കത്തെഴുത്ത്: അക്ഷര സമ്പർക്കത്തിന്റെ നാട്ടോർമ്മകൾ
🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏🛏
മുമ്പ് എഴുതാനും വായിക്കാനും അറിയുന്നവർ നമ്മുടെയൊക്കെ നാടുകളിൽ വളരെ വിരളമായിരുന്നു.
തെറ്റാതെ അഡ്രസ്സെഴുതാൻ പഠിച്ചവർ അത്യാവശ്യം വിവരമുള്ളവരായി പരിഗണിക്കപ്പെട്ട് പോന്നു.
നമ്മുടെ പ്രവാസത്തിന്റെ സ്വപ്നങ്ങൾ മൊട്ടിട്ട് തുടങ്ങുന്ന കാലത്ത് സ്വന്തമായ കത്തെഴുത്തുകൾ നന്നേ കുറവായിരുന്നു.
നാട്ടിൽ അപൂർവ്വമാളുകൾക്ക് മാത്രം കഴിയുന്ന ഒന്നായിരുന്നു കത്തെഴുത്തെന്ന് കേട്ടിട്ടുണ്ട്.
അന്ന് നാട്ടുകാരുടെ മുഴുവൻ കത്തെഴുതലും അത് വായിച്ച് കൊടുക്കലുമായിരുന്നു ഇവരുടെ കാര്യമായ സേവനം.
അന്യ സംസ്ഥാനങ്ങളിലായിരുന്നു
പോയ കാലത്തെ പ്രവാസ ജീവിതങ്ങളിലധികവും.
പ്രത്യേകിച്ചും മദിരാശി.
ബർമ്മയും സിലോണുമൊക്കെ
യാവണം അക്കാലത്തുളളവർ ജീവിതം തെരഞ്ഞ് പോയ ദൂരദിക്ക്.
എഴുപതുകൾക്കൊടുവിലാണ് നമുക്ക് മുമ്പിൽ ഗൾഫിന്റെ വാതിലുകൾ തുറന്ന് വെക്കുന്നത്.
കറാച്ചി വഴി കള്ള ലാഞ്ചിന് അക്കരെ പറ്റിയവരാണ് ആദ്യ കാല ഗൾഫ് പ്രവാസികൾ.
ഏറെ സാഹസികമായിരുന്നു ആ യാത്രകൾ.
ജീവിക്കാനുള്ള കൊതി മാത്രമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്.
ഭാഷയറിയാത്തവരുടെ ദിക്കറിയാത്ത യാത്ര.
ഖോർഫുക്കാനിലായിരുന്നു അവർ വന്നിറങ്ങിയത്.
ഈ യാത്രകളിൽ പലരുംപട്ടിണി കിടന്നും രോഗം ബാധിച്ചും മരിച്ച് വീണു.കൂടെയുള്ളവർ അന്ത്യകർമ്മങ്ങൾ നടത്തി
ആ മയ്യിത്തുകൾ കടലിലേക്കെറിഞ്ഞു.
കരപറ്റിയവരിൽ തന്നെ പലരും വെള്ളമില്ലാതെ ഭക്ഷണമില്ലാതെ അലഞ്ഞു.
പോലീസിന്റെയും തുറമുഖ കാവൽ പടയാളികളുടെയും കണ്ണ് വെട്ടിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടു.
അതിനിടയിലും തളരാത്ത നിശ്ചയദാർഡ്യത്തോടെ പലരും ജീവിതത്തിന്റെ മറുകര തേടി പിടിച്ചു.
കള്ളലാഞ്ചിയിൽ വന്ന് അവർ നീന്തിക്കയറിയത് പുതിയ സ്വപ്നങ്ങളിലേക്കായിരുന്നു.
ആ സ്വപ്നങ്ങളുടെ മുറിയാത്ത പങ്ക് വെപ്പുകളാണ് പിന്നെ കത്തുകളാക്കി നമുക്കിടയിൽ ഇടതടവില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.
15 പൈസയുടെ പോസ്റ്റ് കാർഡിലും 75 പൈസയുടെ ഇളം നീല കളറുളള ഇൻലെന്റിലും കത്തെഴുതിയവർ പിന്നെ
ഏഴ് രൂപയുടെ ഇൻ ലെൻഡും, 15 രൂപയുടെ സ്റ്റാമ്പും ഉപയോഗിച്ച് ഗൾഫ് കത്തുകൾ എഴുതിത്തുടങ്ങി.
ഇന്നത്തേക്കാളുമെത്രയോ തീക്ഷ്ണമായിരുന്നു കടന്ന് പോയ പ്രവാസ കാലം.
ദൈർഘ്യം കൊണ്ടും വിനിമയ ബന്ധങ്ങളുടെ കുറവ് കൊണ്ടും അന്ന് അവർ അനുഭവിച്ച വിരഹത്തിന് വല്ലാത്ത നീറ്റൽ അനുഭവിച്ചിട്ടുണ്ടാവും.
ഓരോ പോക്കിനു പിറകെയും അവർ അന്ന് ഒരു കത്തിന്റെ ആശ്വാസത്തിനായി കാത്തിരുന്നു.
'മോൻ പോയിട്ട് കത്ത് വന്നോ'
എന്ന അയൽപക്ക ചോദ്യങ്ങൾ വന്നത് അന്നത്തെ പ്രവാസത്തിന്റെ നെരിപ്പോടിൽ നിന്നാണ്.
യാത്രകൾ അന്ന് വല്ലാത്തൊരു വിടപറച്ചിൽ തന്നെയായിരുന്നു.
നമ്മുടെ കാഴ്ചക്കും കേൾവിക്കും വർഷങ്ങളുടെ മറതീർക്കുകയായിരുന്നു അത്.
വാട്സ് ആപ്പുകളുടെ പ്രവാസ കാലത്ത് അതിന്റെ തീക്ഷ്ണത മനസ്സിലാക്കാൻ അത്ര പെട്ടൊന്ന് കഴിയണമെന്നില്ല.
ഈ പശ്ചാത്തലത്തിൽ നിന്ന് വേണം നാം പഴയ കത്തുകളെ വായിച്ചു തുടങ്ങേണ്ടത്.
കൂട്ടുകുടുംബങ്ങളുടെ കോലായയിൽ വെച്ച് പരസ്യമായാണ് അന്ന് കത്തെഴുതുക
വീട്ടീനുളളിൽ അന്ന് സ്വകാര്യമുറികൾ ഇല്ലായിരുന്നു.
പൂമുഖത്തെകാരണവരറിയാതെ ഒരു കത്തും ഒരു വീട്ടിലും വായിക്കുകയോ എഴുതുകയോ ചെയ്തില്ല.
അതു കൊണ്ട് തന്നെ കൂട്ടു കുടുംബത്തിന്റെ വിശേഷങ്ങളും, ആവലാതികളും, ആവശ്യ ങ്ങളുമായിരുന്നു അന്ന് ആ കത്തുകൾക്കുള്ളിൽ ഒട്ടിച്ച് വെച്ചത്.
വല്ലിപ്പ പറഞ്ഞ് കൊടുക്കുകയും പേരക്കുട്ടികൾ എഴുതിക്കൊടുക്കുകയും ചെയ്യുന്ന കത്തെഴുത്തിന്റെ പൂമുഖ കാഴ്ചകൾ മനസ്സിൽ തെളിയാത്തവർ കുറവായിരിക്കും.
എഴുതാനുള്ള കാര്യങ്ങൾ വിട്ടു പോവുന്നത് ഓർമ്മപ്പെടുത്താൻ വീട്ടുകാർ മുഴുവൻ അടുത്ത് തന്നെ നിൽക്കും.
ഉദവിയാൽ ഞങ്ങൾക്കെത്രയും പ്രിയപ്പെട്ട മകൻ അറിയുന്നതിന്........
എന്ന് തുടങ്ങുന്നതായിരുന്നു കത്തെഴുത്തിന്റെ അന്നത്തെ ഒരു രീതി.
അവസാനം ഇനി പ്രിയത്തിൽ സലാം.
എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യും.
കത്ത് കിട്ടിയാൽ ഉടൻ മറുപടി അയക്കണമെന്ന ഓർമ്മപ്പെടുത്തലും.
വരയുള്ള നോട്ട് ബുക്കിന്റെ നടു പേജ് ചീന്തി എഴുതിയ കത്തുകൾ പിന്നീട് മനോഹരമായ ഗൾഫ് ലെറ്റർപാഡുകളിലേക്ക് മാറ്റി എഴുതാൻ തുടങ്ങി.
ഇത്തരം ലെറ്റർപാഡിലും കവറുകളിൽ നിന്നും ആദ്യമായി ഗൾഫിന്റെ മണം കിട്ടിയവരുടേതാണ് നമ്മുടെ പ്രവാസത്തിന്റെ രണ്ടാം ഘട്ടം.
ഭാര്യാ ഭർത്താക്കൻമാർ നേരിട്ട് കത്തുകളെഴുതാൻ തുടങ്ങിയത് വളരെ വൈകിയാണ്.
നമ്മടെ കുടുംബ ഘടനയും
അന്നത്തെ അക്ഷരഭ്യാസത്തിന്റെ കുറവും ആയിരിക്കണമതിന് പ്രധാന കാരണം.
എന്നാൽ എഴുത്തുശീലമുള്ള കുട്ടികൾ തങ്ങളുടെ ആവശ്യങ്ങൾ അക്ഷരങ്ങളാക്കി എഴുതിയ കത്തുകൾ വീട്ടിലെ ഔദ്യോഗിക കത്തുകൾക്കുള്ളിൽ മടക്കി വെക്കുമായിരുന്നു.
അത്തരം കുട്ടി കത്തുകൾക്ക് വലിയ പരിഗണനയും ലഭിച്ചിരുന്നു.
കൂട്ടു കുടുംബങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ കത്തുകൾ പൊതു ആവശ്യങ്ങളുടെ അക്ഷരക്കൂട്ടു
കളായിരുന്നു.
അതിൽ ഒളിപ്പിക്കേണ്ട രഹസ്യങ്ങളില്ലായിരുന്നു.
വായിച്ച് കഴിഞ്ഞാൽ കീറിയിടേണ്ടതില്ലായിരുന്നു.
ആർക്കും വായിക്കാനും ആരെക്കൊണ്ടും എഴുതിപ്പിക്കാനും സാധിക്കുന്നതുമായിരുന്നു.
കൂട്ടുകുടുംബങ്ങൾ ക്ഷയിച്ച് തുടങ്ങിയതോടെയാണ് കത്തെഴുത്തുകളിൽ സ്വകാര്യത കൂടിയത്.
അത്തരം കത്തുകളാണ് മറ്റൊരാളെ മറച്ച് പിടിച്ച് വായിക്കാൻ തുടങ്ങിയത്.
വായിച്ചു കഴിഞ്ഞാൽ ചെറിയ ചെറിയ കഷ്ണങ്ങളാക്കി ചീന്തിയെറിഞ്ഞതും ഈ കത്തുകൾ തന്നെ.
വീട്ടിൽ പരസ്യമായി എഴുതാനും പറയാനും കഴിയാത്ത കാര്യങ്ങൾ പറഞ്ഞ് തീർക്കാൻ ഇത്തരം കത്തുകൾ ഉപകാരപ്പെട്ടു.
മനസ്സിന്റെ അഭിലാഷങ്ങളും, വേദനകളും ഇത്തരം കത്തുകളിലാണ് അധികവും പങ്ക് വെക്കപ്പെട്ടത്.
പ്രവാസി അവന്റെ മനസ്സിന്റെ ഭാരമിറക്കി തുടങ്ങിയത് ഈ എഴുത്തുകുത്തുകളിലാണ്.
പ്രവാസി കുടുംബങ്ങളുടെ നോവും നനവും പരന്ന അന്നത്തെ കയ്യക്ഷരങ്ങളിൽ നിന്നാണ് പോയ തലമുറ ജീവിതം വായിച്ച് തുടങ്ങുന്നത്.
പുതിയ കാലത്തെ വിവര സാങ്കേതിക വിദ്യകൾ പ്രവാസത്തിന്റെ നോവ് കുറക്കുന്നതിൽ തെല്ലൊന്നുമല്ല പങ്ക് വഹിച്ചത്.
ടെലിഫോണാണ് കത്തെഴുത്തുകളെ ആദ്യമായി പരിക്കേൽപ്പിച്ചത്.
പിന്നീട്
സോഷ്യൽ മീഡിയയുടെ കാലത്തെത്തിയതോടെ കത്ത് എഴുത്ത് പൂർണ്ണമായും നിലച്ചു.
കാതങ്ങൾക്കപ്പുറത്ത് വീട്ടിലെന്ന പോലെ കുടുംബങ്ങളോട് ചിരിക്കാനും തമാശ പറയാനും ശാസിക്കാനുമൊക്കെ കഴിയുമ്പോൾ മുശിഞ്ഞിരുന്ന് കത്തെഴുതേണ്ട ആവശ്യമില്ലല്ലോ.
ഇങ്ങനെയൊക്കെയാണെങ്കിലും പഴയ കത്തെഴുത്തിന്റെ നിർവൃതിയും മറുപടിക്കായുള്ള കാത്തിരിപ്പുമൊന്നും ഒരിക്കലും മറക്കാനാവില്ല.
------------------------
സത്താർ കുറ്റൂർ
No comments:
Post a Comment