക്കിയ മനുഷ്യൻ ആരാണെന്ന് അറിയേണ്ടേ...?
ഇടുക്കികാരൻ അബ്ദു റസാക്ക്, ആൾ റിട്ടയേഡ് ഹെഡ് മാഷാണ്, നല്ല ഫ്ലുവന്റ് ഇംഗ്ലീഷ്... സഹപാഠികൾ ആരെന്ന് കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.. നമ്മുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം, പിന്നെ മുൻ മുജാഹിദ് പ്രസിഡൻറ് മർഹൂം ഡോക്ടർ ഉസ്മാൻ സാഹിബ്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ഇവർ ഒന്നിച്ചായിരുന്നത്രെ...
ഇന്നു വരെ കേൾക്കാത്ത കലാം സാറിന്റെ ഏറെ കഥകൾ അയാൾ എന്നോട് പറഞ്ഞു.. അധികവും അദ്ദേഹത്തിനെ സ്വകാര്യ ജീവിതത്തെ കുറിച്ച്....
അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ ലിസ്റ്റ് കേട്ടപ്പോൾ പിന്നെയും അത്ഭുതം!
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ET മുഹമ്മദ് ബഷീർ, രമേശ് ചെന്നിത്തല.. ലിസ്റ്റ് ഏറെ നീണ്ടതാണ്...
കുളപ്പുറം എത്തുന്നത് വരെ ഞങ്ങൾ ഒരുപാട് സംസാരിച്ചു... ഓരോന്നും എനിക്ക് പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ടേയിരുന്നു...
അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യവും തന്റെ സ്വകാര്യ ജീവിതത്തെകുറിച്ചും വരെ ഞങ്ങൾ സംസാരിച്ചു...
അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം എഴുതാൻ സമയം അനുവദിക്കുന്നില്ല... പിന്നെയാവാം...
അവസാനം ഏറെ വിലപ്പെട്ട നല്ല ഉപദേശങ്ങളും നൽകാൻ അദ്ദേഹം മറന്നില്ല...!
ഉറങ്ങാൻ നിയ്യത്ത് ചെയ്ത വണ്ടിയിൽ കയറിയ ഞാൻ കുളപ്പുറം എത്തിയത് അറിഞ്ഞതേയില്ല...
അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുബോൾ പിരിയുന്നതിൽ മനസ്സൊന്നു നോവതിരുന്നില്ല...!
ബസ്സിൽ നിന്നിറങ്ങി ഞാൻ ആലോചിക്കുകയായിരുന്നു... എന്നും നമ്മോടൊപ്പം എത്ര പേർ യാത്ര ചെയ്യുന്നു... നാം ഇത്ര പേരെ പരിചയപ്പെടാൻ ശ്രമിക്കുന്നുണ്ട്... പലപ്പോഴും വലിയ വലിയ മനുഷ്യരായിരിക്കും അവർ...!
ഏതു അപരിചിതനോടും രണ്ടു വാക്കു മിണ്ടിയാൽ അയാളിൽ നിന്നും നമുക്കെന്തെങ്കിലും കിട്ടാതിരിക്കില്ല.. അല്ലെങ്കിൽ നമുക്കയാൾക്ക് എന്തെങ്കിലും നൽകാനെങ്കിലും ആവും തീർച്ച....
കോലം നോക്കി നാം ആരെയും വിലയിരുത്തരുത്... പലപ്പോഴും അവർ വലിയ മഹാൻ വരെ ആവാനിടയുണ്ട്.....
-------------------------------
ഷാഫി അരീക്കൻ
No comments:
Post a Comment