(അദ്ധ്യായം:8)
അന്നും പതിവ് പോലെ സ്കൂൾ വിട്ട് വന്ന് അബൂട്ടി കളിക്കാൻ പോയി
അന്ന് കുറച്ചു കൂടി അപ്പുറം പോയി കളിക്കാമെന്ന നൗഫലിന്റെ അഭിപ്രായം കേട്ട് കുറെ ദൂരെ പോയി കളിച്ചു. നല്ല പച്ചപ്പ് വിരിച്ച കുന്ന്. അതിന് മുകളിൽ നിന്ന് നോക്കിയാൽ ഗ്രാമത്തിന്റെ ഒരു ഭാഗം മുഴുവനും കാണാം. ആ കുന്നിൻ മുകളിൽ കയറിയാൽ നല്ല ശുദ്ധമായ കാറ്റ് കിട്ടും. അവർക്കു എത്ര കളിച്ചിട്ടും മതി വന്നില്ല. നേരം സന്ധ്യ ആയതൊന്നും അവരറിഞ്ഞില്ല. ഇരുട്ട് മൂടിയപ്പോഴാണ് കളിയുടെ ലഹരി മാഞ്ഞതും വീട്ടിൽ പോകണമെന്ന ചിന്ത ഉരുത്തിരിഞ്ഞതും. തപ്പിത്തടഞ് അവർ കുന്നിറങ്ങി. കൂട്ടുകാരടക്കം അവർ ആറു പേരുണ്ടായിരുന്നു. കൂട്ടത്തിൽ മുതിർന്നവനായ സലിം താഴെയുള്ള വീട്ടിൽ നിന്നും ചൂട്ട് വാങ്ങി കത്തിച്ചു. വീട്ടിലെത്തിയപ്പോഴേക്കും ഉപ്പ കട അടച്ചു നേരത്തെ എത്തിയിരുന്നു. ആകെ ദേഷ്യത്തിലാണ്. ഇങ്ങനെ മക്കളോട് ദ്വേഷ്യപ്പെടുന്ന ആളല്ല അവറാൻ. മകനെ കാണാത്തതിലുള്ള ആകാംക്ഷ അയാളുടെ നിയന്ത്രണം തെറ്റിച്ചു. നേരത്തെ തയ്യാറാക്കി വെച്ചിരുന്ന വടിയെടുത്തു അബൂട്ടിയെ നല്ലവണ്ണം പൂശി. ഉമ്മ തടഞ്ഞിട്ടും നിന്നില്ല. അവസാനം ആസ്യ വടി പിടിച്ചു വാങ്ങി വെക്കുകയാണുണ്ടായത്. ',നിങ്ങൾക്കെന്താ പറ്റിയത്, ഇങ്ങനെ തല്ലിയാൽ എന്റെ മോൻ മരിച്ചു പോകും.,
'മരിക്കട്ടെടി -ഇങ്ങനെ തേരാപാരാ നടക്കുന്ന മക്കളെ എനിക്ക് വേണ്ട- ഇതും പറഞ് അയാൾ ദ്വേഷ്യപ്പെട്ട് പുറം ഭാഗത്തേക്ക് പോയി ഒരു ബീഡിക്കു തീ കൊളുത്തി.
,സാരല്ലട്ടോ- ഉമ്മാന്റെ മോൻ വിഷമിക്കണ്ട- മോനെ കാണാത്ത വിഷമം കൊണ്ടല്ലേ ഉപ്പ അടിച്ചത്.
മോൻ പോയി കുളിച്ചു വല്ലതും കഴിച്ചു കിടക്കാൻ നോക്ക്' അബൂട്ടി സങ്കടത്തോടെ കുളിച്ചു കിടന്നു. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഉപ്പയുടെ അടി ശരീരത്തെക്കാളും ആ മനസ്സിനെയായിരുന്നു വേദനിപ്പിച്ചത്. ഇത് വരെ തന്നെ വഴക്ക് പോലും പറഞ്ഞിട്ടില്ല. ഇന്ന് അടിച്ചു. അടിക്കുമ്പോഴും എന്തെല്ലാമാണ് പറഞ്ഞത്. അവൻ ഇരുന്ന് തേങ്ങി.
ആ പിഞ്ചു മനസ്സിൽ അനാവശ്യമായ ചിന്തകൾ കടന്ന് വരാൻ തുടങ്ങി. -ഉപ്പാക്ക് തന്നോട് സ്നേഹം കുറഞ്ഞോ -ഇല്ല ഇനി ഇവിടെ നിൽക്കില്ല- താൻ പോകും - എവിടേക്കെങ്കിലും -അങ്ങനെ പോയാൽ ഉപ്പയും ഉമ്മയും വിഷമിക്കില്ലേ - ഉമ്മ വിഷമിക്കും - ഉപ്പയും വിഷമിക്കുമായിരിക്കും - എന്നാലും എന്നെ അടിച്ചിട്ടല്ലേ- വിഷമിക്കട്ടെ - പോകണം - പോയാൽ അനസിനൊപ്പം കളിക്കാൻ പറ്റുമോ -ജമീലാക്കും മുനീറാക്കും പാട്ട് പാടി കൊടുക്കാൻ പറ്റുമോ-
ആരാ അവരെ കരയുമ്പോൾ തത്തയെ കാണിച്ചു കൊടുക്കാൻ കൊണ്ട് പോകുക- വേണ്ട - കൂടുതലാലോചിച്ചാൽ പോകാൻ കഴിഞ്ഞില്ലെന്ന് വരും പോകണം - എങ്ങോട്ടെങ്കിലും- എങ്ങോട്ട് ?? അതറിയില്ല- സ്കൂളിൽ നിന്നും കുറച്ചു പോയാൽ റെയിൽവേ സ്റ്റേഷനുണ്ട്. നൗഫൽ അവന്റപ്പയോടൊപ്പം പോയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ പോകണം.
നേരം വെളുത്തു തുടങ്ങുമ്പോഴേക്കും അബൂട്ടി എഴുന്നേറ്റു. ഒപ്പം കിടക്കുന്ന അനസിനെ അറിയിക്കാതെ ഉമ്മയും ഉപ്പയും കിടക്കുന്ന മുറിയിലേക്ക് നോക്കി. കട്ടിലിൽ ഉപ്പ കിടക്കുന്നു. താഴെ പായയിൽ ഉമ്മയോട് ചാരി ജമീലയും മുനീറയും- മുനീറയുടെ പൂങ്കവിളിൽ ഒരുമ്മ കൊടുത്താലോ - വേണ്ട -,ഉമ്മ അറിയും - പിന്നെ പോകാൻ പറ്റില്ല എന്ന് വരും- അവൻ വീട്ടിൽ നിന്നിറങ്ങി ഓടി. തിരിഞ്ഞു നോക്കാതെ ഓടി- ആ ഓട്ടം നിന്നത് സ്റ്റേഷനിലാണ്.
( തുടരും )
(അദ്ധ്യായം: 1)
(അദ്ധ്യായം: 2)
(അദ്ധ്യായം: 3)
(അദ്ധ്യായം: 4)
--------------------------------
നൗഷാദ് പള്ളിയാളി
No comments:
Post a Comment