Thursday, 14 September 2017

അരീക്കൻ മൊയ്തീൻ ഹാജി


ഓർമ്മയിലെ മൊയ്തീൻ ഹാജി
--------------------------------
  എന്റെ ചെറുപ്പകാലം തൊട്ടേ ഞാൻ കാണുന്ന ഒത വ്യക്തിയായിരുന്നു അരീക്കൻ മൊയതിൻഹാജി. അദ്ദേഹം ഒരു കർഷകനായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. എപ്പോഴും ചുണ്ടിൽ എരിയുന്ന ചുരുട്ട് ഉണ്ടാകുമായിരുന്നു. ദിവസവും വൈകുന്നേരം കൊടുവായൂരിലേക്ക് നടക്കും, മീനും മറ്റു് സാധനങ്ങളും വാങ്ങി തിരിച്ച് വീട്ടിലേക്ക്. അദ്ദേഹത്തിന്റെ വീട്ടിൽ നാടൻ കൈതച്ചക്ക കൃഷി ഉണ്ടായിരുന്നു. വീട്ടുകാരുടെ അവശ്യം കഴിച്ച് ബാക്കിയുള്ളത് കുറ്റൂരിലെ കടകളിലും കൊടുവായൂരിലും കൊടുക്കും.
കുറ്റൂർ ടൗൺ പള്ളിയിൽ എല്ലാ വഖ്തിലും സന്നിഹിതനായിരുന്നു. ഹസ്സൻകുട്ടി ഹാജിയുടെ മരണത്തിന് ശേഷം പള്ളിയിലെ കാരണവർ സ്ഥാനം (മരണം വരെ) മൊയ്തീൻ ഹാജിക്കായിരുന്നു. കുട്ടികളോടും മുതിർന്നവരോടും ഒരുപോലെ കുശലം പറഞ്ഞിരുന്ന ഒരാളായിരുന്നു അദ്ദേഹം.
7 ആൺമക്കളം രണ്ട് പെൺമക്കളമാണ് അദ്ദേഹത്തിനെന്നാണ് എന്റെ ഓർമ്മ .
ഹസ്സൻ ഹാജി, മമ്മുറ്റി ഹാജി, അലവി, മുസ്ല(Late), മുഹമ്മദ്, അർമ്മാച്ചൻ, ഇബ്രാഹിം കുട്ടി-
ഇളയ മകൾ മൈമുന എന്റെ ക്ലാസ്സിൽ പഠിച്ചിരുന്നു. മൈമൂന കുന്നും പുറത്തും മൂത്തവൾ മഞ്ചേരിയിലും.
അദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കി സ്വർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നുകൊടുക്കട്ടെ - അദ്ദേഹത്തെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
----------------------------------
എം ആർ സി അബ്ദുറഹ്മാൻ



എന്റെ സ്നേഹിതന്റെ വല്ലിപ്പ 
എനിക്ക് ഓർമ്മവച്ച കാലംമുതൽ �� സ്നേഹിതൻറെ വീട്ടിൽ പോകുമ്പോൾ ചാരുകസേരയിൽ പ്രൗഡിയോടെ ഇരിക്കുന്ന ഒരു മുഖമാണ് �� എനിക്ക് ഓർമ വരുന്നത് കൂടുതൽ സംസാരിക്കാതെ ആവശ്യത്തിനു മാത്രം സംസാരിക്കുകയും   കർശന നിലപാടുള്ള ആളായിരുന്നു അരീക്കൽ മൊയ്തീൻ ഹാജി അദ്ദേഹത്തിന്റെ വിയോഗം കുടുംബക്കാരെ പോലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തെയും നമ്മെയും അല്ലാഹു ��ഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ
------------------
ഷറഫുദ്ദീൻ 



എന്റെ കുടുംബ കാരണവർ മൊയ്തീൻ  എളാപ്പ. 
-------------------------
കൃഷിയും, ചെറുകിട കച്ചവടവുമായി കഴിഞ്ഞിരുന്ന അദ്ധേഹം ആദ്യ കാലത്ത് കുടകിലലേക്ക് കയറിയവരിൽ ഉൾപ്പെട്ടിരിന്നു....കൊടുവായൂരിൽ പഴയ കാലത്ത് ഹോട്ടൽ നടത്തിയിരിന്നു.  

അള്ളാഹുവിന്റെ അനുഗ്രഹത്താൽ കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ നൂറിനോട് അടുത്ത പ്രായം വരെ ജീവിക്കാൻ ഭാഗ്യമുണ്ടായി...അതിനാൽ മുതിർന്നവർക്കും കുട്ടികൾക്കും  ചുരുട്ടും വലിച്ചിരിക്കുന്ന  അദ്ധേഹത്തെ കണ്ട നല്ല പരിചയമുണ്ടാവും.  

കുറ്റൂരിലെ പള്ളിയിലും, പരിസരത്തും നിത്യ സാന്നിദ്ധ്യമായിരുന്നു. 

അള്ളാഹു അദ്ധേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ട.   ആമീൻ
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ



മൊയ തീൻ ഹാജി
ആമുഖം ഓർക്കുമ്പോൾ എനിക്കോർ മ വരുന്നത് ചുറ്റി കുടിച്ചോളി എടാ എന്ന കൽപനയാണ് '

ഇന്ന് കറി ണ്ട് പള്ളിക്കല് എന്ന് കേട്ടാൽ വലിയ സന്തോഷമായിരുന്നു. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയുമായിരിക്കും.
(വിശപ് തന്നെ കാരണം) അന്ന് പിഞ്ഞാണത്തിലാണ് കറി വിളമ്പാറ്'' '
ഞങ്ങൾ കുട്ടികൾ വട്ടമിട്ടിരുന്ന് കറി കുടി കുമ്പോൾ ചൂട് കാരണം മുഖത്തോട് മുഖം നോക്കുബ്ബോൾ മൊയ്തീൻ ഹാജി ഇടപെടുo:

ആദ്യം കുടിച്ച ഭാഗം മാറി കുടിക്കാൻ പറയും. ഒരു ഭാഗം കുടിച്ച് തിരിച്ച് മറ്റെ ഭാഗം എത്തുമ്പോഴേക്കും ആദ്യം കുടിച്ച ഭാഗം തണുത്തിട്ടുണ്ടാവും.
അതാണ് ചുറ്റി കുടിച്ചോളീൻ എന്ന് പറഞ്ഞത്.
അദ്ധേഹത്തേയും നമ്മേയും സ്വർഗ്ഗാവകാശികളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ.

അന്ന് കറി കുടിപ്പിച്ച് മനവും
വയറും നിറച്ച നല്ല മനസ്സിന്റെ ഉടമകളായവർക്കും
റബ്ബിന്റെ അളവറ്റ കാരുണ്യം കൊണ്ട് പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ. ആമീൻ
-----------------
ഹനീഫ P.K.



ചുണ്ടിൽ കത്തി തീരുന്ന ചുരുട്ടും കാലൻ കുടയും നീളൻ കുപ്പായവും കള്ളി തുണിയും തലയിൽ അലസമായി ഇട്ട വെള്ളമുണ്ടും ചുക്കിചുളിഞ്ഞ മുഖക്കത്ത്നരച്ച താടിയും ഒപ്പം ചെറുപ്പ വലിപ്പമില്ലാതെ നൽകിയ ചുണ്ടിൽവിരിയുന്ന പുഞ്ചിരിയും ഇതായിരുന്നു അരീക്കൻ മൊയ്തീൻ എന്ന ഞങ്ങളുടെ കുടുംബ കാരണവരെ കുറിച്ച് ഓർക്കുമ്പോൾ മുമ്പിൽ തെളിയുന്ന രൂപം..

ദീനീ സ്ഥാപനങ്ങളോടുള്ള അടുപ്പമാവാം മരിക്കുന്നത് വരെ ദീനീ സ്ഥാപനങ്ങൾ അർഹിക്കുന്ന കാരണവർസ്ഥാനം നൽകിയത്. കണ്ടിട്ടുണ്ട് പലപ്പോഴും മീലാദ് ദിനത്തിലെ വേദിയിൽ കാരണവ സ്ഥാനം അലങ്കരിക്കുന്ന ഹാജിയെ.....

കൃഷിയെ സേഹിച്ച ഹാജിയുടെ വിയർപ്പിനാൽ  പാകമായിവന്ന പൈനാപ്പിളിന്റെ മധുരം നുകർന്നിട്ടുണ്ടാവും പലരും....

ജീവിച്ചിരിക്കേ കാണേണ്ടി വന്നിട്ടുണ്ട് അർക്ക് രണ്ട് മക്കളുടെ വേർപാട് അവസാനം അവരും യാത്രയായി മക്കളുടെ അടുത്തേക്ക്....

നാഥാ അവരെയും ഞങ്ങളെയും സ്വർഗീയ ആരാമത്തിൽ ഒരുമിച്ചുകൂട്ടണേ...
ആമീൻ....
--------------------------------
അദ്‌നാൻ അരീക്കൻ 



ഞാൻ ഏറെ ആദരിച്ച അത്തളാപ്പാട്ത്തെ 
മൂത്താപ്പ
〰〰〰〰〰〰〰〰〰
നാമെല്ലാവരും നമ്മുടെ കൂടെയുള്ളവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ആഫിയത്തുള്ള ദീർഘായുസ്സിന് തേടാറുണ്ട്. അല്ലാഹു  ആരോഗ്യവും ആയുസ്സും കനിഞ്ഞരുളിയ മാന്യ വ്യക്തിയായിരുന്നു മർഹൂം അരീക്കൻ മൊയ്തീൻ ഹാജി എന്ന മൂത്താപ്പ. പിതാവ് ഹസൻ എന്റെ ഉപ്പയുടെ എളാപ്പയായിരുന്നു. ഹസൻ എളാപ്പയാണ് അത്തെളാപ്പയായത്. പഴയ കാലത്ത് വലിയ ഹോട്ടൽ നടത്തിയിരുന്നു. കൊളപ്പുറത്തായിരുന്നു ഹോട്ടൽ. ഏ ആർ നഗറിലും ഹോട്ടൽ നടത്തിയിരുന്നു. മൂത്ത മകൻ മർഹും.. ഹസൻ കാക്ക കുടകിലും ഹോട്ടൽ നടത്തിയിരുന്നു.
നല്ല ആരോഗ്യമുള്ള ശരീരപ്രകൃതി. കൃഷിക്കാരനായിരുന്നു പറമ്പിൽ എല്ലാ തരം വിളകളും ഉണ്ടായിരുന്നു. കശുമാവിൻ തോപ്പായിരുന്നു പുരയിടത്തിന്റെ ഒരു ഭാഗം .
കുറ്റൂർ പള്ളിയിലെ ഒന്നാം സ്ഥാലെ നിത്യസാന്നിധ്യം. എല്ലാരുമായും സുസമ്മത സമ്പർക്കം . ചെറിയവരെ കണ്ടാൽ പോലും കുശലാന്വേഷണം. പണ്ഡിതന്മാരെ ആദരിച്ചിരുന്നു - മദ്രസ, പള്ളി നടത്തിപ്പിൽ ഉത്സാഹിയായിരുന്നു.
അരീക്കൻ കുടുംബത്തിൽ മിക്കവരും മുസ്ലിം ലീഗായിരുന്നപ്പോൾ മൂത്താപ്പയും എന്റെ ഉപ്പയും ഉറച്ച കോൺഗ്രസ്സുകാരായിരുന്നു. എന്നാൽ ഈ രാഷ്ട്രീയ ഭിന്നത കുടുംബ സൗഹൃദത്തിനോ സഹകരണത്തിനോ വിഘാതമാകാതെ കാത്തു പോന്നിരുന്നു. നിത്യപുകവലിക്കാരനായിരുന്നു. ഭാസ്കർ ചുരുട്ടായിരുന്നു അവസാനകാലം വരെ വലിച്ചിരുന്നത്. പുകവലി വിരുദ്ധരെ അതിശയിപ്പിച്ച് കൊണ്ടാണ് കാര്യമായ ഒരസുഖവുമില്ലാതെ ആ മാന്യ ദേഹം ജീവിച്ചത്.
അദ്ദേഹം ജീവിച്ചിരിക്കെ മൂത്ത മകൻ ഹസൻ ഹാജിയും മൂന്നാമത്തെ മകൻ മൂസഹാജിയും മരണപ്പെട്ടു. 
മൊയ്തീൻ ഹാജി മൂത്താപ്പാക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തുംനൽകി സ്വർഗാവകാശിയാക്കട്ടേ എന്ന പ്രാർത്ഥനയോടെ...
--------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ 



ഇന്നത്തെ പള്ളിപ്പറമ്പിൽ ഓർത്തെടുക്കുന്ന അരീക്കൻ മൊയ്തീൻ ഹാജി എന്ന ഞങ്ങളുടെ ബാപ്പ(വല്ലിപ്പ)യെ കുറിച്ചുള്ള ഓർമ്മകളിൽ ഞാനും പങ്ക്‌ ചേരുന്നു..
ആദ്യകാലത്ത്‌ താനും മക്കളും 
അനുജനും മക്കളും പേരകുട്ടികളും അടക്കം അംഗസംഖ്യ ഒരുപാടുള്ള കൂട്ടുകുടുംബത്തിലെ നെടുംതൂണായിരുന്നു ബാപ്പാ..
വളരെ ചെറുപ്പത്തിൽ തന്നെ പല ബാധ്യതകളും നിറവേറാൻ ഏറെ കഷ്ടതയനുഭവിച്ച ബാപ്പാക്ക്‌ പിന്നീട്‌ മക്കളും പേരമക്കളുമെല്ലാം പ്രവാസികളായതോടെ
തറവാട്ടിലുണ്ടായ അഭിവൃദ്ധിയിൽ വളരെ സന്തോഷജീവിതമായിരുന്നു മരിക്കുന്നത്‌ വരെ...
എതിർപ്പുകൾ പലതുണ്ടായിട്ടും ശരിയുടെ പക്ഷത്ത് നിൽക്കുന്ന ഉറച്ച നിലപാടായിരുന്നു
ബാപ്പയിൽ നിന്ന് ഞാൻ മനസിലാക്കിയത്‌,
ആരോടും പക്ഷപേതം കാണിക്കാതെ അവകാശങ്ങൾക്ക്‌ അർഹതപ്പെട്ടവർക്കൊപ്പമായിരുന്നു എന്നും നില കൊണ്ടത്‌..

തരം കിട്ടുമ്പോഴൊക്കെ തറവാട്ടിലെത്തിയിരുന്ന ഞങ്ങൾ കുട്ടികൾക്ക്‌ 
തന്നെ കേൾക്കാനും ആസ്വദിക്കാനും കൂട്ട്‌ ഇരുന്നാൽ തന്റെ കുട്ടിക്കാല കഥകളും മുൻ കാല ചരിത്രങ്ങളും പങ്കു വെക്കാൻ താൽപര്യപ്പെട്ടിരുന്ന ബാപ്പ,എട്ട്‌ വയസുകാരന്റെ ഓർമ്മയിലുള്ള തൊള്ളായിരത്തൊന്ന് കലാപത്തെ കുറിച്ച്‌ല്ലാം വളരെ ഉത്സാഹത്തോടെ പലപ്പോഴും പറയാറുള്ളത്‌ ഓർക്കുന്നു അതൊക്കെ വേണ്ടത്ര ഉൾകൊള്ളാതിരുന്നത്‌ തീരാനഷ്ടമായി തോന്നുന്നു..
എല്ലാ വർഷവും സ്കൂൾ വേനലവധിക്ക്‌ ഞങ്ങൾ ചെറിയ കുട്ടികളെയെല്ലാം കൊടുവായൂർ കൊണ്ട്‌ പോയി
തല മൊട്ട അടിക്കുന്നതെല്ലാം രസകരമായ ഓർമ്മകളാണ്‌,
അതിന്‌ പ്രതിഫലമെന്നോണം 
എല്ലായപ്പോഴും  ആ പച്ച അരപ്പട്ടയിൽ സ്നേഹനിധിയോടെ സൂക്ഷിച്ചിരുന്ന നാണയതുട്ടുകൾ ഞങ്ങൾ പേരകുട്ടികൾക്കുള്ള വിഹിതമായിരുന്നു...

സ്നേഹത്തിന്റെ വറ്റാത്ത  ഉറവയായിരുന്ന ബാപ്പയിൽ നിന്ന് 
കുട്ടികളോടുള്ള വാത്സല്ല്യം ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുള്ളവർക്കും അടുത്തിടപഴകിയവർക്കും ബാപ്പയുടെ വിയോഗം ഇന്നും മനസിന്റെ കോണിൽ ഉണങ്ങാത്ത മുറിവാണ്‌...

അവരുടെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടെ..ആമീൻ 
നമ്മിൽ നിന്ന് മരണപ്പെട്ട്‌ പോയവർക്ക്‌ നാഥൻ പൊറുത്ത്‌ കൊടുക്കട്ടെ, ആമീൻ...
--------------------
നൗഷാദ്‌ അരീക്കൻ



അസ്സലാമു അലൈക്കും.
അത്തളാപ്പാട്ത്തെ മൂത്താപ്പ എന്ന് ഞങ്ങൾ വിളിക്കാറുള്ള ഞങ്ങളുടെ മൂത്താപ്പ. എന്റെ ഓർമ്മ ശരിയാണെങ്കിൽതായത്തീലെ മൂത്താപ്പ ( ഹസ്സൻകുട്ടി ഹാജി ) മരിച്ചതിന് ശേഷം ഞങ്ങളെ കാരണവർ ഈ മൂത്താപ്പയായിരുന്നു.കല്ല്യാണ വീടുകളിൽ വെപ്പു പുരയിലും വിളമ്പുന്നിടത്തും സൽക്കരിക്കുന്നിടത്തും മൂത്താപ്പാന്റെ നിറസാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. ഞാൻ പള്ളിയിൽ പോകാൻ തുടങ്ങിയത് മുതൽ 5 വക്ത്തിലും അദ്ദേഹം ഉണ്ടാകും. ഒഴിച്ചുകൂടാൻ പറ്റാത്ത കാരണങ്ങളൊഴികെ.കച്ചവടം നിറുത്തിയതിന്റെ ശേഷം പ്രധാന ജോലി കൃഷിയായിരുന്നു. വീട്ടിൽ ചെന്നാൽ ആർക്കും കാണാം ഒരു മുണ്ടും മാറ്റി പറമ്പിലുണ്ടാകും.അക്കാലത്ത് അദ്ദേഹത്തിന്റെ ചങ്ങായിമാർ PT മിത്യാങ്ക (വാച്ച് മേൻ) MPരായിൻ ഹാജി, കളരിക്കാപറമ്പിൽ അദ്രാ മാൻ കാക്ക,MCഅബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവരായിരുന്നു. പള്ളിയിലും ഇവരൊക്കെ അന്ന് സജീവമായിരുന്നു. കുട്ടികളോടും വലിയവരോടും തമാശയും പറഞ്ഞ് കുടയും തൂക്കിയിട്ട് നടന്നു പോകുന്ന രംഗം ഇന്നും മനസ്സിൽ നിന്നും പോകുന്നില്ല.
നാഥാ.... അവർക്കും കൂട്ടുകാർക്കും നമ്മളിൽ നിന്ന് മരിച്ച് പോയ എല്ലാവർക്കും നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ.അവരുടെയും ഞങ്ങളുടെയും പാപങ്ങൾ പൊറുത്ത് തന്ന് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടണേ... ആമീൻ
-----------------------------
മമ്മുദു അരീക്കൻ



അത്തളാപ്പാട് ത്തെ മൂത്താപ്പ എന്ന് ഞങ്ങൾ സ്നേഹം പൂർവ്വം വിളിക്കന്ന ഞങ്ങളുടെ തറവാട്ടു കാരണവരെ കുറിച്ച് MRC, ഷറഫു, ലത്തീഫ് ,ഹനീഫ, അന്താ വാ മുതലായവരുടെ ഓർമക്കുറിപ്പുകൾ ശ്രദ്ധേമായി.           മൂത്താപ്പ ഒരു നല്ല കർഷകനും കച്ചവടക്കാരനുമായിരുന്നു.         കുറ്റൂരിലെ പള്ളി, മദ്രസകളിലെ കാര്യദർശിയും നിറസാന്നിദ്ധ്യവുമായിരുന്നു.   കാര്യമായ അസുഖമൊന്നുമില്ലാതെ നൂറിനടന്ന് വയസ്സോളം ജീവിച്ചു.    ഞങ്ങളുടെ കാരണവൻമാരിൽ കൂടുതൽ കാലം ജീവിച്ചവരിൽ ഒരാളായിരുന്നു മൂത്താപ്പ.          റബ്ബ് അവരുടെ പരലോകം വിജയിപ്പിക്കുമാറാകട്ടെ.- അവരെയും നമ്മെ യും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ . آمين
-------------------------------
ഹസ്സൻ കുട്ടി അരീക്കൻ 



അരീക്കൻ മൊയ്തീൻ കാക്ക, നമ്മുടെ പ്രദേശത്തിന്റെ
ഗ്രാമീണതയുടെ തനിമ നില നിർത്തിയിരുന്ന,
സമുദായം, സമൂഹം തിരിച്ച് പിടിക്കേണ്ടതായ പല ഗുണങ്ങളുമുണ്ടായിരുന്ന നല്ല മനുഷ്യൻ.
അദേഹത്തേയും നമ്മെയും الله സ്വർഗത്തിലാക്കട്ടെ.آمين
-------------------------------
അലി ഹസ്സൻ പി. കെ



മൂത്താപ്പ.
-----------
  മിതീൻകുട്ട്യേ... രണ്ട് ചുര്ട്ട്ങ്ങാട്ടിക്കാ 
കടയിൽ ആളുണ്ടെങ്കിലും മൂത്താപ്പാക്ക് ആദ്യം തന്നെ കൊടുക്കും.
മൂത്താപ്പയെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് അതാണ്
  എന്റെ ചെറുപ്പത്തിലേ പള്ളിയിലും മദ്രസയിലെ പരിപാടികളിലും എപ്പോഴും നിറസാന്നിധ്യമായിരുന്നു. (അവർക്ക് നാളെ അർശിന്റെ തണലേകി റബ്ബ് അനുഗ്രഹിക്കട്ടെ..)
പുറമേ ഗൗരവക്കാരനായി തോന്നുമെങ്കിലും സംസാരത്തിലതില്ലായിരുന്നു. ചെറുചിരിയോടെ, കുട്ടികളോട് പോലും കുശലംപറയുമായിരുന്നു. 
 തികഞ്ഞൊരു കൃഷിക്കാരനായ അദ്ദേഹത്തിന്റെയടുത്ത് എല്ലാവിധ പണിയായുധങ്ങളുമുണ്ടായിരുന്നു. പലപ്പോളും ചില സാധനങ്ങൾക്ക് മൂത്താപ്പാന്റടുത്ത് ഉപ്പ പറഞ്ഞയച്ച് പോയിട്ടുണ്ട്. 
 ഇന്ന് ആ കാരണവരെ ഓർത്തെടുക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്തതും അല്ലാഹു സ്വീകരിക്കട്ടെ.. അവരുടെയും നമ്മുടെയും പാപങ്ങൾ പൊറുത്ത്  അവന്റെ ജന്നത്തിൽ ഒരുമിച്ചു കൂട്ടിടട്ടേ.. ആമീൻ
--------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ 



ഓർമ്മകളുണർത്തിയവരോട് നന്ദി...........
🍃🍃🍃🍃🍃🍃🍃
ഇന്നത്തെ പളളിപ്പറമ്പിൽ നേരത്തെ  വന്ന് ഓർമ്മയിൽ നനഞ്ഞിരിക്കണമെന്ന് കരുതിയതായിരുന്നു. ഒന്നിനും സാധിച്ചില്ല.
കുറിപ്പുകൾ വായിച്ചു.
ഒരു നാട്ടുകാരണവരെ നന്നായി വരഞ്ഞിട്ട വരികൾ.
സ്മര്യ പുരുഷന്റെ ജീവിത സായാഹ്നത്തിൽ പൂമുഖത്തെ ചാരുകസേരക്കരികിൽ കുറച്ച് കാലം വല്ലാതെ അടുത്തിരിക്കാൻ ഈ കുറിപ്പുകാരനായിട്ടുണ്ട്.
ആ തറവാട്ടു വീടിന്റെ സ്നേഹ തണലിൽ അന്നേരം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കൊച്ചു കൊച്ചു കഥകളായും, തമാശകളായും പെയ്തി
റങ്ങുമായിരുന്നു.
നാട്ടോർമ്മകളുടെ വലിയൊരു ശേഖരം തന്നെയായിരുന്നു അവർ.
ആ  മനസ്സിനോ ജീവിത ശീലങ്ങൾക്കോ ഒരിക്കലും വാർധക്യം ബാധിച്ചിട്ടില്ലായിരുന്നു.
 വീട്ടിൽ അദ്ദേഹം വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല.
ചെറിയ ചെറിയ ജോലികൾ ചെയ്തും ബാങ്ക് വിളിച്ചാൽ പളളിയിൽ ജമാഅത്തിന് പോയുമാണ് ആ ജീവിതം ഒഴുകി തീർന്നത്.
ഒരു കുടുംബ നാഥൻ എന്ന നിലയിൽ എല്ലാ കാര്യത്തിലും അവർക്ക് കൃത്യമായ കാഴ്ചപ്പാടുകളും ഉറച്ച നിലപാടുകളുമുണ്ടായിരുന്നു.
ആർക്കെങ്കിലും പ്രലോഭിപ്പിച്ച് മാറ്റിയെടുക്കാൻ കഴിയാത്തതായിരുന്നു അവ.
ആരെയും ആശ്രയിക്കാതെയും ആരുടെ മുമ്പിലും തല കുനിക്കാതെയും ആ നിലപാടിന്റെ ബലത്തിലാണ് അദ്ദേഹം ജീവിച്ചതും. വലിയൊരു കൂട്ടുകുടുംബത്തിന്റെ നാഥനെന്ന നിലയിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പങ്ങൾ അദ്ദേഹം നിലനിറുത്തിപ്പോന്നു.
നാട്ടിലെ പൊതു കാര്യങ്ങളിലൊക്കെ തൽപ്പരനായിരുന്നു. പലരും ഇവിടെ അനുസ്മരിച്ച പോലെ
പള്ളിയും മദ്രസയും പരിപാലിക്കുന്നതിലും അതിന്റെ ദൈനംദിന കാര്യങ്ങളിലുമൊക്കെ മുന്നിലുണ്ടായിരുന്നു.

ആ ധന്യ ജീവിതത്തിന്റെ ഓർമ്മകളിലൂടെ നമ്മെ വഴി നടത്തിയവർക്കും, പ്രാർത്ഥനയിൽ പങ്ക് ചേർന്നവർക്കുമെല്ലാം നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
,
--------------------------

സത്താർ കുറ്റൂർ

No comments:

Post a Comment