Tuesday, 11 October 2016

സാക്ഷരത യിലൂടെ ഒരു കത്ത്


1991 ലാണ് കേരളം ഒരു സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്. അതിൽ ഞാനും ഒരു ചെറിയ പങ്ക് വഹിച്ചു. (ഒരാളെ ഞാൻ സാക്ഷരയാക്കി.) ഞങ്ങളുടെ വീടിന്റെ ഏരിയയിൽ ഞാനായിരുന്നു ഒരു ഇൻസ്ട്രക്ടർ. എന്റെ ഉമ്മയടക്കം ചുറ്റുവട്ടത്തുള്ള 9 സ്ത്രീകളായിരുന്നു എന്റെ ലിസ്റ്റിൽ. അതിൽ 6 പേർ വന്നു. മറ്റുള്ളവർക്ക് വരാൻ പറ്റാത്ത വിധം വയസ്സായിരുന്നു. അങ്ങനെ വീട്ടിൽ ക്ളാസ് തുടങ്ങി ഒരാഴ്ച കുഴപ്പമില്ലാതെ പോയി. പിന്നെ ക്ളാസിൽ അറ്റന്റൻസ് കുറഞ്ഞു വന്നു. ഒരു മാസമയപ്പോഴേക്ക് ഉമ്മ മാത്രം ബാക്കിയായി. പലരേയും തിരികെ കൊണ്ടുവരാൻ ശ്രമിച്ചു ഫലം കണ്ടില്ല. അവസാനം ഞങ്ങൾ മക്കളെല്ലാരും കൂടി ഉമ്മയെ പഠിപ്പിച്ചു. ഉമ്മ വായിച്ചു തുടങ്ങി, താമസിയാതെ എഴുത്തും. ഒരു പത്രത്തുണ്ട് കിട്ടിയാൽ വായിക്കുക പതിവായി. 
1991 ഫസ്റ്റിൽ ഞാൻ ഗൾഫിൽ ചേക്കേറി. ആ കാലത്ത് ഉമ്മ സ്വന്തം കൈപ്പടയിൽ എനിക്ക് കത്തയച്ചു. അതെനിക്ക് പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതി നൽകി. ആ കത്ത് സൂക്ഷിച്ച് വെച്ചില്ലല്ലോ എന്ന സങ്കടം ഇപ്പോഴുമുണ്ട്. 
അല്ലാഹു ഉമ്മാക്ക് മഅ.ഫിറത്തും മർഹമതും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ. 

അന്നത്തെ പുസ്തകത്തിലെ ഒരു പാട്ട് ഉമ്മ ഇടക്കിടെ പാടാറുണ്ടായിരുന്നു. 

നേരമൊട്ടും വൈകിയില്ല കൂട്ടുകാരെ പോരൂ.. കൂട്ടുകാരെ പോരൂ...
പേരെഴുതാം വായിക്കാം ലോക വിവരം നേടാം... ലോകവിവരം നേടാം 

അക്ഷരങ്ങൾ മൂർച്ചയുളളൊരായുധമാകുമ്പോൾ,
പുസ്തകങ്ങൾ നമ്മളുടെ കൂട്ടുകാരാകുമ്പോൾ...
സംഘബോധം നമ്മളെ നയിക്കുവാനെത്തുമ്പോൾ...
സംഗതികളൊക്കെ നമ്മുടെ ഇംഗിതം പോലാകും.. ഇംഗിതം പോലാകും..

---------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment