ഹായ്..... ബല്യ പെരുന്നാൾ!! തുള്ളിച്ചാടി മടുത്തു. സമയം തീരെ മുന്നോട് പോകുന്നില്ല.
വൈകുന്നേരമായപ്പോൾ ൻറെ സൈദിന്റെ പുരയിലേക്ക് ചെന്നു. നാളെ പെരുന്നാളാണ്, ആരെയും പുറത്ത് കാണാനില്ല. മുറ്റത്ത് ചെന്ന് ഒന്ന് ചുമച്ചു.
ആ അദ്റാമാനാ..... കേറി കുത്തർക്കടോ....
ൻറെ സൈദിന്റെ സഹോദരിയായിരുന്നു അത്.
ഇമ്മോ സൈ ദെവിടെ?
ഓൻ കൊളത്ത് ച്ചാട്ണ്ണ്ടാകും!
കുന്നാഞ്ചേരിക്കുളത്തിന്റെ അടുത്തെത്തിയപ്പോൾ ൻറെ സൈദ് ഈറനണിഞ്ഞ് മുകളിലേക്ക് കയറി വരുന്നു.
ജ് കുൾച്ചാ നാ ?
അല്ല, ഞാന് അന്ന തെരഞ്ഞ് വന്നതാ....
എത്താ ...... ൻറെ സൈദിന്റെ ആകാംക്ഷ കണ്ട് ഞാൻ പറഞ്ഞു, നാളെ ബല്യ പെരുന്നാളല്ലേ? ജ്മൈലാഞ്ചിടാൻ പോരണാ? ബെളഞ്ഞിനൊക്കെ ഉണ്ട് -
സംസാരിച്ച് നടന്നു് ൻറെ സൈദിന്റെ പൊരീലെത്തിയതറിഞ്ഞില്ല.
ഉമ്മാ ഞാൻ അദ്രാ മാൻറെ ഒപ്പം മൈലാഞ്ചിടാൻ പോകാണ്.
എന്റെ കൂടെയാണെങ്കിൽ അവർക്കും സമ്മതം.
മൺചട്ടിയിൽ തിളക്കുന്ന ബെളഞ്ഞീൻ ഈർക്കിൽ കൊണ്ട് കുത്തി കൈയ്യിൽ പുള്ളിയിട്ടു കൊണ്ട് ൻറെ സൈദിനോട് ഞാൻ പറഞ്ഞു, നാളെ ഞമ്മക്ക് ചെത്തേയിക്ക് പോണം.( A Rനഗറിന് അന്ന് ഞങ്ങൾ പറഞ്ഞിരുന്ന് ചെത്തേയി എന്നായിരുന്നു)
എത്തി നാ ?
ഇച്ചൊരു ബീർപ്പാപ്പെട്ടി മാങ്ങണം.
ബെളഞ്ഞീൻ കൊണ്ട് പുള്ളിക്കുത്തിട്ട കൈയ്യിൽ ഉണക്കിപ്പൊടിച്ച മൈലാഞ്ചി കുഴച്ചത് കട്ടിയിൽ തന്നെ ഞാനും ൻറെ സൈദും തേച്ചു.
ഒന്നാം പെരുന്നാളിന് വൈകുന്നേരം 4 മണിക്ക് തന്നെ ൻറെ സൈദ് വന്നു.
ഉമ്മ തന്ന എട്ടണയുമായി ( 50 പൈസ ) ഞാനും ൻറെ സൈദും കൊടുവായൂരിലേക്ക് നടന്നു. ചടക്കം പൊട്ടുന്ന (അന്ന് പടക്കം ഇല്ല ) ശബ്ദം കേട്ട് കേട്ട് ചെത്തേയിലെത്തിയത് അറിഞ്ഞില്ല.
കോതേരി സൈതല ബ്യാക്കാൻറെ കടയുടെ പുറത്ത് ചടക്കവും പല നിറത്തിലും വലിപ്പത്തിലുമുള്ള ബലൂണുകൾ!
വലിയ ഒരു ബലൂണിന് കണ്ണും ചെവിയും ഒക്കെയുണ്ട്. തലക്ക് താഴെ വലിയ വയർ! കയ്യും കാലും. വാലു പോലെ നീണ്ട ഭാഗമാണ് പിടിക്കാനുള്ളത്.
ഞാൻ സൂക്ഷിച്ച് നോക്കി..... ൻറെ സൈദിന്റെ അതേ മുഖം!
സൈദേ ഒരു വലിയ ബീർപ്പാപ്പെട്ടി മാങ്ങി ഞമ്മള് പോകാ.... -
വാലുള്ള തിന് 1₹ വേണം. 50 പൈസക്ക് വലിയ ബലൂൺ വീർപ്പിച്ച് കടകിട്ടു തന്നു.
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു. അത്രക്കിഷ്ടമായിരുന്നു ബലൂണിനോട്.
ബലൂണും കയ്യിൽ പിടിച്ച് സ്പീഡിൽ നടന്നു. നല്ലോം പുട്ച്ച ട്ടോ ....
ൻറെ സൈദിൻറെ മുന്നറിയിപ്പ് -
കക്കാടം പുറത്തെ പൊടിമില്ലെത്തിയപ്പോൾ (അന്ന് സോമിൽ ഇല്ല.) ൽ ൻറെ സൈദ് പറഞ്ഞു, ഇഞ്ഞ് ഞാമ്പുട്ച്ചാ ......
മനസ്സില്ലാ മനസ്സോടെ ൻറെ സൈദിന്റെ കയ്യിൽ ആ വലിയ ബീർപ്പാ പെട്ടിയുടെ നൂൽ കൊടുത്തു.
കക്കാടംപുറം കഴിഞ്ഞ് കുറച്ച് കൂടി പോന്നപ്പോൾ ൻറെ സൈദ് ബലൂണിലിങ്ങനെ തട്ടികളിച്ചു. കടക് മണികളുടെ ഓർക്കസ്ട്ര കേൾക്കാൻ നല്ല രസം.
എന്നാൽ ൻറെ സൈദിന്റെ കയ്യിൽ നിന്നും ബലൂണിൻറെ നൂൽ പിടി വിട്ടു. ബലൂൺ ഉയർന്ന് താഴ്ന്നു റോസ് സൈഡിലെ വേലിയിൽ വീണു ട്ടോ.....ബീർപ്പാ പൊട്ടി പൊട്ടി......
ഞാൻ പൊട്ടിക്കരഞ്ഞു. ൻറെ സൈദ് എന്നെ അവിടെയിട്ട് പുരയിലേക്ക് പാഞ്ഞു.
ബീർപ്പാപ്പെട്ടി കിട്ടിയപ്പോൾ സന്തോഷം കൊണ് കരഞ്ഞു, പൊട്ടിയപ്പോൾ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു.
------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment