(ആളൊഴിഞ്ഞ അക്കരകൊതേരി പറമ്പിലൂടെ രാത്രി ഹാജിയാരുടെ വീട്ടിൽ നിന്നു പള്ളിയിലെ മോല്യാർക്കുള്ള ചോറുമായി വന്ന മൊല്ലാക്കാന്റെ മകൻ അൽബി, കൂരാ കൂരി ഇരുട്ടിൽ പാട വക്കിലെ അനക്കം കണ്ടു ഞെട്ടി വിറച്ചു നിലവിളിച്ചു...)
തുടന്നു വായിക്കുക...
* * * * * * * * **
വല്യാശാരിയുടെ വീട്ടിലെ പൂജ കഴിഞ്ഞു തിരിച്ചു വന്ന വെളിച്ചപ്പാടിന്റെ വെളിച്ചം പെരുമഴത്ത് കെട്ടു പോയിരുന്നു...
തോടിന്ന് കുറുകേയിട്ട കവിങ്ങിന്റെ ഒറ്റത്തടി പാലത്തിൽ കൂടി ഭാരതനാട്യം കളിച്ചാണ് രക്ഷപ്പെട്ടത്..,
'ദേവ്യേ... ഇനിയെങ്ങനെ അക്കരയ്ക്ക് പോകും...' വെളിച്ചപ്പാട് അങ്കലാപ്പിലായി...
രണ്ടും കല്പിച്ചു പാടവരമ്പിലൂടെ അക്കരകൊതേരിക്ക് വെച്ചു പിടിച്ചു....
ഇരുട്ട് തിങ്ങിയ പാടം മിന്നലിന്റെ വെളിച്ചത്തിൽ ഇടക്കിക്കിടക്ക് ചിരിച്ചു..
ചളി നിറഞ്ഞ വരമ്പിന്റെ അറ്റത്തു ചവിട്ടീതും വെളിച്ചപ്പാട് പാടത്തെ ചേറ്റിലേക്ക് "പ്ധോം...ബ്ലും"..
കുത്തിപ്പിടിച്ചു എഴുനേറ്റു, കണ്ണിലെ ചളി മാറ്റി... ഒന്നും കാണുന്നില്ല...
തപ്പി തടഞ്ഞു പതുക്കേ പാടത്തിനു കയറി കൊതേരിപ്പറമ്പിന്റെ ഇടവഴി വക്കിലിരിന്നു...
അരപ്പട്ടയും കൂടേ വല്യശാരി തന്ന നാലണയും വെള്ളത്തിലായി...
വെളിച്ചപ്പാടിന്റെ മനതാരിൽ ഈർഷ്യവും സങ്കടവും ഒരുക്കൂടി... പ്രേത പിശാചുക്കളെ ആലോചിച്ചപ്പോൾ പേടിയുടെ ഭാവരൂപം പുറത്തു ചാടി..
ചുറ്റും നോക്കി...
കണ്ണടച്ചു ദേവിയേ വിളിച്ചു...
ഭയം മാറ്റാൻ ഒരു ദേവിയും വന്നില്ല...
പേടിച്ചിട്ടാണെങ്കിലും പാടത്തേക്കു തിരിഞ്ഞു തുണിയിലെ ചേറു തുടച്ചു...
ആൽബിയുടെ ഉള്ളാക്ക് വെളിച്ചപ്പാടും കേട്ടു...
👹👺💀👽🤖
ശബ്ദം കേട്ടു വെളിച്ചപ്പാട് ഞെട്ടി വിറച്ചു... മേനി വിയർത്തു... എന്നിട്ടും തണുത്തു വിറക്കുന്നു... കൈകൾ രണ്ടും കൂപ്പി പതുക്കെ ഇടവഴിലേക്കു തിരിഞ്ഞു നോക്കി....
""""ഹെന്റമ്മോ""""
👻👻👻
ആ രംഗം കണ്ടു വെളിച്ചപ്പാടിന്റെ സകലതും ഒലിച്ചു പോയി...
ഇരുട്ടിനു നടുവിലൂടെ അതാ വരുന്നു ഒരു വെളുത്ത രൂപം... ആടി..ആടി അടുത്തടുത്തു വരുന്നു., ഇടയ്ക്കിടയ്ക്ക് നിൽക്കുന്നു...
വെളിച്ചപ്പാടിന്റെ വായിലെ വെള്ളം വറ്റി..
മേനി മൊത്തം കിടുകിടാ വിറച്ചു.,
പല്ലുകൾ കൂട്ടിയിടിക്കുന്നു...
പേടിച്ചു വിറച്ച വെളിച്ചപ്പാട് വലത്തെ കാലിലെ ചിലങ്ക ഒന്നു കുലുക്കി...'ക്ലിം.. കിലും..'
ചെമ്പു കലത്തിനകത്ത് കല്ലു വീണ ശബ്ദം കേട്ട് അൽബിയുടെ വയറ്റിൽ കൊടുങ്കാറ്റു വീശി...
നാവു വലിഞ്ഞു...
ഒച്ച പുറത്തേക്കു വരാതായി...
വിറച്ച കാലുകൾ ഉറച്ചിരിക്കുന്നു., ഒരടി മുമ്പോട്ടോ പുറകോട്ടോ വെക്കാൻ വയ്യ... അവനവിടെ, ഇടവഴിയുടെ നാടുവിലിരുന്നു...
...എന്തോ മണക്കുന്നു...
അൽബി ഇരുട്ടത് തപ്പി നോക്കി... ശ്ശൊ...
തുണി ആകെ നനഞ്ഞിരിക്കുന്നു...
ഹാജ്യാരുടെ പോത്തു വരട്ടീതും കർമത്തി ചാറും അനുവാദം ചോദിക്കാതെ ഇറങ്ങിപ്പോയിരിക്കുന്നു...
വെളിച്ചപ്പാട് ഇടവഴിലേക്കു തുറിച്ചു നോക്കി... ഇല്ല ... ഒന്നും കാണുന്നില്ല...
അത് പ്രേതം തന്നെ... ദേവീ
ഇനിയിപ്പോ എന്തു ചെയ്യും...
ഇടവഴിയുടെ ഒരരുകിൽ അയാളിരിന്നു...
മൂട് നനഞ്ഞ അൽബിക്ക് ഇരുപ്പുറച്ചില്ല... അവൻ എഴുനേറ്റു, ഇടവഴിയുടെ മധ്യത്തിൽ നിന്നു പാടം സൂത്രം പിടിച്ചു ചൂടുള്ള ചോറ്റുംപാത്രം നെഞ്ചോടു ചേർത്ത് ഒരറ്റ ഓട്ടം....നേരെ ചെന്ന് പാടത്തേക്ക് ചാടി...
വെളുത്ത പ്രേതം തന്റെ നേരേ ഓടി വരുന്നത് കണ്ടപ്പോഴേക്കും വെളിച്ചപ്പാടിന്റെ ബോധം പോയി മലർന്നടിച്ചു വീണു...
👽☠💀👻👺👹
പാടത്തെ ചേറ്റിലെക്കു ചന്തി കുത്തി വീണ അൽബി പതുക്കേ എണീറ്റു., ചോറ്റും പാത്രം മൂന്നു പൊളിയായി ചേറ്റിൽ പൂണ്ടിരിക്കുന്നു...
പോത്തു വരട്ടിയതിന്റെ മണം കേട്ടപ്പോൾ പോക്കാച്ചി തവളകളുടെ കരച്ചിൽ ഉച്ചത്തിലായി...
ചോറും കൂട്ടാനും കൂടെ ചേറും വാരി അവനെണീറ്റു...
ഇടവഴിയിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മലർന്നടിച്ചു കിടക്കുന്ന വെളിച്ചപ്പാടിനെ കണ്ടു... അൽബിക്ക് ചിരിയും സങ്കടവും ഒന്നിച്ചു വന്നു... 'അന്തിക്ക് പേടിപ്പിച്ചാൻ മന്ന ചൈത്തൻ'...
പകലു മുഴുവൻ ദേവിയുടെ പേരുംപറഞ്ഞു ആളുകളെ പറ്റിക്കുന്ന വെളിച്ചപ്പാടിന് ഇരുട്ടത് പണികൊടുത്ത സന്തോഷത്തിൽ അൽബി നേരെ തോട്ടിൽ പോയി കുളിച്ചു വസ്ത്രങ്ങൾ അലക്കി.. നനവോടെ ഉടുത്തു..
നനഞ്ഞ കുപ്പായം മേനിയിൽ ഒട്ടിപ്പിടിച്ചു... തണുത്ത കാറ്റടിച്ചപ്പോൾ പല്ലുകൾ കൂട്ടിയടിച്ചു... ചേറ്റിൽ വീണ ചോറ്റുംപാത്രം ഒന്നും കളയാതെ മൂടി ശരിയാക്കി കൊളുത്തിട്ടു തോട്ടിലിറക്കി ഒന്നു മുക്കിയെടുത്തു...
തോട്ടു വരമ്പിലൂടെ അതിവേഗം അൽബി പള്ളിയിലേക്ക് നടന്നു... പാടത്തിന്നിരു വശവുള്ള ഓലപ്പുരകളിൽ നിന്നു മുനിഞ്ഞു കത്തുന്ന വിളക്കുകൾ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ തോന്നിച്ചു.,
പള്ളിയടുത്തപ്പോൾ കുഴിക്കപ്പുരയിലെ ശ്രവണ സുന്ദരമായ പാരായണം മനസ്സിന് കുളിർമയേകി.,
ഓട്ടുമ്പുറത്ത് കുറു കുറുകുന്ന അമ്പല പ്രാവുകൾ ഉറങ്ങീട്ടില്ല...
പള്ളിയിലെ മരക്കോവണി ധ്രിതിയിൽ കയറി... മുകളിലെത്തിയപ്പോൾ മൊല്ലാക്കന്റെ മുറി അടഞ്ഞു കിടക്കുന്നു.,
"മൊല്ലാക്കക്ക് ചോറ് മാണ്ട... അത് അദ്ദൂന് കൊടുക്കാൻ പറഞ്ഞു"
അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കിടന്ന ഒരു മോലേരൂട്ടി പറഞ്ഞു.
"അദ്ദു ചെലവുടീക്ക് പോയിട്ടില്ല... മയേന്നു, ഒന്റേട്ത്ത് കൊടല്ല..."
"ന്നിട്ട് ഒനൗടെ"
"ഓൻ താഴെ കിടക്കണ് ണ്ട്"
അൽബി താഴെയിറങ്ങി... വരാന്തയോട് ചേർന് ഇറക്കി കെട്ടിയ ഇറയത്ത് കിടക്കുന്ന അദ്ദൂനെ കണ്ടപ്പോൾ അൽബിക്ക് സങ്കടം വന്നു... 'പാവം... പൈച്ചിട്ട് കിടക്കേക്കും'
അൽബിയുടെ ദർസ്സിലെ കളിക്കൂട്ടുകാരനാണ് അബ്ദു എന്ന അദ്ദു...
"അദ്ദ്ദോ"
"ടാ അദ്ദോ"
ഞെട്ടിയുണർന്ന അദ്ദു അൽബിയോടു ചൂടായി...
"ഇജ്ജ് യൗടേനു ഹമുക്കേ., മൻസിനിവടെ പയിച്ച്ട്ട് നിക്കാമ്പെജ്ജ"
അൽബി ചോറ്റുപാത്രം അദ്ദൂനു കൊടുത്തു പറഞ്ഞു..
"യേ,
ഇജ്ജ് ചൂടാക്കണ്ട. നല്ല പോത്ത് ബെർട്ടീതിണ്ട്"
അബ്ദുവിന്റെ വായിൽ വെള്ളം നിറഞ്ഞു... ആക്രാന്തത്തോടെ പാത്രങ്ങൾ തുറന്നു...വെളിച്ചം കുറവായതിനാൽ ഒന്നും കാണുന്നില്ല...
"അൽബിയേ, ഇജ്ജാ ബെളക്ക് ഇങ്ങട്ടെടുത്താ"
പുറത്തു തൂക്കിയിട്ടിരിക്കുന്ന വിളക്ക് എടുത്തു അബ്ദുവിനടുത്ത് വെച്ചു എണീറ്റപ്പോൾ അൽബിയുടെ മൂക്കിലെ കൊടുങ്കാറ്റ് വിളക്കിന്റെ ചില്ലിനു മുകളിലൂടെ ചെന്ന് വെളിച്ചം കെടുത്തി... അതായത് ബെളക്ക് കെട്ടു...
വിശപ്പും തിന്നാനുള്ള ആവേശവും കൂടിയപ്പോൾ അബ്ദു മുറുമുത്തു...
"സാരല്യ, ള്ള ബെൾച്ചത്തില് ഇജ്ജ് മെല്ലേ തിന്നോ" അൽബി പറഞ്ഞു...
നനഞ്ഞ തുണിയും കുപ്പായവും മാറ്റിയിടാൻ ഒന്നുമില്ല...
രണ്ടും ഊരി ഇറയത്ത് ഉണങ്ങാനിട്ടു അൽബി ഒരു മുണ്ടുമെടുത്തു പള്ളികുളത്തിന്റെ പടവിൽ പോയിരുന്നു...
ഓരോന്നു ആലോചിച്ചു അൽബി ചിന്തകൾക്ക് തീ കൊടുത്തു... ചിന്തകൾ കാടു കയറി... അപ്പോഴും പ്രാവുകളുടെ കുറുകലിന്നു കുറവില്ലായിരുന്നു...
"എടാാ.," അതൊരു അലർച്ചയായിരുന്നു...
അൽബി തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ
ചുകന്നു മൂക്കു വീർപ്പിച്ചു മുഷ്ടി ചുരുട്ടി തടിയനായ 'അദ്ദു' പുറകിൽ...
"എടാ., പൈച്ചു കെടക്കണ ഇന്നേ പോത്റച്ചിയാന്നും പറഞ്ഞ് പാടത്തെ ചേറ് തീറ്റിക്കും.. അല്ലേടാ... ഹമുക്കേ.,"
പറഞ്ഞു തീരും മുമ്പ് വലത്തെക്കാൽ പൊങ്ങി അൽബിയുടെ മുതുകിൽ വീണു... ചവിട്ടിന്റെ ഊക്കിൽ അൽബി പള്ളികുളത്തിലേക്ക് ഊളിയിട്ടു.....,
അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അൽബിയുടെ മനസ്സിൽ വട്ടമിട്ടിരുന്നു...
എന്ത് കൊണ്ടു 'അമ്പല' പ്രാവുകൾ 'പള്ളിമേടയിൽ' കൂടുകെട്ടി..,
------------ശുഭം---------
* * * * * * * *
അവസാനിപ്പിച്ചു., ല്ലെങ്കിൽ ഞാൻ മുങ്ങേണ്ടി വരും...🤒
🌟💫✨അമ്പിളി🌙
തല്ലരുത്🙏
വേണെങ്കി രണ്ട് ചീത്ത പറഞ്ഞോ😎
ന്നാലും നന്നാവാൻ പ്ലാനില്ല🤓
No comments:
Post a Comment