സദാ അടഞ്ഞു കിടക്കുകയാണാ വാതിൽ. ശബ്ദമുണ്ടാക്കാതെ അത് തള്ളിത്തുറന്ന് ഒരു പരുവത്തിൽ അകത്ത് കടന്നു.
എങ്ങും കൂരിരുട്ടാണ്, പേരിനെങ്കിലും വെളിച്ചത്തിന്റെ കണിക പോലും എങ്ങും കാണാനില്ല.
പേടിച്ച് വിറച്ച് കാൽമുട്ടുകൾ തമ്മിലിടിക്കുന്നുണ്ട്, ഒപ്പം ഹൃദയമിടിപ്പിന്റെ പേടിപ്പെടുത്തുന്ന ഡും ഡും ശബ്ദം.
കാത് കൂർപ്പിച്ച്, ഭൂമിയറിയാതെ അൽപം മുന്നോട്ടൊന്ന് നടന്നു, തീർത്തും ഭയാനകമായ അന്തരീക്ഷത്തിൽ ചീവീടിന്റെ കരച്ചിലുകൾ കേൾക്കാം, അങ്ങിങ്ങ് ചെറിയ ചെറിയ മുരൾച്ചകളും.
മുന്നോട്ട് പോകും തോറും ദിനോസാറുകളുടെയും ഗോറില്ലകളുടെയും ആർപ്പു വിളികൾ വ്യക്തമായി കേൾക്കാം. അവ പരസ്പരം മൽസരിച്ച് ആത്തട്ടഹസിക്കുകയാണ്.
ഇടക്കിടെ പല ജാതി ഗർജ്ജനങ്ങളും അലർച്ചകളും കേൾക്കാം. കാതടപ്പിക്കുന്ന ശബ്ദ കോലാഹലം. ഇരു ചെവികളിലും വിരൽ തിരുകി വെച്ച് പതിയെ ഇരുന്നു പോയി. ഈ ഗർജ്ജനങ്ങൾക്കിടയിൽ നിലയുറപ്പിക്കുക അസാധ്യം. പേടിയോടെയാണെങ്കിലും രണ്ടും കൽപ്പിച്ച് പതിയെ നീണ്ടു നിവർന്നങ്ങ് കിടന്നു.
ചെവിയിൽ അലച്ചെത്തുന്ന ശബ്ദ കോലാഹലങ്ങളെ വേർതിരിച്ചെടുക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി. പരാജയമായിരുന്നു ഫലം. കയ്യിലുണ്ടായിരുന്ന ഹെഡ്‌ഫോൺ ചെവിയിൽ തിരുകി പ്രാർത്ഥനയോടെ കണ്ണടച്ച് കിടന്നു.
അലർച്ചകൾ ഇടക്കിടെ ഉറക്കത്തെ തടസ്സപ്പെടുത്തിയെങ്കിലും ശ്രദ്ധയെ മറ്റൊരു ദിക്കിലേക്ക് പായിച്ചുകൊണ്ട് സാവധാനം ഉറക്കിലേക്ക് വഴുതി വീണു.
ഇടക്കെപ്പഴോ മുരൾച്ച കൊടുമുടി കയറുന്ന ഘട്ടത്തിലാണ് ഞെട്ടിയുണർന്നത്. സമയം അർദ്ധ രാത്രി കൃത്യം 2:30. മെല്ലെ എഴുനേറ്റ് കാലിൽ തട്ടി ഞാൻ പതിയെ പറഞ്ഞു "ഒന്ന് ചരിഞ്ഞു കിടക്കുമോ" ഗർജ്ജനം തെല്ലൊന്നവസാനിച്ച തക്കത്തിനു വീണ്ടും പുതപ്പിനുള്ളിൽ കയറി ഗാഢ നിദ്രയിലാണ്ടു.
------------------------------
✍അബൂ ദിൽസാഫ്
No comments:
Post a Comment