Wednesday, 12 October 2016

💥 കല്യാണം 💥


കുഞ്ഞായിരിക്കുമ്പോൾ തന്നെ കല്യാണം എന്ന് കേട്ടാൽ തന്നെ വായിൽ വെള്ളം ഊറിവരുമായിരുന്നു!
വയറു നിറയെ ഇറച്ചിയും ചോറും തിന്നാം!
കുട്ടിക്കാലത്ത് കല്യാണത്തിന് പോയാൽ കെട്ടിക്കലാണേൽ പുതിയാപ്പിളവന്ന് പോയാലേ ചോറ് കിട്ടൂ, കെട്ടലാണേൽ പുതിയാപ്പിള പോകണം.
പുഴുങ്ങലരി (Boild rice) കൊണ്ടുള്ള ചോറും കുമ്പളങ്ങ തേങ്ങയരച്ച് വെച്ച കറിയും പോത്തിറച്ചി വരട്ടിയതുമായിരുന്നു അന്നത്തെ വിഭവങ്ങൾ . മേശയോ പ്ലെയ്റ്റോ അന്നുണ്ടായിരുന്നില്ല .
പന്തലിന്റെ നടുവിൽ ഓലയിട്ട് അതിൽ വാഴയില വെട്ടിയിടും, ചോറു മുഴുവൻ ഇലയിൽ കുന്നുപോലെ കൂട്ടിയിടും, പിന്നെ ആദ്യ ട്രിപ്പ് ഇതിന് ചുറ്റുമിരിക്കും. കറിയും ഇറച്ചിയും ഓരോരുത്തരുടെ മുന്നിലും വിളമ്പും, വയറു നിറഞ്ഞവർ എണീറ്റാൽ അടുത്ത ട്രിപ്പ് ഇരിക്കും. ഞാനും വട്ടത്തിൽ ഇരുന്ന് ചോറ് തിന്നിട്ടുണ്ട്.
പിന്നീട് കുറച്ചു കൂടി മാറ്റം വന്നു, നിലത്ത് ഓരോരുത്തർക്ക് വേറെ വേറെ ഇലയിടാൻ തുടങ്ങി. ചോറിന് നിറം മാറി, ചോറു് വെള്ളം വറ്റിച്ച് മഞ്ഞക്കളറിൽ (മഞ്ഞപ്പൊടി) വന്നു, ഇറച്ചിക്കറിയും മഞ്ഞച്ചോറും ! ബിരിഞ്ചി എന്നായിരുന്നു ചോറിന്റെ പേര്.
പിന്നീട് തേങ്ങാ ചോറിലേക്ക് മാറി, ഇറച്ചിക്കറിയും തേങ്ങാ ചോറും !
നെയ് ചോറിലേക്ക് വഴി മാറാൻ തുടങ്ങിയതോടെ ശാപ്പാടിന് ഒരു പുതിയ മുഖം വന്നു. നെയ്ചോറും ഇറച്ചിക്കറിയും ചില ഉപ്പേരി, പപ്പടം ഇങ്ങനെ!
പിന്നീട് ടേബിളും കസേരയും വന്നതോടെ നിലത്തിരിക്കാൻ പറ്റാതായി!
പിന്നീട് നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമായി ബിരിയാണി കടന്നു വന്നു. കുറ്റൂരിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ആദ്യമായി കല്യാണത്തിന് ബിരിയാണി വെച്ചത് അരീക്കൻ തൊടുവിലെ മർഹൂം കള്ളിയത്ത് അബ്ദുറഹിമാൻ കുട്ടി (തത്തമ്മക്കുട്ടിലെ തത്തയായ അരീക്കൻ അബ്ദുൽ ലത്തീഫിന്റെ അമ്മാശൻ ) യുടെ കല്യാണത്തിനായിരുന്നു. അതിന് മുമ്പ് നമ്മുടെ പ്രദേശത്ത് കല്യാണത്തിന് ബിരിയാണി വെച്ചിട്ടില്ല. ഉൽഘാടന ബിരിയാണി ഞാൻ കഴിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്.
മദിരാശിയിലെ ഹോട്ടൽ ശോബ്രയിലെ ബിരിയാണിസ്റ്റാണ് ബിരിയാണി വെച്ചത് എന്ന് ൻറെ സൈദ് പറഞ്ഞത് ഞാനോർക്കുന്നു.

പിന്നീട് കബ്സ? ഇന്ന് അത് മന്തിയിൽ എത്തി നിൽക്കുന്നു! 😀

------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment