ഒന്ന്, രണ്ട്, മൂന്ന്..... അഞ്ച് വരെ എണ്ണുന്നത് കേട്ടു. ഓഫീസ് റൂമിന്റെ വാതിൽക്കൽ നിന്ന് എണ്ണിയ ആളെ ഒളികണ്ണിട്ട് നോക്കി . ഞാൻ ഞെട്ടിപ്പോയി! എന്റെ അയൽവാസിയും കക്കാടംപുറം ജിയുപി സ്കൂളിലെ അദ്ധ്യാപകനുമായ ആലിക്കുട്ടി മാസ്റ്റർ !!
മാഷേ ഇനി തല്ലണ്ട .....
അതു പറഞ്ഞപ്പോഴാണ് രണ്ടാം ഹെഡ്മാസ്റ്ററായിരുന്ന രാജഗോപാൽ സാറ് പിടി വിട്ടത്. വേദന സഹിക്കാൻ വയ്യാതെയും ആലിക്കുട്ടി മാഷ് കണ്ട ജാള്യതയും കൂടി കരച്ചിലിന് ആക്കം കൂട്ടി.
ആലിക്കുട്ടി മാഷ് സ്നേഹത്തോടെ ചേർത്ത് നിർത്തി ചോദിച്ചു, എന്താ മാഷേ വല്ല കുരുത്വക്കേടും ഇവനൊപ്പിച്ചാ?
മാഷേ നിങ്ങള് വന്നത് നന്നായി. നിങ്ങൾക്ക് ഇവനെ അറിയുമോ?
എന്റെ അയൽവാസിയാ.... MRC ൻറെ ചെറിയ അനുജനാ....
MRC യെ രാജഗോപാൽ സാറിന് അറിയാം, അന്ന് ഞാൻ MRC അയിട്ടില്ല!
നിങ്ങൾ ഇവന്റെ വീട്ടുകാരോടൊന്നു പറഞ്ഞേക്കണം, ഇവന് ഇപ്പോത്തന്നെ ഒരു കല്യാണം കഴിപ്പിച്ചു കൊടുക്കാൻ!
ആലിക്കുട്ടി മാഷ് ചിരിച്ചു. മാഷേ ഞ വൻ പാവമാ.... നല്ല കുട്ടിയാ...
ആലിക്കുട്ടി മാസ്റ്ററുടെ ശുപാർഷയിൽ തൽക്കാലം രക്ഷപ്പെട്ടു.ആലിക്കുട്ടി മാസ്റ്റർ രാജഗോപാൽ സാറിനെ കാണാൻ നമ്മുടെ സ്കൂളിലേക്ക് വന്നതായിരുന്നു.
കരഞ്ഞുകൊണ്ട് ക്ലാസ്സ് റൂമിലേക്ക് പോവുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, എന്തിനാ മാഷ് എന്നെ അടിച്ചത്? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ......?
എട്ടാം ക്ലാസ്സിൽ നല്ല രസമായിരുന്നു! തപാൽ സംവിധാനങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു തന്ന അന്നു മുതൽ തന്നെ ഞങ്ങളടെ ക്ലാസ്സിൽ ഒരു പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്നു. അരിക്കൻ സിദ്ധീഖായിരുന്നു പോസ്റ്റ്മാൻ. പോസ്റ്റ്മാസ്റ്റർ കൂട്ടിലെ ഒരു തത്തയായ PP ബഷീറായിരുന്നു. ഞങ്ങൾ കത്തുകളും പാർസലുകളുമൊക്കെ തയ്യാറാക്കി ബഷീറിനെ ഏൽപിക്കും, ബഷീർ പോസ്റ്റ് മാനായ സിദ്ധീഖിനെ ഏൽപ്പിച്ചാൽ ഉടൻ തന്നെ മേൽവിലാസക്കാരനെ കണ്ടെത്തി ഉരുപ്പടി കൈമാറും.
ഞാനും പോസ്റ്റ് ചെയ്യാൻ ഒരു പാർസൽ തയ്യാറാക്കി. ഫ്രം അഡ്രസ്സ് കളർഫുള്ളായി തന്നെ ഞാനെഴുതി! 12 മണിക്കുള്ള ഇന്റർവെൽ ആയി.
ബെല്ലടി കേട്ടതും കിട്ടേണ്ട ആളുടെ മേൽവിലാസം എഴുതാതെ ബുക്കിനിടയിൽ വെച്ച് മൂത്രമൊഴിക്കാൻ പോയി. കല്ലുകളുമായി മുരപ്പുരയിലേക്ക് ഓടി. മൂത്രമൊഴിച്ചഷേം പതിവു നിരീക്ഷണം! കടയിൽ നിരത്തി വെച്ച മിഠായി ഭരണിയിലൊന്നു കണ്ണോടിക്കും, വീണ്ടും ബെല്ലടിച്ചു. VIII C ലക്ഷ്യമാക്കി നടന്നു. ക്ലാസ്സ് റൂമിന്റെ മുന്നിലെത്തിയപ്പോൾ ഞാൻ അൽഭുതപ്പെട്ടു, കുട്ടികളെല്ലാവരും കൂടെ രാജഗോപാൽ സാറും കൂടി നിൽക്കുന്നു. ക്ലാസ്സ് ലീഡർ വിജയനാണ് അത് പറഞ്ഞത് ....
ദേ അവനതാ വരണ് .... എനിക്കൊന്നും മനസ്സിലായില്ല.
ഞങ്ങളടെ ക്ലാസ്സ്മുറിക്ക് അരമതിലായിരുന്നു. അപ്പുറത്തെ ക്ലാസ്സിൽ (9 A) രാജഗോപാൽ സാറ് കണക്ക് പഠിപ്പിക്കുകയായിരുന്നു. എന്റെ ക്ലാസ്സിലെ ഏതോ ഒരു വിദ്വാൻ ഞാൻ തയ്യാറാക്കി വെച്ച പാർസൽ എടുത്ത് അരമതിലിന് മുകളിലൂടെ രാജഗോപാൽ സാറിന്റെ ക്ലാസ്സിലേക്കിട്ടു ! ചെന്ന് വീണത് ഒരു പെൺകുട്ടിയുടെ തലയിൽ !
ബെല്ലടിച്ചിട്ടും സാറിന്റെ ക്ലാസ്സ് കഴിഞ്ഞിട്ടില്ലായിരുന്നു!! കുട്ടികൾ ആർത്തു ചിരിച്ചു.
പെൺകുട്ടി പാർസൽ മാഷിനെ ഏൽപ്പിച്ചു. ആരാടാ അബ്ദുറഹ്മാൻ? താനാണോ പാർസലു അയക്കുന്നവൻ? നീ പെൺകുട്ടികൾക്ക് മാത്രമേ പാർസലയക്കുകയുള്ളു അല്ലേടാ ?
ചോദ്യങ്ങൾ ഒരു പാട് തുടർന്നു.
തണറിട്ട ചന്തി തടവിക്കൊണ്ട് ക്ലാസ്സിലേക്ക് കയറിയപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരി 😀😀😀😀😀😀
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment